UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഓണ്‍ലൈന്‍ പെണ്‍വാണിഭം: മാധ്യമങ്ങളും പോലീസും നടത്തുന്ന സദാചാര ഗുണ്ടായിസം

സെക്‌സ് വില്‍ക്കുന്നതോ വാങ്ങുന്നതോ നിയമപരമായി കുറ്റകരമല്ല. നിയമവിരുദ്ധമല്ല. നിയമപരമായതെന്തും നിയമാനുസൃതമാണ്. നിയമപരമായ പ്രവൃത്തിയെ നിയമം നടപ്പിലാക്കേണ്ട പോലീസ് നിയമവിരുദ്ധമായി തടയുന്നതല്ലേ, വാസ്തവത്തില്‍ ചോദ്യം ചെയ്യപ്പെടേണ്ടത്? നിയമം അറിയാത്ത മാധ്യമപ്രവര്‍ത്തകരും  സ്ഥാപനങ്ങളും തങ്ങള്‍ ചെയ്യുന്ന പ്രവര്‍ത്തിയിലെ നിയമവിരുദ്ധത തിരിച്ചറിയാതിരിക്കുന്നതല്ലേ, വാസ്തവത്തില്‍ ചോദ്യം ചെയ്യപ്പെടേണ്ടത്? കഥയറിയാതെ നട്ടംതിരിയുന്ന പ്രേക്ഷകനും വായനക്കാര്‍ക്കും വേണ്ടിയാണ് കഥ തെറ്റിച്ചു പറയുന്ന പോലീസിന്റെയും മാധ്യമപ്രവര്‍ത്തകരുടേയും  പിന്നെ ചില കപടസദാചാരവാദികളുടേയും കള്ളം തുറന്നു കാട്ടാനായി ഈ കുറിപ്പ് എഴുതുന്നത്.

സെക്സ് വര്‍ക്കും സെക്സ് ട്രാഫിക്കിംഗും രണ്ടും രണ്ടാണ്. ട്രാഫിക്കിംഗ് (അത് ഏതു തരം ട്രാഫിക്കിംഗ് ആയാലും) തടയപ്പെടേണ്ട, ശിക്ഷിക്കപ്പെടേണ്ട കുറ്റകൃത്യമാണ്. കാരണം. ഇത് ഇരയാകുന്ന വ്യക്തിയുടെ അറിവില്ലാതെ, അവരെ കുരുക്കിലാക്കി നടത്തുന്ന കച്ചവടമാണ്. ഇത് മനുഷ്യാവകാശലംഘനമാണ്. (കഴിഞ്ഞ വര്‍ഷം, വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ യത്തീംഖാനകളില്‍ എത്തിച്ച പ്രവര്‍ത്തി ഹ്യൂമന്‍ ട്രാഫിക്കിംഗ് ആണ്. പക്ഷെ, അതിനെ അങ്ങനെ കാണാതെ, യത്തീംഖാന നടത്തുന്ന സേവന പാരമ്പര്യവും യത്തീംഖാനകളുടെ തന്നെ പാരമ്പര്യവും ഒക്കെ വിശദീകരിച്ച് മഹത്തായ സേവനമാക്കി കാട്ടാനായിരുന്നു നിയമം നടപ്പിലാക്കേണ്ട സര്‍ക്കാരിന്റെയും യത്തീംഖാന നടത്തിപ്പുകാരുടെയും അവരെ സഹായിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടേയും ശ്രമം. ഒടുവില്‍ സുപ്രീംകോടതി ഇത് കുട്ടികളെ കടത്തുക എന്ന ക്രിമിനല്‍ കുറ്റമാണെന്ന് വിധിയ്ക്കുന്നതുവരെ ഈ ശ്രമം തുടര്‍ന്നു.)

സ്ത്രീകളെ അവരുടെ സമ്മതമില്ലാതെ ലൈംഗികവൃത്തിക്ക് നിര്‍ബന്ധിക്കുന്നത് സെക്സ് ട്രാഫിക്കിംഗ് ആണ്. അതുകൊണ്ടുതന്നെ ശിക്ഷാര്‍ഹമായ കുറ്റകൃത്യവുമാണ്.

എന്നാല്‍, സെക്സ് വര്‍ക്ക് ചെയ്യാന്‍ സ്വയം തയ്യാറാവുന്ന സ്ത്രീയോ പുരുഷനോ ചെയ്യുന്ന പ്രവര്‍ത്തി കുറ്റകൃത്യമല്ല. അതില്‍ മനുഷ്യാവകാശലംഘനമില്ല. അത് സ്വന്തം ശരീരത്തില്‍ ഒരു വ്യക്തി നടത്തുന്ന, നിയമാനുസൃതമായ തീരുമാനമാണ്. അതില്‍ ഇടപെടാന്‍ പോലീസിനോ മാധ്യമത്തിനോ  കോടതിയ്‌ക്കോ യാതൊരു നിയമപരമായ അധികാരവുമില്ല. നിയമപരമല്ലാതുള്ള ഏതൊരധികാരവും, അതുകൊണ്ടുതന്നെ എതിര്‍ക്കപ്പെടേണ്ടതാണ്. (ഉദാഹരണത്തിന് ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് കോഴിക്കോട് ബംഗ്ലാദേശ് കോളനിയില്‍ നിന്ന് 32 ലൈംഗിക തൊഴിലാളികളെ സദാചാര ഗുണ്ടകള്‍ ചേര്‍ന്ന് വീടുകളില്‍ നിന്ന് പുറത്താക്കി. സദാചാരഗുണ്ടകളുടെ നേതാക്കള്‍ എം.പി. വീരേന്ദ്രകുമാറും കോഴിക്കോട് എം.എല്‍.എ. പ്രദീപ് കുമാറും, മനോവൈകല്യം ബാധിച്ച അന്നത്തെ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ പ്രദീപുമായിരുന്നു. സ്വന്തം വീടുകളില്‍ നിന്ന് പുറത്താക്കിയ  ലൈംഗികതൊഴിലാളികള്‍ക്ക് അവരുടെ വീടുകളില്‍ ജീവിക്കാനുള്ള അവകാശം വേണമെന്ന് ലൈംഗികതൊഴില്‍ ഇന്ത്യന്‍ നിയമമനുസരിച്ച് കുറ്റകൃത്യമല്ല എന്നും കാണിച്ച്  FIRM എന്ന സംഘടനയുടെ ചെയര്‍മാനായിരുന്ന ഞാന്‍ ഹൈക്കോടതിയെ സമീപിച്ചു. കോടതി എന്റെ വാദം  അംഗീകരിച്ചു. ലൈംഗികതൊഴിലാളികളെ സ്വന്തം വീട്ടില്‍ തിരിച്ചെത്തിക്കാനും അവര്‍ക്ക് വേണ്ട സംരക്ഷണം നല്‍കാനും ഡി.ജി.പി.ക്ക് കോടതി ഉത്തരവിട്ടു.)

മറ്റൊരു സംഭവം കൂടി പറയേണ്ടതുണ്ട്. പത്തു വര്‍ഷം മുമ്പ് രാഹുല്‍ ഗാന്ധി കേരളത്തിലെ ഒരു സ്റ്റാര്‍ ഹോട്ടലില്‍ കൊളംബിയന്‍ ഗേള്‍ഫ്രണ്ടുമായി മുറിയെടുത്തു. രാഹുല്‍ഗാന്ധി നടത്തുന്ന സദാചാര വിരുദ്ധ പ്രവര്‍ത്തി തടയണമെന്നും നിയമം നടപ്പിലാക്കണമെന്നും കാണിച്ച് ഒരു കോളേജ് പ്രൊഫസര്‍ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍, ഇന്ത്യന്‍ നിയമമനുസരിച്ച് പ്രായപൂര്‍ത്തിയായ ഒരു പുരുഷനും സ്ത്രീയും ഒരുമിച്ച് താമസിയ്ക്കുന്നതോ അന്തിയുറങ്ങുന്നതോ ലൈംഗികബന്ധം പുലര്‍ത്തുന്നതോ കുറ്റകൃത്യമല്ലെന്നു കാണിച്ചാണ് അന്നത്തെ സ്ഥലം പോലീസ് സൂപ്രണ്ട് ഗോപിനാഥന്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. പോലീസിന്റെ സത്യവാങ്മൂലം സ്വീകരിച്ച കോടതി പ്രൊഫസറുടെ കേസ് തള്ളി. രാഹുല്‍ഗാന്ധിയും കാമുകിയും ഹോട്ടലില്‍ തന്നെ താമസിച്ചു. അന്തിയുറങ്ങി. 

ഈ പശ്ചാത്തലത്തില്‍ വേണം ക്രൈംബ്രാഞ്ച് ഐ.ജി. നടത്തിയ ഓപ്പറേഷന്‍ ബിഗ് ഡാഡി എന്ന കോമാളിക്കളിയെ വിലയിരുത്തേണ്ടത്. ഐ.ജി. പത്രസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ഇവയാണ്. രാഹുല്‍ പശുപാലന്‍ പിമ്പിംഗ് നടത്തി; പ്രായമാകാത്ത പെണ്‍കുട്ടികളെ Sex tradeന്റെ ഭാഗമാക്കാന്‍ ശ്രമിച്ചു; രശ്മി എന്ന യുവതി Sex tradeന് വന്നത് സ്വന്തം കുട്ടിയുമായി ആയിരുന്നു; ഇരകളായ സ്ത്രീകളെ നിര്‍ഭയയില്‍ എത്തിച്ചു; ഇതില്‍ ഉള്‍പ്പെട്ടവരില്‍ എത്ര ഉന്നതരുണ്ടെങ്കിലും അവര്‍ രക്ഷപ്പെടില്ല.

ഇതില്‍ അവസാനത്തേതിന് ആദ്യം മറുപടി പറയാം. ഉന്നതരുണ്ടെങ്കില്‍ ഐ.ജി.യുടെ മുട്ടുവിറയ്ക്കും. ഇല്ലെങ്കില്‍ മുട്ടുവിറപ്പിക്കും. നിയമം നടപ്പിലാക്കാന്‍ ശ്രമിച്ച ഒരു ഡി.ജി.പി.യെ തറച്ചക്രം കറക്കുന്നതുപോലെ കറക്കുന്നതും ബാര്‍കോഴക്കേസില്‍ ഹൈക്കോടതിവിധിയെ കുറിച്ച് ‘സത്യമേവ ജയതേ’ എന്ന് പറഞ്ഞതിന് അയാളില്‍ നിന്ന് ചീഫ് സെക്രട്ടറി വിശദീകരണം ചോദിച്ചതും ക്രമസമാധാന ചുമതലയുള്ള മറ്റൊരു ഡി.ജി.പി. ഈ ഡി.ജി.പി.യെ സ്വന്തം ഫേസ്ബുക്കിലൂടെ  സര്‍വ്വീസ് ചട്ടങ്ങള്‍ പഠിപ്പിക്കാന്‍ ശ്രമിച്ചതും ഉന്നതര്‍ ഇടപെട്ട ബാര്‍കോഴക്കേസും സോളാര്‍ കേസും  പാറ്റൂര്‍ ഫ്‌ളാറ്റ് കേസും പോലീസ് തേച്ചുമാച്ചു കളയുന്നതും കണ്ടുകൊണ്ടിരിക്കുന്ന മലയാളികളുടെ മുന്നിലാണ് എത്ര വമ്പന്‍മാരുണ്ടെങ്കിലും അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് ഐ.ജി. പറയുന്നത്. വാസ്തവത്തില്‍ ഐ.ജീ… നിങ്ങളുടെ മുഖത്തു നോക്കി ചിരിയ്ക്കണമോ കരയണമോ എനിയ്ക്കറിയില്ല.

രാഹുല്‍ പശുപാലന്‍ പിമ്പിംഗ് നടത്തിയിട്ടുണ്ടെങ്കിലോ അയാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികതൊഴിലിലേക്ക് എത്തിക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലോ അയാള്‍ ശിക്ഷാര്‍ഹനാണ്; അയാള്‍ കിസ്സ് ഓഫ് ലവിലെ നായകനാണെങ്കിലും അല്ലെങ്കിലും.

പക്ഷെ, സ്വന്തം ഇഷ്ടപ്രകാരം രശ്മി സെക്‌സ് വില്‍ക്കാന്‍ വന്നെങ്കില്‍ അതെങ്ങനെയാണ് കുറ്റകൃത്യമാകുന്നത്? അവരുടെ ശരീരം റേറ്റുപറഞ്ഞ് വില്‍ക്കാന്‍ അവര്‍ക്ക് നിയമപരമായ അവകാശമുണ്ട്. അതു വാങ്ങാന്‍ താല്‍പ്പര്യവും പണവുമുള്ളവര്‍ക്ക് വാങ്ങാം. വില്‍പനയും വാങ്ങലും  നിയമാനുസൃതമായിരിക്കെ ആ കച്ചവടത്തില്‍ പോലീസിനെന്തു കാര്യം? കമ്മീഷന്‍ കിട്ടാത്തതാണോ അവരെ ചൊടിപ്പിച്ചത്?

വാസ്തവത്തില്‍ ലൈംഗികതൊഴിലാളികളുടെ നേരെ പൊലീസ് നടത്തുന്ന അതിക്രമങ്ങളുടേയും നാലുമാസം കൂടുമ്പോള്‍ ഉണ്ടാകുന്ന പെണ്‍വാണിഭ അറസ്റ്റുകളുടെയും  പിന്നില്‍ പ്രവര്‍ത്തിക്കുന്ന ചേതോവികാരം പണമാണ്. പണം മാത്രമാണ്. സബ് ഇന്‍സ്‌പെക്ടര്‍ വരെയുള്ള പോലീസുകാര്‍ പണം പിരിയ്ക്കുന്നത് തെരുവിലെത്തുന്ന ലൈംഗികതൊഴിലാളികളില്‍ നിന്നാണ്. അവര്‍ ഓരോരുത്തരും, ഒരു മാസം ശരാശരി, 50,000 രൂപയോളം സമ്പാദിക്കുന്നുണ്ട്. ആ പണം കൊണ്ട് സെക്രട്ടേറിയറ്റിലെ ഒരു സെക്ഷന്‍ ഓഫീസര്‍ ജീവിക്കുന്നതിനേക്കാള്‍ മെച്ചപ്പെട്ട ജീവിതം അവര്‍ക്കാകും. പക്ഷെ, അവരുടെ പണം മുഴുവന്‍, നിയമവിരുദ്ധമായി, പിടുങ്ങുന്നത് സബ് ഇന്‍സ്‌പെക്ടര്‍ വരെയുള്ള പോലീസുകാരാണെന്ന് ലൈംഗികതൊഴിലാളികളെ സംഘടിപ്പിച്ചവരില്‍ ഒരാളെന്ന നിലയ്ക്ക് എനിക്കുപറയാന്‍ കഴിയും.

പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ്, തിരുവനന്തപുരത്ത് നടന്ന ലൈംഗികതൊഴിലാളികളുടെ ആദ്യത്തെ സമ്മേളനത്തില്‍ സമ്മേളനവേദിയ്ക്കു ചുറ്റും നിരന്നുനിന്ന പോലീസുകാരോടായി ഒരു ലൈംഗികതൊഴിലാളി സ്റ്റേജില്‍ വന്നു നിന്നു ചോദിച്ചു: ”ഈ നില്‍ക്കുന്ന പോലീസുകാരില്‍ ആരെങ്കിലും എന്റെ കൈയ്യില്‍ നിന്ന് പണം തട്ടിപ്പറിയ്ക്കാത്തവരുണ്ടോ? എന്നെ ലൈംഗികമായി ഉപയോഗിക്കാത്തവരുണ്ടോ? ഉപയോഗിച്ചശേഷം എനിയ്ക്കാരെങ്കിലും പണം തന്നിട്ടുണ്ടോ?”

ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാതിരുന്ന പൊലീസുകാര്‍ അടുത്ത ദിവസം മുതലും പലിശയും ചേര്‍ത്തു കൊടുത്തു. എട്ടോളം ലൈംഗികതൊഴിലാളികളുടെ കൈയ്യടിച്ചൊടിച്ചു. അന്ന് അവരുടെ രക്ഷയ്‌ക്കെത്തിയത് ഏഷ്യാനെറ്റിലെ ന്യൂസ് പ്രൊഡ്യൂസര്‍ നീലനായിരുന്നു. ആ ഏഷ്യാനെറ്റാണ് ഇന്ന് പെണ്‍വാണിഭം നടക്കുന്നു എന്ന് വാര്‍ത്ത കൊടുത്ത് ലൈംഗിക തൊഴില്‍ കുറ്റകൃത്യമാണെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിയ്ക്കുന്നത്. കൂട്ടത്തില്‍ മാതൃഭൂമി ന്യൂസ് ചാനലും മനോരമയും കൈരളിയുമുണ്ട്. മത്സരമല്ലേ? സെക്‌സ് വര്‍ക്കിന് സ്ത്രീകള്‍ സ്വന്തം സ്‌കൂട്ടറില്‍ വന്ന് വിലപേശിയതും മറ്റും മഹാഅപരാധമായാണ് ചാനല്‍ ജേര്‍ണലിസ്റ്റുകള്‍ കണ്ടത്.

ഈ ജേര്‍ണ്ണലിസ്റ്റുകളുടേയും പോലീസ് ഐ.ജിയുടെയും അറിവിനായി രണ്ടു കാര്യങ്ങള്‍ പറയാം. ഒന്ന് ട്രേഡ് യൂണിയന്‍ ആക്ട് അനുസരിച്ച് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഒരു തൊഴില്‍ സംഘടനയുടെ പേര് Keala Sex Workers Union എന്നാണ്. അതിലെ അംഗങ്ങളെല്ലാം ലൈംഗികതൊഴിലാളികളാണെന്നാണ് രജിസ്‌ട്രേഷന്‍ ഫാറത്തില്‍ കാണിച്ചിരിക്കുന്നത്. രണ്ട്, എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി അവരുടെ എച്ച്.ഐ.വി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ലൈംഗികതൊഴിലാളികളുടെ – സ്ത്രീകളുടെയും പുരുഷന്‍മാരുടെയും – സംഘടനകളുമായാണ് പ്രോജക്ടുകള്‍ നടത്തുന്നത്. കരാറില്‍ ഒപ്പിടുന്നത് രണ്ടുപേരാണ്. ഒന്ന് എയിഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ തലപ്പത്തുള്ള ഐ.എ.എസ്. ഉദ്യോഗസ്ഥന്‍. മറ്റൊരാള്‍ ലൈംഗികതൊഴിലാളികളുടെ സംഘടനയുടെ പ്രസിഡന്റ്. ഇത്തരം നൂറുകണക്കിന് പ്രോജക്ടുകള്‍ കേരളത്തില്‍ നടന്നുവരുന്നു. ഇതെല്ലാം നിയമപരമായി നിലനില്‍ക്കുന്ന കരാറുകളാണ്. ലൈംഗികതൊഴില്‍ നിയമവിരുദ്ധമാണെങ്കില്‍ ലൈംഗികതൊഴിലാളികളുടെ സംഘടനയുമായി നിയമാനുസൃതമുള്ള ഒരു കരാറില്‍ സര്‍ക്കാരിന്റെ പ്രതിനിധിയായി ഒരു ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ ഒപ്പിടുമോ? സബ് ഇന്‍സ്‌പെക്ടര്‍ക്ക് മുകളിലുള്ളവര്‍ക്ക് പണം പിരിയ്ക്കാനുള്ള സ്രോതസ്സാണ് ഇത്തരം സെക്‌സ് റാക്കറ്റുകള്‍.

ഐ.ജി. ശ്രീജിത്ത് പറയുന്ന മറ്റൊരു കാര്യം ലൈംഗികത്തൊഴിലാളികളുടെ പുനരധിവാസത്തെക്കുറിച്ചാണ്. ലൈംഗികതൊഴിലാളികള്‍ക്ക് പുനരധിവാസത്തിനായി അടിമപ്പണിയാണ് സര്‍ക്കാര്‍ കണ്ടെത്തിയിരിക്കുന്നത്. മാസം 5000 – 10,000 രൂപയ്ക്ക് താഴെ മാത്രം വരുമാന സാധ്യതയുള്ള ചില തൊഴിലുകള്‍. അതിന്റെ അഞ്ചോ പത്തോ ഇരട്ടിതുക നിയമാനുസൃതമായി തൊഴില്‍ ചെയ്ത് സമ്പാദിച്ചുപോരുന്നവരെയാണ് – അവരുടെ സമ്പാദ്യം മുഴുവന്‍ കൊള്ളയടിച്ചശേഷം പൊലീസ് പുനരധിവസിപ്പിക്കാന്‍ പോകുന്നത്. വാസ്തവത്തില്‍, സമ്പൂര്‍ണ്ണ പുനരധിവാസം വേണ്ടത് ക്രിമിനലുകള്‍ യഥേഷ്ടം വിഹരിക്കുന്ന പോലീസ് സേനയിലല്ലേ?

നിയമാനുസൃതം തൊഴില്‍ നടത്തുന്ന ലൈംഗികതൊഴിലാളികളുടെ നേര്‍ക്ക് മേക്കിട്ടു കയറുന്ന പോലീസ് നിയമവിരുദ്ധമായി നടക്കുന്ന കാര്യങ്ങളെ സര്‍വ്വസാധാരണമെന്ന നിലയില്‍ കണ്ടില്ലെന്നു നടിക്കുന്നു.

ഓണ്‍ലൈന്‍ മാട്രിമോണിയല്‍ സൈറ്റുകളില്‍ പലതും നടത്തുന്നതാണ് യഥാര്‍ത്ഥ പിമ്പിംഗ്. നിങ്ങള്‍ക്കതില്‍ രജിസ്റ്റര്‍ ചെയ്താല്‍ പതിനായിരക്കണക്കിന് പേരുടെ അഡ്രസും മൊബൈല്‍ നമ്പറും കിട്ടും. ദീര്‍ഘനാളത്തേയ്ക്കുള്ള ലൈംഗിക ബന്ധത്തിനുള്ള വിവാഹ കരാര്‍ ഒപ്പിക്കാനുള്ള വേദിയാണിവ. സ്ത്രീധനം നിരോധിക്കപ്പെട്ടിരിക്കുന്ന നാട്ടില്‍ സ്ത്രീധനത്തെക്കുറിച്ചുള്ള വിലപേശല്‍ ഓണ്‍ലൈന്‍ ആയിതന്നെ നടക്കുന്നു. ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസും അധ്യാപകരുടെ സ്വകാര്യട്യൂഷനും നിരോധിച്ച നാട്ടില്‍ ഡോക്ടര്‍മാര്‍ യഥേഷ്ടം സ്വകാര്യ പ്രാക്ടീസ് നടത്തുന്നു; അധ്യാപകര്‍ ട്യൂഷന്‍ സെന്ററുകള്‍ നടത്തുന്നു. ഒരു പോലീസ് ഐ.ജി.യും ഇതിന്റെ ഒന്നും പുറകേ പോയതായി അറിയില്ല.

ഏറ്റവും വിചിത്രമായിത്തോന്നുന്നത് മാധ്യമങ്ങളുടേയും പുരോഗമനവാദികളുടേയും ഇരട്ടത്താപ്പാണ്. ഫാറൂഖ് കോളേജില്‍ ആണും പെണ്ണും അടുത്തിരുന്നതിനെ ന്യായീകരിച്ചു സംസാരിക്കുന്ന വാര്‍ത്താ അവതാരകരും പുരോഗമനക്കാരും അങ്ങനെ ഒരുമിച്ചിരിക്കുന്നത് തെറ്റാണെന്നു പറയുന്ന അബ്ദുറബ്ബിനെ കോമാളിയായി പരിഹസിക്കുന്നവരും കിസ്സ് ഓഫ് ലവിനെ ഒരു മഹത്തായ വിപ്ലവമാണെന്ന് വാദിക്കുന്നവരും ഒരു പുരുഷനും സ്ത്രീയും തമ്മില്‍ സെക്‌സ് വില്‍ക്കാനും വാങ്ങാനും അവകാശമുണ്ടെന്നും അതവരുടെ മൗലിക അവകാശമാണെന്നും, അത് തടയുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും പറയാന്‍ വിസ്സമതിക്കുന്നു. കാരശ്ശേരിയെപ്പോലുള്ള പുരോഗമനവാദികള്‍ ഇതിനെ ലൈംഗിക അരാജകത്വം എന്നാണ് വിശേഷിപ്പിക്കുന്നത്. ഇത് അരാജകത്വമാണെങ്കില്‍ ഈ അരാജകത്വത്തിന്റെ മറ്റൊരു മുഖമാണ് കിസ്സ് ഓഫ് ലവ് എന്നു വാദിക്കുന്ന  സംഘികളെ നിങ്ങള്‍ക്ക് എങ്ങനെയാണ് എതിര്‍ക്കാന്‍ കഴിയുന്നത്?

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്നത് ശരിയല്ല എന്നു വാദിക്കുന്നവര്‍ ഒരു കാര്യം ഓര്‍ക്കണം. പല വിദേശരാജ്യങ്ങളിലും പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കുമായി പ്രത്യേകം ഹോസ്റ്റലുകള്‍ ഇല്ല. ഇന്ത്യയിലെ പല അക്കാദമിക് സ്ഥാപനങ്ങളിലും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരു മുറിയില്‍ താമസിക്കുന്നതിന് എതിര്‍പ്പില്ല. തിരുവനന്തപുരത്തെ സി ഡി എസിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ഒരു മുറിയില്‍ സ്ത്രീയ്ക്കും പുരുഷനും ഒരുമിച്ചു താമസിയ്ക്കുന്നതിന് തടസ്സമില്ല. സദാചാരം സംരക്ഷിക്കാന്‍ മാധ്യമങ്ങളും ഐ.ജി.യും അവിടെ സന്ദര്‍ശിക്കണമെന്ന് അപേക്ഷിക്കുന്നു.

നമ്മുടേത് ഒരു വിചിത്രലോകമാണ്. തനിക്ക് ആയിരം ക്ളൈന്‍റ്സ് ഉണ്ടെന്ന് പറയുന്ന  നളിനീ ജമീല വെറും വേശ്യ. താന്‍ രണ്ടായിരം സ്ത്രീകളുമായി സെക്‌സ് ചെയ്തതിന്റെ ആഘോഷം നടത്തുന്ന മഹാനടന്‍ നമ്മുടെ സെലിബ്രിറ്റി. അദ്ദേഹം മലയാളികളെ സ്വന്തം ബ്ലോഗിലൂടെ നിരന്തരം ഉദ്‌ബോധിപ്പിച്ചുകൊണ്ടിരിക്കുന്നു.

Dostovstky യുടെ Brothers Karamazov-ല്‍ ഒരിടത്ത് ഇങ്ങനെ പറയുന്നു: ”ഭിക്ഷക്കാര്‍ പത്രപരസ്യങ്ങളിലൂടെയും മറ്റും ഭിക്ഷ ചോദിയ്ക്കുന്നതാണ് ഉത്തമം. ചിലപ്പോള്‍ ഒരു ഭിക്ഷക്കാരനില്‍ അയാള്‍ പ്രതീക്ഷിയ്ക്കുന്ന ദൈന്യത അയാളെ നേരിട്ടു കാണുമ്പോള്‍ ഉണ്ടാകണമെന്നില്ല.”

ഈ വാക്കുകളുടെ ചുവടു പിടിച്ചു പറയട്ടെ, ലൈംഗികതൊഴില്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍  സ്വന്തം സൈറ്റിലൂടെ തന്റെ റേറ്റും മറ്റു പ്രത്യേക കിഴിവുകളും പറയുക. ആകുമെങ്കില്‍ സ്വന്തം നിലയ്ക്ക് അഡ്വര്‍ട്ടൈസ് ചെയ്യുക. മറ്റൊരാള്‍ക്ക് ആ അവകാശം കൊടുക്കരുത്. അപ്പോള്‍ അത് പിമ്പിംഗ് ആകും. സ്വന്തം നിലയ്ക്ക് നിങ്ങളുടെ ശരീരം വില്‍ക്കാന്‍ നിങ്ങള്‍ക്ക് അധികാരമുണ്ട്. അതു തടയാന്‍ ഒരു പോലീസ് ഏമാനും അധികാരമില്ല. ഗര്‍ഭപാത്രം വാടകയ്ക്ക് കൊടുക്കാന്‍ നിയമപരമായ അവകാശമുള്ള നാടാണിത്. മാതൃത്വത്തേക്കാള്‍ മഹത്തായതാണോ ലൈംഗികത?

യേശുദാസിന് ശബ്ദം കൊണ്ടു പണമുണ്ടാക്കാമെങ്കില്‍, കാനായിക്ക് ശില്‍പമുണ്ടാക്കി പണമുണ്ടാക്കാമെങ്കില്‍, മമ്മൂട്ടിയ്ക്ക് അഭിനയിച്ചു പണമുണ്ടാക്കാമെങ്കില്‍, ഡോക്ടര്‍ക്കും എഞ്ചിനീയര്‍ക്കും തൊഴില്‍ ചെയ്ത് പണമുണ്ടാക്കാമെങ്കില്‍, പോലീസുകാര്‍ക്ക് നിയമം നടപ്പിലാക്കിയും നടപ്പാക്കാതെയും പണമുണ്ടാക്കാമെങ്കില്‍, പത്രപ്രവര്‍ത്തകന് വാര്‍ത്ത വിറ്റു പണമാക്കാമെങ്കില്‍, രവിശങ്കറിനും അമൃതാനന്ദമയിക്കും ആത്മീയത വിറ്റു പണമുണ്ടാക്കാമെങ്കില്‍, ലൈംഗികതൊഴിലാളിയ്ക്ക് സെക്‌സ് വിറ്റും പണമുണ്ടാക്കാം. ഇതില്‍ യാതൊരു നിയമലംഘനവുമില്ല. കഥയറിയാതെ കഥ പറയുന്ന ചാനലുകളെ വെറുതെ വിടാം. അവര്‍ എപ്പോഴും ഇതുതന്നെയാണ് ചെയ്തുപോരുന്നത്. സംഘികള്‍ പാവങ്ങളാണ്. മഹാഭാരതത്തിന്റെയോ രാമായണത്തിന്റെയോ കോമിക്ക് കഥാരൂപങ്ങള്‍ പോലും മനസ്സിലാകാത്തവരാണവര്‍. കിസ്സ് ഓഫ് ലവിന്റെ പുരോഗമന മനസ്‌കരെയും പഴിപറയണ്ട. വസൂരി വന്നു കിടക്കുന്ന ശരീരത്തില്‍ മുഖക്കുരുവിന് മരുന്നു പുരട്ടുന്ന നിര്‍ദ്ദോഷികളായ കോമാളികളാണവര്‍.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍