UPDATES

കായികം

സമ്പന്നരായ കായികതാരങ്ങള്‍; ഫോബ്‌സ് ലിസ്റ്റില്‍ ഒരേയൊരു വനിത; ഇന്ത്യയില്‍ നിന്നും കോഹ്‌ലി

100 പേരുടെ ലിസ്റ്റിലാണ് ഒരു വനിത മാത്രം ഇടംപിടിച്ചത്

ഫോബ്‌സ് മാഗസിന്‍ ഈ വര്‍ഷത്തെ വരുമാനത്തിന്റെ കാര്യത്തില്‍ ഏറ്റവും സമ്പന്നരായ 100 കായികതാരങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഇന്ത്യക്ക് മേനി പറയാനായി ഈ ലിസ്റ്റില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുണ്ട്. 22 മില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ വരുമാനവുമായി 89 ആം സ്ഥാനത്തുണ്ട് 28 കാരനായ കോഹ്‌ലി. ഇന്ത്യന്‍ മാധ്യമങ്ങളെല്ലാം കോഹ്‌ലിയെ ഈ കാര്യത്തില്‍ വാര്‍ത്തയായി കണ്ട് ആഘോഷിക്കുകയും ചെയ്തു.

അതേസമയം ഫോബ്‌സിന്റെ ഈ ലിസ്റ്റ് ഒരു വാസ്തവം തുറന്നു വയ്ക്കുന്നുണ്ട്. ലോക കായികലോകം ആണ്‍കോയ്മയുടെതാണെന്ന്. നൂറുപേരുടെ ലിസ്റ്റില്‍ ഒരേയൊരു പെണ്‍കായികതാരം മാത്രമാണ് ഉള്‍പ്പെട്ടിരിക്കുന്നത്. അമേരിക്കന്‍ ടെന്നീസ് താരം സെറീന വില്യംസ്. 27 മില്യണ്‍ ഡോളറിന്റെ വരുമാനവുമായി ലിസ്റ്റില്‍ 51 ആം സ്ഥാനത്താണ് സെറീന ഉള്ളത്. ലോകം ആരാധിക്കുന്ന മറ്റൊരു വനിത കായികതാരവും ഈ ലിസ്റ്റില്‍ ഇല്ല എന്നത് ഒരു കൗതുകത്തിന് അപ്പുറം ഗൗരവമേറിയ ഒരു സംവാദവിഷയമാണെന്നാണ് കായികനിരീക്ഷകര്‍ ഉള്‍പ്പെടെ പറയുന്നത്.

ഫോബ്‌സിന്റെ പുതിയ ലിസ്റ്റില്‍ പോര്‍ച്ചുഗല്‍ ദേശീയ ടീം നായകനും റിയല്‍ മാഡ്രിഡിന്റെ താരവുമായ ക്രിസ്ത്യാനോ റൊണാള്‍ഡോയാണ് ഒന്നാം സ്ഥാനത്ത്. 93 മില്യണ്‍ ഡോളറാണ് ക്രിസ്ത്യാനോയുടെ വരുമാനം. രണ്ടാം സ്ഥാനത്ത് 86.2 മില്യണ്‍ ഡോളറുമായി അമേരിക്കയുടെ ബാസ്‌കറ്റ് ബോള്‍ താരം ലിബ്രോണ്‍ ജെയിംസ്. ലയണല്‍ മെസിയാണ് മൂന്നാം സ്ഥാനം( 80 മില്യണ്‍ ഡോളര്‍), റോജര്‍ ഫെഡറര്‍(64 മില്യണ്‍) നാലാം സ്ഥാനത്തും അമേരിക്കന്‍ ബാസ്‌കറ്റ് ബോള്‍ താരം കെവിന്‍ ഡ്യൂറന്റ് അഞ്ചാം സ്ഥാനത്തും നില്‍ക്കുന്നു. ഗോള്‍ഫ് ഇതിഹാസം ടൈഗര്‍ വുഡ് 17 ആം സ്ഥാനത്താണ്. ടെന്നീസ് സൂപ്പര്‍ താരങ്ങളായ നൊവാക് ദ്യോകോവിച്ച് 16 ഉം, റാഫേല്‍ നദാല്‍ 33 ഉം സ്ഥാനങ്ങളില്‍ നില്‍ക്കുമ്പോള്‍ ഇംഗ്ലീഷ് ഫുട്‌ബോള്‍ താരം വെയ്ന്‍ റൂണി 70 ആം സ്ഥാനത്താണ്.

2016 ജൂണ്‍ മുതല്‍ 2017 ജൂണ്‍വരെയുള്ള കാലത്ത് താരങ്ങള്‍ ശമ്പളയിനത്തിലും സമ്മാനങ്ങള്‍ വഴിയും ബോണസ് ആയിട്ടുമെല്ലാം സ്വന്തമാക്കിയ വരുമാനമാണ് ഫോബ്‌സ് കണക്കാക്കിയിരിക്കുന്നത്.

കോഹ്‌ലി ഈ കാലയളവില്‍ ശമ്പളയിനത്തിലും ദേശീയ ടീമിനൊപ്പമുള്ള മത്സരങ്ങളില്‍ നിന്നുള്ള മാച്ച് ഫീസുമായി സ്വന്തമാക്കിയത് ഒരു മില്യണ്‍ ഡോളറാണ്. ഐപിഎല്ലിലെ ഹൈ പെയ്ഡ് താരങ്ങളിലൊരാളയ കോഹ്‌ലി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരില്‍ നിന്നും ശമ്പളയിനത്തില്‍ വാങ്ങുന്നത് 2.3 മില്യണ്‍ ഡോളറാണ്. കോഹ്‌ലിയുടെ വരുമാനത്തില്‍ ഭൂരിഭാഗവും സ്‌പോണ്‍സര്‍ഷിപ്പ് വഴിയാണെന്നു ഫോബ്‌സ് പറയുന്നു. ആകെയുള്ള 22 മില്യണ്‍ ഡോളറില്‍ മൂന്നു മില്യണ്‍ ശമ്പളയിനത്തിലും മറ്റു പുരസ്‌കാരങ്ങള്‍ വഴിയും ബാക്കി 19 മില്യണ്‍ പരസ്യവരുമാനവുമാണ്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറുമായാണ് ഫോബ്‌സ് കോഹ്‌ലിയെ താരതമ്യം ചെയ്തിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍