UPDATES

വിപണി/സാമ്പത്തികം

വമ്പന്‍മാരുടെ പൂച്ച് പുറത്ത്; പുരുഷനും സ്ത്രീയ്ക്കും തൊഴിലിടങ്ങളിൽ പൂര്‍ണ്ണ തുല്യത ഉറപ്പുവരുത്തിയ ആറ് രാജ്യങ്ങള്‍ ഇവയാണ്

ലോക ബാങ്കിന്റെ വുമൺ, ബിസിനസ്സ് ആൻഡ് ദി ലോ റിപ്പോര്‍ട്ട് പുറത്ത്

എല്ലാത്തരത്തിലും പുരോഗമിച്ചുവെന്ന് രാജ്യങ്ങളെല്ലാം അവകാശപ്പെടുമ്പോഴും ഇവിടങ്ങളിലെല്ലാം തൊഴിലിടങ്ങളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യതയുണ്ടോ? അത് ഉറപ്പുവരുത്താനുള്ള നിയമങ്ങൾ കാര്യക്ഷമമാണോ? ലോക ബാങ്കിന്റെ വുമൺ, ബിസിനസ്സ് ആൻഡ് ദി ലോ റിപ്പോർട്ടിനായി 2019 ൽ നടത്തിയ അന്വേഷങ്ങളിൽ ഉത്തരം കണ്ടെത്താൻ ശ്രമിച്ചത് ഈ ചോദ്യങ്ങൾക്കായിരുന്നു. ഇതിനായി തൊഴിലിടങ്ങളിലെ തുല്യതയെ സംബന്ധിക്കുന്ന ചില ചോദ്യങ്ങളും പരിഗണിക്കേണ്ടുന്ന പ്രശ്നങ്ങളും മുൻകൂട്ടി തയ്യാറാക്കി, ഇതുപ്രകാരം ഓരോ രാജ്യത്തെ അവസ്ഥയും താരതമ്യം ചെയ്ത് ഓരോ രാജ്യത്തിനും മാർക്ക് നല്കാൻ തീരുമാനിച്ചു. നമ്മൾ എപ്പോഴേ ലിംഗസമത്വം നേടിക്കഴിഞ്ഞവരാണ് എന്ന് വിശ്വസിക്കുന്നവരെ ഞെട്ടിപ്പിക്കുന്ന ഫലങ്ങളാണ് റിപ്പോർട്ടിലൂടെ പുറത്ത് വന്നത്. പുരുഷനൊപ്പം സ്ത്രീയ്ക്കും തൊഴിലിടങ്ങളിൽ തുല്യത ഉറപ്പുവരുത്താനായി നിയമങ്ങൾ കാര്യക്ഷമമാക്കുന്നതിനു ലോകത്തിൽ വെറും ആറ് രാജ്യങ്ങൾ മാത്രമേ മുഴുവൻ മാർക്ക് നേടിയുള്ളൂ. ബെൽജിയം,ഡെന്മാർക്ക്, ഫ്രാൻസ്, ലറ്റ്വിയ, ലക്സഎംബെർഗ്, സ്വീഡൻ എന്നിവയാണ് സ്ത്രീകൾക് എല്ലാ അർത്ഥത്തിലും തൊഴിലിടങ്ങളിൽ തുല്യ പരിഗണന നൽകുന്ന ആ ആറ് രാജ്യങ്ങൾ.

സഞ്ചാര സ്വാതന്ത്ര്യവും പെൻഷൻ കിട്ടാനുള്ള സാധ്യതയും ഉൾപ്പടെ നിരവധി ഘടകങ്ങളെ അനുസരിച്ചാണ് 187 രാജ്യങ്ങളിലെ അവസ്ഥയറിയാൻ ഈ പഠനം നടത്തിയത്. ഈ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ ഓരോ സർവേ ചോദ്യത്തിനുമുള്ള പോസിറ്റിവ് ആയ ഉത്തരങ്ങൾക്ക് ഒരു നിശ്ചിത മാർക്ക് നൽകി. ഇത്തരത്തിൽ ഓരോ രാജ്യങ്ങൾക്കും ലഭിച്ച മാർക്ക് നൂറിൽ എത്രയെന്ന് പരിശോധിച്ചപ്പോൾ  മുഴുവൻ മാർക്കും ലഭിച്ചത് മേൽപ്പറഞ്ഞ ആറ് രാജ്യങ്ങൾക്ക് മാത്രമാണ്. ശരാശരി 70  മുതൽ 75 മാർക്ക് വരെയൊക്കെയാണ് ഈ രാജ്യങ്ങൾക്ക് ലഭിച്ചത്. 90 മാർക്കിന് 39 രാജ്യങ്ങൾക്ക് 90 ശതമാനത്തിൽ കൂടുതൽ മാർക്ക് ലഭിച്ചു. മുൻകാലങ്ങളെ അപേക്ഷിച്ച് അവസ്ഥകൾ കുറച്ചുകൂടി മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് ബാങ്ക് ഉന്നത ഉദ്യോഗസ്ഥർ അവകാശപ്പെടുന്നത്. മുൻപ് നടത്തിയ പഠനങ്ങളിലൊന്നും ഒരു രാജ്യം പോലും മുഴുവൻ മാർക്ക് നേടിയിട്ടില്ലായിരുന്നു. ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ മുൻകാലങ്ങളെ അപേക്ഷിച്ച് സ്ത്രീകളുടെ അവസ്ഥ മെച്ചമുണ്ടെന്നും റിപ്പോർട്ടിൽ സൂചനകളുണ്ട്.

ബാങ്കിന്റെ താത്കാലിക പ്രസിഡണ്ട് ക്രിസ്റ്റലിന ജോർജീവയാണ് റിപ്പോർട്ട് അവതരിപ്പിച്ചത്. “ലിംഗസമത്വം സാമ്പത്തിക പുരോഗതി അളക്കാനുള്ള ഒരു പ്രധാന അളവുകോൽ തന്നെയാണ്. ഈ ജനസംഖ്യയിൽ പകുതി വരുന്ന ഞങ്ങൾക്കും ഒരുമെച്ചപ്പെട്ട ലോകത്തിനായി  ഞങ്ങളുടേതായ കാര്യങ്ങൾ ചെയ്യാനുണ്ട്.  പക്ഷെ നിയമങ്ങൾ ഞങ്ങൾക്ക് പരിരക്ഷ തന്നില്ലെങ്കിൽ, അത് ഞഞങ്ങളുടെ അവസ്ഥയെ പിന്നോട്ട് വലിക്കുകയാണെങ്കിൽ പിന്നെ ഞങ്ങൾ പിന്നെ എങ്ങനെ മുന്നേറാനാണ് ” എന്നാണ് റിപ്പോർട്ട് സമർപ്പിച്ചുകൊണ്ട് അവർ ലോകത്തോട് ചോദിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍