UPDATES

അഴിമുഖം ഡെസ്ക്

കാഴ്ചപ്പാട്

അഴിമുഖം ഡെസ്ക്

ന്യൂസ് അപ്ഡേറ്റ്സ്

കൊല്ലുന്ന മന്ത്രിസഭയും തിന്നുന്ന പോലീസും

നിയമം നിയമത്തിന്‍റെ വഴിക്കുപോകുമെന്ന ഉമ്മന്‍ചാണ്ടിയുടെ സ്ഥിരം പല്ലവി പല അവസരത്തിലായി പലവട്ടം കേരളത്തിലെ ജനങ്ങള്‍ കേട്ട് കഴിഞ്ഞതാണ്. നിയമത്തിന്‍റെ വഴിയെന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ വഴിയാണെന്നും ഉമ്മന്‍ചാണ്ടി ആഗ്രഹിക്കുന്ന വഴികളും ഉമ്മന്‍ചാണ്ടി തെളിക്കുന്ന വഴികളുമാണ് ഇപ്പറഞ്ഞ നിയമവഴിയെന്ന് ജനങ്ങള്‍ മനസ്സിലാക്കാന്‍ ഇത്തിരി വൈകിപ്പോയെന്ന് മാത്രം. നിയമത്തെ ആവശ്യത്തിന് വളയ്ക്കുകയും തിരിക്കുകയും ആവശ്യം വന്നാല്‍ ഒടിക്കുകയും ചെയ്യുന്നതിന്‍റെ പുതിയ പേരാണ് മുഖ്യമന്ത്രിയെന്നത് കൊച്ചുകുഞ്ഞുങ്ങള്‍ പോലും മനസ്സിലാക്കി എന്നതിന്‍റെ തെളിവാണ് സ്കൂള്‍ കലോത്സവങ്ങളില്‍ ഉമ്മന്‍ചാണ്ടിയെ അനുകരിച്ചവരെല്ലാം എടുത്തലക്കിയ ഡയലോഗ് മേല്‍പ്പറഞ്ഞതായത്. 

മാധ്യമങ്ങള്‍ ഇത്രയേറെ ശക്തമായ നാടെന്ന് മാധ്യമങ്ങളും ജനങ്ങളും വിശ്വസിക്കുന്ന നാട്ടില്‍ കള്ളന്മാരും സ്ത്രീവിഷയപ്രിയരും നിറഞ്ഞ സര്‍ക്കാര്‍ കൂസലേതുമില്ലാതെ നിലനില്‍ക്കുന്നുണ്ടെങ്കില്‍ അത് സര്‍ക്കാരിന്റെയും ഭരണപക്ഷത്തിന്‍റെയും മിടുക്കായിട്ടല്ല പകരം പ്രതിപക്ഷത്തിന്‍റെയും ജനങ്ങളുടെയും പിടിപ്പുകേടായിട്ടുവേണം കരുതാന്‍. മുഖ്യമന്ത്രിയെന്നാല്‍ ‘മുക്കിയ മന്ത്രിമാരുടെ മുഖ്യന്‍’ എന്നാരോ സോഷ്യല്‍മീഡിയയില്‍ നിര്‍വചിച്ചത് കണ്ടു. നിയമസഭയില്‍ നടന്നത് കണ്ട് ചിരിച്ചും കേട്ട് രസിച്ചും പറഞ്ഞ് ആസ്വദിച്ചും ദിവസം തള്ളിനീക്കിയ ജനങ്ങളും അവര്‍ക്ക് നിലമൊരുക്കിയ മാധ്യമങ്ങളും ഒന്ന് മറന്നു. ഈ പ്രശ്നങ്ങള്‍ക്കെല്ലാം കാരണമായിത്തീര്‍ന്ന ‘മൂലകാരണം’ തന്നെ. അതിനെപ്പറ്റി സൗകര്യപൂര്‍വ്വം നമ്മളങ്ങ് മറന്നു. തീപുകയാത്ത അടുപ്പില്‍ ചേരപുളയുമ്പോഴും അയലത്തെ പെണ്ണിന്‍റെ പുതിയ നായരെപ്പറ്റി പൊടിപ്പും തൊങ്ങലും തുന്നാന്‍ ആക്രാന്തമുള്ള മലയാളിയില്‍ നിന്നും നമ്മള്‍ ഏറെയൊന്നും മുന്നോട്ട് പോയിട്ടില്ലെന്ന് അല്ലെങ്കിലും ഉറപ്പാണല്ലോ.

അഴിമതി നടത്തിയിട്ടുണ്ടന്നും അഴിമതിക്ക് കൂട്ടുനിന്നിട്ടുണ്ടെന്നും പ്രഥമദൃഷ്ട്യാ ഉറപ്പുള്ള ഒരാള്‍ക്ക്‌ ബജറ്റവതരിപ്പിക്കാന്‍ ആംഗ്യംകൊണ്ട് അനുവാദം നല്‍കിയ സ്പീക്കര്‍, പിന്നീട് പ്രതിപക്ഷ എം എല്‍ ഏമാരുടെ ക്രിമിനല്‍ കൃത്യങ്ങള്‍ നന്നായി കാണുകയും ഭരണപക്ഷ എം എല്‍ ഏമാരുടെ ലഡ്ഡു വിതരണവും വനിതാ എം.എല്‍.എമാരോടുള്ള പരാക്രമങ്ങളും ഒട്ടുമേ കാണാതിരുന്ന സ്പീക്കര്‍, വനിതാ എം എല്‍ എ മാരെ അപമാനിച്ചു എന്ന് പരാതി കിട്ടിയിട്ടും ആ എം എല്‍ എമാരുടെ നടപടികള്‍ സ്വാഭാവികമായി കണ്ടുതള്ളിയ സ്പീക്കര്‍- ആ വ്യക്തി ഇരുന്നിരുന്ന കസേര ഇളകിയതിനെ മാത്രം ചര്‍ച്ച ചെയ്ത് പ്രബുദ്ധ കേരളം പിറ്റേന്നത്തെ ഹര്‍ത്താല്‍ ദിനത്തിലേക്കുണരാന്‍ സുഖമായുറങ്ങി. ജി കാര്‍ത്തികേയനെന്ന സകലരും ബഹുമാനിക്കുന്ന പാര്‍ലമെന്‍ററിയന്‍ ഇരുന്നിരുന്ന കസേരയില്‍ പേരിനു മാത്രം ശക്തനായൊരാള്‍ കയറിയിരുന്നാല്‍, അവിടെ ഇരുന്ന് വെറും ഭരണകക്ഷി എം എല്‍ എ മാത്രമായി പെരുമാറിയാല്‍, അഴിമതിയെ വെള്ളപൂശിയാല്‍ ആ കസേര നിയമസഭയുടെ ഭിത്തിയും കടന്നു അറബിക്കടലിലായിരുന്നു ചെന്ന് പതിക്കേണ്ടിയിരുന്നതെന്ന് ആരും പറഞ്ഞില്ല. ഒരുപക്ഷേ ഇടതുപക്ഷക്കാര്‍ പറഞ്ഞുകാണും. പറയുന്നത് മറുപക്ഷക്കാര്‍ ആയതുകൊണ്ട് സത്യമുണ്ടെങ്കിലും വിശ്വസിക്കരുതെന്നും കൂട്ടാക്കരുതെന്നുമാണല്ലോ നമ്മള്‍ കേരളീയര്‍ പഠിച്ചിരിക്കുന്നത്.അതുകൊണ്ട് തന്നെ അത് മിണ്ടണ്ട. ഏതിരുമ്പിനെയും പച്ചവെള്ളമാക്കുവാന്‍ പോന്ന നീലക്കൊടുവേലി പോലെ ഏത് നിയമക്കുരുക്കിനെയും അഴിച്ചുകളയുവാന്‍ പോന്ന കൊടുവേലി വേരുകള്‍ കൃഷിയിറക്കുന്ന ഉമ്മന്‍ചാണ്ടിയെ അതിരറ്റ് സ്നേഹിക്കുകയും കണക്കറ്റ ഉമ്മന്‍ചാണ്ടി ഭക്തി പ്രകടിപ്പിക്കുകയും ചെയ്യുന്നൊരാള്‍ സ്പീക്കര്‍ കസേരയില്‍ ഇരുന്നാല്‍ ഇതൊക്കെ തന്നെയാണ് വിധി.

മാണിയുടെ അഴിമതിക്കഥകള്‍ വിട്ട് മാണി അവതരിപ്പിച്ചു എന്ന് പറയപ്പെടുന്ന ബജറ്റ് വെറുതെയൊന്ന് ചര്‍ച്ച ചെയ്‌താല്‍ മതിയായിരുന്നു മാണി കേരളത്തോട് ചെയ്ത കൊടുംപാതകം മനസ്സിലാകുവാന്‍. (അതെ, കൊടുംപാതകം തന്നെ). പ്രശ്നങ്ങള്‍ക്കിടയിലൂടെ മാണിയിലെ കൂര്‍മബുദ്ധിക്കാരനായ മുങ്ങല്‍വിദഗ്ധന്‍ വിലക്കയറ്റത്തെ അതി വിദഗ്ദ്ധമായി ഒളിച്ചുകടത്തി. ഉപ്പുതൊട്ട് കര്‍പ്പൂരത്തിന് വരെ വിലകൂട്ടി. എല്ലാറ്റിനുമൊടുവില്‍ പെട്രോളൊഴിച്ച് ചാകാതിരിക്കാന്‍ അതിനും കൂട്ടി വില. എല്ലാറ്റിനും വിലകൂട്ടി വിലകൂട്ടി ജനങ്ങളുടെ വിലമാത്രം മാണി കുത്തനെ ഇടിച്ചു. ആനന്ദലബ്ദിക്ക് ഇനിയെന്തുവേണം… ചവിട്ടി താഴ്ത്തിയാലും ക്ഷമിക്കുന്ന ജനമാണെന്ന് മാണിക്ക് നന്നായറിയാം.

‘അഴിമതിയില്‍ കുളിച്ചു നില്‍ക്കുന്ന മന്ത്രിസഭ’ -യെന്നത് തട്ടുപൊളിപ്പന്‍ രാഷ്ട്രീയ സിനിമകളിലും ചാനല്‍ ചര്‍ച്ചകളിലും ചവച്ചു തുപ്പിയും പിന്നേയും എടുത്ത് ചവച്ചും രുചി നഷ്ടപ്പെട്ട ഐറ്റമാണ്. ഉമ്മന്‍ചാണ്ടി മന്ത്രിസഭയ്ക്ക് ഈ പ്രയോഗം ഒരലങ്കാരമാണ്. ഓരോ തവണ അഴിമതി ആരോപണം ഉയരുമ്പോഴും മുഖ്യമന്ത്രി ചിരിക്കും. കൂറ്റന്‍ ഐസ് മലയുടെ അറ്റം മാത്രം കണ്ട് അഴിമതി അഴിമതിയെന്ന് ആര്‍ക്കുന്ന മണ്ടന്മാരുടെ മുഖത്ത് നോക്കിയുള്ള ചിരിയായിരുന്നു അതെന്ന് അതിനെക്കാള്‍ ഗംഭീരവും അ(പ)ഭിമാനകരവുമായ അടുത്ത അഴിമതിക്കഥ പുറത്ത് വരുമ്പോഴാണ് ജനങ്ങള്‍ തിരിച്ചറിയുക. അയ്യോ ഇതാണ് വലിയ അഴിമതി കാട്ടുകൊള്ളയെന്ന് ജനങ്ങള്‍ ശബ്ദമുയര്‍ത്തുമ്പോള്‍ പിന്നേയും മുഖ്യമന്ത്രി ചിരിക്കും. പിടിച്ചതിനേക്കാള്‍ വലുതാണല്ലോ മാളത്തില്‍ എന്നത് അദ്ദേഹത്തിനല്ലാതെ മറ്റാര്‍ക്കാണ് നന്നായറിയുക.

എന്നിട്ടും ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി തുടരുന്നു. വി എസ് പ്രതിപക്ഷ നേതാവായും. സംഗതി തമാശയാണ്. സ്ഥാനപ്പേരിലെ തമാശ. ‘പ്രതികളുടെ മന്ത്രി’ മുഖ്യമന്ത്രിയും, അഴിമതി ചൂണ്ടിക്കാണിക്കുന്ന ‘മുഖ്യനേതാവ്’ പ്രതിപക്ഷനേതാവും ആയിട്ട് അറിയപ്പെടെണ്ടി വരുന്ന തമാശ.

കണ്ണില്‍പൊടിയിടല്‍ സമരക്കളി നടത്തി നേരംപോക്കിയിരുന്ന പ്രതിപക്ഷത്തിന് ഇനിയല്പം മേലനങ്ങി പണിയെടുക്കാം. കാര്യങ്ങള്‍ ഒരു വശത്തേക്ക് അടുക്കുമ്പോഴേക്കും പിണറായി സഖാവ് റെഡി ആയിട്ടുണ്ട്. ഇനിയായിരിക്കും യഥാര്‍ത്ഥ പ്രതിപക്ഷത്തെ ഉമ്മന്‍ചാണ്ടി കാണാന്‍ പോകുന്നത്. ഭരണകാലാവധിക്ക് ഒരുദിവസം മുന്‍പെങ്കിലും ഉമ്മന്‍ചാണ്ടി മന്ത്രിസഭ വീണാല്‍ അത് ഇടതിന്‍റെ വിജയത്തേക്കാള്‍ ജനാധിപത്യത്തിന്‍റെ വിജയമായിരിക്കും.

‘ഹരിത എം എല്‍ എമാര്‍’ എന്നൊരു പ്രതിഭാസം ഇടയ്ക്ക് കേരളത്തില്‍ സംഭവിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. പരിസ്ഥിതി സംരക്ഷണത്തിന് നല്ല വാര്‍ത്താമാര്‍ക്കറ്റ് ഉണ്ടായിരുന്ന കാലത്ത്. വാര്‍ത്താപ്രളയത്തില്‍ നീന്തി തുടിക്കുന്ന മലയാളിക്ക് പുതിയതൊന്ന് സ്വീകരിക്കാനും പഴയതൊക്കെ മറന്നുകളയാനും അധികം നാളൊന്നും വേണ്ടാത്തതുകൊണ്ട് ഹരിത എം എല്‍ എ എന്ന് കേള്‍ക്കുമ്പോള്‍ മുസ്ലീം ലീഗിന്‍റെ എം എല്‍ എമാര്‍ ആണെന്ന് തെറ്റിധരിച്ചേക്കരുത്. ഇത് പാക്കേജ് വേറെയാണ്. സുഗതകുമാരി ടീച്ചറെപ്പോലും യഥാര്‍ത്ഥ പരിസ്ഥിതി സംരക്ഷണം പഠിപ്പിക്കുവാന്‍ പോന്ന കെല്‍പ്പും പരിസ്ഥിതി അവബോധവും ആര്‍ജവവും ഒക്കെയുള്ള ഒരുകൂട്ടം സഹൃദയരായ പരിസ്ഥിതി സ്നേഹികള്‍. ഇടക്കാലത്ത് ‘ഉദിച്ചുയര്‍ന്ന’ പ്രതിഭാസങ്ങളില്‍ പലരും അഴിമതിയെപ്പറ്റി മിണ്ടിയില്ലെന്ന് മാത്രമല്ല കോടികള്‍ എണ്ണിവാങ്ങിയെന്ന് കൂട്ടത്തില്‍ ഉള്ളവര്‍ പോലും അത്രമേല്‍ വിശ്വസിക്കുന്ന മാണിമന്ത്രിക്ക് ഇക്കൂട്ടര്‍ ഇടംവലം കാവല്‍ നില്‍ക്കുന്നതും കണ്ടു. പശ്ചിമഘട്ട സംരക്ഷണത്തെപ്പറ്റി പറയുമ്പോള്‍ നൂറുനാവില്‍ ജയ്‌ വിളിച്ചിരുന്ന ഇക്കൂട്ടരില്‍ പലരും തീരദേശ സംരക്ഷണ നിയമം എന്ന് കേട്ടപ്പോള്‍ നൂറ്റൊന്ന് നാവുകൊണ്ട് എതിര്‍ത്തതിന്‍റെ രാഷ്ട്രീയം മനസ്സിലാക്കിയവര്‍ക്കറിയാം വോട്ട് ബാങ്കില്‍ കണ്ണുംനട്ടുള്ള കപട പരിസ്ഥിതിവാദ രാഷ്ട്രീയത്തിന്‍റെ ഉള്ളുകള്ളി. അതങ്ങനെയാണ്. ജനാധിപത്യത്തില്‍ കള്ളനാണയങ്ങള്‍ അനവധി കാണും. പക്ഷേ മുഖംമൂടികള്‍ കെട്ടി ഉറപ്പിച്ചിട്ടുള്ള കെട്ടുകള്‍ ഒരുനാള്‍ അഴിഞ്ഞുവീഴുക തന്നെ ചെയ്യും.

കാക്കിക്കുള്ളിലെ നായാട്ടുപ്രേമികളുടെ സൈക്കിക് വൈബ്രേഷനുകള്‍ക്ക് ജനങ്ങളും മനുഷ്യാവകാശ പ്രവര്‍ത്തകരും വിദ്യാര്‍ഥി രാഷ്ട്രീയ നേതാക്കളും ലൈംഗീക അതിക്രമകേസുകളിലെ ഇരകളും പാവപ്പെട്ടവനും ഇരയായിത്തുടങ്ങിയിട്ട് കാലം കുറച്ചായി. ഉത്തരേന്ത്യയിലെ ദരിദ്രഗ്രാമങ്ങളില്‍ മാത്രം അവശേഷിക്കുന്നു എന്ന് ധരിച്ചിരുന്ന കുട്ടന്‍പിള്ള ( ആ പേരുള്ള നല്ല മനുഷ്യര്‍ എന്നോട് പൊറുക്കട്ടെ) പോലീസ് സംസ്കാരത്തിന്‍റെ ഉത്തരാധുനിക പതിപ്പാണ്‌ യതീഷ് ചന്ദ്ര എന്ന ഐ പി എസ് ഏമാന്‍. ഒരുപക്ഷേ മലയാള സിനിമയ്ക്ക് സുരേഷ് ഗോപിക്ക് ശേഷം ലഭിക്കാന്‍ സാധ്യതയുള്ള ഗര്‍ജിക്കുന്ന സിങ്കം ആയി നാളെ ഇദ്ദേഹം മാറില്ലെന്ന് ആരുകണ്ടു. തലവര നന്നെങ്കില്‍ ബോളിവുഡിലും എത്തിയേക്കാം. ഇനിയൊരവസരം കിട്ടുമ്പോള്‍ ക്യാമറയും തുറന്നുവച്ച് നാല് പൊളപ്പന്‍ ഡയലോഗും പറഞ്ഞ് പാവം ജനങ്ങളുടെ മേലെ മേഞ്ഞ് അരയിലെ തോക്കിലെ നാല് ഉണ്ടയും പൊട്ടിച്ചുകളഞ്ഞാല്‍ ഇന്ന് കിട്ടിയ പതിനായിരം ഫേസ്ബുക്ക് ലൈക്ക് ഒരു ലക്ഷമായി ഉയര്‍ത്താം. അമ്മയെ തല്ലിയാലും രണ്ട് പക്ഷമുള്ള നാട്ടില്‍ മാനസിക വൈകല്യമുള്ള പോലീസുകാര്‍ക്കുമുണ്ടാകും ജയ് വിളിക്കാനും ഫാന്‍സ്‌ ക്ലബ് രൂപികരിക്കാനും ആളുകള്‍. എന്നുകരുതി ഇതുതന്നെ സ്വര്‍ഗരാജ്യമെന്നു കരുതിയാല്‍ പ്ലാന്‍ പാളും. പഴയ ഫ്യൂഡല്‍ മാടമ്പി പോലീസ് ഏര്‍പ്പാടുകള്‍ തട്ടുമ്പുറത്തായിട്ട് കാലമേറെയായി എന്ന് അദ്ദേഹത്തിന് ആര് പറഞ്ഞ്കൊടുക്കും? കാരണം ഹിറ്റ്ലറും മുസ്സോളിനിയും മരിച്ചിട്ട് നാളേറെയായി സാറേ. ജേക്കബ് പുന്നൂസ് അടക്കമുള്ള മനുഷ്വത്വമുള്ള പോലീസുകാര്‍ ഉള്ള കൂട്ടത്തില്‍ തന്നെയാണിതെന്നും അറിയുമ്പോഴാണ് നാനാത്വത്തില്‍ ഏകത്വം എന്നത് പോലീസുകാരെ സംബന്ധിച്ചെങ്കിലും എത്ര നേരാണെന്ന് അറിയുന്നത്. 

എസ് പിയോടാണോ കളി എന്ന് യതീഷ് ചന്ദ്ര ചോദിക്കുന്നത് കേട്ടു. ശരി… കളി അറിയാവുന്ന നിങ്ങള്‍ പോലീസുകാര്‍ നന്നായറിഞ്ഞു കളിച്ച ചില കാര്യങ്ങള്‍ പറയട്ടെ സാര്‍? കുറഞ്ഞത് ഇതൊക്കെ ഉള്ളതാണെന്നെങ്കിലും സമ്മതിക്കുമോ അങ്ങ്?

* ഏറണാകുളത്ത് നിന്നും കഞ്ചാവുമായി അറസ്റ്റ് ചെയ്ത പ്രതികളില്‍ നിന്നും പോലീസ് വിലപേശി കൈക്കൂലി വാങ്ങിയെന്ന പ്രതികളുടെയും അവരുടെ ബന്ധുക്കളുടെയും വെളിപ്പെടുത്തല്‍ താങ്കള്‍ അറിഞ്ഞിരുന്നോ?

* വന്‍ തട്ടിപ്പ് കേസിലെ പ്രതിയായ കവിത പിള്ളയെ പോലീസുകാര്‍ക്ക് കൈക്കൂലി എത്തിക്കാനും കേസുകള്‍ ഒതുക്കാനുമുള്ള ഇടനിലക്കാരിയായി പോലീസുകാര്‍ തന്നെ ‘നിയമിച്ചത്’ താങ്കള്‍ അറിഞ്ഞിരുന്നോ?

* പാവം ഒരു സെക്യൂരിറ്റി ജീവനക്കാരനെ വണ്ടി കയറ്റിക്കൊന്ന പണച്ചാക്കായ ക്രിമിനലിനെ രക്ഷിക്കാന്‍ എഫ് ഐആറില്‍ വെള്ളം ചേര്‍ത്തും സെക്യൂരിറ്റി ജീവനക്കാരന്‍റെ മരണമൊഴി എടുക്കാതെയും ‘സഹകരിച്ച’ പോലീസുകാര്‍ നിങ്ങളുടെ കൂട്ടത്തില്‍ ഉണ്ടെന്ന് അറിഞ്ഞിട്ടുണ്ടോ താങ്കള്‍?

* അതേ ക്രിമിനലിന് ജയിലിനുള്ളില്‍ സകല സഹായവും ചെയ്ത് കൊടുക്കുന്നത് പോലീസുകാര്‍ തന്നെയെന്നു അറിഞ്ഞിട്ടുണ്ടോ താങ്കള്‍?

എല്ലാം അവിടെ അങ്കമാലി പരിസരത്ത് തന്നെയാണ് സര്‍. ജനങ്ങളുടെ മേല്‍കുതിര കേറി മടുക്കുമ്പോള്‍ ഇപ്പറഞ്ഞതും കൂടിയൊന്ന് ശ്രദ്ധിച്ചാല്‍ കൊള്ളാമായിരുന്നു.

വിജയന്‍ മാഷേ ഓര്‍ത്തിട്ട് നിര്‍ത്തിയേക്കാം…

വിജയന്‍ മാഷ്‌ പറഞ്ഞു: “ജനാധിപത്യം എന്നത് വളരെ എളുപ്പമുള്ള ഒരു പ്രവര്‍ത്തനമല്ല. ജനാധിപത്യം എന്ന് പറയുന്നത് എന്റെ അഭിപ്രായം പോലെ തന്നെ മൂല്യമുള്ളതാണ് മറ്റുള്ളവരുടെ അഭിപ്രായവും എന്ന് സമ്മതിക്കലാണ്. അങ്ങനെ സമ്മതിക്കുകയെന്നത് സാധാരണമനുഷ്യര്‍ക്ക് സാധ്യമായ ഒരു കാര്യമല്ല. വേറെയൊരു നിവൃത്തിയുമില്ലാത്തതു കൊണ്ടാണ് നിങ്ങള്‍ ഒരു ജനാധിപത്യവാദിയാകുന്നത് . അതുകൊണ്ടാണ് ജനാധിപത്യത്തില്‍ ഒരു വ്യാജന്‍ അടങ്ങിയുട്ടുണ്ടെന്ന് പറയുന്നത്.’

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍