UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സരിതയുടെ അപൂര്‍ണ മൊഴികളെ വിശ്വസിക്കരുത്: ഉമ്മന്‍ചാണ്ടി

അഴിമുഖം പ്രതിനിധി

സോളാര്‍കേസിന്റെ പേരും പറഞ്ഞു തനിക്കെതിരെ മുറവിളികൂട്ടുന്ന പ്രതിപക്ഷത്തിന്റെ നിലപാടുകള്‍ ജനം പുച്ഛിച്ചു തള്ളുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

സരിതയുടെ മൊഴികള്‍ അപൂര്‍ണമാണെന്നും അത് മുതലെടുത്ത് അതിനു പുറകെ പോയാല്‍ പ്രതിപക്ഷം വെള്ളത്തിലാകും എന്നും അദ്ദേഹം പറഞ്ഞു. താന്‍ 14 മണിക്കൂര്‍ സോളാര്‍ കമ്മീഷന് മുന്നില്‍ ഇരുന്ന ആളാണ്. എന്നാല്‍ സരിതയുടെ അഭിഭാഷകന്‍ ഒരു ചോദ്യം പോലും തന്നോട് ചോദിച്ചില്ല. രാഷ്ട്രീയലാഭത്തിന് വേണ്ടി അപവാദങ്ങള്‍ക്ക് പുറകെ പോകുന്ന പ്രതിപക്ഷത്തിന്റെ നിലപാട് തന്നെ വേദനിപ്പിച്ചു. ഒരു മുഖ്യമന്ത്രി എന്നതുവിട്ട് ഒരു പൊതുപ്രവര്‍ത്തകനാണെന്ന പരിഗണന പോലും പ്രതിപക്ഷം കാണിച്ചില്ല. സരിതയ്ക്ക് സി.പി.ഐ.എം 10 കോടി രൂപ നല്‍കിയെന്ന ആരോപണം ഭരണപക്ഷം എന്തുകൊണ്ടാണ് ആയുധമാക്കാത്തതെന്ന് പ്രതിപക്ഷം ചിന്തിക്കണം എന്നും അദ്ദേഹം പറഞ്ഞു.

സ്റ്റേയുടെ ബലത്തില്‍ നിലനില്‍ക്കുന്ന സര്‍ക്കാരാണിതെന്ന കോടിയേരിയുടെ പരിഹാസത്തിനു സ്റ്റേയുടെ ബലത്തില്‍ നില്‍ക്കുന്നത് ആരാണെന്ന് ഞാന്‍ പറയുന്നില്ല എന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ മറുപടി. സോളാര്‍ കേസുമായി ബന്ധപ്പെട്ട ഒരു തെളിവും നശിപ്പിക്കപ്പെട്ടിട്ടില്ല. താന്‍ അന്വേഷണങ്ങളില്‍ നിന്ന് ഒളിച്ചോടിയതുമില്ല, എല്ലാവരുടെയും ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കും എന്നത് തന്നെയായിരുന്നു തന്റെ നിലപാടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

സര്‍ക്കാര്‍ ജനാധിപത്യ മൂല്യങ്ങളേയും നിയമവ്യവസ്ഥയേയും കാറ്റില്‍പ്പറത്തിയെന്നും മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ മൊഴികള്‍ മാറ്റാന്‍ ശ്രമിച്ചുവെന്നും കോടിയേരി ആരോപിച്ചു. സരിത സോളാര്‍ കമ്മീഷന് നല്‍കിയ മൊഴികള്‍ ഇതാണ് വെളിവാക്കുന്നത്. മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ മൊഴികള്‍ മാറ്റാന്‍ ശ്രമിച്ചു. ധാര്‍മികതയും ജനാധിപത്യ മൂല്യങ്ങളും മുഖ്യമന്ത്രിക്കില്ല. അഴിമതിക്കേസില്‍ അകപ്പെട്ട മുഖ്യമന്ത്രിയും മന്ത്രിമാരും കച്ചിത്തുരുമ്പില്‍ പിടിച്ച് തൂങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍