UPDATES

സയന്‍സ്/ടെക്നോളജി

പൊടിപൊടിക്കുന്ന ഓണ്‍ലൈന്‍ പലചരക്ക് വ്യാപാരം; ലാഭമില്ലെന്ന് പഠനങ്ങള്‍

Avatar

സാറ ഹല്‍സാക്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഓണ്‍ലൈന്‍ പലചരക്ക് ഡെലിവറി വ്യാപാരം നിമിഷം തോറും വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഭീമന്മാരായ ഗൂഗിളും ആമസോണും മുതല്‍ സ്റ്റാര്‍ട് അപ്പുകളായ പോസ്റ്റ്‌മേറ്റ്‌സും ഇന്‍സ്റ്റാകാര്‍ട്ടും ഫ്രഷ്ഡയറക്ടും വരെ ഈ മേഖലയില്‍ മത്സരത്തിനുണ്ട്. ഈ രംഗത്ത് വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള വാള്‍മാര്‍ട്ട്, പീപോഡ് പോലുള്ള കമ്പനികളുമായിട്ടാണ് ഈ വരുത്തന്മാര്‍ കൊമ്പുകോര്‍ക്കുന്നത്. 

ലാഭം നേടാന്‍ പ്രയാസമാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നതെങ്കിലും എല്ലാവരും എടുത്തു ചാടാന്‍ തയ്യാറായിരിക്കുന്ന വ്യാപാരമാണിത്. 

ഒരു രീതിയില്‍ ചിന്തിച്ചാല്‍ ഈ ഉത്സാഹത്തിനു ബുദ്ധിപരമായൊരു കാരണമുണ്ടെന്നു മനസ്സിലാക്കാം : കമ്പോള പഠനം നടത്തുന്ന കമ്പനിയായ IBISWorld ന്റെ കണക്കു പ്രകാരം 2009 മുതല്‍ 2013 വരെയുള്ള കാലഘട്ടത്തില്‍ ഓണ്‍ലൈന്‍ പലചരക്കു വ്യാപാരം 14.1 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് നേടിയത്, 2014 മുതല്‍ 2018 വരെ 9.6 ശതമാനം വളര്‍ച്ചയാണ് കമ്പനി പ്രതീക്ഷിക്കുന്നത്. 

വ്യാപാരം പൊടിപൊടിക്കുമെങ്കിലും ലാഭത്തിന്റെ കാര്യത്തില്‍ കമ്പനികള്‍ വലയേണ്ടി വരുമെന്നാണ് IBISWorldന്റെ കണക്കുകള്‍ സൂക്ഷിച്ചു നോക്കിയാല്‍ മനസ്സിലാക്കാന്‍ സാധിക്കുക. 2014ല്‍ 10.9 ബില്ല്യന്റെ വ്യാപരം നടത്തിയപ്പോള്‍ മൊത്തം വരുമാനത്തിന്റെ 8.5 ശതമാനമായ 927.1 മില്ല്യന്‍ മാത്രമാണ് ലാഭമായ് കിട്ടിയത്, 2018 ആകുന്നതോടെയിത് 6.9 ശതമാനമായ് കുറയും. വേഗം കേടുവരുന്ന സാധനങ്ങള്‍ ഉപഭോക്താക്കളിലെത്തിക്കുന്നതിലെ ചിലവാണിവിടെ വില്ലനായ് മാറുന്നത്.

ആമസോണ്‍ പോലുള്ള വലിയ കമ്പനികള്‍ സാധനങ്ങള്‍ വില കുറച്ച് വില്‍ക്കുന്നതോടെ ചെറു മീനുകള്‍ ഈ കുളത്തില്‍ നിന്നും അപ്രത്യക്ഷമാവും. ഇലക്ട്രോണിക്-വസ്ത്ര രംഗത്ത് ആമസോണ്‍ നടത്തിയ തന്ത്രങ്ങള്‍ തന്നെ പലചരക്ക് ഡെലിവറി രംഗത്തും ഇതുപോലുള്ള വലിയ കമ്പനികള്‍ പയറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത് (അമസോണിന്റെ സ്ഥാപകനും സി.ഇ.ഓയുമായ ജെഫ്രി പി ബെസോസ് വാഷിംഗ്ടന്‍ പോസ്റ്റിന്റെ ഉടമസ്ഥന്‍ കൂടിയാണ്).

ദുഷ്‌ക്കരമായ വ്യാപാര മാതൃകയാണെങ്കിലും എല്ലാ കമ്പനികളും ഒരു കൈ നോക്കാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നതെന്നാണ് ഈ രംഗത്തെ നിരീക്ഷനും എഴുത്തുകാരനുമായ വില്‍ മക്കിറ്റെറിക്ക് പറയുന്നത്. 

‘വലിയ കമ്പനികള്‍ക്ക് പുതിയ തരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളും, വിതരണ ശൃംഖലകളും ഉണ്ടാക്കിയെടുക്കുന്നത് ശ്രമകരം തന്നെയാണ്. പക്ഷെ ഇപ്പോള്‍ തുടങ്ങിയില്ലെങ്കില്‍ ഭാവിയില്‍ ഉപഭോക്താക്കള്‍ മുഴുവന്‍ ഓണ്‍ലൈനില്‍ പലചരക്കു വാങ്ങുന്നതിലേക്ക് തിരിഞ്ഞാല്‍ വലിയ നഷ്ടമായിരിക്കും.’ മക്കിറ്റെറിക്ക് കൂട്ടിചേര്‍ത്തു.

മൊത്തത്തിലുള്ള പലചരക്ക് വ്യാപാരത്തിന്റെ 1.9 ശതമാനം മാത്രമാണ് ഓണ്‍ലൈന്‍ പലചരക്ക് വ്യാപരത്തിനിതുവരെ കൈക്കലാക്കാന്‍ സാധിച്ചിട്ടുള്ളത്. 2018 ആവുന്നതോടെയിത് 2.9 ശതമാനം മാത്രമായേ ഇതു വര്‍ദ്ധിക്കുകയുള്ളൂ. മൊത്തത്തിലുള്ള വിപണിയുടെ 7 ശതമാനം നേടാന്‍ ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍ക്ക് നേടാന്‍ സാധിച്ചിട്ടുണ്ടെങ്കിലും പലചരക്ക് സാധനങ്ങള്‍ ഓണ്‍ലൈനില്‍ വാങ്ങുന്നതിനോട് ഉപഭോക്താകള്‍ വിമുഖത കാട്ടുകയാണ്. ഇലക്ട്രോണിക് ഉല്പന്നങ്ങളും ഷൂസും വസ്ത്രങ്ങളും വാങ്ങുന്നതുപോലെ വാങ്ങാന്‍ സാധിക്കുന്നതല്ല മാംസവും പച്ചക്കറിയുമെന്നുള്ളതെന്നതും ശുദ്ധവും പുതിയതുമായ പലചരക്ക് സാധനങ്ങളാണ് പലരും ഐസിലിട്ടു വെച്ചവയേക്കാള്‍ ഭക്ഷിക്കാന്‍ ഇഷ്ടപ്പെടുന്നതെന്നതും ഓണ്‍ലൈന്‍ പലചരക്കു കച്ചവടത്തിന് തടസ്സമായി മാറും.

ഇപ്പോള്‍ വലിയ നഗരങ്ങളില്‍ മാത്രമായുള്ള സേവനം ഉള്‍നാടുകളിലേക്ക് വ്യാപിപ്പിക്കാന്‍ സാധിക്കില്ലെന്നു മാത്രമല്ല ലാഭകരമായ ഒരു സാഹചര്യം നഗരത്തിനു പുറത്ത് ലഭിക്കില്ലെന്ന പോരായ്മ കൂടെ ഉപഭോക്താക്കളുടെ എണ്ണം വര്‍ദ്ധിക്കാത്തതിന്റെ കാരണമായ് കണക്കാക്കാം.

നിലവിലുള്ള ഓണ്‍ലൈന്‍ പലചരക്കു കടകളുടെ 30 ശതമാനവും വരുന്നത് ഭക്ഷ്യേതര ഉത്പന്നങ്ങളില്‍ നിന്നാണ്. മറ്റുള്ള സ്‌റ്റോറുകളില്‍ നിന്നും ഓണ്‍ലൈന്‍ പലചരക്കു കടകളെ വ്യത്യസ്തരാക്കുന്ന ഫ്രഷ് ഉത്പന്നങ്ങള്‍ വാങ്ങുന്നതിനു പകരം പേപ്പര്‍ ടവല്‍, ടൂത്ത് പേസ്റ്റ് പോലുള്ള സാധനങ്ങള്‍ വാങ്ങാന്‍ വേണ്ടി മാത്രമാണ് ഉപഭോക്താക്കളില്‍ പലരും സ്‌റോറുകള്‍ ഉപയോഗിക്കുന്നതെന്നത് ഈ വ്യാപാര മാതൃകയുടെ പരാജയത്തെയാണ് ചൂണ്ടിക്കാട്ടുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍