UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബാബുവിന്റെ മാതൃക പിന്തുടരാന്‍ ഉമ്മന്‍ ചാണ്ടി തയ്യാറാകുമോ?

അഴിമുഖം പ്രതിനിധി

തന്റെ വിശ്വസ്തനായ കെ ബാബുവിന്റെ രാഷ്ട്രീയമാന്യതയെങ്കിലും കാണിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തയ്യാറാകുമോ?

തൃശൂര്‍ വിജിലന്‍സ് കോടതി സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിക്കും വൈദ്യുതി വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദിനും എതിരെ എഫ് ഐ ആര്‍ ഇട്ട് കേസ് എടുക്കാന്‍ ഉത്തരവിട്ട സ്ഥിതിക്ക് ബാബുവിന്റെ മാതൃക പിന്തുടരുകയാണങ്കില്‍ മുഖ്യമന്ത്രി രാജിവയ്ക്കണം. അതോ ബാബുവിന്റെ രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറാതെ  പോക്കറ്റില്‍ ഇട്ടുനടക്കുന്ന തന്ത്രമായിരിക്കുമോ തന്റെ കാര്യത്തിലും ഉമ്മന്‍ ചാണ്ടി പിന്തുടരുക?

തനിക്കെതിരെ എഫ് ഐ ആര്‍ ഉണ്ടാവുകയാണെങ്കില്‍ മന്ത്രിസ്ഥാനം രാജിവയ്ക്കുമെന്നായിരുന്നു  ബാര്‍ക്കോഴക്കേസില്‍ ആരോപണം ഉയര്‍ന്ന നാള്‍ തൊട്ട് ബാബു പറഞ്ഞിരുന്നത്. കോടതിയില്‍ നിന്നും കുറ്റപത്രം കിട്ടുന്നതിനുപോലും കാത്തു നില്‍ക്കാതെ ബാബു തന്റെ വാക്കു പകുതി പാലിച്ചു. ഇനിയിപ്പോള്‍ ചോദ്യം മുഴുവന്‍ ബാബുവിന്റെയോ ആര്യാടന്റെയോ രാജിയല്ല, മന്ത്രിസഭയുടെ രാജിയുണ്ടാകുമോ എന്നാണ്. 

ബാബുവിന്റെ രാജി മുഖ്യമന്ത്രി ഗവര്‍ണര്‍ക്കു കൈമാറുമോ? മന്ത്രിസഭയുടെ രാജി കൈമാറുമോ? ഉത്തരം പറയാന്‍ അധികം സമയം ഉമ്മന്‍ ചാണ്ടിയുടെ പക്കല്‍ ഇല്ല. പ്രത്യേകിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തന്നെ വിഷയത്തില്‍ ആശങ്ക പ്രകടിപ്പിക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടി ഇത്രയും നാള്‍ പറഞ്ഞു നടന്നിരുന്ന ധാര്‍മികതയുടെ തിരിഞ്ഞുകടിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. കോടതിയില്‍ നിന്ന് ഏതെങ്കിലും തരത്തിലുള്ള പ്രതികൂല ഉത്തരവ് ഉണ്ടായാല്‍ രാഷ്ട്രീയ ധാര്‍മികത പ്രവര്‍ത്തിക്കുമെന്നാണ് ഓരോ ആരോപണങ്ങള്‍ തനിക്കു നേരെ ഉയരുമ്പോഴും അതിനെ പ്രതിരോധിക്കാന്‍ ഉമ്മന്‍ ചാണ്ടി പറഞ്ഞുകൊണ്ടിരുന്നത്. അതേ ധാര്‍മികതയെ മുന്‍നിര്‍ത്തി പറയുകയാണെങ്കില്‍ ഇനി ആവശ്യം ബാബുവിന്റെ രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറുകയോ ആര്യാടന്റെ രാജി ആവശ്യപ്പെടുകയോ അല്ല, ഈ മന്ത്രിസഭ സമ്പൂര്‍ണമായി ഭരണത്തില്‍ നിന്നൊഴിയുകയാണ് വേണ്ടത്. 

ഇവിടെയിപ്പോള്‍ സരിതയല്ല പ്രശ്‌നം. സരിതയുടെ വെളിപ്പെടുത്തലുകളോ ആരോപണങ്ങളോ അല്ല. മുഖ്യമന്ത്രിക്കെതിരെ എഫ് ഐ ആര്‍ ഇടാന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു കഴിഞ്ഞു. നിയമത്തെ അനുസരിക്കുന്ന മന്ത്രിസഭയാണെങ്കില്‍ ഇനി ഭരണത്തില്‍ തുടരാന്‍ അവര്‍ക്ക് ധാര്‍മികമായി അവകാശമില്ല. വേണമെങ്കില്‍ വിജിലന്‍സ് കോടതി ഉത്തരവിനെതിരെ സര്‍ക്കാരിന് ഹൈക്കോടതയില്‍ പോകാം. ഇത് പിന്നീടുള്ള കാര്യമാണ്. ഒരു കോടതി ഉത്തരവ് വന്നാല്‍ സര്‍ക്കാരിന് ഇനി അതിന്റെ മേല്‍ ആലോചിക്കാനുള്ള പരമാവധി സമയം കോടതി ഉത്തരവ് കൈയില്‍ കിട്ടുന്നതുവരെയാണ്. അത് ഇന്നു വൈകുന്നരം കിട്ടും. വിജിലന്‍സ് കോടതി ഇടപെടലിനെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്താവുന്നതാണ്. അതിന്റെ ശരി തെറ്റുകളെക്കുറിച്ച് സര്‍ക്കാരിന് ആലോചിക്കാന്‍ പക്ഷേ ഇപ്പോള്‍ സമയമില്ല. ഒരു കോടതി ഉത്തരവ് എതിരായി വന്നാല്‍ അത് മേല്‍ക്കോടതി റദ്ദാക്കുന്നതുവരെ ഇപ്പോഴുള്ള ഉത്തരവിനാണ് ഇന്ത്യന്‍ നിയമവ്യവസ്ഥയനുസരിച്ച് നിലനില്‍പ്പ്. അതിനാല്‍ തന്നെ മുഖ്യമന്ത്രിക്ക് നേരെ വന്നിരിക്കുന്ന ഈ ഉത്തരവ് സര്‍ക്കാരിന്റെ രാജിയാണ് പരോക്ഷമായി ആവശ്യപ്പെടുന്നത്. അതാണ് ധാര്‍മികത. അതിനുവേണ്ടി പ്രതിപക്ഷത്തിന്റെയോ മറ്റാരുടെയോ ആവശ്യപ്പെടലുകള്‍ക്കായി കാത്തു നില്‍ക്കേണ്ടതില്ല. ഇവിടെ തന്റെ മന്ത്രിസഭയിലെ രണ്ടു മന്ത്രിമാര്‍ കാണിച്ച മാന്യത പിന്തുടരാന്‍ മുഖ്യമന്ത്രി തയ്യാറാവുകയാണ് വേണ്ടത്.

യുഡിഎഫ് എംഎല്‍എ ആര്‍എസ്പിയുടെ കോവൂര്‍ കുഞ്ഞുമോന്‍ ഇതിനിടയില് തന്റെ രാജിപ്രഖ്യാപിച്ചിരിക്കുന്നു. സാങ്കേതികമായി കുഞ്ഞുമോന്റെ രാജി മന്ത്രിസഭയ്ക്ക് ഭീഷണിയാകില്ല. അതുകൊണ്ട് ഭരണം പൂര്‍ത്തിയാക്കാന്‍ യുഡിഎഫ് സര്‍ക്കാരിന് സാധിക്കും. അതുപക്ഷേ ഉമ്മന്‍ ചാണ്ടിയുടെ തീരുമാനപ്രകാരമായിരിക്കുമെന്നുമാത്രം.

ഒന്നുകില്‍ തന്റെ മന്ത്രിസഭ പിരിച്ചുവിടാന്‍ ഉമ്മന്‍ ചാണ്ടി തയ്യാറാകും. അല്ലെങ്കില്‍ മുഖ്യമന്ത്രി തന്റെ സ്ഥാനം രാജിവയ്ക്കും. രണ്ടാമത്തേതിനാണ് സാധ്യതയെങ്കില്‍ ഉമ്മന്‍ ചാണ്ടി ചില കടുത്ത തീരുമാനത്തിലേക്ക് കടക്കും. തനിക്കു പകരം ഹൈക്കമാന്‍ഡ് തീരുമാനിക്കുക കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെയും പേരുകളാവും. ഈ രണ്ടുപേരെയും മുഖ്യമന്ത്രിക്കസേരയില്‍ ഇരുത്താന്‍ ഒട്ടും ആഗ്രഹിക്കാത്ത ഒരേയൊരു കോണ്‍ഗ്രസുകാരന്‍ ഉമ്മന്‍ ചാണ്ടിയായിരിക്കും. തനിക്കു പകരം മന്ത്രിസഭയെ നയിക്കാന്‍ മറ്റൊരാള്‍ വേണമെന്ന് ആവശ്യമുയര്‍ന്നാല്‍ ആ സ്ഥാനത്തേക്ക് തന്റെ മറ്റൊരു വിശ്വസ്തനായ മന്ത്രി കെ സി ജോസഫിനെ പോലുള്ളവരുടെ പേര് ഉയര്‍ത്താന്‍ ഉമ്മന്‍ ചാണ്ടി ധൈര്യം കാണിക്കും. അതുവഴി ഈ അവസരം മുതലാക്കാന്‍ നില്‍ക്കുന്ന സുധീരനെയും ചെന്നിത്തലയേയും വെട്ടാന്‍ ഉമ്മന്‍ ചാണ്ടി ശ്രമിക്കും.അതുപക്ഷേ ഇതുവരെ ഉമ്മന്‍ ചാണ്ടി പക്ഷക്കാരായി നിന്നവരൊക്കെ മറുകണ്ടം ചാടും. അങ്ങനെ വന്നാല്‍ കേരളരാഷ്ട്രീയത്തിലെ അതികായന്റെ രാഷ്ട്രീയപതനം അത്യന്തം പരിതാപകരമായ അവസ്ഥയില്‍ സംഭവിക്കും.

കോടതി ഉത്തരവ് വന്ന ഉടന്‍ തന്നെ ബാബു രാജിവയ്ക്കുന്നതാണ് ഉചിതമെന്നു പറഞ്ഞ വി എം സുധീരന്‍ ഇന്ന് മുഖ്യമന്ത്രിക്കെതിരെ ഉണ്ടായ കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ പറഞ്ഞത് മുഖ്യമന്ത്രിയുമായി ആലോചിച്ചശേഷം മറുപടി പറയാമെന്നാണ്. അല്ലാതെ മുഖ്യമന്ത്രിയെയോ സര്‍ക്കാരിനെയോ പ്രതിരോധിക്കാന്‍ കെപിസിസി പ്രസിഡന്റ് തയ്യാറായിട്ടില്ല. കോടതി ഉത്തരവിനെ വിമര്‍ശിക്കാനും സുധീരന്‍ തയ്യാറായിട്ടില്ല എന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

രാജിവയ്ക്കുന്നത് എന്തിനാണെന്നാണ് ഉമ്മന്‍ ചാണ്ടി ചോദിക്കുന്നത് ?

ഇനിയിവിടെ ജനകീയതയുടെയും ധാര്‍മികതയുടെയും പേര് പറഞ്ഞ് ഉമ്മന്‍ ചാണ്ടിക്ക് അധികമൊന്നും പിടിച്ചു നില്‍ക്കാന്‍ പറ്റില്ല. തന്ത്രങ്ങള്‍ പയറ്റാനുള്ള സമയവുമില്ല.  അതിനുള്ളില്‍ എന്തു ചാണക്യബുദ്ധി കാണിച്ചാലും നിലവിലെ രാഷ്ട്രീയ അവസ്ഥയില്‍ പിടിച്ചു നില്‍പ്പ് ബുദ്ധിമുട്ടാകും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍