UPDATES

ജനസമ്പര്‍ക്കം പരിപാടിയിലൂടെ ഉമ്മന്‍ചാണ്ടി ചതിച്ചു; നിരാഹാരവുമായി ഭിന്നശേഷിയുള്ള വനിത

അഴിമുഖം പ്രതിനിധി

ജനസമ്പര്‍ക്കം പരിപാടിയിലൂടെ ഉമ്മന്‍ചാണ്ടി ചതിച്ചുവെന്ന് ആരോപിച്ച് ലോക ഭിന്നശേഷി ദിനത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാരവുമായി ഭിന്നശേഷിയുള്ള വനിത. പെരിങ്ങമല മലമാരി ഗ്രേസ് ഭവനില്‍ മോളിയാണ് ഉമ്മന്‍ചാണ്ടിയുടെ വാക്ക് വിശ്വസിച്ച് ജീവിക്കാന്‍ വഴിയില്ലാതായി എന്നുപറഞ്ഞ് സത്യാഗ്രഹമിരുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തന്റെ ജീവിതം രക്ഷിക്കാന്‍ ഉമ്മന്‍ചാണ്ടി കാട്ടിയ കനിവിനെ കുറിച്ച് വാഴ്ത്തിപ്പറഞ്ഞ മോളി മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. ഇപ്പോള്‍ തന്നോടും കുടുംബത്തിനോടും ഉമ്മന്‍ചാണ്ടി ചെയ്ത ചതിയെപ്പറ്റി പറഞ്ഞു പ്രതിഷേധത്തിലാണ് മോളി.

ഒന്നര വയസ്സില്‍ പോളിയോ ബാധിച്ച് തളര്‍ന്നു കിടപ്പിലായ മോളി ജീവിക്കാന്‍ വഴി തേടി 2015-ലാണ് ഉമ്മന്‍ചാണ്ടി നടത്തിയ ‘കരുതല്‍’ ജനസമ്പര്‍ക്ക പരിപാടിയില്‍ എത്തുന്നത്. വികലാംഗ ക്ഷേമ കോര്‍പറേഷന്‍ വഴി ബേക്കറി തുടങ്ങുന്നതിനു പലിശയില്ലാത്ത ലോണും 50,000 രൂപയും അനുവദിക്കുന്നതായി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചിരുന്നു. ഈ വാഗ്ദാനം വിശ്വസിച്ച മോളി കട തുടങ്ങനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. ആറ് ലക്ഷം രൂപ പലിശ രഹിത വായപ എടുക്കാന്‍ വികലാംഗ ക്ഷേമ കോര്‍പറേഷനെ സമീപിച്ച മോളിക്ക് പക്ഷേ നിരാശയാകേണ്ടി വന്നു. പണം തരണമെങ്കില്‍ ബോണ്ട് വെയ്ക്കണമെന്നും അല്ലാതെ പണം തരാന്‍ പറ്റില്ല എന്നും ബോര്‍ഡ് കടും പിടുത്തം പിടിച്ചു. ഇതേ തുടര്‍ന്ന് വീണ്ടും ഉമ്മന്‍ചാണ്ടിക്ക് പരാതി നല്‍കിയ മോളിയെ, പ്രശ്നമില്ല എന്ന് പറഞ്ഞ് മടക്കി അയ്ച്ചു ഉമ്മന്‍ചാണ്ടി.

വികലാംഗ ക്ഷേമ കോര്‍പറേഷനില്‍ നിന്നും ലോണ്‍ ബാങ്കിലേക്ക് മാറ്റാമെന്നും അവിടെ പ്രശ്നമുണ്ടായാല്‍ നേരിട്ട് താന്‍ ഇടപെടാമെന്നും ഉമ്മന്‍ചാണ്ടി ഉറപ്പു കൊടുത്തിരുന്നുവെന്ന് മോളി പറയുന്നു. ഇതേ തുടര്‍ന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തെന്നൂര്‍ ശാഖയില്‍ നിന്ന് മോളി 1.95 രൂപ വായ്പ്പയെടുത്തു. കട മുറിയുടെ രേഖകളും മറ്റും കാട്ടിയപ്പോഴാണ് ബാങ്ക് വായ്പ്പ അനുവദിച്ചത്. എന്നാല്‍ കടയുടെ മറ്റു അറ്റകുറ്റപണികള്‍ക്കും സാധങ്ങള്‍ വാങ്ങാനും ബാങ്ക് നല്‍കിയ തുക മതിയാകില്ലായിരുന്നു. കടം വാങ്ങിയും കൂലിപ്പണിക്കാരനായ സഹോദരന്‍ ജോയ് അധ്വാനിച്ചുണ്ടാക്കിയ കാശും, കൊണ്ടാണ് സാധനങ്ങള്‍ വാങ്ങിയത്. ബാങ്കില്‍ നിന്നും പ്രതീക്ഷിച്ച സംഖ്യ വായ്പയായി കിട്ടിയില്ല എന്നും കട വാടക പോലും നല്‍കാന്‍ കഴിയാത്ത അവസ്ഥയാണ് എന്നും ചൂണ്ടിക്കാട്ടി ഉമ്മന്‍ചാണ്ടിക്ക് വീണ്ടും നിവേദനം നല്‍കിയെങ്കിലും ഒരു പ്രയോജനവും ഉണ്ടായില്ലെന്ന് മോളി വ്യക്തമാക്കി.

കഴിഞ്ഞ ഓഗസ്റ്റില്‍ വളരെ പ്രതീക്ഷയോടെ തുടങ്ങിയ കട മോളിക്ക് പൂട്ടേണ്ടി വന്നു. മാത്രവുമല്ല വായ്പ തിരിച്ചടയ്ക്കാന്‍ വേണ്ടി ബാങ്കില്‍ നിന്നുള്ള ഭീഷണിയും കൂടി ആയപ്പോള്‍ ജീവിതം വഴി മുട്ടിയ അവസ്ഥയിലാണ് മോളി. ഈ കാര്യങ്ങള്‍ എല്ലാം വിശദമായി ചൂണ്ടിക്കാട്ടി മുഖ്യമന്തി പിണറായായി വിജയന് നിവേദനം നല്‍കിയിരിക്കുകയാണ് മോളി ഇപ്പോള്‍. ഇനിയും ഒരു അംഗ പരിമിതയ്ക്കും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകരുത്. ജനസമ്പര്‍ക്കം എന്ന പേരില്‍ തട്ടിപ്പു നടത്തി കയ്യടി വാങ്ങിയ ഉമ്മന്‍ചാണ്ടിയുടെ തനി മുഖം നാട്ടുകാരറിയാനാണ് ഇന്നിവിടെ സമരമിരിക്കുന്നതെന്നും മോളി രോഷത്തോടെ പറയുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍