UPDATES

വായന/സംസ്കാരം

മോഹം തുന്നിയ വാക്കുകള്‍

Avatar

അബ്ദുള്‍ സലാം

മോഹം തുന്നിയ തിരുവസ്ത്രങ്ങളായിരുന്നു ഒ.എന്‍.വി കവിതകള്‍. ആള്‍ക്കൂട്ടത്തില്‍ ഭാഷ നഷ്ടപ്പെട്ട് ആമയെപ്പോലെ തല വലിക്കുമ്പോള്‍, അത്രമേല്‍ ഏകാന്തതയെ പുണര്‍ന്നിരിക്കുമ്പോള്‍ അവ പക്ഷിത്തൂവല്‍ പോലെ ചിറകു വിരിച്ച് അനുഭവത്തിന്റെ മറ്റൊരുലോകം തുറന്നിട്ടു. ഒരു മലയാളിയുടെ കവിതാ വായന പലപ്പോഴും തുടങ്ങുന്നത് ഒ എന്‍ വിയിലാണ്. 90-കളുടെ തുടക്കത്തില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ പല കുട്ടികളേയും പോലെ, വായിക്കാനെളുപ്പമുള്ള, മനസ്സിലാക്കാനെളുപ്പമുള്ള, ഭാവദീപ്തി കൊണ്ട് ഉള്ളു തൊടുന്ന ആ കവിതകളിലൂടെയാണ് ഞാനും വളര്‍ന്നത്. ഒരു വശത്ത് ആശയഗംഭീരമായ, എന്നാല്‍ ലിറിക്കിന്റെ ഉള്ളുറപ്പുള്ള കവിതകള്‍ എഴുതുമ്പോള്‍ മറുവശത്ത് ആരെയും ഭാവഗായകനാക്കുന്ന പാട്ടുകളെഴുതി അദ്ദേഹം വിസ്മയമായി നിലകൊള്ളുന്ന കാലം. ആ തലപ്പൊക്കം മറ്റാര്‍ക്കും അവകാശപ്പെടാനോ/ ഏല്‍പിച്ചു നല്‍കാനോ കഴിയാതായിപ്പോയ കാലം. ആ കാവ്യലോകത്തില്‍ നനഞ്ഞും കുളിച്ചും ചിലപ്പോള്‍ പനിച്ചും ഒ.എന്‍.വി എന്ന എഴുത്തുകാരനെ കണ്ടേ തീരൂ എന്ന അവസ്ഥയിലെത്തി. ഒടുക്കം ആറാം ക്ലാസുകാരന്‍ വിദ്യാര്‍ഥി കവി പങ്കെടുക്കുന്ന വടകരയിലെ ക്യാംപിലേക്ക് വണ്ടി കയറി. എന്നാല്‍ എന്തോ അസൗകര്യത്താല്‍ കവിയെത്തിയില്ല.

പിന്നീട് പല ക്യാമ്പുകളിലും അദ്ദേഹത്തെ കണ്ടിട്ടുണ്ട്, സംവദിച്ചിട്ടുണ്ട്. ആശയങ്ങളില്‍ ചിലപ്പോള്‍ യോജിച്ചു, പലപ്പോഴും വിയോജിച്ചു. പക്ഷേ കവിതയില്‍ അദ്ദേഹത്തിന്റെ ആ തലപ്പൊക്കത്തെ അടയാളപ്പെടുത്താതെ കടന്നു പോകാന്‍ കഴിയുമായിരുന്നില്ല. മലയാള കാവ്യമുറ്റത്ത് പര്‍ന്നുപന്തലിച്ച ഒരു നെല്ലിമരമായിരുന്നു ഒ.എന്‍.വി. എഴുപതുവര്‍ഷത്തിലേറെ അത് വായനക്കാരനെ/കള്‍വിക്കാരനെ കാവ്യഹര്‍ഷോന്മത്തനാക്കി. അവന്‍ കോതമ്പുപാടത്തും ഉജ്ജയിനിലും കവിതയുടെ അഗ്നിയായും ഉപ്പായും പരന്നു. വായനക്കാരന്‍ കവിതയുടെ കിണര്‍വെള്ളം കോരിക്കുടിച്ച് മധുരത്താല്‍ സംപ്രീതനായി. കവിതയുടെ തീരത്ത് വെറുതെ ഇരിക്കാന്‍ മാത്രമല്ല കവിതയുടെ ആഴങ്ങളിലേക്ക് കുതിക്കാനുള്ള ഊര്‍ജ്ജമായി ഒ.എന്‍.വി കവിതയെ അവന്‍ കണ്ടു.

പശിതീര്‍ക്കാന്‍, നാടിന്റെ പശി തീര്‍ക്കാനങ്ങനെ/ പണി ചെയ്തു, വിള കൊയ്തു പ്രാകൃതന്‍മാര്‍ എന്നോതി ചില നേരം കവി വിപ്ലവകാരിയായി. എങ്ങുപോയെന്‍ പ്രിയ ഗ്രാമം? അര്‍ഥിക്കുവോര്‍/ ക്കെന്തും കൊടുക്കുന്നൊരൗദാര്യ വായ്പിനെ/ ഏതു പെരുംകാല്‍ ചവിട്ടിത്താഴ്ത്തി വീണ്ടു/ മേതോ തമോമയമാമധോ ലോകത്തിന്‍ എന്ന് സങ്കടപ്പെട്ടു. ആ സങ്കടപ്പെരുക്കങ്ങളില്‍ വായനക്കാരന്റെ ഉള്ളം ആര്‍ദ്രതയുടെ നാലുമണിപ്പൂക്കള്‍ വിടര്‍ത്തി. ഏഴാമത്താങ്ങള കണ്‍തുറന്ന്/ ഏഴുനാളായപ്പോള്‍ അമ്മ പോയി/ താഴെയുള്ളേഴിനും അമ്മമായി / താഴമ്പു പോലുള്ള കുഞ്ഞേടത്തി എന്ന് യുവജനോല്‍സവ വേദികളില്‍ നിന്ന് പതിഞ്ഞ സ്വരമുയരുമ്പോള്‍ കേള്‍വിക്കാരുടെ നെഞ്ചില്‍ ആഴത്തില്‍ ഉടഞ്ഞ വളപ്പൊട്ടുകൊണ്ടാരോ നോവിന്റെ വരവരച്ചു. കവിതയിലെ ആങ്ങളയാകാന്‍, സ്‌നേഹത്തിന്റെ മയില്‍പ്പീലി വിരിക്കാന്‍ കൗമാര മനസ്സു കൊതിച്ചു.

ഒ.എന്‍.വി കവിതകളിലെ സൗന്ദര്യം പൊരുതുന്ന സൗന്ദര്യമാണെന്ന് നിരൂപകന്‍ പറഞ്ഞു വെച്ചിട്ടുണ്ട്. ഈ പൊരുതുന്ന സൗന്ദര്യബോധം കവിയില്‍ ഉണ്ടാക്കിയത് കാലമായിരുന്നു. ഒരു കാലത്തിന്റെ അടയാളമായിരുന്നു ആ കവിതകള്‍. ഇരുട്ടില്‍നിന്ന് വെളിച്ചത്തിലേക്കുള്ള പാഥേയമായിരുന്നു അവ. വയലില്‍ അധ്വാനത്തിന്റെ ഗീതമാലപിക്കുന്നവരെ നാളെയുടെ പടനായകരായി ഒ.എന്‍.വിയും കരുതി. ഒരുകാലം മലയാളത്തറവാട്ടില്‍ മാലോകരൊരുപോലെ ഒരുമയില്‍ വാണിടുന്നു എന്ന് ഗാനമാലപിച്ചു. ശ്യാമഭൂമിതന്‍ ആഹ്ലാദംപോല്‍ ഒഴുകുന്ന പുഴയും പുഴ പാലൂട്ടുന്ന പച്ച വയലും കണ്ട് മതി മറന്ന അതേ വായനക്കാരനു മുമ്പില്‍ ഭൂമിക്ക് അന്ത്യോപചാരമര്‍പ്പിച്ച് ഭൂമിയുടെ ദയനീയത വരച്ചു. കക്ഷി രാഷ്ട്രീയത്തില്‍നിന്നു ഹരിതരാഷ്ട്രീയത്തിലേക്ക് അക്ഷരത്താല്‍ അതിരിട്ടു. സോവിയറ്റ് യൂണിയന്‍ തന്റെ എഴുത്തില്‍ ഏറെ ആവേശം തന്നിട്ടുണ്ടെന്ന് ഒ.എന്‍.വി പറഞ്ഞിട്ടുണ്ട്. എന്നാല്‍ താനൊരിക്കലും ഗാന്ധിജിയെ നിന്ദിച്ചുകൊണ്ട് മാര്‍ക്‌സിന്റെ ചേരിയില്‍ വന്നവനല്ല എന്നും പറഞ്ഞുവെച്ചു. പ്രസ്ഥാനത്തിന്റെ തകര്‍ച്ചയില്‍ മനം നൊന്തപ്പോള്‍ അപരാഹ്നവും റുമേനിയയും എഴുതി. നിസ്വന്റെ ബലിപ്പാട്ട് എല്ലായിടത്തും എല്ലാകാലത്തും കവിതയാണെന്ന് വേദനിച്ചു. മനുഷ്യന്‍ തന്നെയാണ് വാഗ്ദത്ത ഭൂമി ഉണ്ടാക്കേണ്ടതെന്നും മനുഷ്യനെന്ന് പറയുന്നത് ഒരു സമഗ്ര സത്തയാണെന്നും വിശ്വസിച്ചു. ആ വിശ്വാസങ്ങളുടെ ആണിക്കല്ലായി ചട്ടങ്ങളെ മാറ്റുവാന്‍ സമരത്തിന്റെ സന്തതികളായി ചില കവിതകള്‍.

കവിതയില്‍ അദ്ദേഹം വിട്ടുപോകുന്ന ആ ശൂന്യതയുടെ അതേ ആഴവും പരപ്പുമുണ്ട് മലയാള ചലച്ചിത്രഗാനശാഖയില്‍ അദ്ദേഹം അവശേഷിപ്പിക്കുന്ന നികത്താനാകാത്ത വിടവിനും. വ്യക്തിപരമായി, അതാണ് കൂടുതല്‍ വേദനിപ്പിക്കുന്നത്. മുമ്പു പറഞ്ഞ പോലെ, മലയാളിക്ക് സ്വന്തം കവിയെന്ന ഒരു തോന്നലും അടുപ്പവും അദ്ദേഹത്തോടുണ്ടാവാന്‍ റേഡിയോയില്‍ ആവര്‍ത്തിച്ചു കേട്ടിരുന്ന ആ പാട്ടുകള്‍ തീര്‍ച്ചയായും കാരണമായിട്ടുണ്ടാവണം. പി ഭാസ്‌കരന്റെ ലാളിത്യവും നാടന്‍ ശീലുകളും വയലാറിന്റെ പദ-ആശയ ഗരിമയും എവിടെയൊക്കെയോ കൈകോര്‍ത്തു പിടിച്ച തനതായ ഒരു രചനാശൈലിയായിരുന്നു അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്.

കവിയേ കടന്നു പോകുന്നുള്ളൂ. കവിത കടന്നു പോകുന്നില്ല. കവിയെന്ന വാക്കിന് ഒ എന്‍ വിയെന്ന പ്രതിധ്വനി കേട്ട തലമുറയും കടന്നു പോകുന്നില്ല.

എവിടെ മനുഷ്യനുണ്ടവിടെയെല്ലാമുയിര്‍-
ത്തെഴുന്നേല്‍ക്കുമെന്റെയീ ഗാനം…

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍