UPDATES

ട്രെന്‍ഡിങ്ങ്

കെവിന്‍ ഓര്‍മ്മയായിട്ട് ഒരു വര്‍ഷം; കേരളത്തെ ഞെട്ടിച്ച ദുരഭിമാന കൊലയില്‍ നീതി പ്രതീക്ഷിച്ച് നീനുവും കെവിന്‍റെ കുടുംബവും

സംസ്ഥാനത്തെ ഇളക്കിമറിച്ച കെവിന്‍ കൊലക്കേസ് പുറം ലോകം അറിഞ്ഞിട്ട് ഇന്ന് ഒരു വര്‍ഷമാകുന്നു.

സംസ്ഥാനത്തെ ഇളക്കിമറിച്ച കെവിന്‍ കൊലക്കേസ് പുറം ലോകം അറിഞ്ഞിട്ട് ഇന്ന് ഒരു വര്‍ഷമാകുന്നു. കഴിഞ്ഞ വര്‍ഷം മെയ് 27നാണ് കോട്ടയം നട്ടാശ്ശേരി സ്വദേശി കെവിന്‍ ദുരഭിമാന കൊലക്ക് ഇരയായത്.

അതുവരെ ദുരഭിമാനകൊല ഉത്തരേന്ത്യയിലും തമിഴ്നാട്ടിലും മാത്രമുള്ള ഒന്നാണെന്ന് വിശ്വസിച്ചിരുന്ന മലയാളി സമൂഹത്തെ കെവിന്റെ കൊലപാതകം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. കെവിന്‍-നീനു പ്രണയ വിവാഹത്തിന്റെ പേരില്‍ നീനുവിന്റെ വീട്ടുകാര്‍ക്കുള്ള ജാതീയമായ എതിര്‍പ്പാണ് അരുംകൊലയില്‍ കലാശിച്ചത്.

ദളിത്ക്രൈസ്തവ വിഭാഗത്തില്‍ പെട്ട കെവിന്‍ നീനുവിനെ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. നീനുവിനെ കെവിന്‍ രജിസ്റ്റര്‍ വിവാഹം ചെയ്തതിന്റ തൊട്ടടുത്ത ദിവസമായിരുന്നു തട്ടിക്കൊണ്ട് പോകല്‍. നീനുവിന്റെ സഹോദരനും സംഘവും കെവിനെ തട്ടിക്കൊണ്ട് പോയതിനുശേഷം ദിവസങ്ങള്‍ കഴിഞ്ഞ് തെന്മല ചാലിയേക്കരയിലെ പുഴയില്‍ നിന്ന് കെവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തട്ടിക്കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്ന ഇഷാന്റെ മൊഴിയായിരുന്നു കേസന്വേഷണത്തില്‍ വെളിച്ചമായത്.

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ദിവസമായിരുന്നതിനാല്‍ സഹോദരനും സംഘവും കെവിനെ കോട്ടയത്ത് നിന്നും തട്ടിക്കൊണ്ട് പോയന്ന പരാതിയുമായി നീനു പൊലീസ് സ്റ്റേഷനുകള്‍ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ലെന്നും, പരാതി നല്‍കിയിട്ടും മുഖ്യമന്ത്രി ജില്ലയിലുള്ളതിനാല്‍ സുരക്ഷ ചുമതലയുടെ പേരില്‍ മറ്റ് കാര്യങ്ങളില്‍ ഇടപെടാന്‍ കഴിയില്ലെന്ന് പൊലീസ് അറിയിച്ചെന്നുമുള്ള നീനുവിന്റെ പരാമര്‍ശം സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. നീനുവിന്റെ പരാതിയില്‍ നടപടി വൈകിപ്പിച്ച കോട്ടയം ഗാന്ധി നഗര്‍ സ്റ്റേഷനിലെ എസ് ഐ ഷിബുവിനേയും, എ എസ്.ഐ സണ്ണിയേയും സസ്‌പെന്‍ഡ് ചെയ്തും കോട്ടയം എസ്പി അബ്ദുള്‍ റഫീഖിനെ സ്ഥലം മാറ്റിയുമായിരുന്നു സര്‍ക്കാര്‍ ഈ ആരോപണത്തില്‍നിന്ന് മുഖം രക്ഷിച്ചത്.

കെവിന്റേത് ജാതി കൊലയെന്ന് വ്യക്തമായതോടെ ദേശീയപട്ടിക ജാതി കമ്മീഷനും ന്യൂനപക്ഷ കമ്മീഷനും കര്‍ശന നടപടി വേണമെന്ന ആവശ്യവുമായി രംഗത്തെത്തി. പെണ്‍കുട്ടിയുടെ പരാതി അവഗണിച്ചതെന്തുകൊണ്ടെന്ന് കാട്ടി ഡിജിപിയോട് ദേശീയ പട്ടിക ജാതി കമ്മീഷന്‍ വിശദീകരണം തേടുകയും ചെയ്തു. പിന്നാലെ സംഭവവുമായി ബന്ധപ്പെട്ട് ഇഷാന്‍, നിയാസ്, റിയാസ് എന്നിവര്‍ പിടിയിലായി. കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ നീനുവിന്റെ അച്ഛനും അമ്മയ്ക്കും പങ്കുണ്ടെന്ന സൂചനകളാണ് പിന്നീട് പുറത്തുവന്നത്. അറസ്റ്റിലായ നിയാസിന്റെ അമ്മയുടെ മൊഴിയാണ് ഇക്കാര്യത്തിലേക്ക് വിരല്‍ചൂണ്ടിയത്. കെവിന്റെ മരണത്തില്‍ 14 പേരെ പ്രതികളാക്കിയതായി പിന്നാലെ പൊലീസ് അറിയിച്ചു. കെവിനെ കടത്തിക്കൊണ്ടു പോയ സംഘത്തില്‍ ഉള്‍പ്പെട്ട 13 പേരെ കൂടാതെ പദ്ധതി ആസൂത്രണം ചെയ്തുവെന്ന് കരുതുന്ന നീനുവിന്റെ പിതാവ് ചാക്കോയും പ്രതിപട്ടികയില്‍ ഇടം നേടി.

ദിവസങ്ങള്‍ക്കിപ്പുറം കെവിന്‍ വധക്കേസിലെ പ്രധാന പ്രതികളായ വധുവിന്റെ സഹോദരന്‍ ഷാനു ചാക്കോയും അച്ഛന്‍ ചാക്കോയും കണ്ണൂരില്‍ പിടിയിലായി. ഓഗസ്റ്റ് മാസം 21- ാം തിയതി കെവിന്‍ വധക്കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു, കെവിന്റെ ഭാര്യാപിതാവ് ചാക്കോയ്‌ക്കെതിരെ ഗൂഢാലോചനാക്കുറ്റം ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 12 പേര്‍ക്കെതിരെ കൊലപാതകക്കുറ്റവും ചുമത്തി. കെവിനെ ഓടിച്ച് പുഴയില്‍ വീഴ്ത്തുകയായിരുന്നുവെന്ന് കുറ്റപത്രം വ്യക്തമാക്കി. നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോയാണ് മുഖ്യസൂത്രധാരന്‍ എന്നും കെവിനും നീനുവുമായുള്ള പ്രണയം വൈരാഗ്യത്തിന് കാരണമായെന്നും കുറ്റപത്രം ചൂണ്ടികാട്ടി. 186 സാക്ഷി മൊഴികളും 118 രേഖകളും കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ചു.

കെവിന്റെ മരണത്തോടെ തനിച്ചായ നീനുവിനെ കെവിന്റെ മാതാപിതാക്കള്‍ സ്വന്തം മകളായി ഏറ്റെടുത്തു.പ്രീയപ്പെട്ടവന്റെ വേര്‍പാടിലും അവന്റെ ആഗ്രഹംപോലെതന്നെ പഠനം തുടരാന്‍ നീനു തീരുമാനിക്കുകയായിരുന്നു. നീതിക്ക് വേണ്ടി പോരാടുന്നതിനിടയാല്‍ ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയ നീനു ഉന്നത വിദ്യാഭ്യാസത്തിനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍. ‘ ഇവരെ എന്നെ നോക്കാന്‍ എല്‍പ്പിച്ചിട്ടാ കെവിന്‍ ചേട്ടന്‍ പോയത്. അച്ചായിക്കും, ഈ വീടിനും കെവിന്‍ ചേട്ടന്റെ സ്ഥാനത്ത് ഞാനുണ്ട് ‘ എന്നാണ് നീനുവിപ്പോള്‍ പറയുന്നത്.

കേരളത്തിന് ഏറെ പരിചിതമല്ലാത്ത ദുരഭിമാനക്കൊലയുടെ ഗണത്തിലാണ് കെവിന്റെ കൊലപാതകം ഉള്‍പ്പെടുത്തിയിരിയ്ക്കുന്നത്. അതിവേഗവിചാരണ കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നടക്കുകയാണ്. കോടതിയില്‍ നിന്ന് നീതി ലഭിക്കുമെന്നാണ് കെവിന്റെ കുടുംബത്തിന്റെ പ്രതീക്ഷ.

 

നായര്‍ ഹോസ്പിറ്റലിലെ ദലിത് മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: പ്രക്ഷോഭത്തിന് ആഹ്വാനവുമായി പ്രകാശ് അംബേദ്കറുടെ വിബിഎ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍