UPDATES

ട്രെന്‍ഡിങ്ങ്

ഏകശിലാത്മക രാഷ്ട്രവാദികളുടെ ഒറ്റ തിരഞ്ഞെടുപ്പ് വാദം

ലോക്‌സഭാ തിരഞ്ഞെടുപ്പിന്‌റെ അന്തരീക്ഷത്തിലേക്ക് നിയമസഭാ തിരഞ്ഞെടുപ്പുകളേയും കൊണ്ടുവരിക എന്നതിലൂടെ, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്ന മേധാവിത്തമോ നേട്ടങ്ങളോ നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഉണ്ടാക്കാമെന്ന കണക്കുകൂട്ടല്‍

ലോക്‌സഭാ തിരഞ്ഞെടുപ്പും രാജ്യത്തെ എല്ലാ സംസ്ഥാന നിയമസഭകളിലേയ്ക്കുമുള്ള തിരഞ്ഞെടുപ്പും ഒരുമിച്ച് നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഏറെക്കാലമായി പറയുന്നുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ സജീവമാക്കിയിട്ടുമുണ്ട്. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷി യോഗം വിളിക്കുമെന്നും ഭരണഘടനാ ഭേദഗതി ബില്‍ പാര്‍ലെമെന്‌റില്‍ കൊണ്ടുവരാനുള്ള നീക്കം നടത്തുമെന്നുമാണ് റിപ്പോര്‍ട്ട്. 1999-ലെ ലോക്‌സഭാ കമ്മീഷന്‍ റിപ്പോര്‍ട്ട്, ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം തന്നെ സംസ്ഥാന നിയമസഭകളിലേയ്ക്കുള്ള തിരഞ്ഞെടുപ്പുകളും നടത്തണമെന്ന് നിര്‍ദ്ദേശിക്കുന്നുണ്ട്. നാല് ഭേദഗതികളാണ് ഏകീകൃത തിരഞ്ഞെടുപ്പ് നിയമപരമായി പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ വേണ്ടത്. 83, 85, 172, 174 വകുപ്പുകളാണ് ഭേദഗതി ചെയ്യേണ്ടത്.

2024 മുതല്‍ രാജ്യത്ത് ഏകീകൃത തിരഞ്ഞെടുപ്പ് ഏര്‍പ്പെടുത്തും എന്ന തരത്തിലുള്ള മാധ്യമ റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. അങ്ങനെ വന്നാല്‍ 2021-ല്‍ നിയമസഭാ തിരഞ്ഞെടുപ്പിലേയ്ക്ക് പോകുന്ന കേരളം, മൂന്ന് വര്‍ഷത്തിനകം മറ്റൊരു തിരഞ്ഞെടുപ്പിലേയ്ക്ക് പോകും. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, കര്‍ണാടക, ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളിലാണ് 2018-ല്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. 2018-ല്‍ ഈ നിയമസഭകളുടെ കാലാവധി ആറ് വര്‍ഷമാക്കി നീട്ടാന്‍ നിര്‍ദ്ദേശമുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്. ചില സംസ്ഥാനങ്ങളിലെ നിയമസഭകളുടെ കാലാവധി വെട്ടിച്ചുരുക്കുകയും ചിലത് നീട്ടേണ്ടിയും വരും.

ഇങ്ങനെ ചെയ്ത് തിരഞ്ഞെടുപ്പ് ഒരേ സമയത്ത് കൊണ്ടുവന്നാലും ഇത് സ്ഥിരതയുള്ളതോ പ്രായോഗികമോ ആയിരിക്കില്ല. രാഷ്ട്രീയ പ്രതിസന്ധികളെ മാറ്റാനോ ഒഴിവാക്കാനോ ഒന്നും തിരഞ്ഞെടുപ്പ് ഏകീകരണത്തിന് കഴിയില്ല. എല്ലായ്‌പ്പോഴും വ്യക്തമായ ഭൂരിപക്ഷമുള്ള സര്‍ക്കാര്‍ രൂപീകരിക്കാന്‍ സഹായകമാവണമെന്നില്ല ജനവിധി. വ്യക്തമായ ഭൂരിപക്ഷം കക്ഷികള്‍ക്കും മുന്നണികള്‍ക്കും ലഭിക്കുന്ന സാഹചര്യങ്ങളില്‍ പോലും സ്ഥിരതയുള്ള സര്‍ക്കാര്‍ എന്നത് ഉറപ്പുള്ള കാര്യമല്ല. കക്ഷി രാഷ്ട്രീയ താല്‍പര്യങ്ങളും മുന്നണിബന്ധങ്ങളും ഘടനയുമെല്ലാം മാറുന്നത് സംസ്ഥാന നിയമസഭകളേയും തിരഞ്ഞെടുപ്പുകളേയുമൊക്കെ ബാധിക്കും. ഇത്തരത്തില്‍ ഏകീകൃത തിരഞ്ഞെടുപ്പ് എന്നത് വെറും പ്രഹസനമായി മാറും. നേരെ മറിച്ച് പ്രതിപക്ഷത്തെ ദുര്‍ബലമാക്കി എല്ലാ സംസ്ഥാനങ്ങളിലും ബിജെപി ആധിപത്യം സ്ഥാപിക്കുന്ന ഒരു സാഹചര്യം ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍ ഏകീകൃത തിരഞ്ഞെടുപ്പ് സംഘപരിവാറിനെ സംബന്ധിച്ച് വലിയ നേട്ടമായിരിക്കും; ഇപ്പോഴത്തെ സാഹചര്യങ്ങള്‍ പരിഗണിച്ചാല്‍ അതാണ് അവര്‍ ലക്ഷ്യമിടുന്നത് എന്നും മനസിലാവും.

ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിക്കുന്നതിന് മുമ്പുള്ള 1951-52ലെ ആദ്യ ലോക്‌സഭാ തിരഞ്ഞെടുപ്പിലും അതിന് ശേഷമുള്ള 1957-ലെ രണ്ടാമത്തെ തിരഞ്ഞെടുപ്പിലുമെല്ലാം സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പുകള്‍ ഒപ്പം നടന്നിരുന്നു. കേരളമാണ് ആദ്യം പതിവ് തെറ്റിച്ചത്. 1962-ലെ മൂന്നാം ലോക്‌സഭാ തിരഞ്ഞെടുപ്പിന് രണ്ട് വര്‍ഷം മുമ്പ് കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നു. 1959-ല്‍ വിമോചന സമരത്തെ തുടര്‍ന്ന് ഇഎംഎസ് നമ്പൂതിരിപ്പാടിന്‌റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ പിരിച്ച് വിടുകയും രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലായിരുന്നു 1960-ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് വന്നത്. പിന്നീട് രാഷ്ട്രീയ പ്രതിസന്ധികള്‍, രാഷ്ട്രീയ അവസരവാദം, മാറിവരുന്ന അധികാരബന്ധങ്ങള്‍, കക്ഷി – മുന്നണി ബന്ധങ്ങള്‍, വ്യക്തിഗത അധികാര താല്‍പര്യങ്ങള്‍ തുടങ്ങിയവ മൂലം കാലാവധി പൂര്‍ത്തിയാക്കാതെ വിവിധ സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ വീഴുകയും തിരഞ്ഞെടുപ്പുകള്‍ വ്യത്യസ്ത സമയങ്ങളിലാവുകയും ചെയ്തു. കേരളത്തില്‍ പിന്നീട് 1967, 77, 80, 91, 96 വര്‍ഷങ്ങളിലും ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടന്നു. അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന 1977-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം ഒട്ടുമിക്ക സംസ്ഥാനങ്ങളിലും നിയമസഭ തിരഞ്ഞെടുപ്പ് നടന്നിരുന്നു.

കേരളമൊഴികെയുള്ള മറ്റ് സംസ്ഥാനങ്ങളില്‍ 1957-ലെ തിരഞ്ഞെടുപ്പിന് ശേഷം അധികാരത്തില്‍ വന്നത് കേന്ദ്ര ഭരണകക്ഷിയായിരുന്ന കോണ്‍ഗ്രസ് തന്നെയാണ്. ദേശീയ പ്രസ്ഥാനത്തിന്‌റെ തുടര്‍ച്ച അവകാശപ്പെട്ടിരുന്ന കോണ്‍ഗ്രസിനെ സംബന്ധിച്ച് അത് സ്വാഭാവികവുമായിരുന്നു. പിന്നീട് 60-കളിലാണ് പ്രതിപക്ഷം നിര്‍ണായക അധികാര രാഷ്ട്രീയ ശക്തി കൈവരിക്കുന്നത്. 1967-ലെ തിരഞ്ഞെടുപ്പില്‍ സ്ഥിതി വ്യത്യസ്തമായിരുന്നു. ഒരു പ്രാദേശിക പാര്‍ട്ടി ആദ്യമായി അധികാരം പിടിച്ചു. അന്ന് മദ്രാസ് സംസ്ഥാനമായിരുന്ന ഇന്നത്തെ തമിഴ്‌നാട്ടില്‍ സിഎന്‍ അണ്ണാദുരൈയുടെ നേതൃത്വത്തിലുള്ള ഡിഎംകെ (ദ്രാവിഡ മുന്നേട്ര കഴകം) കോണ്‍ഗ്രസിന്‌റെ കുത്തക അവസാനിപ്പിച്ച് അധികാരത്തിലെത്തി. പശ്ചിമബംഗാളിലും കോണ്‍ഗ്രസിന്‌റെ അധികാര കുത്തക ആദ്യമായി അവസാനിച്ചു. അജോയ് കുമാര്‍ മുഖര്‍ജിയുടെ നേതൃത്വത്തിലുള്ള ബംഗ്ലാകോണ്‍ഗ്രസ് എന്ന പ്രാദേശിക പാര്‍ട്ടിയും ജ്യോതിബസുവിന്‌റെ നേതൃത്വത്തിലുള്ള സിപിഎം അടക്കമുള്ള ഇടതുപാര്‍ട്ടികളും ചേര്‍ന്ന് ഐക്യമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. ജനതാതരംഗം വീശിയടിച്ച 1977-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം കേരളമടക്കം നിരവധി സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നിരുന്നു. അടിയന്തരാവസ്ഥക്കെതിരായ ജനരോഷത്തിലും അതിനെ തുടര്‍ന്നുണ്ടായ ജനതാതരംഗത്തിലും ഇന്ദിരാഗാന്ധിക്കും കോണ്‍ഗ്രസിനും അടിതെറ്റിയെങ്കിലും കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ പൊതുവിലുള്ള ദേശീയ രാഷ്ട്രീയ കാലാവസ്ഥയ്ക്ക് വിരുദ്ധ സ്വഭാവം കാണിച്ച ഉദാഹരണങ്ങളുണ്ട്. പക്ഷെ അത് സമഗ്രാധിപത്യത്തിന്‌റെ പ്രതിനിധികള്‍ക്ക് അനുകൂലമായിരുന്നു എന്നത് വേറൊരു വശം.

ഭരണവിരുദ്ധവികാരത്തിന് എതിരായി മാറി നില്‍ക്കുന്നത് പോലെ തന്നെ ഭരണകക്ഷിയുടെ സമാഗ്രാധിപത്യ താല്‍പര്യങ്ങള്‍ക്ക് പ്രതിരോധം സൃഷ്ടിക്കുന്ന തിരഞ്ഞെടുപ്പുകള്‍ക്കും ഏകീകൃത തിരഞ്ഞെടുപ്പില്‍ സാധ്യതയില്ലേ എന്ന് വേണമെങ്കില്‍ ചോദിക്കാം. എന്നാല്‍ രാഷ്ട്രീയകാലാവസ്ഥ, ഭരണകക്ഷിക്കെതിരായ പ്രതിരോധം, പ്രതിഷേധം, പ്രതിപക്ഷ ഐക്യം ഇതിലെല്ലാം തീര്‍ത്തും വ്യത്യസ്തമായാണ് ഇപ്പോള്‍ ഇന്ത്യ നീങ്ങുന്നത്. സാമൂഹ്യ, രാഷ്ട്രീയ, സാമ്പത്തിക സാഹചര്യങ്ങളെല്ലാം മാറിയിരിക്കുന്നു. വര്‍ഗതാല്‍പര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാണ്. അതുകൊണ്ട് തന്നെ ചരിത്രം എടുത്ത് വച്ച് ഇത്തരത്തില്‍ ബിജെപിയുടെ സമ്പൂര്‍ണാധിപത്യ മോഹങ്ങളെ അങ്ങനെ തള്ളിക്കളയാനാവില്ല.

തിരഞ്ഞെടുപ്പ് ചിലവ് ചുരുക്കുക എന്നതാണ് ഒറ്റ തിരഞ്ഞെടുപ്പ് എന്നതിന് പെട്ടെന്ന് ന്യായീകരണമായി പറയുന്നത്. പെട്ടെന്ന് കേള്‍ക്കുമ്പോള്‍ തികച്ചും ന്യായമെന്ന് തോന്നുന്ന കാര്യമാണിത്. എന്നാല്‍ വണ്‍ നാഷന്‍, വണ്‍ ഇലക്ഷന്‍ (ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്) എന്നാണ് മോദി പറയുന്നത്. ഇതിനൊപ്പം വണ്‍ ലീഡര്‍ എന്ന് കൂടി ചേര്‍ത്ത് വച്ചാല്‍ പൂര്‍ണമായി. ഇന്ത്യ ഫെഡറല്‍ ഘടനയുള്ള ഒരു രാജ്യമാണെന്നും സംസ്ഥാനങ്ങളുടെ യൂണിയനാണെന്നും ഇരിക്കെ, സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കാതെയുള്ള ഏകപക്ഷീയമായ ഇത്തരം ആലോചനകള്‍ ജനാധിപത്യവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് രജീന്ദര്‍ സച്ചാറിനെ പോലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. 44ാം ഭേദഗതി പ്രകാരമുള്ള 83ാം വകുപ്പ്, സാമാജികരുടെ പ്രഥമ സമ്മേളനത്തിന് ശേഷം അഞ്ച് വര്‍ഷമായിരിക്കും നിയമസഭാ കാലാവധി എന്ന്‍ ഭരണഘടന അനുശാസിക്കുന്നു. സംസ്ഥാന നിയമസഭകള്‍ കേന്ദ്ര പാര്‍ലമെന്‌റിന്‌റെ ഭാഗമല്ലെന്നും അവയ്ക്ക് സമ്പൂര്‍ണമായ അധികാരങ്ങളാണ് ഉള്ളതെന്നും 1951ലെ സുപ്രീംകോടതി വിധി വ്യക്തമാക്കുന്നതായി രജീന്ദ്ര സച്ചാര്‍ ചൂണ്ടിക്കാട്ടുന്നു. കേന്ദ്രസര്‍ക്കാരിന്‌റെ ചുമതലകള്‍, സംസ്ഥാന സര്‍ക്കാരിന്‌റെ ചുമതലകള്‍, സംയുക്ത ചുമതലകള്‍ എന്നിങ്ങനെ പട്ടിക തിരിച്ച് തയ്യാറാക്കിയ നിയമാവലിയുടെ ലക്ഷ്യം അധികാരവികേന്ദ്രീകരണമാണ്. ഇതിനെ തകര്‍ക്കാനുള്ള ശ്രമമാണ് മോദി സര്‍ക്കാരിന്‌റേത്.

പ്രതിച്ഛായ സംരക്ഷണത്തിന്‌റെ ഭാഗമായുള്ള മോദിയുടെ കണ്‍കെട്ട് വിദ്യയായും ഒറ്റ തിരഞ്ഞെടുപ്പ് വാദം വിലയിരുത്തപ്പെടുന്നുണ്ട്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞെങ്കിലും 33 ശതമാനം വോട്ട് മാത്രമാണ് എന്‍ഡിഎയ്ക്ക് നേടാന്‍ കഴിഞ്ഞത് എന്നത് വസ്തുതയാണ്. അതുതന്നെ അഴിമതിയില്‍ മുങ്ങിക്കുളിച്ച യുപിഎ സര്‍ക്കാരിനും കോണ്‍ഗ്രസിനും എതിരായ ശക്തമായ ജനവികാരത്തിന്‌റെ ഗുണഭോക്താക്കളായി മാറുകയായിരുന്നു യഥാര്‍ത്ഥത്തില്‍ മോദിയും ബിജെപിയും. നോട്ട് നിരോധനം അടക്കമുള്ള നടപടികളുടെ പേരില്‍ ജനജീവിതം വലിയ പ്രതിസന്ധിയിലും ദുരിതത്തിലുമായിരിക്കുന്ന സാഹചര്യത്തില്‍ മോദിക്ക് പ്രതിച്ഛായ നിര്‍മ്മിതിക്ക് ആവശ്യമായ ഗിമ്മിക്കുകള്‍ നിറയെ ആവശ്യമുണ്ട്. എന്നാല്‍ അത്തരം ഗിമ്മിക്കുകള്‍ മാത്രമാണ് ഇതിന് പിന്നിലുള്ള ലക്ഷ്യമെന്ന് കരുതാനാവില്ല.

രാജ്യസഭയിലെ ഭൂരിപക്ഷമില്ലായ്മ മോദിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കും സംഘപരിവാറിന്‌റെ ലക്ഷ്യങ്ങള്‍ക്കും വലിയ തടസം സൃഷ്ടിക്കുന്നുണ്ട്. രാജ്യസഭയില്‍ ഭൂരിപക്ഷം വേണമെങ്കില്‍ സംസ്ഥാന നിയമസഭകളിലെ പ്രാതിനിധ്യം കൂട്ടുകയും പലയിടങ്ങളിലും അധികാരം പിടിച്ചെടുക്കുകയും വേണം. ഇതിന്‌റെ ഭാഗമായാണ് ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അട്ടിമറി ശ്രമങ്ങള്‍ സജീവമാക്കിയിരിക്കുന്നത്. ഭരണഘടന ഭേദഗതിക്കുള്ള തടസങ്ങള്‍ നീക്കുക എന്നത് സമീപഭാവിയില്‍ സാധ്യമായ ഒന്നല്ല. എന്നാല്‍ അതിലേക്കുള്ള ചുവടുവയ്പുകള്‍ നടത്തേണ്ടതുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്‌റെ അതേ അന്തരീക്ഷത്തിലേയ്ക്ക് നിയമസഭാ തിരഞ്ഞെടുപ്പുകളേയും കൊണ്ടുവരുക എന്നതിലൂടെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്ന മേധാവിത്തമോ നേട്ടങ്ങളോ നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഉണ്ടാക്കാമെന്ന കണക്കുകൂട്ടലിന്‌റെ ഭാഗമായാണ് ഏകീകൃത തിരഞ്ഞെടുപ്പെന്ന ആവശ്യം തുടര്‍ച്ചയായി പ്രാധാന്യത്തോടെ അവതരിപ്പിക്കുന്നത്.

അധികാര വികേന്ദ്രീകരണം സംബന്ധിച്ചും ഫെഡറലിസം സംബന്ധിച്ചുമുള്ള വ്യവസ്ഥകളെ തകര്‍ത്ത് ഏകശിലാത്മകമായ രാഷ്ട്ര സങ്കല്‍പ്പത്തിന് അനുയോജ്യമായാണ് മോദിയുടെ ഏകീകൃത തിരഞ്ഞെടുപ്പ് സങ്കല്‍പ്പം. സാംസ്‌കാരികവും രാഷ്ട്രീയവുമായ ബഹുസ്വരത അംഗീകരിക്കാന്‍ കഴിയാത്തവരില്‍ നിന്ന് ഇതേ പ്രതീക്ഷിക്കാനാവൂ. പ്രത്യക്ഷത്തില്‍ മതനിരപേക്ഷവും പുരോഗമനപരവുമെന്ന തോന്നിപ്പിക്കുന്ന ഏകീകൃത സിവില്‍ കോഡ് അടക്കമുള്ള ആശയങ്ങളെ സംഘപരിവാര്‍ എങ്ങനെ ദുരുപയോഗം ചെയ്യുന്നു എന്ന് നമ്മള്‍ കാണുന്നതാണ്. ഇന്ത്യയിലെ ചോദ്യം ചെയ്യപ്പെടാത്ത ഭരണവര്‍ഗ പാര്‍ട്ടിയാവുക എന്ന ബിജെപിയുടെ അധികാര രാഷ്ട്രീയ മോഹം തന്നെയാണ് തിരഞ്ഞെടുപ്പ് ഏകീകരണം എന്ന ആവശ്യത്തിന് പിന്നിലും പ്രവര്‍ത്തിക്കുന്നത്. ഒറ്റ തിരഞ്ഞെടുപ്പായാലും ഒറ്റ സിവില്‍ കോഡായാലും തങ്ങളുടെ അജണ്ട മറച്ചുവച്ച്, വലിയൊരു വിഭാഗത്തെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പ്രചാരണ മെഷിനറി പ്രവര്‍ത്തിപ്പിക്കാന്‍ സംഘപരിവാറിന് കഴിയുന്നു എന്നത് തന്നെയാണ് അവരുടെ രാഷ്ട്രീയ വിജയത്തിലും ഹെഗിമണിക്കുള്ള അപകടകരമായ സാധ്യതകളിലും പ്രതിഫലിക്കുന്നത്.

(അഴിമുഖം സ്റ്റാഫ് ജേര്‍ണലിസ്റ്റാണ് സുജയ്)

 

സുജയ് രാധാകൃഷ്ണന്‍

സുജയ് രാധാകൃഷ്ണന്‍

സബ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍