UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സുധീരനെ ഉമ്മന്‍ ചാണ്ടി ചവിട്ടി പുറത്താക്കിയത്: ചെറിയാന്‍ ഫിലിപ്പ്

ആരുവിചാരിച്ചാലും ഇവിടുത്തെ കോണ്‍ഗ്രസ് നേരെയാകില്ലെന്ന് ഉറപ്പായതോടെയാണ് സുധീരന്‍ രാജിവച്ചത്‌

കെപിസിസി പ്രസിഡന്റ് വിഎം സുധീരനെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി ചവിട്ടി പുറത്താക്കുകയായിരുന്നെന്ന് സിപിഎം നേതാവ് ചെറിയാന്‍ ഫിലിപ്പ്. കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്നും സുധീരന്‍ രാജിവച്ചതിനെക്കുറിച്ച് അഴിമുഖത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഗ്രൂപ്പു കളികള്‍കൊണ്ട് നിറഞ്ഞ് നില്‍ക്കുന്ന കേരളത്തിലെ കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍ക്ക് അതീതനായ വ്യക്തിയായിരുന്നു സുധീരന്‍. എകെ ആന്റണിയുടെയും ഹൈക്കമാന്‍ഡിന്റെയും ഇടപെടലാണ് ഒരു ഗ്രൂപ്പിലും ഇല്ലാഞ്ഞിട്ടും കെപിസിസി അധ്യക്ഷ പദവിയിലെത്താന്‍ അദ്ദേഹത്തെ സഹായിച്ചതെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. എന്നാല്‍ തങ്ങളുടെ രാഷ്ട്രീയ ചരടുവലികള്‍ക്ക് ശുദ്ധആദര്‍ശം മുഖമുദ്രയാക്കിയ സുധീരന്‍ തടസ്സമാകുന്നുവെന്നതിനാല്‍ ഉമ്മന്‍ചാണ്ടിയും സംഘവും ചവിട്ടിപ്പുറത്താക്കുകയായിരുന്നു. പാര്‍ട്ടിയെ ശുദ്ധമാക്കാനും നന്നാക്കാനും അദ്ദേഹത്തിന് സാധിക്കുമെന്ന ഉറപ്പിലാണ് ഹൈക്കമാന്‍ഡ് ഈ ചുമതല വിഎം സുധീരന് നല്‍കിയത്. എന്നാല്‍ രണ്ട് ഗ്രൂപ്പുകളും സുധീരനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നുണ്ടായിരുന്നില്ല. ആരുവിചാരിച്ചാലും ഇവിടുത്തെ കോണ്‍ഗ്രസ് നന്നാകില്ലെന്ന് ഉറപ്പുവന്നതോടെയാണ് അദ്ദേഹം രാജിവച്ചത്.

കോണ്‍ഗ്രസിന്റെ നിലനില്‍പ്പ് ക്രിസ്ത്യാനികളിലണ്. ക്രിസ്ത്യന്‍ ലോബിയുടെ പിന്തുണയില്ലാതെ ഇവിടുത്തെ കോണ്‍ഗ്രസിന് നിലനില്‍പ്പില്ല. അതിനാല്‍ തന്നെ പാര്‍ട്ടിയുടെ താക്കോല്‍ സ്ഥാനത്ത് ഒരു ക്രിസ്ത്യാനി ഉണ്ടാകണമെന്നത് സാമുദായിക ധാരണയാണ്. നിലവില്‍ സംസ്ഥാന കോണ്‍ഗ്രസിന്റെ ഉന്നത സ്ഥാനത്ത് ഇരിക്കുന്ന രണ്ട് പേരും ക്രിസ്ത്യാനിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതും സുധീരന്റെ രാജിയ്ക്ക് കാരണമായതായാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.

പാര്‍ട്ടിക്കുള്ളില്‍ തനിക്കെതിരെ നടക്കുന്ന പടയൊരുക്കങ്ങള്‍ സ്വതവേ ആരോഗ്യ പ്രശ്‌നങ്ങളുള്ള അദ്ദേഹത്തെ ആരോഗ്യപരമായും മാനസികപരമായും തളര്‍ത്തിയെന്നും വേണം കരുതാന്‍. അതേസമയം പുതിയ നേതൃത്വത്തെക്കുറിച്ച് യാതൊന്നും പ്രവചിക്കാന്‍ സാധിക്കില്ലെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസിനെ സംബന്ധിച്ച് ആന്റണിയാണ് ഹൈക്കമാന്‍ഡ്. അതിനാല്‍ തന്നെ ആന്റണിയുടെ തീരുമാനം അനുസരിച്ചായിരിക്കും പുതിയ കെപിസിസി പ്രസിഡന്റിനെ നിയമിക്കുക. ഏഴോ എട്ടോ നേതാക്കള്‍ അതിനായി ഇവിടെ കാത്തു നില്‍ക്കുന്നുണ്ട് അതിനാല്‍ തന്നെ പുതിയ കെപിസിസി പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ നെറുക്കെടുപ്പ് വേണ്ടിവരുന്ന അവസ്ഥയാണെന്നും അദ്ദേഹം പരിഹസിച്ചു.

സംസ്ഥാന കോണ്‍ഗ്രസിന്റെ രണ്ടാം നിരയില്‍ നിരവധി നേതാക്കളുണ്ട്. ഇവരെല്ലാം തന്നെ ഒന്നാം നിരയിലേക്ക് ഉയര്‍ന്നുവരാന്‍ യോഗ്യതയുള്ളവരാണ്. ദേശീയതലത്തില്‍ കോണ്‍ഗ്രസ് നേരിടുന്നത് നേതാക്കളുടെ ക്ഷാമമാണെങ്കില്‍ സംസ്ഥാനതലത്തില്‍ നേതാക്കളുടെ ബാഹുല്യമാണ് നേരിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍