UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എല്ലായിടത്തും ഉണ്ടാകും ഗ്രാമീണ കൂട്ടായ്മകള്‍; ഞങ്ങളുടെ നാട്ടില്‍ അത് ഫിസ്റ്റ് ആണ്

Avatar

വിഷ്ണു ശൈലജ വിജയന്‍

എന്നാണ് ഓണം? ‘ഫിസ്റ്റി’ലെ ചേട്ടന്മാര്‍ പുലികളിക്കും പന്തുകളിക്കും നാടകത്തിനും ഇറങ്ങുന്ന ദിവസം. ഓണമെന്നാണ് എന്ന് കുട്ടിക്കാലത്ത് എന്നോട് ആരെങ്കിലും ചോദിച്ചാല്‍ ആദ്യം പറയുന്ന ഉത്തരം ഇതായിരിക്കും. ഫിസ്റ്റ് എന്നത് ഒരു ക്ലബിന്‍റെ പേര് എന്നതിലപ്പുറം ഒരു നാടിന്‍റെ സ്വത്വം എന്ന് വിശേഷിപ്പിക്കാനാണ് ഇപ്പോഴും എനിക്കിഷ്ടം. കിളിമാനൂരിനടുത്തെ ‘തട്ട് ഒത്ത’ മലകള്‍ക്ക് നടുവിലായി സ്ഥിതി ചെയ്യുന്ന ഞങ്ങളുടെ തട്ടത്തുമല എന്ന ഗ്രാമത്തില്‍ മണ്‍പാതയോട് ചേര്‍ന്ന് മണ്ണുകൊണ്ട് നിര്‍മ്മിച്ച ഞങ്ങളുടെ ഫിസ്റ്റ് ഇപ്പോഴുമുണ്ട്. ഭൂതകാലത്തിന്റെ നരച്ച ഓര്‍മ്മകളും പേറി ഇപ്പോഴും അത് നിലനില്‍ക്കുന്നു.

കുട്ടിക്കാലത്തെ ഓണ ഓര്‍മ്മകളെപ്പറ്റി പറയാന്‍ തുടങ്ങുമ്പോള്‍ വിഷമങ്ങള്‍ക്കിടയിലും മക്കളുടെ ഓണച്ചിരി കാണാന്‍ പെടാപ്പാട് പെട്ട അച്ഛന്റെയും അമ്മയുടെയും ക്ലീഷേ കഥകള്‍ തല്‍ക്കാലം അവിടെ നില്‍ക്കട്ടെ. എനിക്കീ ഗ്രാമീണ സാംസ്കാരിക സംഘത്തെ (ഫിസ്റ്റ്) കുറിച്ച് സംസാരിക്കാനാണ് ഇഷ്ടം. 

‘ഫോറം ഫോര്‍ ഇന്‍ഡിപെന്‍ഡന്‍റ് സെക്യുലര്‍ തിങ്കേഴ്സ്’ എന്ന നെടുനീളന്‍ പേരിനെ ഫിസ്റ്റ് എന്ന് ചുരുക്കി വിളിച്ച് അതിന്‍റെ മുറ്റത്തേക്ക് ഓടിയെത്തിയ നാളുകളിലൊന്നും എന്താണ് ആ പേരിന്‍റെ അര്‍ഥമെന്നോ രാഷ്ട്രീയമെന്നോ അറിയില്ലായിരുന്നു.

ആദ്യം ചെല്ലുന്നത് എന്നാണ് എന്ന് ഓര്‍മ്മയില്ല, മണ്‍കട്ടകള്‍ കൊണ്ട് കെട്ടിപ്പൊക്കിയ ആ ഒറ്റമുറി കെട്ടിടത്തിനുള്ളില്‍ ഒരുപാട് പുസ്തകങ്ങള്‍ ഉണ്ടായിരുന്നു. ദേശാഭിമാനിയും ജനയുഗവും മാതൃഭൂമിയും ഉണ്ടായിരുന്നു. അതിന് ചുറ്റുമുള്ള വീടുകളില്‍ നിന്ന് ഞങ്ങള്‍ കുട്ടികള്‍ സ്ഥിരം അവിടെ കളിക്കാന്‍ എത്തുമായിരുന്നു. ആരും ആ പുസ്തകങ്ങള്‍ തുറന്നില്ല, വായിച്ചുമില്ല. പതിയെ മനസിലായി അതൊരു വായനശാലയുടെ ബാക്കിപത്രമായിരുന്നു.

ഓണത്തിനും പാറയില്‍ ക്ഷേത്രത്തിലെ നാല്‍പ്പത്തൊന്നു ഉത്സവത്തിനും ഒക്കെ മുന്നിട്ട് നില്‍ക്കുക ഫിസ്റ്റിലെ ചേട്ടന്മാരാണ്. അവരിങ്ങനെ മുണ്ട് മടക്കിക്കുത്തി എഴുന്നള്ളത്തും വിളക്കും ഒക്കെ നോക്കി നടത്തി നടക്കും. അമ്പലത്തിന് മുന്നിലിരുന്നു സിഗരറ്റ് വലിക്കാന്‍ ധൈര്യം കാട്ടുന്നതും ഫിസ്റ്റിലെ ചേട്ടന്മാര്‍ മാത്രമാകും.

നാട്ടില്‍ ഓണാഘോഷം നടത്താനുള്ള അവകാശം ഫിസ്റ്റിനാണ്. ഒരു മാസം മുന്‍പേ കമ്മിറ്റി കൂടി കാര്യപരിപാടികള്‍ തീരുമാനിക്കും. രാവിലെ മുതല്‍ വൈകുന്നേരം വരെ കുട്ടികളുടെ കലാകായിക മത്സരങ്ങള്‍, വൈകുന്നേരം നാടകമോ കഥാപ്രസംഗമോ എന്തെങ്കിലും. കുറഞ്ഞ ചിലവില്‍ നടത്താനാണ് ആലോചിക്കുന്നത്. എന്നാലും നടത്തിക്കഴിയുമ്പോള്‍ പരിപാടി ഗ്രാന്‍ഡാകുകയും സംഘാടകരുടെ കയ്യിലെ അവസാന നോട്ടും തീരുകയും ചെയ്യും. എന്നാലും ആരും പരാതി പറഞ്ഞില്ല, അടിയുണ്ടാക്കിയില്ല. അതായിരുന്നു ഫിസ്റ്റ്. ഒത്തൊരുമ കണ്ടു പഠിക്കെടാ എന്ന് ഡിവൈഎഫ്ഐക്കാരും ഫിസ്റ്റിലെ പിള്ളേരെ കണ്ടു പഠിക്കെടാ എന്ന് എഐവൈഎഫുകാരും അവരുടെ അണികളെ ഉപദേശിക്കും.

ഇനി അല്‍പം ഫിസ്റ്റ് ചരിത്രം കൂടി പറഞ്ഞോട്ടെ?

കേരള രാഷ്ട്രീയം തിളച്ചു മറിയുന്ന, പ്രത്യേകിച്ച് ഇടതു ചിന്തകളില്‍ തീവ്രമായ ആശയകുഴപ്പങ്ങള്‍ ആരംഭിച്ച എണ്‍പതുകളുടെ തുടക്കത്തിലാണ്‌ അടിയന്തരാവസ്ഥയും കമ്മ്യുണിസ്റ്റ് അനിശ്ചിതത്വവും ഒക്കെക്കണ്ട് വളര്‍ന്നു വന്ന ഒരു തലമുറ ഫോറം ഫോര്‍ ഇന്‍ഡിപെന്‍ഡന്‍റ് സെക്യുലര്‍ തിങ്കേഴ്സ് എന്ന പേരില്‍ ഒരു സാംസ്കാരിക കൂട്ടായ്മ ഉണ്ടാക്കുന്നത്. ആദ്യം ഗ്രന്ഥശാലയും പിന്നീട് നാടക കൂട്ടായ്മയും ഒക്കെയായി തങ്ങളുടെ കൊച്ചു ഗ്രാമത്തെ അവര്‍ എപ്പോഴും സജീവമാക്കി. അവരുടെ രാഷ്ട്രീയം അവര്‍ നാടകങ്ങളിലൂടെയും എഴുത്തിലൂടെയും ജനതയ്ക്ക് മുന്നില്‍ അവതരിപ്പിച്ചു. എന്ത് ചെയ്യണം എന്ന് അറിയാതെ പകച്ചു നിന്ന ഒരുകൂട്ടം യുവാക്കള്‍ക്ക് രാഷ്ട്രീയ ശരികള്‍ പറഞ്ഞു കൊടുത്തു. തീവ്ര ഇടതുപക്ഷ രാഷ്ട്രീയത്തിനും മുഖ്യധാര ഇടതുപക്ഷ രാഷ്ട്രീയത്തിനും ഇടയില്‍ ഒരു ബദല്‍ സംവിധാനമായി അത് നിലകൊണ്ടു. പലവിധ രാഷ്ട്രീയ, സമകാലിക, സാഹിത്യ ചര്‍ച്ചകളാല്‍ മുഖരിതമായിരുന്നു ഫിസ്റ്റിന്റെ ആ ഒറ്റമുറി. ആ തലമുറയ്ക്ക് ശേഷം വന്നവര്‍ തങ്ങള്‍ക്ക് മുന്നേ പോയവര്‍ നടന്ന വഴികളിലൂടെ തന്നെ ഫിസ്റ്റിനെ നടത്തി. അതിങ്ങനെ തുടര്‍ന്ന് വന്നു. പിന്നെടെപ്പോഴോ ഫിസ്റ്റ് വെറുമൊരു ക്ലബ് മാത്രമായി ചുരുങ്ങിപ്പോയി. ഉണ്ടായിരുന്ന പുസ്തകങ്ങളില്‍ പകുതിയും നശിച്ചു. എന്നിരുന്നാലും ഓണം, ക്രിസ്തുമസ് പോലുള്ള ആഘോഷ വേളകള്‍ ആഘോഷിക്കാതിരിക്കാന്‍ പുതിയ തലമുറ മറന്നില്ല.

ഓണം അവധിയായിക്കഴിഞ്ഞാല്‍ ക്ലബിലെ കുഞ്ഞ് അംഗങ്ങള്‍ പുലിക്കളിക്കിറങ്ങും. വീടായ വീടെല്ലാം കയറും. ഓണപ്പരിപാടിക്ക് വേണ്ടി ആദ്യത്തെ പിരിവ് അവരുടെ വകയാണ്. പിന്നീട് ഓണാഘോഷം ഒരു മേളമാണ്. പരിപാടിയുടെ അന്ന് നാട്ടിലെ യുവാക്കള്‍ എല്ലാവരും ഓണാഘോഷം നടക്കുന്ന സ്ഥലത്ത് ഉണ്ടാകും. പലതരം പരിപാടികള്‍ ഉണ്ടാകും. ഓരോ വര്‍ഷവും ഏതെങ്കിലും വ്യത്യസ്തമായ പരിപാടികള്‍ സംഘടിപ്പിക്കും. ഉച്ച കഴിഞ്ഞാല്‍, സദ്യ ഒക്കെ കഴിഞ്ഞാല്‍ വീട്ടമ്മമാരും ഇറങ്ങുകയായി. വൈകുന്നേരത്തെ നാടകം കാണാന്‍. അവരുടെ മക്കള്‍ പാടുപെട്ട് നടത്തുന്ന പരിപാടി കാണാന്‍ പോകാതിരിക്കുന്നത് എങ്ങനെ?

 

ഒരു നാടിനെ മുഴുവന്‍ മുന്നോട്ട് നയിച്ച, പുസ്തകങ്ങളിലൂടെ പുതു തലമുറയ്ക്ക് വെളിച്ചം പകര്‍ന്ന ഫിസ്റ്റും അവിടുത്തെ പിള്ളേരും ഇല്ലാതെ തട്ടത്തുമലക്കാര്‍ക്ക് എന്ത് ഓണം?

ഇടതന്മാര്‍ വളര്‍ത്തിയ പ്രസ്ഥാനമാണ് എന്ന് പറഞ്ഞ് പല സമയങ്ങളില്‍ പലരായി ആ സ്ഥാപനത്തെ കളിയാക്കാനും ഇല്ലാതാക്കാനും ഒക്കെ ശ്രമിച്ചിട്ടുണ്ട്. ഇടതന്മാര്‍ നടത്തുന്ന ഓണപ്പരിപാടികളില്‍ പങ്കെടുക്കില്ല എന്ന് പറഞ്ഞു മാറി നില്‍ക്കുന്നവരും ഉണ്ട്. അപ്പോഴൊക്കെ ഫിസ്റ്റിലെ പിള്ളേര്‍ പറയും, ഇടതന്മാര്‍ വളര്‍ത്തിയ പ്രസ്ഥാനം അല്ല; ഇടതന്മാരെ വളര്‍ത്തിയ പ്രസ്ഥാനമാണ് ഫിസ്റ്റ് എന്ന്. ഒരു നാടിനെ ഇത്രമേല്‍ ആവേശം കൊള്ളിച്ചിട്ടുള്ള, ഒത്തൊരുമിച്ചു നിര്‍ത്തിയിട്ടുള്ള വേറൊരു സ്ഥാപനവും ഞാന്‍ കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ നാട്ടിലെ, കുട്ടിക്കാലത്തെ ഓണ ഓര്‍മ്മകള്‍ എല്ലാം ചുറ്റിപ്പറ്റി കിടക്കുന്നത് ഫിസ്റ്റിനൊപ്പമാണ്. 

(അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടറാണ് ലേഖകന്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍