UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അവസാനവര്‍ഷം മുഖ്യമന്ത്രിയാകാന്‍ രമേശ്; അങ്ങനെയെങ്കില്‍ ഇപ്പോള്‍ തന്നെ രാജിവെച്ചേക്കാമെന്ന് ഉമ്മന്‍ ചാണ്ടി

Avatar

പി.കെ ശ്യാം

മുപ്പതുകോടിയിലേറെ രൂപയുടെ ബാർ കോഴയിടപാടും 660 കോടിയുടെ ദേശീയ ഗെയിംസ് നടത്തിപ്പിലെ ക്രമക്കേടുകളും ആളിക്കത്തുന്നതിനിടെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് ഉമ്മൻചാണ്ടിയെ വലിച്ചിടാൻ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ തലസ്ഥാനത്ത് കൊടുമ്പിരികൊണ്ട രാഷ്ട്രീയകരുനീക്കങ്ങൾ സജീവമാണെന്ന് ചില മലയാള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സോളാ‌ർ മുതൽ ദേശീയ ഗെയിംസ് വരെയുള്ള വിവാദ പരമ്പരകളിൽ പ്രതിച്ഛായ നഷ്‌ടപ്പെട്ട യു.ഡി.എഫ് സർക്കാരിന് പുതിയമുഖം നൽകാൻ സർക്കാരിന്റെ അവസാനവർഷം തന്നെ മുഖ്യമന്ത്രിയാക്കണമെന്നാണ് രമേശിന്റെ ആവശ്യം. എന്നാൽ രമേശിന്റെ നീക്കം മണത്തറിഞ്ഞ ഉമ്മൻചാണ്ടി ‘അവസാനവർഷമാക്കേണ്ട, ഇപ്പോൾതന്നെ രാജിവച്ചേക്കാം’ എന്നുപറഞ്ഞ് ഡൽഹിയിൽ രാജിക്കൊരുങ്ങിയതായാണ് വിവരം. ഇതോടെ ഹൈക്കമാൻഡ് ഇടപെട്ട് താത്കാലികമായി രംഗം ശാന്തമാക്കുകയായിരുന്നു. 

മെഹ്‌റോളി മണ്ഡലത്തിലെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി സത്ബീര്‍ സിംഗിന്റെ പ്രചരണത്തിനായി കഴിഞ്ഞയാഴ്‌ച ഡൽഹിയിലെത്തിയ ഉമ്മൻചാണ്ടിയുടെ പ്രധാനലക്ഷ്യം തനിക്കെതിരേയുള്ള രമേശിന്റെ നീക്കം പൂർണമായി ഇല്ലാതാക്കുകയായിരുന്നു. ഒരുപരിധിവരെ നീക്കം വിജയിച്ചെങ്കിലും കരുനീക്കങ്ങൾ പൂർണമായി വെട്ടാൻ മുഖ്യമന്ത്രി തിങ്കളാഴ്‌ച വീണ്ടും ഡൽഹിയിൽ പോവുകയാണ്. പൊട്ടിത്തെറി ഒഴിവാക്കി ഒത്തുതീർപ്പ് ചർച്ചകൾക്ക് ഹൈക്കമാൻഡ് മുഖ്യമന്ത്രിയെ വിളിപ്പിച്ചതായാണ് അറിയുന്നത്. എന്നാൽ ഡൽഹി തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് രണ്ടാംവട്ടവും ഡൽഹിക്കുപോകുന്നതെന്നാണ് മുഖ്യമന്ത്രിയോട് അടുത്തവൃത്തങ്ങൾ പറയുന്നത്.

കേരളമൊന്നാകെ കോഴക്കഥകൾ കേട്ട് ഞെട്ടിത്തരിച്ചിരിക്കുമ്പോഴാണ് സിനിമാക്കഥയെ വെല്ലുന്ന തിരക്കഥയോടെ രാഷ്ട്രീയ അട്ടിമറി നാടകം തലസ്ഥാനത്ത് അരങ്ങുതകർത്തത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേല്‍ മുഖേനയാണ് രമേശ് കളിച്ചത്. സർക്കാരിന് പ്രതിച്ഛായയുണ്ടാക്കാനും പുതിയ മുഖവുമായി തിരഞ്ഞെടുപ്പിനെ നേരിടാനുമുള്ള രമേശിന്റെ പദ്ധതി പട്ടേൽ സോണിയയ്ക്ക് മുന്നിലെത്തിച്ചു. കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ഉപദേശകവൃന്ദം വഴിയും രമേശ് കാര്യങ്ങൾ അനുകൂലമാക്കാൻ നീക്കം തുടങ്ങിയിരുന്നു. പക്ഷേ കേന്ദ്രത്തിൽ രമേശ് നടത്തുന്ന കളികളെല്ലാം അടുത്തിടെ കേരളത്തിലെത്തിയ ഒരു എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടിക്ക് അപ്പപ്പോൾ ചോർത്തിക്കൊടുത്തിരുന്നു. ഇതോടെ എ ഗ്രൂപ്പ് മാനേജർമാർ ഡൽഹിയിൽ ഉമ്മൻചാണ്ടിക്കായി രംഗത്തിറങ്ങി. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ രാജ്യം മുഴുവൻ കോൺഗ്രസ് ഒലിച്ചുപോയിട്ടും കേരളത്തിൽ മാത്രം പിടിച്ചുനിൽക്കാനായത് ഉമ്മൻചാണ്ടിയുടെ സർക്കാരിൽ കേരളജനതയ്ക്കുള്ള വിശ്വാസവും പ്രതീക്ഷയും കൊണ്ടാണെന്ന് ഹൈക്കമാൻഡിനു മുന്നിൽ ഉദാഹരണസഹിതം സമർത്ഥിച്ചെടുക്കാൻ എ ഗ്രൂപ്പ് മാനേജർമാർക്ക് കഴിഞ്ഞു. ഇതോടെ മുഖ്യമന്ത്രിക്കസേരയിൽ തനിക്കുനേരേയുയർന്ന ഭീഷണി ഏതാണ്ട് ഇല്ലാതാക്കാൻ ഉമ്മൻചാണ്ടിക്ക് കഴിഞ്ഞു.

മുഖ്യമന്ത്രിയുടെ വലംകൈയ്യായ എറണാകുളം ജില്ലയിൽ നിന്നുള്ള ഒരു മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലെ പ്രമുഖനാണ് രമേശിനു വേണ്ടി തലസ്ഥാനത്ത് കരുനീക്കങ്ങൾ നടത്തിയത്. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായപ്പോൾ പേഴ്സണൽ സ്റ്റാഫിലെ പ്രധാനസ്ഥാനം തരപ്പെടുത്താൻ ആഞ്ഞുശ്രമിച്ചെങ്കിലും നടക്കാതെ വന്നയാളാണ് ഇദ്ദേഹം. അൽപ്പം വൈകിയാണെങ്കിലും കാര്യങ്ങൾ മണത്തറിഞ്ഞ ഉമ്മൻചാണ്ടി തനിക്കെതിരേയുള്ള കരുനീക്കങ്ങൾ നിഷ്‌പ്രഭമാക്കാൻ മറുകളി തുടങ്ങുകയായിരുന്നുവെന്നും വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

 

(മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)

 

*Views are personal

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍