UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബാര്‍ കോഴ; മാണിയെ രക്ഷിക്കാന്‍ ഉമ്മന്‍ ചാണ്ടി കേസ് അന്വേഷണത്തില്‍ ഇടപെട്ടു

Avatar

അഴിമുഖം പ്രതിനിധി

ബാര്‍ കോഴക്കേസില്‍ പുതിയ വഴിത്തിരിവായി ഉമ്മന്‍ ചാണ്ടിയുടെ ഇടപെടല്‍ ചര്‍ച്ചയാകുന്നു. മാണിയെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കേസന്വേഷണത്തില്‍ ഇടപെട്ടതായി ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. മാണിയെ സംരക്ഷിച്ചെടുക്കുന്നതിനായി അന്വേഷണത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയ ഉമ്മന്‍ ചാണ്ടി ഇതിലൂടെ തന്റെ സര്‍ക്കാരിനെ നിലനിര്‍ത്താനുള്ള രാഷ്ട്രീയകളി നടത്തുകയായിരുന്നുവെന്നാണ് വിമര്‍ശനം. ഇതിനിടയിലാണ് വിജിലന്‍സ് കോടതിക്കു പിന്നാലെ ഹൈക്കോടതിയില്‍ നിന്നും മാണിക്ക് തിരിച്ചടി നേരിട്ടതും ഇപ്പോള്‍ മന്ത്രിയുടെ രാജിക്കായി കനത്ത സമ്മര്‍ദ്ദം ഉയര്‍ന്നതും. 

വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ അനുസരിച്ച് വിജിലന്‍സ് ഡയറക്ടര്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വെള്ളം ചേര്‍ക്കപ്പെട്ടതിനു പിന്നില്‍ മന്ത്രിസഭയുടെ നിലനില്‍പ്പ് എന്ന ആവശ്യം തന്നെയാണെന്നു വ്യക്തമാകുന്നുണ്ട്. മാണിക്കെതിരെ തെളിവുണ്ടെന്നു കണ്ടെത്തിയ ആദ്യ അന്വേഷണ റിപ്പോര്‍ട്ട് മാറ്റിയെഴുതിയാണ് പിന്നീട് കോടതിക്കു മുമ്പാകെ ജൂലൈ മാസത്തില്‍ പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടത് എന്നാല്‍ ഈ റിപ്പോര്‍ട്ട് കോടതി കഴിഞ്ഞമാസം തള്ളിക്കളയുകയും വിജിലന്‍സ് ഡയറക്ടറെ വിമര്‍ശിക്കുകയും മാണിക്കെതിരെ തുടരന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. വിജിലന്‍സ് കോടതി പരാമര്‍ശങ്ങള്‍ നീക്കി കിട്ടണമെന്നാവിശ്യപ്പെട്ട് വിജിലന്‍സ് ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും കിട്ടിയതിനെക്കാള്‍ വലിയ തിരിച്ചടിയാണ് ഹൈക്കോടതിയില്‍ നിന്നുണ്ടായത്. 

ബാര്‍ കോഴക്കേസില്‍ അന്വേഷണം നടത്തിയ വിജിലന്‍സിന്റെ ഡയറക്ടര്‍ വിന്‍സണ്‍ എം പോള്‍ തന്നെ അന്വേഷണത്തിനിടയില്‍ പലഘട്ടത്തിലായി മുഖ്യമന്ത്രി തന്നോടു സംസാരിച്ചിരുന്നതായി സമ്മതിക്കുന്നുണ്ടെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം എഴുതുന്നു. കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു മുമ്പായി പല സമയങ്ങളിലായി മുഖ്യമന്ത്രിയുടെ ചേംബറില്‍ കൂടിക്കാഴ്ച്ചകള്‍ നടത്തിയതായും വിന്‍സണ്‍ എം പോള്‍ പറയുന്നു. എന്നാല്‍ കൂടിക്കാഴ്ച്ചകളുടെ വിശദാംശങ്ങള്‍ എന്താണെന്നു വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറാകുന്നില്ല. മാണിയെ സംരക്ഷിക്കണമെന്ന് ഒരിക്കലും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടില്ല, നിയമസഭ സമ്മേളനത്തിനു മുമ്പായി കൃത്യമായൊരു തീയതിയില്‍ അന്വേഷണം പൂര്‍ത്തിയാക്കണം എന്നതായിരുന്നു അദ്ദേഹത്തിന്റെ ആവശ്യമെന്നുമായിരുന്നു വിന്‍സണ്‍ എം പോള്‍ പറയുന്നത്. എഫ് ഐ ആര്‍ കോടതയില്‍ സമര്‍പ്പിക്കുന്നതിനു മുമ്പായി മുഖ്യമന്ത്രി ഫോണ്‍ വിളിച്ചിരുന്നെങ്കിലും എന്തായിരുന്നു സംസാരിച്ചതെന്ന കാര്യം ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ലെന്നുമാണ് വിന്‍സണ്‍ പോള്‍ ഇപ്പോള്‍ പറയുന്നത്. വിജിലന്‍സ് കോടതിയില്‍ നിന്ന് പ്രതികൂല പരമാര്‍ശങ്ങള്‍ വന്നതിനു പിന്നാലെ ഡയറക്ടര്‍ സ്ഥാനത്തു നിന്നു വിന്‍സണ്‍ എം പോള്‍ ഒഴിയുകയും ചെയ്തു.

താന്‍ ഒരുഘട്ടത്തില്‍ പോലും അന്വേഷണത്തില്‍ ഇടപെട്ടിട്ടില്ലെന്നും മറിച്ച് തെളിയിക്കാന്‍ സാധിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാന്‍ ഒരുക്കമാണെന്നുമാണ് ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം ഉണ്ടായതെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്നു കിട്ടുന്ന വിവരങ്ങള്‍ പറയുന്നത് മാണിക്കെതിരായ റിപ്പോര്‍ട്ടില്‍ വെള്ളം ചേര്‍ക്കാന്‍ മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്ന് വിജിലന്‍സിന് സമ്മര്‍ദ്ദം ഉണ്ടായിട്ടുണ്ട് എന്നു തന്നെയാണ്. എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ ഭാഗത്തു നിന്ന് ഏതെങ്കിലും തരത്തിലുള്ള സഹായഭാര്‍ത്ഥ്യനകള്‍ ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് വിന്‍സണ്‍ എം പോള്‍ പറയുന്നത്; ഒരിക്കല്‍ തന്റെ നിയോജകമണ്ഡലത്തില്‍ നിന്ന് ചിലര്‍ കള്ളനോട്ട് കേസില്‍ പിടിയിലായപ്പോള്‍ അവരുടെ കാര്യത്തില്‍ അനുകൂലമായി എന്തെങ്കിലും ചെയ്യണമെന്ന് ആവിശ്യപ്പെട്ടതുമാത്രമാണ് ഇത്തരത്തില്‍ മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായ ഏക അഭ്യര്‍ത്ഥന എന്നാണ്. എന്നാല്‍ താന്‍ നിയമം വിട്ട് ഒന്നും ചെയ്യില്ലെന്നും വേണമെങ്കില്‍ അവര്‍ക്ക് മുന്‍കൂര്‍ ജാമ്യം കിട്ടാന്‍ എന്തെങ്കിലും വഴിയുണ്ടോയെന്നു നോക്കാമെന്നുമാണ് പറഞ്ഞതെന്നും വിന്‍സണ്‍ എം പോള്‍ പറയുന്നതായും ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തില്‍ വന്ന റിപ്പോര്‍ട്ട് വായിക്കുക

http://indianexpress.com/article/india/india-news-india/kerala-cm-oommen-chandy-interfered-in-bar-bribery-probe/

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍