UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വി എസിനെതിരെ മുഖ്യമന്ത്രി മാനനഷ്ട കേസ് ഫയല്‍ ചെയ്തു

അഴിമുഖം പ്രതിനിധി

പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനനന്ദനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഒരു ലക്ഷം രൂപ ആവശ്യപ്പെട്ട് മാനനഷ്ട കേസ് നല്‍കി. ധര്‍മടം നിയോജക മണ്ഡലത്തിലെ പ്രസംഗത്തിലും തുടര്‍ന്ന് അച്ചടി, ദൃശ്യ മാധ്യമങ്ങളിലും വി എസ് നടത്തിയ ആരോപണം അടിസ്ഥാനരഹിതവും അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ളതുമാണെന്നും മുഖ്യമന്ത്രി തിരുവനന്തപുരം അഡീഷണല്‍ ജില്ല കോടതിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ഇത് മാതൃക പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മിഷനും പരാതി നല്‍കിയിട്ടുണ്ട്.

മുഖ്യമന്ത്രി 31 അഴിമതിക്കേസുകള്‍ നേരിടുകയാണെന്നും മന്ത്രിസഭാംഗങ്ങള്‍ മൊത്തം 136 കേസുകള്‍ നേരിടുന്നു എന്നുമുള്ള പ്രതിപക്ഷനേതാവിന്റെ ആരോപണമാണ് കേസിന് ആധാരം. കേരള കൗമുദിയില്‍ പ്രസിദ്ധീകരിച്ച വി എസിന്റെ ലേഖനം, പ്രസംഗത്തിന്റെ വീഡിയോ സി ഡി എന്നിവ തെളിവായി ഹാജരാക്കിയിട്ടുണ്ട്. ഐ പി സി സെക്ഷന്‍188, 171 ജി എന്നിവ പ്രകാരം പ്രതിപക്ഷ നേതാവിനെതിരെ അന്വേഷണത്തിന് ഉത്തരവിടണമെന്നാണ് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

വോട്ടര്‍മാരെ അന്യായമായി സ്വാധീനിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് കമ്മീഷനു നല്‍കിയ പരാതിയില്‍ പറയുന്നു. തനിക്കെതിരെ രാജ്യത്ത് ഒരു കോടതിയിലും ക്രിമിനല്‍,സിവില്‍, അഴിമതി കേസുകള്‍ ഇല്ല എന്ന സത്യം അറിഞ്ഞുകൊണ്ടാണ് പ്രതിപക്ഷനേതാവ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി പരാതിയില്‍ പറയുന്നു. 

അതേസമയം കപടമനസാക്ഷിയെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി കേസ് നല്‍കിയിരിക്കുന്നതെന്നായിരുന്നു ഈ വിഷയത്തില്‍ വി എസിന്റെ പ്രതികരണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍