UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മദ്യം ഓണ്‍ലൈനിലും സൂപ്പര്‍മാര്‍ക്കറ്റിലും വിറ്റാല്‍ ആര്‍ക്കാണിവിടെ പ്രശ്നം?

Avatar

കെ പി നാരായണന്‍

ഇടത് സര്‍ക്കാര്‍ അധികാരമേറിയ നാള്‍ മുതല്‍ ചര്‍ച്ച തുടങ്ങിയ മദ്യം തിളച്ചു മറിയാന്‍ തുടങ്ങിയിരിക്കുന്നു. മദ്യനിരോധനമല്ല മദ്യവര്‍ജനമാണ് തങ്ങളുടെ ലക്ഷ്യം എന്ന് ഇടത് സര്‍ക്കാര്‍ പ്രഖ്യാപിച്ചതു മുതല്‍ ജനം നോക്കിയിരുന്നത് പൂട്ടിയ ബാറുകള്‍ തുറക്കുമോ എന്നായിരുന്നു. എന്നാല്‍ പൂട്ടിയ ബാറുകളൊന്നും തുറക്കില്ലെന്ന് എക്‌സൈസ് മന്ത്രി നാഴികയ്ക്ക് നാല്‍പതുവട്ടം പറയുന്നുണ്ടെങ്കിലും മദ്യപിക്കുന്നവര്‍ക്ക് ‘ആശ്വാസ’ വാര്‍ത്തകളാണ് അനുദിനം പുറത്തുവന്നുകൊണ്ടിരിക്കുന്നത്. മദ്യമില്ലെങ്കില്‍ ടൂറിസം തകര്‍ന്നുപോകുമെന്ന് ടൂറിസം മന്ത്രിയുടെ നിലവിളിയും ഒരു വശത്ത് ഉയര്‍ന്നു കേള്‍ക്കാം. അതിനിടെയിലാണ് കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം മെഹബൂബ് ഓണത്തിന് ഓണ്‍ലൈനിലൂടെയുള്ള മദ്യ വില്‍പ്പന തുടങ്ങുമെന്ന പ്രഖ്യാപനം കോഴിക്കോട്ട് നടത്തിയത്. എന്നാല്‍ കേട്ടപാതി കേള്‍ക്കാത്തപാതി അത് അനുവദിക്കില്ലെന്ന് പറഞ്ഞ് യുവമോര്‍ച്ച കുട്ടികളും രംഗത്തെത്തി. പിന്നാലെ സുധീരനും കുട്ടികളും രംഗത്തെത്തുമെന്നുറപ്പാണ്. എന്തായാലും രാഷ്ട്രീയ മദ്യം തിളക്കട്ടെ.

ഇന്നു രാവിലെയാണ് കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ് കോഴിക്കോട് പ്രസ് ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനം നടത്തിയത്. ഓണ്‍ലൈന്‍ വഴി മദ്യം ബുക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന രസീതുമായി കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റില്‍ പ്രത്യേകം തയ്യാറാക്കിയ കൗണ്ടറില്‍ നിന്നും മദ്യം വാങ്ങാം. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്ന മദ്യത്തിന് പ്രത്യേക വില ഈടാക്കുമെന്നും മെഹബൂബ് പറഞ്ഞു.

കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളിലൂടെ മദ്യവില്‍പ്പന കൂട്ടാനും തീരുമാനിച്ചതായി അദ്ദേഹം പറയുകയുണ്ടായി. ഇതിനായി 59 ഇനം മദ്യം ഔട്ട്‌ലെറ്റുകള്‍ വഴി കൂടുതലായി വില്‍പ്പന നടത്താനായുള്ള നടപടിക്രമങ്ങള്‍ നടന്നുവരികയാണെന്നും ചെയര്‍മാന്‍ അറിയിച്ചു. മൂന്ന് ദിവസത്തിനകം ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കും. ഇതിലൂടെ വരുമാനം കൂട്ടാനാണ് കണ്‍സ്യൂമര്‍ഫെഡിന്റെ ലക്ഷ്യം. കൂടാതെ കോഴിക്കോട് ലിക്കര്‍ സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങാന്‍ പദ്ധതിയുള്ളതായും എം. മെഹബൂബ് പറഞ്ഞു.

ഇതാണ് കോഴിക്കോട്ടെ ഡൗണ്‍ടൗണ്‍ ഹോട്ടല്‍ അടിച്ച് തകര്‍ത്ത് യുവമോര്‍ച്ചയുടെ സംസ്ഥാന അധ്യക്ഷപദവിലെത്തിയ അഡ്വ.പ്രകാശ് ബാബുവിനെ ചൊടിപ്പിച്ചത്. ഓണത്തെ മദ്യത്തില്‍ മുക്കിക്കൊല്ലാനുള്ള പിണറായിവിജയന്റെ നീക്കം അനുവദിക്കില്ലെന്നും കേരളത്തിലെ ഓരോ മദ്യശാലക്ക് മുന്നിലും അത്തം മുതല്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കാവലുണ്ടാവുമെന്നും പ്രകാശ് ബാബു പ്രഖ്യാപിക്കുകയും ചെയ്തു . കണ്‍സ്യൂമര്‍ഫെഡിന്റെ കോഴിക്കോട് പാവമണിറോഡിലുള്ള മദ്യഷാപ്പിലേക്ക് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിക്കൊണ്ടായിരുന്നു ഈ പ്രഖ്യാപനം. കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്റെ പ്രഖ്യാപനവും യുവമോര്‍ച്ചയുടെ നാടകവും അരങ്ങേറിയതിന് തൊട്ടുപിന്നാലെ എക്‌സൈസ് മന്ത്രിയെ മാധ്യമപ്രവര്‍ത്തകര്‍ വഴിതടഞ്ഞ് മൈക്ക് വെച്ചു. 

ഓണ്‍ലൈനിലൂടെ മദ്യം വില്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് ടി.പി.രാമകൃഷ്ണന്‍ തുറന്നു പറഞ്ഞു. പക്ഷെ അങ്ങനെയൊരു തീരുമാനം ഉണ്ടാകില്ലെന്ന് പ്രഖ്യാപിക്കാനൊന്നും അദ്ദേഹം മിനക്കെട്ടില്ല. അങ്ങനെയൊരു ആലോചന നടത്തിയത് കണ്‍സ്യൂമര്‍ഫെഡാണ്. ഇതുസംബന്ധിച്ച് സര്‍ക്കാരിന് അറിയിപ്പ് നല്‍കുമെന്നും അവര്‍ പറഞ്ഞിട്ടുണ്ട്. അങ്ങനെയൊരു ആവശ്യം അവരില്‍ നിന്ന് ഔദ്യോഗികമായിട്ട് വരട്ടെ. അത് അപ്പോള്‍ ചര്‍ച്ച ചെയ്യും. ഇപ്പോള്‍ ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഒരു തീരുമാനവുമെടുത്തിട്ടില്ലെന്നും ടിപി പറഞ്ഞു. അതിനിടെ മദ്യഷാപ്പുകള്‍ക്കു മുമ്പിലെ ക്യൂവിനെക്കുറിച്ച് അദ്ദേഹം ആശങ്കപൂണ്ടു. മദ്യഷാപ്പിനു മുമ്പിലെ ക്യൂ റോഡിലേക്ക് നീണ്ടുവരുന്നതും മദ്യം വാങ്ങാന്‍ വരുന്നവരെ ഈ രീതിയില്‍ അപമാനിക്കുന്നതും സര്‍ക്കാര്‍ ചര്‍ച്ച ചെയ്യും. അതിന് എന്തെങ്കിലുമൊരു ബദല്‍ സംവിധാനം ഉണ്ടാകണം. അവരും മനുഷ്യരാണ്. അപ്പോള്‍ ഈ ക്യൂ ഇങ്ങനെ നീളണോ വേണ്ടയോ എന്ന് അടുത്തുതന്നെ സര്‍ക്കാര്‍ ഒരു തീരുമാനമെടുക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി. മദ്യപിക്കുന്നവര്‍ മനുഷ്യന്‍മാരാണെന്ന മന്ത്രിയുടെ തിരിച്ചറിവും ആശ്വാസത്തിന് വക നല്‍കുന്നുണ്ട്.

മദ്യഷാപ്പുകള്‍ വഴി കൂടുതല്‍ ഇനം മദ്യങ്ങള്‍ കണ്‍സ്യൂമര്‍ഫെഡ് വിതരണം ചെയ്യാന്‍ തീരുമാനിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അത് അവരുടെ സ്വതന്ത്ര അധികാര പരിധിയില്‍ പെട്ടതാണെന്നും അതിലൊന്നും എക്‌സൈസ് വകുപ്പിന് ഇടപെടാനാവില്ലെന്നുമായിരുന്നു മറുപടി. ഇങ്ങനെയെല്ലാം വെച്ച് നോക്കുമ്പോള്‍ എന്തൊക്കെയോ ‘നല്ലകാര്യങ്ങള്‍’ നടക്കാന്‍ പോകുന്നു. യുവമോര്‍ച്ചക്കാരാ.. സുധീരന്റെ കുട്ടികളേ… നിങ്ങള്‍ വിചാരിച്ചാലൊന്നും പിണറായിമുഖ്യന്‍ എടുക്കുന്ന തീരുമാനങ്ങളെ അറബിക്കടലിലെറിയാനൊന്നും കഴിയില്ലെന്നാണ് തോന്നുന്നത്. അല്ലെങ്കിലും ഓണ്‍ലൈനില്‍ മദ്യം വില്‍ക്കുന്നതിനേയും വൃത്തിയുള്ള സൂപ്പര്‍മാര്‍ക്കറ്റുണ്ടാക്കി അവിടെ മദ്യം വില്‍ക്കുന്നതിനെയുമൊക്കെ എന്തിനാണ് നിങ്ങളിങ്ങനെ കണ്ണും പൂട്ടിയെതിര്‍ക്കുന്നത്?

മദ്യം ഒരു യാഥാര്‍ഥ്യമാണ്. അത് നിരോധിച്ചിടത്തെയെല്ലാം അനുഭവം സമൂഹത്തിന്റെ മുന്നിലുണ്ട്. അപ്പോള്‍ കുടിക്കുന്നവര്‍ നല്ലമദ്യം കുടിക്കട്ടെ. അവരെ റോഡില്‍ പൊരിവെയിലിലും മഴയിലും നിര്‍ത്തി അപമാനിക്കുകയും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വഴിനടക്കാനുള്ള അവകാശം നിഷേധിക്കപ്പെടുകയും ചെയ്യുന്നത് ഒഴിവാക്കി ബഹളങ്ങളില്ലാത്തിടത്തേക്ക് മദ്യഷാപ്പുകള്‍ മാറ്റി സ്ഥാപിക്കട്ടെ. വിലകൂടിയ മദ്യങ്ങള്‍ വില്‍ക്കുന്ന സൂപ്പര്‍മാര്‍ക്കറ്റുകള്‍ വന്നോട്ടെ. അതാവും നിലവിലുള്ള സാഹചര്യങ്ങളേക്കാള്‍ മെച്ചം.

(മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍