UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഉമ്മന്‍ ചാണ്ടിയുടെ ധാര്‍മ്മികതയില്‍ അറിഞ്ഞു കളിച്ച് കെ എം മാണി

Avatar

അഴിമുഖം പ്രതിനിധി

വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജി ജോണ്‍ കെ ഇല്ലിക്കാടന്റെ വിധി പ്രസ്താവം കെ എം മാണിക്കെതിരായുള്ളതാണെങ്കിലും കൊണ്ടത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കാണ്.  മുഖ്യ മന്ത്രിയുടെ മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നിലെ ശരീര ഭാഷ കണ്ടവര്‍ക്കെല്ലാം അതു കൃത്യമായി മനസ്സിലാകും. പരിഭ്രാന്തി ഉണ്ടായിരുന്നു അദ്ദേഹത്തിന്റെ മുഖത്തും വാക്കുകളിലും. മാണിയെ പ്രതിരോധിക്കാനുള്ള വെപ്രാളത്തില്‍ ഉമ്മന്‍ ചാണ്ടി മുന്നോട്ടുവച്ച ന്യായം സ്വയം എന്തു മാതൃക കാണിച്ചിട്ടാണ് മറ്റൊരാളെ ഉപദേശിക്കുന്നതെന്നായിരുന്നു. അതൊരു തരം കുറ്റസമ്മതം തന്നെയായിരുന്നു. ഇതു തന്നെയാണ് മാണി ഇത്രനാളും പിടിവള്ളിയാക്കിയും ഇനിയങ്ങോട്ട് ആക്കാന്‍ പോകുന്നതും. തനിക്കെതിരെ ഉമ്മന്‍ ചാണ്ടി കളിച്ച കളിക്ക് അതേ ഉമ്മന്‍ ചാണ്ടിയെ വച്ചു തന്നെ മാണി മറുകളി കളിക്കും; ആ കളിയില്‍ ജയിക്കുന്നത് മാണിയും ഉമ്മന്‍ ചാണ്ടിയും തോല്‍ക്കുന്നത് ജനവും ആയിരിക്കുമെന്നു മാത്രം.

അമ്പതാണ്ടിന്റെ രാഷ്ട്രീയപ്രവര്‍ത്തികള്‍ കൈമുതലുള്ളയാളാണ് മാണി. ഇതിനിടയില്‍ മാണിക്കെതിരെ ആരോപണങ്ങളൊന്നും ഉയരാതെ ഇരുന്നിട്ടുമില്ല. അതൊന്നും മാണിയുടെ രോമത്തില്‍ തൊട്ടില്ല. പക്ഷെ കരിങ്കോഴക്കല്‍ മാണി മാണിയുടെ അടിതെറ്റിച്ചത് ബാര്‍ കോഴക്കേസാണ്. മാണിയെ പോലൊരു അതികായനെ വീഴ്ത്തണമെങ്കില്‍ അല്ലെങ്കില്‍ തളര്‍ത്തണമെങ്കില്‍, അതിനു ശക്തിയുള്ള കൊടുങ്കാറ്റ് വീശണം. അങ്ങനെയൊന്നു സംഭവിച്ചതിനു പിന്നില്‍ കെ കരുണാകരനെയും എ കെ ആന്റണിയെയും പടവെട്ടി തോല്‍പ്പിച്ച അതേ ചാണക്യബുദ്ധി തന്നെയായിരുന്നു. ആ പൂട്ടില്‍ നിന്ന് അത്ര പെട്ടന്നൊന്നും ഊരിപ്പോരാന്‍ കഴിയില്ലെന്നു നന്നായി അറിയാവുന്നതുകൊണ്ട് മാണി നടത്തിയത് മറ്റൊരു തരം സൈക്കോളജിക്കല്‍ മൂവായിരുന്നു. ഒടിയനും മറുതയും ഒഴിഞ്ഞാല്‍ പലതും കൊണ്ടേ പോകൂ എന്നു പറയാറുണ്ട്. മാണി പോയാല്‍ കൂടെ ബാബുവിനെയും കൊണ്ടുപോകും, ബാബു പോയാല്‍ ഉമ്മന്‍ ചാണ്ടി വിയര്‍ക്കും. ഇപ്പോഴത്തെ അവസ്ഥ ഏതാണ്ട് അതിനടുത്തെത്തിയിരിക്കുകയാണ്.

കോണ്‍ഗ്രസില്‍ ഇല്ലാത്ത ഒന്നിനെ-ധാര്‍മികതയെ- മുന്‍നിര്‍ത്തി തന്നെ ഈ വിഷമവാസ്ഥയെ തരണം ചെയ്യാനായിരിക്കും ഇനി ശ്രമം നടത്തുക. അതിന്റെ സൂചനയാണ് മുഖ്യമന്ത്രിയുടെ വാക്കുകളില്‍ നിന്നു കേട്ടത്. പാമോയിലിന്‍ കേസില്‍ താന്‍ ചെയ്തതു തന്നെ മാണിക്കും ചെയ്യാം എന്നു മുഖ്യന്‍ പറഞ്ഞുവച്ചതില്‍, എന്തു കാണിച്ചിട്ടാണെങ്കിലും തടികഴച്ചിലാക്കിക്കോളാനുള്ള അനുവാദമാണ്. കരിങ്കോഴക്കലിലെ കാരണവര്‍ ഇനി ബാക്കി കളിച്ചോളും. ജനം ആഗ്രഹിക്കുന്നതൊന്നും നടക്കാന്‍ പോകില്ലെന്നു കൂടി മനസ്സിലാക്കിക്കോളൂ. വെറുതെ പ്രതിപക്ഷത്തെ നമ്പരുത്.

രണ്ടു നാള്‍ കഴിഞ്ഞാല്‍ തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടമാണ്. ഇത്തരമൊരു സന്നിഗ്ദ്ധാവസ്ഥയില്‍ മുന്നണിയെ പ്രതികൂലമായി ബാധിക്കുന്നൊരു കാരണമാണെങ്കില്‍ പോലും മാണിയോട് രാജി ആവശ്യപ്പെടാന്‍ യുഡിഎഫ് തയ്യാറാകില്ല. ഒന്ന്, മാണി രാജിവച്ചാല്‍, ഒരു കുറ്റക്കാരനെ ഇത്രനാളും സംരക്ഷിച്ചെന്ന ചീത്തപ്പേര് മുന്നണിക്കു വന്നുചേരും. രണ്ട്, മാണിയോട് രാജിവയ്ക്കാന്‍ പറയാനുള്ള ധാര്‍മികത യുഡിഎഫില്‍ ആര്‍ക്കുമില്ല. ആദര്‍ശധീരതയുമായി പണ്ടു പറഞ്ഞുകേട്ടിരുന്ന വി എം സുധീരനാണെങ്കില്‍ ഇതേ കുറിച്ചൊക്കെ പഠിക്കാന്‍ തുടങ്ങിയിട്ടേയുള്ളൂ. മാണിയും പിടിവള്ളിയാക്കുന്നത് ഇതു തന്നെയാണ്. യുഡിഎഫിന്റെ കീഴ് വഴക്കം തന്നെ താനും പിന്തുടരുമെന്നു പറഞ്ഞതില്‍ തന്നെ തന്റെ രാജി ആരും സ്വപ്‌നം കാണേണ്ടന്ന മുന്നറിയിപ്പാണ്. ഇതിലും വലിയതു വന്നിട്ടും ബ്ബ ബ്ബ ബ്ബ പറഞ്ഞൊഴിഞ്ഞു നില്‍ക്കുന്ന ഉമ്മന്‍ ചാണ്ടിയുള്ളപ്പോള്‍ എന്തിനു താന്‍ രാജിവയ്ക്കണം എന്നു തന്നെയാണ് മാണി ചോദിക്കുന്നതും. സ്വയം നന്നായിട്ടു പോരെ മറ്റുള്ളവനെ നന്നാക്കാന്‍ പോകാന്‍ എന്നു ഉമ്മന്‍ ചാണ്ടി ആത്മവിമര്‍ശനം നടത്തിയതും ഇതൊക്കെ കൊണ്ടാണ്.

പാമോലിന്‍ കേസില്‍ താന്‍ അഗ്നിശുദ്ധി വരുത്തിയതുപോലെ മാണിക്കും കഴിയുമെന്നാണ് അദ്ദേഹം പറയുന്നത്. സാമാന്യ രാഷ്ട്രീയബോധം ഉള്ള ഏതൊരാള്‍ക്കും പാമോലിന്‍ കേസും ബാര്‍ കോഴയും തമ്മിലുള്ള വ്യത്യാസം മനസ്സിലാകും. ടി എച്ച് മുസ്തഫയുടെ വെളിപ്പെടുത്തലിലൂടെ മാത്രമാണ് ഉമ്മന്‍ ചാണ്ടിയുടെ പേര് പാമോലിന്‍ കേസില്‍ വന്നത്. ഇവിടെ അതല്ല സ്ഥിതി. വിജിലന്‍സ് അന്വേഷണം നടത്തിയാണ് ബാര്‍ കോഴക്കേസില്‍ കെ എം മാണിക്കെതിരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പക്ഷേ വിജിലന്‍സ് എസ് പി സുകേശന്‍ മാണി സാറിനെതിരെ എഴുതിപ്പിടിപ്പിച്ചതൊക്കെ കടന്നുപോയെന്നും യഥാര്‍ത്ഥ വസ്തുതകള്‍ തങ്ങള്‍ പറയാമെന്നും പറഞ്ഞ് ഡയറക്ടര്‍ വിന്‍സണ്‍ എം പോള്‍ സാറും കൂട്ടരും വേറെ കടലാസ് എഴുതിയുണ്ടാക്കി. ആ കടലാസുകളാണ് കൈയില്‍ തന്നെ വച്ചോണ്ടാല്‍ മതിയെന്നു ഇപ്പോള്‍ കോടതി പറഞ്ഞിരിക്കുന്നത്. അവിടെയാണ് ഉമ്മന്‍ ചാണ്ടിക്ക് അടി കിട്ടിയത്. കോടതി ഇമ്മാതിരി ചതി കാണിക്കുമെന്നു മുഖ്യന്‍ കരുതിയില്ല. എല്ലാം പാമോലിന്‍ അല്ലല്ലോ? അന്നായിരുന്നേല്‍ ജഡ്ജിയെ തെറി പറഞ്ഞോടിക്കാന്‍ കൂട്ടത്തില്‍ പി സി ഉണ്ടായിരുന്നു. ഇന്നിപ്പോള്‍ ആ കൈത്താങ്ങുമില്ല. അതാണ് പറഞ്ഞത്, വടിയോങ്ങിയിരിക്കുന്നത് മണി സാറിനിട്ടാണെങ്കിലും അടി കൊണ്ടത് ഉമ്മന്‍ ചാണ്ടി സാറിനാണെന്ന്.

ഇതിനിടയില്‍ ഒരു വെടി രമേശ് ചെന്നിത്തല പൊട്ടിച്ചു കഴിഞ്ഞു. വിന്‍സന്‍ എം പോള്‍ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനം ഒഴിഞ്ഞതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ചെന്നിത്തല മറുപടി പറഞ്ഞത് ധാര്‍മികതയെ മുന്‍നിര്‍ത്തിയാണ്. ധാര്‍മികത ഉള്ളവര്‍ സ്ഥാനം ഒഴിയുമെന്ന കൊട്ടു ചെന്നിത്തല കൊടുത്തത് മാണിക്കിട്ടും ഉമ്മന്‍ ചാണ്ടിക്കിട്ടുമാണ്. ഇപ്പോള്‍ എറിഞ്ഞ ഈ ധാര്‍മികതാവിത്തുകള്‍ ഉടനടി കൊയ്യാന്‍ രമേശിനു കഴിയില്ലെങ്കിലും അടുത്ത നിയമസഭ തെരഞ്ഞെടുപ്പിലേക്ക് വിത്തുകള്‍ മുളച്ചു പൊങ്ങുമെന്നു തന്നെ കരുതാം. ഉമ്മന്‍ ചാണ്ടിയെ കൊയ്‌തെടുക്കാന്‍ കാത്തിരിക്കുന്നവരെല്ലാം അന്നു വരമ്പത്തുനിന്നിറങ്ങിയാല്‍ ചെന്നിത്തല വിയര്‍ക്കുമെന്നു മാത്രം.

മറ്റുള്ളവരെയെല്ലാം കൊയ്തു മുന്നേറിയിരുന്ന ഉമ്മന്‍ ചാണ്ടി ഇനി ശരിക്കും ബുദ്ധിമുട്ടും. മറുകണ്ടം ചാടുമെന്നൊരു ഘട്ടത്തിലാണ് മാണിയെ തളച്ചതെന്നു പറയുന്നുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ ബാര്‍ മുതലാളിമാരെന്ന അക്ഷയഖനിയില്‍ തട്ടിയാണ് മാണിയെ ഉമ്മന്‍ ചാണ്ടി വെട്ടില്‍ വീഴ്ത്തുന്നത്. താനറിയാതെ നിങ്ങള്‍ കാശു വാങ്ങിയില്ലേ എന്ന രോഷവുമായി മന്ത്രിസഭായോഗത്തിനെത്തിയ മാണിയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുകൊണ്ടാണ് എല്ലാ ബാറുകളും പൂട്ടിക്കോളാന്‍ മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്. ഇക്കാര്യത്തില്‍ സുധീരന്റെ സമ്മര്‍ദ്ദവും ഉമ്മന്‍ ചാണ്ടിക്കുമേലുണ്ടായിരുന്നു. സുധീരന്‍ ഉമ്മന്‍ ചാണ്ടിക്കു മുന്നില്‍ കളമറിഞ്ഞു കളിച്ചു ജയിച്ച ഒരേയൊരു സന്ദര്‍ഭവും അതായിരുന്നു. ഇതേ തുടര്‍ന്നാണ് ബിജു രമേശ് എന്ന ബോംബ് മാണിയുടെ മേല്‍ വീഴുന്നതും. ബിജു രമേശിനെ കളത്തിലിറക്കുന്നതിലും ഉമ്മന്‍ ചാണ്ടിക്കു പങ്കുണ്ട് എന്നാണ് അണിയറ സംസാരം. മാണിക്കു കാശു കൊടുത്തതിന്റെയും വാങ്ങിയതിന്റെയുമൊക്കെ തെളിവുകള്‍ ക്ലിഫ് ഹൗസില്‍ കിട്ടിയിരുന്നതുകൊണ്ട് എറിയുന്ന കുരുക്കില്‍ മാണി സാറ് കുരുങ്ങുമെന്ന് ഉമ്മന്‍ ചാണ്ടിക്കുറപ്പുണ്ടായിരുന്നു. ആ കരുക്കില്‍ വീഴ്ത്തിയാണ് മുഖ്യമന്ത്രി സ്ഥാനം എന്ന അത്യാഗ്രഹത്തെ ചവച്ചു തുപ്പിച്ചതും തന്റെ കൂടെ തളച്ചിട്ടതും. എന്നാല്‍ ഇപ്പോള്‍ കളി മാറി. ഇനി കെ എം മാണിയെ സംരക്ഷിക്കേണ്ട ബാധ്യത ഉമ്മന്‍ ചാണ്ടിക്കാണ്. പേര് ഉമ്മന്‍ ചാണ്ടി എന്നായതുകൊണ്ട് ആ കാര്യം ഭംഗിയായി തന്നെ അദ്ദേഹം ചെയ്യുമെന്നു വിശ്വസിച്ച് ജനാധിപത്യവിശ്വാസികള്‍ക്ക് കണ്ണടച്ചു പ്രാര്‍ത്ഥിക്കാം( ഇടയ്ക്ക് ഇങ്ക്വിലാബ് സിന്ദാബാദ് വിളികള്‍ കേട്ട് വെറുതെ കണ്ണു തുറന്നേക്കരുത്).

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍