UPDATES

ട്രെന്‍ഡിങ്ങ്

ഉമ്മന്‍ ചാണ്ടിക്ക് അവനവന്‍ കടമ്പ; എന്നു തീരും ഈ കള്ളനും പോലീസും കളി?

ഉമ്മന്‍ ചാണ്ടി ദുര്‍ബലനായി തുടങ്ങിയെന്നു ഹൈക്കമാന്‍ഡിനും മനസിലായി

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനോട് കലഹിച്ച് പാര്‍ട്ടി പരിപാടികളില്‍ നിന്നും മാറി നില്‍ക്കുന്ന ഉമ്മന്‍ ചാണ്ടിയെ വിമര്‍ശിച്ച കൊടിക്കുന്നില്‍ സുരേഷ് എംപിയെ കടന്നാക്രമിക്കാന്‍ എ ഗ്രൂപ്പ് തയാറാകുന്നില്ല എന്നത് സംസ്ഥാന കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ വലിയ ദിശാസൂചികയാണ്. കേരളത്തില്‍ ഏറ്റവും ശക്തനായ കോണ്‍ഗ്രസ് നേതാവ് എന്നതിന് ഒറ്റ ഉത്തരമേയുള്ളൂ; ഉമ്മന്‍ചാണ്ടി. എ (ആന്റണി ) ഗ്രൂപ്പില്‍ നിന്നും ആന്റണിയെ അടര്‍ത്തി മാറ്റിയാണ് ഉമ്മന്‍ചാണ്ടി ഗ്രൂപ് നായകനായത്. മുറിവേറ്റ ആന്റണി വര്‍ഷങ്ങളായി കണക്ക് തീര്‍ക്കാന്‍ കാത്തിരിക്കുകയായിരുന്നു. ശത്രു ദുര്‍ബലനാകുമ്പോള്‍ ആക്രമിക്കണമെന്ന ചാണക്യ തന്ത്രമാണ് ഇപ്പോള്‍ ആന്റണി പുറത്തെടുത്തിരിക്കുന്നത്.

വിശ്വസ്തനായ വിഎം സുധീരനെ കെപിസിസി പ്രസിഡന്റ ആക്കിയപ്പോള്‍ തന്നെ എകെയുടെ കളി കമ്പനി കണാന്‍ ഇരിക്കുന്നതേയുള്ളു എന്നു തോന്നിയിരുന്നു. ആന്റണി കളി ഇപ്പോള്‍ പ്രത്യക്ഷമായി. ആത്മാര്‍ത്ഥത മാത്രമുള്ള കെസി ജോസഫ്, ആത്മാര്‍ത്ഥതയും ബുദ്ധിയുമുള്ള ബെന്നി ബെഹനാന്‍, പി ടി തോമസ്, കെ ബാബു, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ശക്തി. പി ടി തോമസിന് തൃക്കാക്കര നിയമസഭാ സീറ്റ് കൊടുക്കണം എന്ന്‍ സുധീരന്‍ വാശിപിടിച്ചതോടെ പിടി അദ്ദേഹത്തിന്റെ പാളയത്തിലായി. ഉമ്മന്‍ ചാണ്ടി വിരുദ്ധനായില്ലെങ്കില്‍ പോലും പിടി ചാവേര്‍ അല്ലാതായി. സുധീരനും ആന്റണിക്കും ഒരു വെടിക്ക് രണ്ടു പക്ഷി. ബെന്നിയെ വെട്ടി, പിടിയെ ഒപ്പം നിര്‍ത്തി. അഴിമതി കേസും റെയ്ഡും കെ ബാബുവിനെ തളര്‍ത്തി. ആഭ്യന്തരം പിടിച്ചു വാങ്ങിയതോടെ ഉമ്മന്‍ ചാണ്ടിയില്‍ നിന്നും തിരുവഞ്ചൂരും പതുക്കെ അകന്നു തുടങ്ങിയിരുന്നു.

എ ഗ്രൂപ്പുകാരനായ കൊടിക്കുന്നില്‍ സുരേഷ് കൊല്ലം ഡിസിസി അധ്യക്ഷ പദവി ആഗ്രഹിച്ചിരുന്നു. ഇരട്ടപ്പദവി അംഗീകരിക്കാനാകില്ലെങ്കില്‍ കൂടി ജില്ലയുടെ ചുമതലക്കാരനായി സുധീരന്‍ നിയോഗിച്ചത് കൊടിക്കുന്നിലിന്റെ പ്രതീക്ഷക്ക് വെള്ളവും വെളിച്ചവുമായി. ഐക്കാരനായ തലേക്കുന്നില്‍ ബഷീറിന് പകരം വയ്ക്കാവുന്ന പേര് എന്ന നിലയിലാണ് സുരേഷിന് ആ പേര് എ ഗ്രൂപ്പുകാര്‍ നിശ്ചയിച്ചത്. എംപിയുടെ വീടിനു അടുത്തുള്ള മലയുടെ പേരാണ് കൊടിക്കുന്നില്‍. അല്ലാതെ വേറെ ബന്ധമൊന്നും സുരേഷും കൊടിക്കുന്നിലും തമ്മില്‍ ഇല്ല. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പറഞ്ഞ പല പേരുകളും ഹൈക്കമാന്‍ഡ് വെട്ടിയാണ് പുതിയ ഡിസിസി അധ്യക്ഷന്മാരെ നിയോഗിച്ചത്. തനിക്കു പാര്‍ട്ടിയില്‍ സ്ഥാനം ലഭിച്ചത് സുധീരന്‍ അധ്യക്ഷ സ്ഥാനത്ത് എത്തിയതിനു ശേഷമാണെന്നും തന്റെ നേതാവ് ആന്റണി ആണെന്നും കൊടിക്കുന്നില്‍ നയം വ്യക്തമാക്കി. മുല്ലപ്പള്ളിയും എംഐ ഷാനവാസും മുതല്‍ കോഴിക്കോട് എംപി എം കെ രാഘവന്‍ അടക്കമുള്ളവര്‍ ഇതേ അഭിപ്രായം വ്യക്തമാക്കിയിട്ടുണ്ട്.

ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഉമ്മന്‍ചാണ്ടി പറഞ്ഞ പേരുകള്‍ വ്യാപകമായി വെട്ടിപ്പോയതോടെ അദ്ദേഹം നിരാശനായി. രമേശ് ആകട്ടെ നിരാശ പുറത്തു കാണിക്കാതെ അടി മുതുക് കൊണ്ട് തടുത്തു എന്ന രീതിയില്‍ നിലയുറപ്പിച്ചു. സ്വന്തം ജില്ലയില്‍പ്പോലും രമേശിനും ഉമ്മന്‍ ചാണ്ടിക്കും സ്വന്തം ആളുകളെ നിശ്ചയിക്കാന്‍ കഴിഞ്ഞില്ല (ലിജു വിശ്വസ്തനാണെങ്കിലും രമേശ് നിര്‍ദേശിച്ചത് മറ്റൊരാളെയായിരുന്നു). ഹൈക്കമാന്‍ഡിനെ എന്നും സ്ഥാനത്യാഗ ഭീഷണികൊണ്ടു വരച്ച വരയില്‍ നിര്‍ത്തുന്ന ഉമ്മന്‍ ചാണ്ടിക്ക് ഇത്തവണ അത് പയറ്റാന്‍ പറ്റിയില്ല. രാജി വയ്ക്കാന്‍ സ്ഥാനം ഒന്നുമില്ലല്ലോ. പിന്നെ ചെയ്യാവുന്നത് നിസ്സഹകരണ സമരമാണ്.

ന്യൂനപക്ഷ ബെല്‍റ്റ് തന്റെ പിന്നില്‍ ഉറച്ചു നില്‍ക്കുന്നതിനൊപ്പം മുസ്‌ലിം ലീഗും കേരള കോണ്‍ഗ്രസ്സും കൈപ്പിടിയില്‍ ആയതിനാല്‍ ഇതുവരെയുള്ള ഉമ്മന്‍ ചാണ്ടിയുടെ ഭയപ്പെടുത്തലില്‍ ഹൈക്കമാന്‍ഡ് പേടിച്ചു. ടി സിദ്ദിഖിനെ മാറ്റി എം ലിജുവിനെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനാക്കിയപ്പോള്‍ രാഹുല്‍ ഗാന്ധിയെക്കൊണ്ട് മണിക്കൂറുകള്‍ക്കുള്ളില്‍ തിരിച്ചെടുപ്പിച്ചതും, കെ ബാബു, അടൂര്‍ പ്രകാശ്, കെസി ജോസഫ് എന്നിവരെ നിയമസഭാ പോരാട്ടത്തില്‍ നിന്നും മാറ്റിനിര്‍ത്തണമെന്ന സുധീരന്റെ പിടിവാശിയും മറികടക്കാന്‍ എന്നും ‘വിട്ടുനില്‍ക്കും’ ഭീഷണിയും ഉമ്മന്‍ ചാണ്ടിയുടെ ആവനാഴിയിലെ രാമബാണമായിരുന്നു.

സഹതാപ തരംഗം ഒപ്പിയെടുത്ത് പത്താം നമ്പര്‍ ജന്‍പഥിലെത്തിയ ആന്ധ്രയിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന കൊല്ലപ്പെട്ട വൈഎസ് രാജശേഖര റെഡ്ഡിയുടെ ഭാര്യയെയും മകനെയും നിഷ്‌കരുണം തള്ളിക്കളഞ്ഞ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ആന്ധ്രയില്‍ കോണ്‍ഗ്രസിനെ ഇല്ലാതാക്കിയ ആ തീരുമാനം എടുത്ത കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഇതുവരെ ഉമ്മന്‍ ചാണ്ടിയുടെ ഭീഷണിക്കു തോറ്റു കൊടുത്തിരുന്നു. കേരളാ കോണ്‍ഗ്രസ് മുന്നണി വിടുകയും എ ഗ്രൂപ് എംഎല്‍എമാര്‍ ന്യൂനപക്ഷമാകുകയും ചെയ്ത സ്ഥിതിക്ക് ഉമ്മന്‍ചാണ്ടിയുടെ പല്ലിനു ശൗര്യം ഹൈക്കമാന്‍ഡിനു മുന്നില്‍ പണ്ടേപ്പോലെ ഫലിക്കുന്നില്ല. അദ്ദേഹത്തിന്റെ പിണക്കം തീര്‍ക്കാതെ നീട്ടിക്കൊണ്ടുപോകുന്നത് ഇക്കാര്യത്തിന് അടിവരയിടുന്നു.

14 നു ചേരുന്ന കെപിസിസി രാഷ്ട്രീയ നിര്‍വാഹക സമിതിയില്‍ ഉമ്മന്‍ചാണ്ടി പങ്കെടുക്കില്ലെന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ട്. 11-നു ചേരുന്ന ഡല്‍ഹിയിലെ യോഗത്തില്‍ പോയാല്‍ നിര്‍വാഹക സമിതിയില്‍ പങ്കെടുക്കാന്‍ നിര്‍ദേശിക്കുമോ എന്ന ആശങ്ക കാരണം രാജ്യതലസ്ഥാനത്തേക്കും ഇല്ല. അതേ സമയം താന്‍ സജീവമാണെന്ന് ഹൈക്കമാന്‍ഡിനെ ഓര്‍മ്മിപ്പിക്കാന്‍ വലിയ വിവാദങ്ങള്‍ പത്രസമ്മേളനങ്ങള്‍ വഴി പുറത്തു വിടുന്നുമുണ്ട്. ഇതൊന്നും കണ്ടിട്ടും ഹൈക്കമാന്‍ഡിന് ഒരു കുലുക്കവുമില്ല. ഡിസിസി അധ്യക്ഷന്മാരെ നിയമിച്ചതില്‍ സംഭവിച്ചത് സംഭവിച്ചു, ഇനി കെപിസിസി പുനഃസംഘടനയില്‍ ഉമ്മന്‍ ചാണ്ടിയുടെ സങ്കട നിവൃത്തി വരുത്താം എന്ന ഒറ്റ വാക്യം മതി പിണക്കം തീര്‍ക്കാന്‍. പക്ഷേ അത് സോണിയയോ രാഹുലോ പറയണം. അതിന് ഇരുവരും തയാറാകാത്ത കാലം വരെ ഈ കള്ളനും പോലീസും കളി തുടരും.

(മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

Avatar

സി ബി ശ്രീനിവാസ്‌

മാധ്യമ പ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍