UPDATES

വായന/സംസ്കാരം

ഇരുണ്ട ദൈവങ്ങള്‍ക്കെതിരെ വീണ്ടും വീണ്ടും കലഹിച്ച് കവിമനസ്സ്

ഈ ആഴ്ചയിലെ പുസ്തകം
സൂര്യന്റെ മരണം (കവിതകള്‍)
ഒ.എന്‍.വി. കുറുപ്പ്
വില:150
ഡിസി ബുക്‌സ്

ഒ.എന്‍.വി.കുറുപ്പ് ഒരു നിത്യ വിസ്മയമാണ്. കവിതകളിലൂടെയും ഗാനങ്ങളിലൂടെയും മലയാള ഭാവനയെ കീഴടക്കിയ ഈ മഹാകവി ത്രികാലങ്ങളുടെ ത്രയംബകമാണ്. വിമര്‍ശനങ്ങള്‍ക്കോ വിവാദങ്ങള്‍ക്കോ കുലയ്ക്കാന്‍ കഴിയാത്ത ത്രയംബകം. പോക്കുവെയില്‍ മണ്ണിലെഴുതിയ വരികള്‍ കുറിക്കുമ്പോഴും ആ മനസ്സ് സദാ ജാഗരൂഗമാണ്. ജീവിതസായാഹ്നത്തിന്റെ ക്ഷീണിത മേഘങ്ങള്‍ക്കുള്ളിലിരുന്നുകൊണ്ട് കവിതകളുടെ മിന്നല്‍പ്പിണരുകളെ പറഞ്ഞുവിടുന്ന ഒ.എന്‍.വി, നിരന്തരമായ കാവ്യസപര്യയുടെ പര്യായംകൂടിയാണ്. ഏറ്റവും പുതിയ കാവ്യസമാഹാരമായ ‘സൂര്യന്റെ മരണം’ അദ്ദേഹത്തിന്റെ ഇനിയും ക്ഷീണിക്കാത്ത ചിന്തകളുടെയും വാങ്മയ ചിത്രങ്ങളുടെയും ചരിത്രസാക്ഷ്യമാണ്.

നെഞ്ചിലെ ചോര-
ക്കിളി നൊന്തുമൂളുന്നു
നിന്റെ സൂര്യന്‍…… നിന്റെ
സൂര്യന്‍….. മരിച്ചുപോയ്-
എന്നെഴുതുമ്പോള്‍ കാലവിപര്യയത്തിന്റെയും സാമൂഹിക വൃദ്ധിക്ഷയത്തിന്റെയുമൊക്കെ പല അടരുകളാണ് പ്രത്യക്ഷമാക്കുന്നത്. കാല്പനികതയുടെയും ആധുനികതയുടെയും ഇണചേരല്‍ കുടി ഈ വരികളിലുണ്ട്. ഊര്‍ജ്ജകേന്ദ്രമായ സൂര്യന്റെ തിരോധനം ഏതോ വിപത്തിന്റെ ഭീഷണ വികാരമായി കവി തൊട്ടറിയുന്നു. പുതിയ വ്യവസ്ഥിതികളുടെ കപട സദാചാരവും വ്യാജനിര്‍മ്മിതമായ മാറ്റങ്ങളുമൊക്കെ കവി മനസ്സിനെ നൊമ്പരപ്പെടുത്തുകയാവും. തകര്‍ത്ത തറവാടുകളും കനലെരിയുന്ന കരളുമായി ജീവിക്കുന്ന മനുഷ്യരും കപട ധൈഷണികരും നിറഞ്ഞ ഈ ലോകത്തില്‍ പ്രതീക്ഷയുടെ ആകാശം ഇരുണ്ട് സൂര്യകിരണങ്ങള്‍ ഉള്‍വലിഞ്ഞ ഒരു അശാന്തമായ കാലത്തെയാണ് കവി ആവിഷ്ക്കരിക്കുന്നത്.

പുത്തന്‍ പരിഷ്‌കാരങ്ങള്‍ നിഷ്‌കളങ്കരായ ആ മനുഷ്യരെ എങ്ങനെ ആഘാതത്തിന്റെ തമോഗര്‍ത്തത്തിലേക്ക് തള്ളിയിടുന്നുവെന്നും കവി നിരീക്ഷിക്കുന്നുണ്ട്. അരാജകത്വത്തിന്റെ അപനിര്‍മ്മാണങ്ങള്‍, ഒ.എന്‍.വി.യുടെ മനസ്സിലെ സ്‌നേഹക്കടലിനെ ഇരമ്പംകൊളളിക്കുന്നു. നന്മ പുറത്തും തിന്മ അകത്തും കയറിപ്പറ്റിയ ഒരു സമൂഹത്തിന്റെ നിസ്സഹായത കവി തിരിച്ചറിയുന്നു.

മണ്ണിര, വില്‍ക്കാനൊരുങ്ങാത്ത മണ്ണ് എന്നീ കവിതകള്‍ മനുഷ്യന്റെ നിലനില്‍പ്പിനെ പ്രതിനിധീകരിക്കുന്ന ബിംബങ്ങളാണ്. മണ്ണ് തിന്നുകയും അത് ശരീരം വിസര്‍ജ്ജിച്ച് ഭൂമിയെ ഉര്‍വരയാക്കുകയും ചെയ്യുന്ന മണ്ണിരയെനോക്കൂ. ചെറിയൊരു ജീവിയാണ് അതെങ്കിലും, അന്തരാത്മാവില്‍നിന്ന് ഉറവയെടുക്കുന്ന വിശ്വപ്രകൃതിയെ ആവാഹിച്ച് ആധുനികതയുടെ ബൃഹദാഖ്യാനത്തിലേക്ക് ആനയിക്കാന്‍ കെല്‍പ്പുള്ള ഇത്തരം ചെറുജീവികളാണ് പ്രകൃതിയുടെ സന്തുലനത്തെ സ്വാധീനിക്കുന്നത്. ‘ആരോനന്മൊഴിയാല്‍’ നീയെ ‘സുകൃതിനി’ എന്ന് ഈ ചെറുജീവിയെ വിശേഷിപ്പിക്കുകയും ചെയ്യുന്നു കവി.

സമൂഹത്തിലെവിടെയും ഇന്ന് നടക്കുന്നത് അരുതാ പ്രവൃത്തികളാണ്. സത്യവും നീതിയും ധര്‍മ്മവും പിണ്ഡംവച്ച് പുറത്താക്കിയ ഒരു കൂട്ടര്‍ വൈതാളികരെപ്പോലെ ആര്‍ത്തട്ടഹസിക്കുന്ന ഇടങ്ങള്‍. ഫാഷിസത്തിന്റെ കടന്നാക്രമണവും കോര്‍പ്പറേറ്റുകളുടെ കുടിലതന്ത്രങ്ങളും പാവം മനുഷ്യരെ നിരാലബരാക്കുന്ന ഒരു സാമൂഹിക അവസ്ഥയിലേക്കാണ് രാജ്യം നീങ്ങുന്നത്. ഇതിനൊക്കെ എതിരെ പ്രതിഷേധിക്കാനും പ്രതികരിക്കാനും കവികളും കലാകാരന്മാരും പ്രതിജ്ഞാബദ്ധരുമാണ്. ഇവിടെ, പുതിയ വിമാനത്താവളത്തിനായി കോര്‍പ്പേറ്റുകള്‍ മുന്നിട്ടിറങ്ങുമ്പോള്‍ കൃഷിടിയങ്ങള്‍ നഷ്ടമാകുന്നു. വയലേലകളുടെ സ്വപ്നങ്ങള്‍ സംഹരിക്കപ്പെടുന്നു. ഇതിനെതിരെയുള്ള കവിയുടെ പ്രതിഷേധമാണ് ‘വില്‍ക്കാനരുതാത്തമണ്ണ്‍’ എന്ന കവിത. പഴയൊരീ മണ്ണില്‍ മടച്ചു ജീവിക്കുന്ന, കേവലരായ ഭൂമിപുത്രന്മാരുടെ ഉയിര് വിറ്റെടുത്ത് മുതലാളിത്തത്തിനടിയറവു പറയുന്ന ഭരണകൂട നെറികേടുകളെ തുറന്നുകാണിക്കുകയാണ് കവി. ചുവപ്പന്‍ ദശകങ്ങളിലൂടെ പോരാട്ട വീര്യവുമായി കാവ്യരംഗത്ത് പ്രവേശിച്ച കവി, അതേ വീര്യത്തിന്റെ കനലുകള്‍ ഇപ്പോഴും ഉള്ളിന്റെ ഉള്ളില്‍ ജ്വലിക്കുന്നുണ്ടെന്ന് വായനക്കാരെ ഓര്‍മ്മിപ്പിക്കുക കൂടിചെയ്യുന്നു ഇവിടെ.

സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ പരിദേവനങ്ങള്‍ എന്നും ഒ.എന്‍.വിയുടെ ദുഃഖമാണ്. ജാതിയുടെ പുറമ്പോക്കുകളില്‍ നിന്ന് മോചനം കിട്ടാനാഗ്രഹിക്കുന്ന, സ്വാതന്ത്ര്യത്തിന്റെ സ്വച്ഛമായ ഒരാകാശത്തെ സ്വപ്നം കാണുന്ന കൂട്ടത്തെ അവതരിപ്പിക്കുന്നുണ്ട് കവി.

ഇല്ലവള്‍ക്ക് മാദകസൗരഭ
ഇല്ലവള്‍ക്കേതും വര്‍ണ്ണവിഭൂഷകള്‍
കാണികള്‍ ചിലതോതുന്നിവളേതോ
താണ ജാതിയില്‍ വന്നുപിറന്നവള്‍-എന്ന വരികള്‍ മേല്‍പ്പറഞ്ഞതിന് ഉദാഹരണമാണ്.

മനുഷ്യസമൂഹം ഒരുമയുടെ ശ്രുതിരഞ്ജിനി രാഗമായിമാറുന്ന കാലത്തെ കവി സ്വപ്നം കാണുന്നുണ്ട്. നിന്റെ ചോട്ടിലെ മണ്ണിലൊരുപിടി, വെണ്ണീറായ് വീണലിഞ്ഞുചേര്‍ന്നെങ്കില്‍ എന്ന് എഴുതുന്ന കവി എല്ലാം ഒന്നായി കാണുന്ന അവസ്ഥയെക്കുറിച്ചാണ് പാടുന്നത്.

‘രണ്ട് ഹംസങ്ങള്‍’ എന്ന കവിതിയില്‍ കൂത്തമ്പലത്തില്‍ നന്നായ്ച്ചുവടുവച്ചാടി ശീലിച്ചൊരു സ്വര്‍ണ്ണമരാളത്തെ, മോസ്‌കോയിലെ ബോള്‍ഷോയ് തിയേറ്ററില്‍ ദുര്‍മന്ത്രവാദികളാരോ ശപിച്ചൊരു ഹംസത്തോട് താരതമ്യം ചെയ്യുകയാണ് കവി. മലയാണ്‍മയുടെ ഹംസം സ്‌നേഹദൂതുംപേറി സഞ്ചരിക്കുമ്പോള്‍ സ്‌നേഹദുരന്തത്തിലാണ്ടുകേഴുകയാണ് മോസ്‌കോയിലെ ഹംസം. സ്വന്തം നാടിന്റെ  പൈതൃകമാഹാത്മ്യത്തിന് പകരംവക്കാനില്ലാത്ത ഒരു സംസ്‌കാര ഭൂമികയിലേക്കാണ് കവി കടന്നു ചെല്ലുന്നത്.

ജീവിതത്തിന്റെ ഭൂമിയും ആകാശവും നഷ്ടപ്പെട്ടവരുടെ വ്യസനങ്ങളാണ് ഒ.എന്‍.വി കവിതകളുടെ ആന്തര ശ്രുതി. മാനവികമായ ഒരുള്‍ക്കാഴ്ചയോടെ മനുഷ്യസ്‌നേഹത്തിന്റെ ഗാഥകള്‍ വിരചിക്കുകയാണ് അദ്ദേഹം. ‘എവിടെയെന്നുണ്ണികള്‍’ വ്യാകുലമാതാവ്, എന്റയാഗ്നേയദിനങ്ങള്‍, ഭൂമിയെപ്പറ്റിത്തന്നെ തുടങ്ങിയ കവിതകളൊക്കെ വിളംബരം ചെയ്യുന്ന സന്ദേശവും ഇതുതന്നെ.

സായാഹ്നസൂര്യനെപ്പോലെ കത്തിയെരിയുമ്പോഴും ഒ..എന്‍.വിയുടെ കവിമനസ്, മൂല്യനിരാസങ്ങളുടെ മലീനസമായ അന്തരീക്ഷത്തില്‍ മനുഷ്യത്വത്തെ ചോദ്യം ചെയ്യുന്ന ഇരുണ്ട ശക്തികളോട് കലഹിക്കുന്നു. മാനവസ്‌നേഹത്തിന്റെ കമനീയ മാതൃകകളും മഹാകാലസംസ്‌കൃതികളുടെ പുണ്യശ്ലോകങ്ങളും ഹൃദയത്തിലേറ്റി, പ്രതീക്ഷയുടെ ഊര്‍ജ്ജത്തിന്റെ., മറ്റൊരു സൂര്യനായി കാത്തിരിക്കുകയാണ് കവി.   

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കുക:
https://www.youtube.com/channel/UCkxVY7QPQVrMCNve5KPoX_Q

ഡോ. ടി കെ സന്തോഷ് കുമാര്‍

ഡോ. ടി കെ സന്തോഷ് കുമാര്‍

എഴുത്തുകാരനും ടെലിവിഷന്‍ മാധ്യമ പ്രവര്‍ത്തകനും മാധ്യമ അദ്ധ്യാപകനുമാണ് ഡോ. ടി കെ സന്തോഷ് കുമാര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍