UPDATES

വായന/സംസ്കാരം

അത്രമേല്‍ മധുരമേറിയൊരാ തോന്ന്യാക്ഷരങ്ങള്‍….

Avatar

രാകേഷ് സനല്‍

”എവിടെ മനുഷ്യനുണ്ടവിടെയെല്ലാമുയിര്‍-
ത്തെഴുന്നേല്‍ക്കുമെന്റെയീഗാനം” 

എന്നെഴുതിയ കവിയാണ് ഒഎന്‍വി കുറുപ്പ്. ആ വരികളുടെ അര്‍ത്ഥവും വരികളിലെ വിശ്വാസവും എത്രയോ ശരിയാണെന്ന് കാലം അടിവരയിട്ട് തെളിയിച്ചു. മലയാളത്തിനും മലയാളിക്കും വേണ്ടിമാത്രമായിരുന്നില്ല കവി എഴുതിയതും പറഞ്ഞതും. സകലചരാചരങ്ങളും നിറഞ്ഞ ഈ ഭൂമിക്കുവേണ്ടിക്കൂടിയായിരുന്നു. അത്രയേറെ താന്‍ വസിക്കുന്ന ഈ ഭൂമിയെ കവി സ്‌നേഹിച്ചിരുന്നതുകൊണ്ടായിരുന്നു ആസന്നമൃതിയിലേക്കടുക്കുന്നുവെന്ന ഭയത്തോടെ തന്റെ ഭൂമിയ്ക്കായി ചരമഗീതം മുന്നേ എഴുതിവയ്ക്കാന്‍ കവി തയ്യാറായതും.

‘ഏകാന്തതയുടെ അമാവാസിയില്‍ എന്റെ ബാല്യത്തിന് കൈവന്ന ഒരുതുള്ളിവെളിച്ചമാണ് എനിക്ക് കവിത’ ഒരു വരിയുടെ ലാളിത്യത്തില്‍ തന്നിലെ കവിയെ അദ്ദേഹം രേഖപ്പെടുത്തിയതിങ്ങനെയായിരുന്നു.

തോന്ന്യാക്ഷരങ്ങള്‍…
തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ പ്രധാനവൈദ്യനും സ്വരാജ്യത്തിന്റെ പത്രാധിപരുമായിരുന്ന കൃഷ്ണക്കുറുപ്പ് അദ്ദേഹത്തിന്റെ അച്ഛന്റെ പേരായിരുന്നു മകനും ഇട്ടത്; വേലുക്കുറുപ്പ്. ഓമനപ്പേരായി അപ്പുവും. ഒഎന്‍വിയെ സംസ്‌കൃതവും മലയാളവും പഠിപ്പിച്ച ആദ്യഗുരുവും അച്ഛനായിരുന്നു. അദ്ദേഹത്തിന് എട്ടുവയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു. പിന്നീട് പുസ്തകങ്ങളും കവിതകളുമായിരുന്നു കൂട്ട്. പലതും കുത്തിക്കുറിച്ചു തുടങ്ങി. ഒരിക്കല്‍ ഇതു മനസ്സിലാക്കിയ ഒരു കാരണവര്‍ ചോദിച്ചു: 

‘ അപ്പു, തോന്ന്യാക്ഷരങ്ങള്‍ എഴുതുമല്ലേ…?” 

വിദ്യാഭ്യാസം കുറവായിരുന്ന ആ മനുഷ്യന്‍ എത്രമനോഹരമായാണ് കവിതയെ നിര്‍വചിച്ചത്. ഉള്ളില്‍ തോന്നുതാണല്ലോ എഴുതുന്നത്. അപ്പോള്‍ തോന്ന്യാക്ഷരങ്ങള്‍ തന്നെയാണ് കവിത; ആ കാര്യമോര്‍ത്തുകൊണ്ട് കവി പറഞ്ഞതങ്ങനെയായിരുന്നു.

സ്‌നേഹഗായകന്റെ സമ്മാനത്തിനായി ഒരു കവിത
1946-ല്‍ പതിനഞ്ച് വയസ്സുള്ളപ്പോള്‍ എഴുതിയ ‘മുന്നോട്ട്’ എന്ന കവിതയാണ് ആദ്യമായി ഒന്‍വിയുടെതായി അച്ചടിച്ച് വന്നത്. 1949ല്‍ ‘പൊരുതുന്ന സൗന്ദര്യം’ എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചു.

ആദ്യത്തെ അംഗീകാരത്തെ കുറിച്ച് കവി ഓര്‍ക്കുന്നതിപ്രകാരമാണ്; 

ആദ്യത്തെ അംഗീകാരം എന്നും ആഹ്ലാദം നല്‍കുന്നതാണ്. കവിതയുടെ ലോകത്തേക്ക് വരുന്ന സമയത്ത് ഞങ്ങളുടെയെല്ലാം മാതൃകയായി അരാധ്യകവിയായി നില്‍ക്കുന്നത് ചങ്ങമ്പുഴയാണ്. അതുകൊണ്ട് തന്നെ 1949-ല്‍ കൊല്ലത്ത് നടന്ന പുരോഗമന കലാസാഹിത്യസംഘം സമ്മേളനത്തിന്റെ ഭാഗമായി ഒരു കവിതാമത്സരം നടത്തിയിരുന്നു. മത്സരവിജയിക്ക് ചങ്ങമ്പുഴയുടെ പേരിലുള്ള സ്വര്‍ണ്ണമെഡലായിരുന്നു സമ്മാനം പ്രഖ്യാപിച്ചിരുന്നത്. ചങ്ങമ്പുഴയുടെ പേരിലുള്ള അംഗീകാരം എന്ന ഒറ്റക്കാരണമാണ് അന്ന് ഒരു കവിതയെഴുതി മത്സരത്തിന് അയക്കണമെന്ന തീരുമാനത്തിന് എന്നെ പ്രേരിപ്പിച്ചത്. ഒന്നാംസ്ഥാനം ലഭിക്കുമോ എന്നൊന്നും പ്രതീക്ഷാതെയായിരുന്നു കവിത അയച്ചത്; എങ്കിലും ഞാന്‍ വിജയിച്ചു. കൊല്ലം ബേബി ടാക്കീസില്‍ വച്ചാണ് സമ്മേളനം. ഞാന്‍ ചവറയില്‍ നിന്ന് ഒരു ബന്ധുവിനൊപ്പം കൊല്ലത്തെത്തി. വേദിയില്‍ ജോസഫ് മുണ്ടശ്ശേരി മാഷ്, എം പി പോള്‍, പൊന്‍കുന്നം വര്‍ക്കി തുടങ്ങിയ മഹാരഥന്മാര്‍. കെ എ അബ്ബാസാണ് എനിക്ക് അവാര്‍ഡ് സമ്മാനിക്കുന്നത്. സമ്മാനം വാങ്ങിക്കാറായപ്പോള്‍ പൊന്‍കുന്നം വര്‍ക്കി അടുത്ത് വന്ന് പറഞ്ഞു-” സമ്മാനമായിട്ട് മെഡലൊന്നും കാണില്ല, ഒരു ഒഴിഞ്ഞ കവര്‍ തരും. അത് വാങ്ങിക്കണം. അബ്ബാസിനെ ബോംബെയില്‍ എത്തിക്കാനുള്ള കാശ്‌പോലും ഇല്ലാതെ ഞങ്ങള്‍ വിഷമിക്കുകയാണ്.”എനിക്കൊന്നും വേണ്ടായിരുന്നു. ആ വേദിയില്‍ അത്രയും മഹാന്മാരുടെ മുന്നില്‍ നില്‍ക്കാന്‍ കഴിഞ്ഞത് തന്നെ പുണ്യം.

ഒഎന്‍വി-ദേവരാജന്‍ ശ്രുതിപ്പൊരുത്തം
ഒഎന്‍വിയുടെ അച്ഛനും ദേവരാജന്റെ അച്ഛന്‍ ഗോവിന്ദനാശാനും തമ്മിലുള്ള പരിചയമായിരുന്നു ഇരുവരെയും തമ്മില്‍ അടുപ്പിക്കുന്നതും. മകനെ ഒരു സര്‍ക്കാര്‍ ജോലിക്കാരനാക്കുകയായിരുന്നു ദേവരാജന്റെ അച്ഛന്റെ ആഗ്രഹം. അതിനുവേണ്ടി ഒരു ബിരുദം സമ്പാദിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പുത്രനെ കോളേജില്‍ ചേര്‍ത്തതും. എന്നാല്‍ സംഗീതമായിരുന്നു ദേവരാജന് എല്ലാം. അത് ആദ്യം തിരിച്ചറിയാന്‍ കഴിഞ്ഞൊരാള്‍ ഒഎന്‍വി തന്നെയായിരുന്നു. ‘ദേവരാജന്‍ വരികള്‍ക്ക് സംഗീതം നല്‍കുന്നതില്‍ മറ്റുള്ളവരില്‍ നിന്ന് ഒരു വ്യത്യാസമുണ്ട്. ചങ്ങമ്പുഴയുടെ കവിതകള്‍കൊക്കെ അന്ന് ദേവരാജന്‍ തന്റേതായ ഒരു ഈണം നല്‍കും. തുടര്‍ച്ചയായ ഒരു ട്യൂണ്‍ അല്ല, സന്ദര്‍ഭത്തിനനുസരിച്ച് മാറുന്നയീണം. വരികള്‍ക്ക് അതിന്റെ ആത്മഭാവം നല്‍കുകയായിരുന്നു ജേവരാജന്‍’.

സംഗീതത്തോടുള്ള അഭിനിവേശം പഠനത്തെ ബാധിക്കുമെന്ന ആശങ്കയില്‍ അച്ഛന്‍ ദേവരാജന്റെ കോളേജ് മാറ്റി. എന്നാലും ദേവരാജന്‍ എന്നും എസ് എന്‍ കോളേജില്‍ എത്തും. അന്ന് കോളേജിനടുത്ത് ഒരു ഹോസ്റ്റലുണ്ട്. അവിടെ ഒരു മുറിയില്‍ ഒഎന്‍വി അടക്കമുള്ളവരെല്ലാം ഒത്തുകൂടും. നെസ്റ്റ് ഓഫ് സിംഗിങ് ബേര്‍ഡ് എന്നായിരുന്നു അത് അറിയപ്പെട്ടിരുന്നത്.

സംഗീതലോകത്ത് ഒരുമിച്ചായിരുന്നു ഇരുവരുടെയും തുടക്കം. ഒരുമിച്ചുള്ള യാത്രയ്ക്ക് ഇടവേള വരുന്നത് ഒഎന്‍വിക്കു ജോലികിട്ടിയതോടെയാണ്. മഹാരാജാസ് കോളേജില്‍ അധ്യാപക ജോലി കിട്ടി പോകുന്നതിന് മുന്‍പ് രാഘവന്‍ മാഷിനൊപ്പം ഒഎന്‍വിയും ദേവരാജനും കൂടി വയലാറിനെ കാണാന്‍ പോയിരുന്നു. ദേവരാജനെ വയലാറിന് പരിചയപ്പെടുത്തുകയായിരുന്നു ലക്ഷ്യം. അങ്ങനെയാണ് വയലാര്‍-ദേവരാജന്‍ എന്ന അനശ്വരദ്വയം പിറവിയെടുക്കുന്നത്. ഇതിനു പിന്നാലെ പറഞ്ഞു കേട്ടത് ദേവരാജനും ഒഎന്‍വിക്കും ഇടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ്. പക്ഷേ കവി അതു തിരുത്തുന്നുണ്ട്; ‘പ്രചരണങ്ങള്‍ ഉള്ളില്ലാത്തതായിരുന്നു. ചെറിയചെറിയ സൗന്ദര്യപ്പിണക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതൊന്നും ഞങ്ങളെ തമ്മില്‍ അകറ്റാന്‍ തക്ക ശക്തിയുള്ളതൊന്നുമായിരുന്നില്ല’

കെപിഎസി നാടകത്തില്‍ നിന്നും തുടങ്ങിയ ഒഎന്‍വി-ദേവരാജന്‍ സഖ്യം നീണ്ട ഇടവേളയ്ക്കു ശേഷം വീണ്ടും ഒരിക്കല്‍ കൂടി നാടകത്തില്‍ ഒന്നിക്കുന്നത് രണ്ടായിരത്താലാണ്. ഈ രാവും പൂവും മായും/ വീണ്ടും പൂംപുലര്‍വേളയുദിക്കും/ ഒരു പൂവാംകുരുന്ന് ചിരിക്കും എന്ന ഗാനം ഇവര്‍ കെപിഎസിക്കു വേണ്ടി ഒരുക്കി. ആ ഗാനം പാടിയ ജി വേണുഗോപാലിന് ആ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ഗായകനുള്ള അവാര്‍ഡ് ലഭിക്കുകയുമുണ്ടായി.

സാഗരമേ ശാന്തമാകനീ…
മലയാള സിനിമാഗാനശാഖയില്‍ ഇനിയും വാടാതെ നില്‍ക്കുന്ന ഗാനകുസുമങ്ങളുടെ സൃഷ്ടാക്കളാണ് ഒഎന്‍വിയും സലീല്‍ ചൗധരിയും. 1973 ല്‍ ഇറങ്ങിയ സ്വപ്‌നമായിരുന്നു ഇരുവരും ഒന്നിച്ച ആദ്യ ചിത്രം. വരികള്‍ക്ക് ട്യൂണിടുന്ന പതിവുണ്ടായിരുന്ന കാലത്തുപോലും സലീല്‍ദാ മുന്നേ ചെയ്തുവച്ച ഈണങ്ങള്‍ക്കൊപ്പിച്ച് കവി എഴുതിയ വരികളുടെ ചിരഞ്ജിവത്വം നാം ഇന്നും അനുഭവച്ചിറിയുന്നു. ഇരുവരുമൊന്നിച്ച് പതിനാറ് ചിത്രങ്ങളോളം പ്രവര്‍ത്തിച്ചിട്ടുണ്ട്. 

ഇപ്റ്റയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ബോംബെയില്‍ വച്ചാണ് ഞാന്‍ അദ്ദേഹത്തെ പരിചയപ്പെടുന്നത്. അപ്പോളൊന്നും ഈ മനുഷ്യനുമൊത്ത് ഒരുമിച്ച് പ്രവര്‍ത്തിക്കാനാകുമെന്നൊന്നും വിചാരിച്ചിരുന്നില്ല. മലയാളത്തില്‍ അദ്ദേഹത്തിന്റെ അവസാന ചിത്രത്തിലും പ്രവര്‍ത്തിക്കാനുള്ള നിയോഗവും എനിക്കുണ്ടായി. തുമ്പോളി കടപ്പുറം എന്ന ചിത്രത്തിനുവേണ്ടിയാണ് അവസാനമായി ഒന്നിച്ചത്. അന്ന് അദ്ദേഹം എന്നെ കെട്ടിപിടിച്ചാണ് യാത്ര പറഞ്ഞത്. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ വിയോഗവാര്‍ത്തയെത്തി എന്നെത്തേടി എത്തി; സലീല്‍ദായെ കുറിച്ച് ഒഎന്‍വി ഓര്‍മ ഇങ്ങനെയായിരുന്നു.

അധ്യാപകനായ കവി
ജോലിയില്‍ പ്രവേശിച്ചതോടെ് പാട്ടെഴുത്ത് നിര്‍ത്തേണ്ടൊരു ഘട്ടം വന്നു. ഇടയ്ക്ക് ബാലമുരളി എന്ന പേരില്‍ ചില ചിത്രങ്ങള്‍ക്ക് ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. എന്തെങ്കിലും കുറ്റങ്ങള്‍ കണ്ടുപിടിക്കാന്‍ പലരും കാത്തുനില്‍ക്കുന്ന സമയമായിരുന്നതുകൊണ്ട് സ്വയമെടുത്ത മുന്‍കരുതലായി ഗാനരചനയില്‍ നിന്നും പിന്‍വാങ്ങിയതായി കവി പറയുന്നുണ്ട്. ഗവണ്‍മെന്റ് ജോലിക്കാര്‍ പ്രതിഫലം പറ്റുന്ന മറ്റ് ജോലികള്‍ ചെയ്യരുതെന്നാണ് നിയമം. പിന്നീട് മുഖ്യമന്ത്രിയായിരുന്ന അച്യുതമേനോന്‍ ഒഎന്‍വിയുടെ കാര്യത്തില്‍ പ്രത്യേക ഇളവു നല്‍കിയതോടെയാണ് അദ്ദേഹം വീണ്ടും സിനിമാഗാനങ്ങള്‍ എഴുതാന്‍ തുടങ്ങിയത്.

പക്ഷേ അപ്പോഴും തന്റെ അധ്യാപകവൃത്തിയെ അതിന്റെതായ ബഹുമാനത്തോടെയായിരുന്നു കവി കണ്ടിരുന്നത്. അതു തെളിയിക്കുന്നതാണ് അദ്ദേഹത്തീന്റെതായ ഈ വാക്കുകള്‍; 

അധ്യാപനം എനിക്ക് തുട്ട് വാങ്ങാനുള്ള വെറും ജോലിമാത്രമായിരുന്നില്ല. എനിക്കതൊരു ത്രില്‍ ആയിരുന്നു. ഏതുകാര്യത്തിലും, അത് അദ്ധ്യാപനം ആണെങ്കിലും കവിതയെഴുത്താണെങ്കിലും സിനിമാഗാനം എഴുതുന്നതായാലും നൂറുശതമാനം ആത്മാര്‍ത്ഥത പുലര്‍ത്തണമെന്ന ചിട്ടയാണ് എനിക്കുള്ളത്.

ഒരിക്കലും മരിക്കില്ലെന്നു നമ്മളെല്ലാമോര്‍ത്തൊരൊളായിരുന്നു ഒഎന്‍വി…

പക്ഷേ അനശ്വരമായൊരായിരമോര്‍മകളേകി കൊണ്ട് അദ്ദേഹം ജീവിതത്തിന്റെ അവസാന വരിയും ചൊല്ലി പിന്‍തിരിഞ്ഞു…

സഫലമീയാത്ര എന്ന് കുറിക്കാം ആ ജീവിതത്തെ. സാഹിത്യത്തില്‍ ജ്ഞാനപീഠം, സ്വന്തം കുടുംബത്തിലെ മൂന്ന് തലമുറകളെ കാണാനുള്ള ഭാഗ്യം, കേരളത്തിന്റെ സാംസ്‌കാരിക തറവാട്ടിലെ സ്‌നേഹസമ്പന്നനായ കാരണവര്‍…

ഒഎന്‍വി കുറുപ്പ് എന്തു തന്നു എന്ന് വരും തലമുറ ചോദിച്ചാല്‍; 

എന്തിലും ഏതിലും സൗന്ദര്യം കാണാന്‍ കണ്ണു തന്നു, 
സ്വാതന്ത്ര്യത്തെ അറിയാന്‍ മനസ്സ് തന്നു, 
അന്യദുഃഖത്തില്‍ കണ്ണുനനയ്ക്കാന്‍ കണ്ണീരു തന്നു,
അനീതിക്കെതിരെ ശബ്ദിക്കാന്‍ വാക്കിന്റെ മൂര്‍ച്ച തന്നു, 
ഇന്നലകളുടെ സ്വരോച്ചാരണങ്ങളുടെ മുഴുവന്‍ ഛന്ദസ്സ് തന്നു, 
അതിനു കാവലിരിക്കാന്‍ ഉണര്‍വ് തന്നു

എന്ന് ആ കാവ്യപ്രതിഭയുടെ തന്നെ ശിഷ്യനായ മധുസൂദനന്‍ നായര്‍ പറഞ്ഞതു തന്നെ നമുക്കും പറയാം…

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍