UPDATES

സയന്‍സ്/ടെക്നോളജി

ഓൺലൈനിൽ സ്മാർട്ട്ഫോൺ വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മിക്ക ഓൺലൈൻ പോർട്ടലുകളും ഇപ്പോൾ പത്തു ദിവസത്തെ റിപ്ലയ്സ്മെൻറ് ഗ്യാരണ്ടി നൽകുന്നുണ്ട്.

ലോകം ഡിജിറ്റലാവുന്നതിനൊപ്പം ഓൺലൈൻ വിപണിയും ചൂടുപിടിക്കുകയാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഓൺലൈൻ വിപണി സജീവമാണ്. ഓൺലൈനിലൂടെ സ്മാര്‍ട്ട്‌ഫോണും മറ്റ് ഇലക്ട്രോണിക് സാധനങ്ങളും വാങ്ങുമ്പോൾ കാഷ് ബാക്ക്, ഗിഫ്റ്റ് കാർഡ്, ഉൾപ്പടെയുള്ള നിരവധി ഓഫറുകളും പല ഷോപ്പിംഗ് പോർട്ടലുകളും നൽകുന്നുണ്ട്. ഓൺലൈൻ ഷോപ്പിംഗ് വളരെ ലളിതമാണെന്നതാണ് ഏവരെയും ഇവിടേക്ക് ആകർഷിക്കുന്നത്.

എന്നാൽ ഓൺലൈൻ ഷോപ്പിംഗ് നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുമുണ്ട്. ലളിതം എന്നതിനൊപ്പം തന്നെ നിരവധി ചതിക്കുഴികളും ഇവിടുണ്ട്. അവ ശ്രദ്ധിച്ചുവേണം ഷോപ്പിംഗ് നടത്താൻ. ഉപഭോക്താക്കൾ കൂടുതലും കബളിപ്പിക്കപ്പെടുന്നത് സ്മാർട്ട്ഫോൺ വാങ്ങുമ്പോഴാണ്. കേട്ടിട്ടില്ലേ, സ്മാര്‍ട്ട്‌ഫോൺ ഓർഡർ ചെയ്തപ്പോൾ സോപ്പുകട്ട കിട്ടി, ചുടുകട്ട കിട്ടി എന്നെല്ലാം….. അതുകൊണ്ട് ഓൺലൈൻ ഇടപാട് വളരെ സൂക്ഷ്മമായി നടത്തണം. അതിനുള്ള ചില ടിപ്പുകൾ പറഞ്ഞു തരാം.

ശരിയായ ഓൺലൈൻ സ്റ്റോർ

ഓൺലൈൻ വിപണി സജീവമായതുകൊണ്ടുതന്നെ നിരവധി ഷോപ്പിംഗ് പോർട്ടലുകൾ ഇന്നുണ്ട്. അതുകൊണ്ടുതന്നെ വിശ്വാസ്യതയുള്ള ഓൺലൈൻ ഷോപ്പിംഗ് പോർട്ടൽ തിരഞ്ഞെടുക്കുകയാണ് ആദ്യ കടമ്പ. ആമസോൺ, ഫ്ലിപ്പ്കാർട്ട്, പേ-ടിഎം മാൾ എന്നിവ വിശ്വാസ്യയോഗ്യമായ പോർട്ടലുകളാണ്. ഓരോ പോർട്ടലുകൾക്കും അവരവരുടേതായ പ്രത്യേകതകളുണ്ട്. ചിലതിൽ നിരവധി ഓഫറുകൾ ലഭിക്കും, ചിലതിൽ സാധനങ്ങൾക്ക് വില കുറവായിരിക്കും. നിങ്ങളുടെ ഇഷ്ടാനുസരണം അത് തിരഞ്ഞെടുക്കാം.

ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ വില മിക്കപ്പോഴും എല്ലാ ഷോപ്പിംഗ് സൈറ്റുകളിലും ഒരുപോലെ  ആയിരിക്കും. ചിലപ്പോഴൊക്കെ പെട്ടന്ന് വില മാറി മറിയാറുമുണ്ട്. ആവശ്യക്കാർ സൈറ്റ് നിരന്തരം സന്ദർശിക്കുന്നത് നല്ലതാണ്. വില കുറയുന്ന സമയത്ത് ഫോൺ വാങ്ങാനാകും. ഉത്സവ സമയങ്ങളിൽ സ്മാര്‍ട്ട്‌ഫോണുകൾക്ക് നിരവധി ഓഫറുകൾ ഓൺലൈനിൽ ലഭിക്കാറുണ്ട്. ഈ സമയങ്ങളിൽ വാങ്ങുന്നത് ഉചിതം.

ശരിയായ വിൽപ്പനക്കാരെ തിരഞ്ഞെടുക്കുക

ഒരുകാര്യം  അറിഞ്ഞിരിക്കുക. നമ്മൾ ഓൺലൈനിൽ ഷോപ്പ് ചെയ്യുമ്പോൾ ആ ഷോപ്പിംഗ് പോർട്ടലല്ല നമുക്ക് സാധനം തരുന്നത്. അതിനായി പുറമേ ചില വിൽപ്പനക്കാരുണ്ട്. അവർ സാധനം വിൽക്കാൻ ഷോപ്പിംഗ് പോർട്ടലിനെ ഒരു ഇടനിലക്കാരനാക്കുന്നു എന്നുമാത്രം. അതുകൊണ്ട് മികച്ച ഷോപ്പിംഗ് പോർട്ടലിനെ തിരഞ്ഞെടുത്തു കഴിഞ്ഞാൽ അടുത്ത കടമ്പ ശരിയായ വിൽപ്പനക്കാരെ തിരഞ്ഞെടുക്കുക എന്നതാണ്.

എങ്ങനെയത് തിരഞ്ഞെടുക്കും എന്നല്ലേ… പ്രമുഖ ഷോപ്പിംഗ് പോർട്ടലുകൾ എല്ലാംതന്നെ വിൽപ്പനക്കാരുടെ റേറ്റിംഗ് കൊടുത്തിട്ടുണ്ട്. ഇത് നോക്കി മികച്ചത് തിരഞ്ഞെടുക്കാനാകും. മാത്രമല്ല കസ്റ്റമർ റിവ്യു പരിശോധിക്കുന്നതും നല്ലതാണ്. റേറ്റിംഗ് 5 ൽ 4 ന് മുകളിലാണെങ്കിൽ സെല്ലർ മികച്ചത് എന്നർത്ഥം.

ശരിയായ പ്രോഡക്ട് ലഭിച്ചില്ലെങ്കിൽ

ഇക്കാര്യങ്ങൾ ചെയ്തിട്ടും നിങ്ങൾക്ക് ശരിയായ പ്രോഡക്ട് ലഭിച്ചില്ലെങ്കിൽ നിങ്ങൾക്ക് ഷോപ്പിംഗ് പോർട്ടലുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ്. ആമസോൺ ആണെങ്കിൽ ഇ-മെയിൽ അയക്കാം, ഫ്ലിപ്പ്കാർട്ട് ആണെങ്കിൽ ട്വിറ്ററിൽ മെസ്സേജ് അയക്കുകയോ നേരിട്ട് വിളിക്കുകയോ ചെയ്യാം. നിങ്ങളുടെ വിഷയത്തിൽ ഉടനടി ഇടപെടാൻ കസ്റ്റമർ കെയർ ഏജൻറ് എപ്പോഴുമുണ്ടാകും. ഉടനടി പ്രശ്നം പരിഹരിക്കുകയും ചെയ്യും.

മിക്ക ഓൺലൈൻ പോർട്ടലുകളും ഇപ്പോൾ പത്തു ദിവസത്തെ റിപ്ലയ്സ്മെൻറ് ഗ്യാരണ്ടി നൽകുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ ദിവസങ്ങൾക്കുള്ളിൽ നിങ്ങൾക്ക് പണം തിരിച്ചുകിട്ടും. ഇല്ലെങ്കിൽ കസ്റ്റമർ കെയർ ഏജൻറിനെ സമീപിച്ചാൽ മതി. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. അംഗീകൃത ഷോപ്പിംഗ് പോർട്ടലുകൾ മാത്രമേ ഇത്തരം സേവനങ്ങൾ സുതാര്യമായി നിങ്ങൾക്കായി നൽകാറുള്ളൂ.. അല്ലാത്തവയിൽ നിങ്ങൾ കബളിപ്പിക്കപ്പെടും. സുരക്ഷിതമായ ഓൺലൈൻ ഷോപ്പിംഗ് ആസ്വദിക്കൂ..

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍