UPDATES

ട്രെന്‍ഡിങ്ങ്

കെപിസിസി അധ്യക്ഷന്‍; സമ്പൂര്‍ണ വിജയമാണ് ഉമ്മന്‍ ചാണ്ടി ആഗ്രഹിക്കുന്നത്

തിരഞ്ഞെടുപ്പ് നടന്നാലും തനിക്കു വിജയിക്കാന്‍ കഴിയുമെന്ന ഉത്തമ വിശ്വാസം ചാണ്ടിക്കുണ്ട് .

കെ എ ആന്റണി

കെ എ ആന്റണി

കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ ആര് നയിക്കണം എന്ന കാര്യത്തില്‍ കേന്ദ്ര നേതൃത്തിന് രണ്ടഭിപ്രായം ഇല്ല. ഉമ്മന്‍ ചാണ്ടിയുടെ പേരാണ് അവര്‍ മുന്നോട്ട് വെക്കുന്നത്. കേരള നേതാക്കള്‍ക്കിടയിലും (ഗ്രൂപ്പ് വ്യത്യാസമില്ലാതെ) ഇതേ അഭിപ്രായം ശക്തമാണ്. സത്യത്തില്‍ ഉമ്മന്‍ ചാണ്ടിക്കും കെ പി സി സി അധ്യക്ഷന്‍ ആവുന്നതില്‍ വിരോധമില്ലെന്ന് മാത്രമല്ല പൂര്‍ണ സമ്മതവും ആണെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എങ്കില്‍ പിന്നെ ഉമ്മന്‍ ചാണ്ടിക്ക് കെ പി സി സി അധ്യക്ഷ സ്ഥാനം അങ്ങ് ഏറ്റെടുത്തുകൂടെ എന്ന് ചോദിക്കുന്നവരുണ്ടാകാം. അങ്ങനെ അങ്ങ് ചാടിക്കയറി പ്രസിഡഡന്ടാകാന്‍ ഉമ്മന്‍ ചാണ്ടി തയ്യാറല്ല തന്നെ. ഇതിനുള്ള കാരണങ്ങള്‍ രണ്ടാണ്. ഒന്ന്, സുധീരനെ പുകച്ചു പുറത്തു ചാടിച്ചത് തനിക്കു പ്രസിഡന്റ് ആകാന്‍ വേണ്ടി ആയിരുന്നുവെന്ന വ്യാഖ്യാനം ഉണ്ടാകും എന്നത് തന്നെ ഇതില്‍ പ്രധാനം. സംഘടന തെരഞ്ഞെടുപ്പ് എന്ന ആവശ്യം ആദ്യം ഉന്നയിച്ചതും ഉമ്മന്‍ ചാണ്ടിയാരുന്നല്ലോ. ആ നിലക്ക് ഒരു തിരഞ്ഞെടുപ്പിലൂടെ അല്ലാതെ സമവായത്തിലൂടെ സംഘടനയുടെ തലപ്പത്ത് എത്താന്‍ ചാണ്ടിക്ക് താലപര്യം പോരാ.

രണ്ടാമത്തെ കാരണം കെപിസിസി പ്രസിഡന്റ് പദവി അടുത്ത തവണ യുഡിഎഫ് അധികാരത്തില്‍ എത്തുമ്പോള്‍ മുഖ്യമന്ത്രി ആകുന്നതിനു തടസമാകുമോ എന്നത് തന്നെ. ഉമ്മന്‍ ചാണ്ടി പാര്‍ട്ടിയെയും രമേശ് ചെന്നിത്തല സര്‍ക്കാരിനെയും നയിക്കട്ടെ എന്നൊരു നിര്‍ദ്ദേശം ഹൈക്കമാന്‍ഡില്‍ നിന്നും ഉണ്ടായാല്‍ എന്ത് ചെയ്യും എന്നൊരു ആശങ്ക വളരെ മുന്‍പേ ചാണ്ടിക്ക് ഉണ്ടായിരുന്നു. എന്നാല്‍ ഈ ആശങ്ക ചാണ്ടിക്ക് ഇപ്പോള്‍ ഇല്ലെന്നാണ് സൂചന. പിന്നീടുള്ള കാര്യങ്ങള്‍ അപ്പോള്‍ നോക്കാം എന്നൊരു തീരുമാനത്തില്‍ അദ്ദേഹം എത്തിക്കഴിഞ്ഞു എന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

എല്‍ഡിഎഫിലേതുപോലല്ല യു ഡി എഫില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്. ഘടക കക്ഷികള്‍ക്കും (പ്രത്യേകിച്ച് മുസ്ലിം ലീഗിന്) കൂടി സമ്മതനായ ആളെയാണ് മുഖ്യമന്ത്രിയായാക്കുക. പാര്‍ട്ടിക്കുള്ളില്‍ മുഖ്യമന്ത്രി ആരാവണമെന്ന കാര്യത്തില്‍ തര്‍ക്കം ഉണ്ടാകുന്ന വേളകളില്‍ ഈ തന്ത്രം ആണ് പയറ്റാറുള്ളത്. ലീഗിന് മറ്റേതു കോണ്‍ഗ്രസ് നേതാവിനെക്കാളും ഉമ്മന്‍ ചാണ്ടിയോടാണ് അടുപ്പം എന്നത് അത്ര രഹസ്യമായ കാര്യമൊന്നും അല്ല. അതുകൊണ്ടു തന്നെ മുഖ്യമന്ത്രി പ്രശ്നം ഉയരുന്ന ഘട്ടത്തില്‍ ലീഗിന്റെ പിന്തുണ ഉറപ്പുവരുത്താന്‍ ചാണ്ടിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാന്‍ ഇടയില്ല.

എന്നുകരുതി തിരഞ്ഞെടുപ്പ് നടക്കട്ടെ എന്ന തന്റെ മുന്‍ നിലപാട് വെടിഞ്ഞ് ചാടിക്കയറി കെപിസിസി അധ്യക്ഷന്‍ ആവാനൊന്നും ഉമ്മന്‍ ചാണ്ടി തുനിയുമെന്ന് കരുതാന്‍ വയ്യ. തിരഞ്ഞെടുപ്പ് നടന്നാലും തനിക്കു വിജയിക്കാന്‍ കഴിയുമെന്ന ഉത്തമ വിശ്വാസം ചാണ്ടിക്കുണ്ട്. തിരഞ്ഞെടുപ്പിലൂടെ അധ്യക്ഷ സ്ഥാനത്ത് എത്തിയാല്‍ അതിന്റെ തിളക്കം ഏറെയാണെന്നും ചാണ്ടിക്കറിയാം. ഇന്ന് കെപിസിസിയുടെ സംയുക്ത സമ്മേളനം തിരുവനന്തപുരത്തു നടക്കുന്നുണ്ട്. ഡി സി സി അധ്യക്ഷന്മാരും പോഷക സംഘടന നേതാക്കളും പങ്കെടുന്ന ഈ യോഗത്തിന്റെ പ്രധാന അജണ്ട പാര്‍ട്ടി പുനഃസംഘടന സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുക എന്നതാണ്. ഈ യോഗത്തില്‍ ഉമ്മന്‍ ചാണ്ടി വിഷയം ചര്‍ച്ചക്ക് വരുമോ എന്ന് വ്യക്തമല്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍