UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒഎന്‍വി കുറുപ്പ് അന്തരിച്ചു

അഴിമുഖം പ്രതിനിധി

ഒ എന്‍ വി കുറുപ്പ് അന്തരിച്ചു. തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. 84 വയസ്സായിരുന്നു.

1931 മേയ് 27-ന് ജനിച്ച ഒറ്റപ്ലാക്കല്‍ നമ്പിയാടിക്കല്‍ വേലു കുറുപ്പ് എന്ന ഒ എന്‍ വി കുറുപ്പ് ആറു പതിറ്റാണ്ടായി മലയാള സാഹിത്യ രംഗത്ത് നിറ സാന്നിദ്ധ്യമായിരുന്നു. 2007-ല്‍ ജ്ഞാനപീഠം നല്‍കി രാജ്യം ആദരിച്ച അദ്ദേഹം  2008-ല്‍ എഴുത്തച്ഛന്‍ പുരസ്‌കാരവും നേടിയിരുന്നു. 1998-ല്‍ പത്മഭൂഷണും അദ്ദേഹത്തെ തേടിയെത്തിരുന്നു.

മലയാളത്തിന്റെ പ്രിയപ്പെട്ട കവിയായിരുന്ന അദ്ദേഹം സിനിമകള്‍ക്കു വേണ്ടിയും കെ പി എ സിയുടെ നാടകങ്ങള്‍ക്കുവേണ്ടിയും തൂലിക ചലിപ്പിച്ചിരുന്നു.

ഒ എന്‍ കൃഷ്ണ കുറുപ്പിന്റേയും കെ ലക്ഷ്മിക്കുട്ടി അമ്മയുടേയും മകനായി ചവറയിലാണ് അദ്ദേഹം ജനിച്ചത്. ഒ എന്‍ വിയുടെ എട്ടാം വയസ്സില്‍ പിതാവ് മരിച്ചു.

ചവറ സര്‍ക്കാര്‍ സ്‌കൂളില്‍ പഠനത്തിനുശേഷം കൊല്ലം എസ് എന്‍ കോളെജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ ശേഷം അദ്ദേഹം തിരുവിതാംകൂര്‍ സര്‍വകലാശാലയില്‍ ചേരുകയും മലയാള സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം എടുക്കുകയും ചെയ്തു.

എറണാകുളം മഹാരാജാസ് കോളെജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളെജ്, കോഴിക്കോട് ആര്‍ട്‌സ് സയന്‍സ് കോളെജ്, തലശേരി ബ്രണ്ണന്‍ കോളെജ് എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. തിരുവനന്തപുരം വിമന്‍സ് കോളെജിന്റെ മലയാളം വകുപ്പിന്റെ തലവനുമായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

1946-ല്‍ മുന്നോട്ട് എന്ന കവിതയാണ് ആദ്യം അച്ചടി മഷി പുരണ്ടത്. ആദ്യ കവിതാ സമാഹാരം 1949-ലും പുറത്തു വന്നു. ഭൂമിക്കൊരു ചരമ ഗീതം, ഉജ്ജെയ്‌നി, ഉപ്പ് തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രശസ്തമായ കവിതകളാണ്.

1956-ല്‍ ഇറങ്ങിയ കാലം മാറുന്ന എന്ന സിനിമയ്ക്കുവേണ്ടിയാണ് അദ്ദേഹം ആദ്യം ഗാനം എഴുതുന്നത്. ജി ദേവരാജന്‍ മാഷിന്റേയും ആദ്യ സിനിമയായിരുന്നു ഇത്. ദേശീയ അവാര്‍ഡും നിരവധി സംസ്ഥാന അവാര്‍ഡുകളും ഒ എന്‍ വിക്ക് ലഭിച്ചിട്ടുണ്ട്. 232-ഓളം സിനിമകളിലായി 900-ത്തോളം ഗാനങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്.

കേരള കലാമണ്ഡലത്തിന്റെ ചെയര്‍മാനായും കേന്ദ്ര സാഹിത്യ അക്കാദമിയുടെ എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗമായും മറ്റും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

1989-ല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരം മണ്ഡലത്തില്‍ നിന്നും ലോക്‌സഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടിരുന്നു.

ഭാര്യ സരോജിനി. മക്കള്‍ രാജീവ്, ഡോക്ടര്‍ മായാദേവി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍