UPDATES

വായന/സംസ്കാരം

ആത്മസൗന്ദര്യമാണു നീ…

Avatar

ജെ ബിന്ദുരാജ്

ഇരുപതു വര്‍ഷങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരത്തുവച്ചാണ് ഞങ്ങളുടെ കാലഘട്ടത്തിലെ മഹാകവിയെ ഞാന്‍ ആദ്യമായി കാണുന്നത്. കാണുന്നതിനു കാലങ്ങള്‍ക്കു മുമ്പു തന്നെ കവിയുടെ രചനകള്‍ എനിക്ക് മറ്റുള്ളവരെപ്പോലെ തന്നെ പ്രിയതരമായിരുന്നു. കോതമ്പുമണികളും കുഞ്ഞേടത്തിയും സൂര്യഗീതവും ഭൂമിക്കൊരു ചരമഗീതവുമൊക്കെ വീട്ടിലും പള്ളിക്കൂടത്തിലുമൊക്കെ ഉറക്കെ ചൊല്ലിനടന്ന ഒരു കുട്ടിക്കാലം എനിക്കുമുണ്ടായിരുന്നു. അന്നു തുടങ്ങിയ മോഹമാണ് കവിയെ ഒരിക്കലെങ്കിലും നേരില്‍ കാണണമെന്നത്. അങ്ങനെ മോഹം കടുത്തുകടുത്ത് ആലുവയിലെ യൂണിയന്‍ കോളെജില്‍ നിന്നും സമാനഹൃദയരായ രണ്ടു കൂട്ടുകാര്‍ക്കൊപ്പം ഒ എന്‍ വി കുറുപ്പിനെ കാണാന്‍ ഞങ്ങള്‍ ലോലമാനസര്‍ വണ്ടി കയറി. മുന്‍കൂട്ടി വിളിച്ചറിയിച്ചൊന്നുമായിരുന്നില്ല ഞങ്ങളുടെ സന്ദര്‍ശനം. ഇന്ദീവരത്തിലേക്ക് പ്രവേശിക്കുമ്പോള്‍ കവി മുറ്റത്തു തന്നെയുണ്ടായിരുന്നു. 

പരിചിതരൊന്നുമല്ലാതിരുന്നിട്ടും ഒട്ടും അപരിചിതത്വമൊന്നുമില്ലാതെയായിരുന്നു ഒ എന്‍ വിയുടെ പുഞ്ചിരി.

അദ്ദേഹത്തെ കാണാന്‍ ആലുവയില്‍ നിന്നുമെത്തിയ വിദ്യാര്‍ത്ഥികളാണെന്നു പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ മുഖത്ത് ‘കുഞ്ഞേടത്തി കാര്യങ്ങള്‍ ഉണ്ണിക്ക് പറഞ്ഞുകൊടുക്കുമ്പോള്‍ കവിതയില്‍ തെളിയുന്ന’ അത്ഭുതഭാവം.

‘നിങ്ങള്‍ വല്ലതും കഴിച്ചോ.’

ബസ്സിറങ്ങിയപ്പോള്‍ അടുത്തുള്ള പെട്ടിക്കടയില്‍ നിന്നും വാങ്ങിക്കഴിച്ച നാരാങ്ങാ വെള്ളം മാത്രമേ വയറ്റിലുണ്ടായിരുന്നുള്ളുവെങ്കിലും ഞങ്ങള്‍ മൂവരും അഭിമാനികളായിരുന്നതിനാല്‍ ‘ഇപ്പോള്‍ കഴിച്ചതേയുള്ളു’വെന്ന് മറുപടി നല്‍കി. 

കവി പുഞ്ചിരിച്ചു. 

കവിതയും കാര്യങ്ങളുമൊക്കയായി കുറെയേറെ നേരം ഇരുന്നു സംസാരിച്ചപ്പോള്‍ എന്റെ നാട്ടുകാരനായ ഭരതന്‍ മാസ്റ്ററെപ്പറ്റി ചില ചോദ്യങ്ങള്‍ വന്നു. മഹാരാജാസ് കോളെജില്‍ നിന്നും ആയിടയ്ക്ക് വിരമിച്ചിട്ടുണ്ടായിരുന്നുള്ളു ഭരതന്‍ മാസ്റ്റര്‍. തിരിച്ചു ചെല്ലുമ്പോള്‍ മാഷിനോട് അന്വേഷണം പറയണമെന്നും ചട്ടം കെട്ടി.

രണ്ടു മണിക്കൂറോളം നേരം ഇന്ദീവരത്തില്‍ കവിതയുടേയും പാട്ടിന്റേയുമൊക്ക പിന്നാമ്പുറമറിയാനുള്ള അക്ഷമരായ ഞങ്ങളുടെ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം പറഞ്ഞുകൊണ്ടിരുന്നു കവി. ഏതു കവിതയും പാട്ടുമൊക്കയാണ് കൂടുതല്‍ ഇഷ്ടമെന്നായിരുന്നു അദ്ദേഹം ഒടുവില്‍ ചോദിച്ചത്. ഞങ്ങള്‍ ‘കോതമ്പുമണികളും ശ്യാമഗീതവും ഭൂമിക്കൊരു ചരമഗീതവും ജാലകത്തിലെ ഒരു ദലം മാത്രം, നഖക്ഷതങ്ങളിലേയും വൈശാലിയിലേയും ഗാനങ്ങളും’ പറഞ്ഞപ്പോള്‍ കവി പുഞ്ചിരിച്ചുകൊണ്ട് അകത്തേക്കു പോയി. ഞങ്ങള്‍ക്കോരോത്തര്‍ക്കും ഭൂമിക്കൊരു ചരമഗീതത്തിന്റെ കോപ്പിയില്‍ ഒപ്പിട്ട് നല്‍കി ഇറങ്ങാനൊരുങ്ങിയപ്പോള്‍ ഞാനും നിങ്ങള്‍ക്കൊപ്പം അല്‍പദൂരം വരാമെന്ന് കവി.

ഞങ്ങള്‍ കുട്ടികള്‍ക്ക് അത്ഭുതം തോന്നി. ആരെയോ അദ്ദേഹത്തിന് കാണാനുണ്ടാകുമെന്നാണ് ഞങ്ങള്‍ കരുതിയത്. കുറച്ചകലെ ഒരു ഹോട്ടലിനു മുന്നിലെത്തിയപ്പോള്‍ നമുക്ക് ഇവിടെ നിന്ന് ഒരു ചായ കുടിച്ചാലോ എന്നു ചോദ്യം. ഞങ്ങള്‍ മറുപടി പറയും മുമ്പേ കവി ഹോട്ടലിലേക്ക് കയറി. ഞങ്ങള്‍ക്ക് മൂന്നുപേര്‍ക്കും അപ്പവും കടലക്കറിയും ചായയും ഓര്‍ഡര്‍ ചെയ്തു. അദ്ദേഹം ഒരു ഗ്ലാസ് ചൂടുവെള്ളം മാത്രമേ കുടിച്ചുള്ളു. ഞങ്ങള്‍ കഴിക്കുന്നതും നോക്കി ചെറുപുഞ്ചിരിയോടെ അദ്ദേഹമിരുന്നു. 

യാത്ര പറയുമ്പോള്‍ ഞങ്ങളുടെ കണ്ണുകള്‍ എന്തിനായിരുന്നു നിറഞ്ഞതെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. മനുഷ്യസ്‌നേഹത്തിന്റെ വലിയ മുഖം കവിതയില്‍ എങ്ങനെയാണ് പ്രത്യക്ഷപ്പെടുന്നതെന്ന് ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അതോടെ ബോധ്യപ്പെട്ടിരുന്നു.

കവിയെ പിന്നീടു കണ്ടത് വര്‍ഷങ്ങള്‍ക്കിപ്പുറം ചെന്നൈയില്‍ ഒരു ചടങ്ങിലാണ്. വീട്ടിലെത്തിയ പഴയ മൂവര്‍ സംഘത്തിന്റെ കഥ അദ്ദേഹത്തെ ഓര്‍മ്മിച്ചപ്പോള്‍ മുഖത്ത് പ്രകാശഭരിതമായ പുഞ്ചിരി. ‘നന്നായി വരട്ടെ’ എന്ന് ആശിര്‍വാദം. അപ്പോഴും അറിയാതെ കണ്ണുകള്‍ നിറഞ്ഞു.

ഒ എന്‍ വി എന്ന കവി എഴുത്തിലും ജീവിതത്തിലും മലയാളി ജീവിതത്തെ ഒരു പോലെ ആകര്‍ഷിച്ച എഴുത്തുകാരനാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. പത്മശ്രീയോ പത്മഭൂഷണോ ജ്ഞാനപീഠമോ അദ്ദേഹത്തെയല്ല ആദരിച്ചത്. അദ്ദേഹത്തിന് അവ നല്‍കപ്പെട്ടതിലൂടെ യഥാര്‍ത്ഥത്തില്‍ ആ പുരസ്‌കാരങ്ങളാണ് ആദരിക്കപ്പെട്ടത്. ആയിരക്കണക്കിനു പേരെ കവിതയിലേക്കും എഴുത്തിന്റെ ലോകത്തേക്കുമൊക്ക കടക്കാന്‍ പ്രേരിപ്പിച്ചത് ആ സര്‍ഗജീവിതമായിരുന്നു. വായനക്കാരുടെ മനസ്സിലെ പിടിച്ചുലച്ച എത്രയെത്ര കവിതകളാണ് അദ്ദേഹമെഴുതിയത്. കോതമ്പുമണികളിലെ പെണ്‍കുട്ടിയെ ആര്‍ക്കാണ് മറക്കാനാകുക. 

‘കുഞ്ഞായിരുന്നപ്പോള്‍ കണ്ടൂ കിനാവുകള്‍, കുഞ്ഞുവയര്‍ നിറച്ചാഹാരം. കല്ലുമണിമാല, കൈവളയുത്സവചന്തയിലെത്തും പലഹാരം. തൊട്ടയലത്തെ തൊടിയില്‍ കയറിയൊരത്തിപ്പഴം നീയെടുത്തു തിന്നു, ചൂരല്‍പ്പഴത്തിന്റെ കണ്ണുനീരും കയ്പുനീരും അതിനെത്ര നീ മോന്തീല..’.

ശ്യാമഗീതത്തില്‍ കറുത്തവന്റെ പുത്രന്റെ രോക്ഷം ഇടിവെട്ടി പുറത്തുവരുന്നതിങ്ങനെ.

ഒരു വെള്ളക്കാരന്‍ എന്‍ അച്ഛനെ കൊന്നു, 
എന്റെ അച്ഛന്‍ അഭിമാനിയായിരുന്നു
അവനെന്റെ അമ്മേടെ മാനംകെടുത്തി, എന്‍ അമ്മ അഴകുള്ളോഴായിരുന്നു.
അവനെന്റ ഏട്ടനെ ചുട്ടെരിച്ചേ, യെന്റെ ഏട്ടന്‍ കരുത്തുള്ളോനായിരുന്നു.
അവനെന്റ അച്ഛന്റെയമ്മേടെയേട്ടന്റെ ചുടുചോര കറ പുരളും കൈകള്‍ നീട്ടി
തമ്പ്രാന്‍ ചമഞ്ഞെന്നോടോതി, ഏടാ ചെക്കാ, കൊണ്ടാക്കസേല, തൂവാല, വീഞ്ഞും…’

ഇരുളിന്റെ ചാവുകടല്‍ മീതെയായി സ്വാതന്ത്ര്യഗരുഡന്റെ ചിറകാര്‍ന്ന നൗകയണയുന്നതും തെക്കനാം കാറ്റുകള്‍ കവര്‍ന്ന ആത്മാക്കള്‍ തന്‍ കാക്കക്കരച്ചിലെമ്പാടും ഉയരുന്നതും നാമതില്‍ കണ്ടു. 

ഒ എന്‍ വിയുടെ മനസ്സില്‍ സ്വാതന്ത്ര്യത്തിന്റേയും വിപ്ലവത്തിന്റേയും മനുഷ്യസ്‌നേഹത്തിന്റേയും സാഗരം അലയടിച്ചിരുന്നതിനാലാണ് അദ്ദേഹത്തിന് വായനക്കാരന്റെ മനസ്സിനെ കീഴടക്കാനായിരുന്നത്. ഏതു സാധാരണക്കാരനും മനസ്സിലാകുംവിധം ലളിതവും സുന്ദരവുമായിരുന്നു ആ ഭാഷ. മലയാളത്തിന് ഇത്രത്തോളം സൗന്ദര്യമുണ്ടെന്ന് മലയാളിക്ക് മനസ്സിലാക്കി നല്‍കിയ കവിയാണ് അദ്ദേഹം. മറ്റുള്ളവര്‍ക്കായി സ്വയം കത്തിയെരിയുന്ന സുസ്‌നേഹമൂര്‍ത്തിയാം സൂര്യന്റെ മുഖം തന്നെയാണ് ഒ എന്‍ വിയുടേത്.ആ നല്ല മനുഷ്യന് ഹൃദയത്തില്‍ നിന്നുള്ള ആദരാഞ്ജലികള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍