UPDATES

വായന/സംസ്കാരം

ഒരു പുരുഷായുസ്സിന്റെ ജോലി മുഴുവന്‍ ചെയ്തു തീര്‍ത്ത കവി

പ്രൊഫ. വയലാര്‍ നാരായണന്‍

ഒരിക്കലും മരിക്കരുതെന്ന് ആഗ്രഹിച്ചൊരാളാണ് വിടചൊല്ലി പോയത്.

ചിലര്‍ നമുക്കത്രമേല്‍ പ്രിയപ്പെട്ടവരാണ്. അതിലൊരാളായിരുന്നു ഒഎന്‍വി കുറുപ്പ്. എനിക്കദ്ദേഹം എന്റെ പ്രിയപ്പെട്ട അധ്യാപകനായിരുന്നു.

1958 ല്‍ മഹാരാജാസില്‍ പ്രി-യൂണിവേഴ്‌സിറ്റിക്ക് ചേരുന്ന വര്‍ഷം തന്നെ മഹാന്‍മാരായ മൂന്ന് അധ്യാപകരും അവിടെ അധ്യാപകവൃത്തിക്കായി എത്തുന്നത്. സാനു മാഷ്, എം അച്യുതന്‍ മാഷ്, പിന്നെ ഒഎന്‍വി കുറുപ്പ് മാഷും.

ഏതൊരു വിദ്യാര്‍ത്ഥിക്കും ഇവരെപ്പോലെ മൂന്നുപേരെ ഗുരുക്കന്മാരായി കിട്ടുന്നത് എത്രമേല്‍ ഭാഗ്യമാണെന്നു ചിന്തിക്കൂ. അതിലേറെ ഭാഗ്യമാണ് അവരുമായി ഒരാത്മബന്ധം ഉണ്ടാക്കിയെടുക്കാന്‍ കഴിയുന്നത്. എന്റെ പ്രിയപ്പെട്ട കവിയായിരുന്ന ഒഎന്‍വി കുറുപ്പിനെ പരിചയപ്പെടാന്‍ കഴിഞ്ഞതായിരുന്നു എന്നെയേറെ ആഹ്ലാദിപ്പിച്ചത്. ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ അനുഭവം അതിലും വലുതായി പിന്നീട് ജീവിതത്തില്‍ ഉണ്ടായിട്ടില്ല.

എന്നെ കാണണമെന്ന ആഗ്രഹം അദ്ദേഹമാണ് പ്രകടിപ്പിച്ചത്. അതിനു കാരണം മികച്ച നാടക രചയിതാവിനുള്ള സമ്മാനം എനിക്ക് കിട്ടിയതായിരുന്നു. അദ്ദേഹവും ജഡ്ജിംഗ് പാനലില്‍ ഉണ്ടായിരുന്നു. നാടകം ഇഷ്ടമായതിനെ തുടര്‍ന്ന് ആരാണ് ഇതിന്റെ രചയിതാവ് എന്നു തിരക്കുകയും എന്നെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. അങ്ങനെയാണ് ഞാന്‍ അദ്ദേഹവുമായി അടുത്ത് പരിചയപ്പെടുന്നത്.

നാടകഗാനങ്ങളിലൂടെയും കവിതകളിലൂടെയും കേരളത്തിന്റെ യുവത്വത്തെ ത്രസിപ്പിച്ച വികാരമായിരുന്നു അക്കാലത്ത് ഒഎന്‍വി മാഷ്. അദ്ദേഹത്തെ പരിചയപ്പെടുന്നത് സ്വപ്‌നസദൃശമായൊരനുഭവമായാണ് അപ്പോള്‍ അനുഭവപ്പെട്ടത്.

പിന്നീട് എനിക്കദ്ദേഹം ആരെല്ലാമോ ആയി തീരുകയായിരുന്നു. പരിചയം എന്നതു മറഞ്ഞ് അതൊരാത്മബന്ധമായി വളര്‍ന്നു. ഇന്ദീവരത്തിലെത്തി അദ്ദേഹത്തെ കാണുന്നതില്‍വരെ എനിക്കദ്ദേഹം പ്രിയപ്പെട്ടവനായി.

ഞാന്‍ മരിച്ചാലും അദ്ദേഹം മരിക്കാതെ ഈ ഭൂമിയില്‍ ഉണ്ടാകണമെന്നേറെ മോഹിച്ചിരുന്നു.

ദാഹിക്കുന്ന പാനപാത്രം എന്ന അദ്ദേഹത്തിന്റെ കവിതാസമാഹാരത്തിന്റെ അവതാരികയില്‍ കവിയെ വിശേഷിപ്പിക്കുന്നത് ‘ ഒരു പുരുഷായുസ്സിന്റെ ജോലി മുഴുവന്‍ ചെയ്തു തീര്‍ത്ത കവി’ എന്നാണ്. അന്നതൊരു അതിശോക്തിയായി തോന്നിയെങ്കിലും പിന്നീട് വ്യക്തമായി, അതൊരു പ്രവചനം തന്നെയായിരുന്നു. ആ വാചകം എത്രമേല്‍ സ്വാര്‍ത്ഥകമായി തീര്‍ന്നെന്നു നോക്കുക…

മലയാളവും മലയാള കവിതയും അത്രമേലാണ് അദ്ദേഹത്താല്‍ അനുഗ്രഹിക്കപ്പെട്ടത്.

എന്റെ ഗുരുനാഥന് പ്രണാമം…

(എറണാകുളം മഹാരാജാസ് കോളേജ് റിട്ടയേര്‍ഡ് പ്രൊഫസറും എഴുത്തുകാരനുമാണ് വയലാര്‍ നാരായണ്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍