UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആദർശ കോണ്‍ഗ്രസ് ഉമ്മൻ ചാണ്ടിയെ പൊളിച്ചടുക്കുമോ?

Avatar

രാകേഷ് നായര്‍

അസ്ത്രങ്ങളൊഴിയാത്ത ആവനാഴി കിട്ടിയിട്ടും അര്‍ജ്ജുനന്‍ എല്ലാ ദിവസവും യുദ്ധം ചെയ്തിരുന്നില്ല. അസ്ത്രങ്ങള്‍ക്ക് പകരം തന്ത്രങ്ങളൊഴിയാത്ത ആവനാഴി സ്വായത്തമാക്കിയ ഉമ്മന്‍ ചാണ്ടിക്കാണെങ്കില്‍ യുദ്ധമൊഴിഞ്ഞിട്ട് നേരവുമില്ല. ഒന്നിനു പുറകെ ഒന്നായി തനിക്കെതിരെ നീളുന്ന നീക്കങ്ങളെ സമര്‍ത്ഥമായി എയ്ത് വീഴ്ത്തിത്തന്നെയാണ് ഇക്കാലമത്രയും ഉമ്മന്‍ ചാണ്ടി എന്ന കോണ്‍ഗ്രസുകാരന്‍ തന്റെ കളം കാത്തത്. എവിടെയങ്കിലും പിഴച്ചാല്‍ അത് അവസാനമാണെന്ന് മറ്റാരേക്കാളും നന്നായി ഉമ്മന്‍ ചാണ്ടിക്ക് അറിയാം. അതുകൊണ്ടാണ് ജയിക്കാന്‍ മാത്രമായി അദ്ദേഹം കളിക്കുന്നത്.

മുഖ്യമന്ത്രിയെന്ന നിലയില്‍ ഉമ്മന്‍ ചാണ്ടി കഴിഞ്ഞ കാലങ്ങളില്‍ നിരവധി ആരോപണങ്ങളും ആക്ഷേപങ്ങളുമാണ് നേരിട്ടത്. പാമോലിന്‍ കേസിലും സോളാര്‍ തട്ടിപ്പ് കേസിലും ഒടുവിലായി ബാര്‍ പ്രശ്‌നത്തിലും ആദ്യം പ്രതിക്കൂട്ടിലാവുകയും പിന്നെ എതിരാളികളെപ്പോലും അമ്പരപ്പിച്ച് വിജയം കൈവരിക്കുകയും ചെയ്ത ഉമ്മന്‍ ചാണ്ടിക്ക് നേരിടാനുള്ള അടുത്ത വെല്ലുവിളിയാണ്  ടൈറ്റാനിയം അഴിമതി സംബന്ധിച്ച വിജിലന്‍സ് കോടതി വിധി.

തിരുവനന്തപുരം ടൈറ്റാനിയത്തില്‍ നടന്നു എന്നാരോപിക്കപ്പെടുന്ന 360 കോടിയുടെ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് എന്നിവരുള്‍പ്പെടെ പതിനൊന്ന് പേരെ പ്രതികളാക്കി കേസെടുത്ത് അന്വേഷിക്കാനാണ് വിജിലന്‍സ് പ്രത്യേക കോടതി ഉത്തരവിട്ടിരിക്കുന്നത്. ഈ ഉത്തരവ് വന്നതിനു തൊട്ടുപിന്നാലെ പ്രതിപക്ഷം ആചാരം തെറ്റിക്കാതെ ഉമ്മന്‍ ചാണ്ടിയുടെ രാജി ആവശ്യപ്പെടുകയും പതിവുപോലെ സ്വന്തം പാര്‍ട്ടിക്കാര്‍ കോണ്‍ഗ്രസുകാരുടെ തനിസ്വഭാവം കാണിക്കുകയും ചെയ്തു. എന്നാല്‍ കോടതി വിധി പരാമര്‍ശിച്ച് മാധ്യമപ്രവര്‍ത്തകര്‍ നേരിട്ടപ്പോള്‍ കണ്ട മുഖ്യമന്ത്രിയുടെ ശരീരഭാഷ ഫോം മങ്ങാത്തൊരു കളിക്കാരന്റെതായിരുന്നു. ഗോളിയും ഗോളടിക്കാരനും താന്‍ തന്നെയാണെന്ന് പന്തുമായി വരുന്ന എതിര്‍ കളിക്കാരോടെല്ലാം പറഞ്ഞുവയ്ക്കുന്ന ശരീരഭാഷ. പതിവുപോലെ താന്‍ പരിശുദ്ധനാണെന്ന വചനപ്രഘോഷണമാണ് മുഖ്യമന്ത്രി ഇക്കുറിയും നടത്തിയിരിക്കുന്നത്. രാജി വെക്കില്ല എന്ന് ഉറപ്പിച്ച് പറഞ്ഞ മുഖ്യമന്ത്രി പാമോലിന്‍ കേസില്‍ താന്‍ രാജി വച്ചിരുന്നെങ്കില്‍ മണ്ടനായിപ്പോകുമായിരുന്നില്ലേ എന്നാണ് മാധ്യമങ്ങളോട് ചോദിച്ചത്. താന്‍ തൊഴിലാളികളെ രക്ഷിക്കാനാണ് ശ്രമിച്ചതെന്നും ടൈറ്റാനിയവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ നടന്നതും നഷ്ടം സംഭവിച്ചതും ഇടതു സര്‍ക്കാരിന്റെ കാലത്താണെന്നും ഉമ്മന്‍ ചാണ്ടി സ്ഥാപിച്ചു. പുരാതനമായൊരു വ്യവസായ സ്ഥാപനം കാടുപിടിച്ചുപോകരുതെന്നു കരുതിയതുമാത്രമാണത്രെ അദ്ദേഹം ചെയ്ത തെറ്റ്! മാത്രമല്ല രമേശ് ചെന്നിത്തലയുടെ ശക്തനായ വക്കീലായും പ്രത്യക്ഷപ്പെടുകയാണ് ഉമ്മന്‍ ചാണ്ടി.  

ടൈറ്റാനിയം മലിനീകരണ നിയന്ത്രണ പ്ലാന്റ് സ്ഥാപിച്ചതില്‍ അഴിമതി നടന്നിട്ടുണ്ടെന്നും അതില്‍ ആരൊക്കെ പങ്കാളികളായിട്ടുണ്ടെന്നും അരിയാഹാരം കഴിക്കുന്ന ആര്‍ക്കും മനസ്സിലാക്കാവുന്നതെയുള്ളൂ. ഉദ്യോഗസ്ഥരുടെ തീരുമാനം മാത്രമല്ല നടന്നിരിക്കുന്നത്. വ്യക്തമായ രാഷ്ട്രീയ ഇടപെടലുകളും നടന്നിട്ടുണ്ട്. വെറും അമ്പത്തിയൊമ്പത് കോടിരൂപയുടെ ആസ്തി മാത്രമുണ്ടായിരുന്ന സമയത്താണ് ടൈറ്റാനിയത്തില്‍ മലിനീകരണ പ്ലാന്റ് സ്ഥാപിക്കാന്‍ തീരുമാനമെടുക്കുന്നത്. മാലിന്യ നിര്‍മ്മാര്‍ജ്ജന പ്ലാന്റ് സ്ഥാപിക്കാന്‍ ഇന്ത്യന്‍ കമ്പനിയായ ഫെഡോ ടൈറ്റാനിയത്തെ സമീപിക്കുകയും ചെയ്തു. എന്നാല്‍ ഫെഡോയുടെ വാഗ്ദാനം എന്തുകൊണ്ട് നിരസിക്കപ്പെട്ടു? പകരം വിദേശ കമ്പനിയായ ചെമ്മറ്റൂര്‍ ഇക്കോ പ്ലാനിംഗിന് കരാര്‍ കൊടുക്കാന്‍ തീരുമാനമെടുത്തത് ഉദ്യോഗസ്ഥര്‍ മാത്രമായിട്ടല്ലല്ലോ. 375 കോടിക്കാണ് ആ കരാര്‍ നല്‍കിയതെന്നും ഓര്‍ക്കണം. ഈ വിദേശ കമ്പനി പ്ലാന്റ് നിര്‍മാണത്തിന്റെ മൂന്നാം ഘട്ടത്തില്‍മാത്രം ഉപയോഗിക്കേണ്ട യന്ത്രസാമഗ്രികള്‍ ആദ്യം തന്നെ ഇറക്കുമതി ചെയ്യുകയും അതിനായി 145 കോടി കൈപ്പറ്റുകയും ചെയ്തു. ഈ തുക കൈയില്‍ കിട്ടിയ ഉടനെ അവര്‍ മെക്കോണ്‍ എന്ന ഇന്ത്യന്‍ കമ്പനിക്ക് പ്ലാന്റ് നിര്‍മാണ കരാര്‍ മറിച്ചു നല്‍കി സ്ഥലം വിടുകയും ചെയ്തു. മെക്കോണാകട്ടെ പ്ലാന്റ് നിര്‍മ്മാണ മേഖലയില്‍ സാങ്കേതിക വൈദഗ്ദ്ധ്യമില്ലാത്ത കമ്പനിയാണെന്ന് പിന്നീട് മനസ്സിലായി. അതിനകം അവര്‍ പണി എങ്ങിനെയൊക്കെയോ തട്ടിക്കൂട്ടി പൂര്‍ത്തിയാക്കി കിട്ടാനുള്ള 247 കോടി രൂപയും വാങ്ങിച്ചെടുത്തു. ഇതെല്ലാം ആരോപണങ്ങളാണെന്ന് സമര്‍ത്ഥിക്കുന്നവരില്‍ അന്വേഷം നടത്തി സത്യമെന്താണെന്ന് പുറത്ത് കൊണ്ടുവരേണ്ട ബാധ്യതയും നിക്ഷിപ്തമാണ്. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയും വ്യവസായ മന്ത്രിയായിരുന്ന വി കെ ഇബ്രാഹിം കുഞ്ഞുമൊക്കെ ഇത്തരമൊരു പ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക താല്‍പര്യം കാണിച്ചതായി ആരോപണമുണ്ട്. മുഖ്യമന്ത്രിക്ക് കീഴിലുള്ള പബ്ലിക് എന്റര്‍പ്രൈസസ് ബോര്‍ഡ് യാതൊരു ചര്‍ച്ചകളും നടത്താതെയാണ് കരാര്‍ നല്‍കാന്‍ തിടുക്കം കാണിച്ചത്. ഈ സാഹചര്യത്തിലാണ് അഴിമതിയുടെ മലിനഗന്ധം ഉമ്മാന്‍ ചാണ്ടിയില്‍ നിന്നും വമിക്കുന്നുണ്ടോ എന്നറിയാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

പന്തിപ്പിപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ പകുതിയിലാണ്. തഴക്കം വന്ന ഫോര്‍വേഡുകള്‍ പന്തു കാലില്‍ കിട്ടാന്‍ പരക്കം പായുന്നുണ്ട്. തന്റെ ടീമിന്റെ ജേഴ്‌സിയിട്ടവരും ആ കൂട്ടത്തിലുണ്ടെന്ന് ഉമ്മന്‍ ചാണ്ടിക്കറിയാം. ബാറിന്റെ കളിയില്‍ ആരോടും ചോദിക്കാതെ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം തട്ടിയെടുത്തതിന്റെ കെറുവ് ഇന്ദിരാഭവനില്‍ കിടന്ന് തിളച്ച് മറിയുന്നുണ്ട്. തങ്ങളെ സൈഡ് ബഞ്ചിലിരുത്തിക്കളഞ്ഞതിന്റെ പിണക്കം ഇത്രയും നാള്‍ ഒപ്പം കളിക്കാനുണ്ടായിരുന്നവരില്‍ ചിലര്‍ക്കുമുണ്ട്. ശത്രുക്കളുടെ ആക്രമണം കണക്കുകൂട്ടാം, മിത്രങ്ങളുടെ കാലുവാരലാണ് പ്രതീക്ഷിക്കാന്‍ പറ്റാത്തത്. അതിനാല്‍ ഈ കളിയില്‍ ഉമ്മന്‍ചാണ്ടി ഒന്നു പരുങ്ങിയേക്കാം. ബാര്‍ വിവാദത്തില്‍ യുഡിഎഫ് ഒന്നാകെ ഉലഞ്ഞിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ ചെയ്തി ബഹുഭൂരിപക്ഷത്തിനും സുഖിച്ചിട്ടില്ല. എന്നാല്‍ പരസ്യമായിട്ട് എതിര്‍ക്കാനും വയ്യ. ധാര്‍മ്മികതയുടെ പ്രശ്‌നമാണ്. അതിനാലാണ് പലരും അമര്‍ഷവും വേദനയും ഉള്ളിലൊതുക്കിയത്. അവര്‍ കാത്തിരുന്നതും ഉമ്മന്‍ ചാണ്ടിയുടെ ഗ്രഹണകാലമാകണം. അതിപ്പോള്‍ ഒത്തുവന്നിരിക്കുകയാണ്. വിഷമുള്ള നീര്‍ക്കോലികള്‍ പത്തിവിടര്‍ത്താന്‍ തയ്യാറെടുത്തിരിക്കുന്നു. അവരുടെ താവളം ഇന്ദിരാഭവനാണെന്ന് ഉമ്മന്‍ ചാണ്ടിക്ക് നന്നായിട്ടറിയാം. എന്നാല്‍ ഏറ്റുമുട്ടലിനുള്ള സമയമല്ല, പകരം സമരസപ്പെടലാണ് നല്ലതെന്ന ചിന്തയിലേക്ക് ഉമ്മന്‍ ചാണ്ടി മാറും.

സുധീരനുമായി ഉമ്മന്‍ ചാണ്ടിക്കുള്ള ബന്ധം അച്ചുതാനന്ദന് പിണറായിയോടുള്ളതുപോലെയാണെന്ന് വ്യക്തമാണ്. എന്നാല്‍ പാര്‍ട്ടിയോട് സഹകരിക്കാതെ മുന്നോട്ട് പോകുന്നത് നല്ലതല്ലെന്ന് ഉമ്മന്‍ ചാണ്ടിയെന്ന തന്ത്രശാലിക്ക് ആരും പറഞ്ഞുകൊടുക്കേണ്ടതില്ല. എന്നാല്‍ അവിടെയൊരു പേടി കിടപ്പുണ്ട്. അവസരം മുതലെടുക്കാന്‍ സുധീരന്‍ ശ്രമിക്കുമോയെന്ന പേടി. ഉമ്മന്‍ ചാണ്ടിയുടേത് ഒറ്റയാള്‍ പോരാട്ടമാണ്. ഏതാനുംപേര്‍ കൂടെയുണ്ടെന്ന് പറയാം. അവരല്ലാതെ ഹൈ ടീമൊന്നും തനിക്കൊപ്പം നില്‍ക്കില്ലെന്നും സി എമ്മിന് അറിയാം. ഹൈക്കാമാന്‍ഡുപോലും ഉമ്മന്‍ ചാണ്ടിയോട് പഥ്യം കാണിക്കുന്നത് അവരുടെ ഗതികേടുകൊണ്ടാണ്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മാനം മുഴുവനായും കപ്പലുകേറാതെ കാത്തതിന്റെ മോശമല്ലാത്തൊരോഹരി ഉമ്മന്‍ ചാണ്ടിക്ക് അവകാശപ്പെട്ടതാണ്. ഒരു കഥയുണ്ട്. രാജാവും പരിവാരങ്ങളും കൂടി നായാട്ടിന് പോയി.നായാട്ട് ഭംഗിയായി മുന്നേറി കൊണ്ടിരിക്കുന്നതിനിടയില്‍  കൊടുങ്കാട്ടില്‍വച്ച് രാജാവിനെ കുറേപ്പേര്‍ ആക്രമിക്കാന്‍ വന്നു. അവരോട് എതിര്‍ത്തു നില്‍ക്കാന്‍ ത്രാണിയില്ലാതെ രാജാവ് തിരിഞ്ഞോടി. കൊടുങ്കാടല്ലെ എങ്ങോട്ട് ഓടണമെന്നറിയാതെ രാജാവിന് വഴിതെറ്റി. എന്നാല്‍ കൂടെയുണ്ടായിരുന്ന സൈനികരില്‍ ഒരുവന് ആ കാട് നല്ല പരിചയമായിരുന്നു. അവന്‍ പറഞ്ഞു- രാജാവേ കാടു കഴിയുവോളം ഞാന്‍ മുന്നില്‍ നടക്കാം, അങ്ങെന്നെ അനുഗമിക്കുക. അവനെ അനുസരിക്കുക മാത്രമെ രാജാവിന് കഴിയുമായിരുന്നുള്ളൂ. അങ്ങിനെ അവര്‍ കാട് പിന്നിട്ട് നാട്ടില്‍ വന്നു. പുറംലോകം കണ്ടതും രാജാവ് വീണ്ടും രാജാവായി. പ്രതിസന്ധിയില്‍ തന്നെ സഹായിച്ച ആ സൈനികനെ സൈന്യത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. കാരണമായി രാജാവ് പറഞ്ഞത്- കുറച്ച് നേരമെങ്കിലും ഒരു നേതാവായി മാറിയ അവന് നാളെ രാജാവാകണമെന്ന് തോന്നിയാലോ എന്നാണ്.  ഇതുപോലൊരു നന്ദികേടിന് നാളെ താനും ഇരയാകുമെന്ന് ഉമ്മന്‍ ചാണ്ടി മനസ്സില്‍ കാണുന്നുണ്ട്. പോരാത്തതിന് പല സൈന്യാധിപന്മാര്‍ക്കും തന്നോട് വിരോധമുണ്ട്. ആദര്‍ശത്തിന്റെ വാളുമായി നടക്കുന്ന ചിലര്‍ക്ക് ഒതുക്കത്തില്‍ തന്റെ തലരിയാനും ആഗ്രഹമമുണ്ടെന്ന് കൊട്ടാരം ചാരന്മാരില്‍ നിന്ന് അറിവും കിട്ടിയിട്ടുണ്ട്. അവരെല്ലാം കൂടി ഒരുക്കുന്ന പത്മവ്യൂഹത്തിലേക്ക് അറിഞ്ഞോണ്ട് കയറിച്ചെല്ലാന്‍ തല്‍ക്കാലം ഉമ്മന്‍ ചാണ്ടി തയ്യാറല്ല. അതിനുതകുന്നത് സമരസപ്പെടലാണ്. അതിനുള്ള മെയ്‌വഴക്കം പുതുപ്പള്ളിയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമ്പോഴെ ഉമ്മന്‍ ചാണ്ടി പഠിച്ചിട്ടുണ്ടായിരുന്നു.

ഇതിപ്പോള്‍ ഈ വര്‍ഷംതന്നെ ഉമ്മന്‍ ചാണ്ടിക്കെതിരെ വരുന്ന രണ്ടാമത്തെ വിജിലന്‍സ് കോടതി ഉത്തരവാണ്. പാമോലിന്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ അന്വേഷണത്തിന് തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തവിട്ടിരുന്നു. അന്ന് ഉമ്മന്‍ ചാണ്ടിയെ സംരക്ഷിക്കാന്‍ ചില പുലികള്‍ കൂടെയുണ്ടായിരുന്നു. പൂഞ്ഞാര്‍ പൂരത്തില്‍ തൊലിയുരിഞ്ഞ വിജിലന്‍സ് ജഡ്ജി നാടുകടന്നു. പിന്നാലെ കേസും. എന്നാല്‍ ഇത്തവണ പുലി വാലാട്ടുന്നതല്ല, പല്ലു കടിക്കുന്നതാണ് കണ്ടത്. അല്ലേലും കുറച്ച് നാളായി പുലി അമര്‍ത്തി ചവിട്ടി നടക്കുകയാണ്. ആ കലിപ്പ് ഏതെങ്കിലും കല്ലില്‍ കടിച്ച് തീര്‍ക്കുമെന്ന് വിചാരിക്കാം. പക്ഷേ ഇന്നലെ ഒരുമിച്ച് പ്രതിയാക്കപ്പെട്ട രമേശ് ചെന്നിത്തല, ഇന്ന് നടത്തിയ പത്രസമ്മേളനത്തില്‍ ഞാനൊന്നും ചെയ്തിട്ടില്ലെന്ന് മാത്രമാണ് പറഞ്ഞത്. അപ്പോള്‍ വേറെ ആരാണ്ടൊക്കെ ഏതാണ്ടൊക്കെ ചെയ്തിട്ടുണ്ടെന്നല്ലേ? വിജിലന്‍സ് കേസ് വന്നാല്‍ വിജിലന്‍സ് മന്ത്രി രാജിവയ്‌ക്കേണ്ടതില്ലെന്നും രമേശ് കണ്ടു പിടിച്ചു കഴിഞ്ഞു. ആശിച്ചു മോഹിച്ചു കിട്ടിയതാണ്. അത് ചുമ്മാ കളയാതിരിക്കാനുള്ള ബുദ്ധി ചെന്നിത്തലയ്ക്കുണ്ട്. രമേശ് ചെന്നിത്തല ആ ബുദ്ധി പ്രയോഗിച്ചാല്‍ ആഭ്യന്തര മന്ത്രിയെക്കാള്‍ ഗുണം ചെയ്യുക മുഖ്യമന്ത്രിക്കായിരിക്കും. കോടതി വിധിക്ക് വേഗം തന്നെ സ്‌റ്റേ വാങ്ങിക്കാനായിരിക്കും ആഭ്യന്തര മന്ത്രി ആവശ്യപ്പെടുന്നതും പ്രവര്‍ത്തിക്കുന്നതും. വിധിക്ക് സ്റ്റേ കിട്ടിയാല്‍ ആശ്വാസം ഉമ്മനും രമേശിനും ഒരുമിച്ചായിരിക്കും. അന്നു കൂടെ നില്‍ക്കാന്‍ കാണിച്ച മനസ്സിന് രമേശ് ചെന്നിത്തലയോട് ഉമ്മന്‍ ചാണ്ടി ഇപ്പോള്‍ ഉള്ളില്‍ നന്ദി പറയുന്നുണ്ടാകും. 

ബെസ്റ്റ് ഓഫ് അഴിമുഖം 

അവസാന ചിരി ഉമ്മന്‍ ചാണ്ടിയുടേത്
അച്ചടക്കം സുധീരന്റെ മാത്രം കുത്തകയല്ല
ഉമ്മന്‍ ചാണ്ടി ഇനിയും ധാര്‍മികതയെ കുറിച്ച് പ്രസംഗിക്കരുത്
മന്ത്രിക്കസേരയ്ക്ക് മേലെ ഒരു അധ്യക്ഷക്കസേര
മ മാദ്ധ്യമങ്ങള്‍ ഉമ്മന്‍ ചാണ്ടിയെ സംരക്ഷിക്കുന്നതിന്‍റെ ഗുട്ടന്‍സ്

 

കേസും സ്വന്തം പാര്‍ട്ടിക്കാരെയും എങ്ങിനെയെങ്കിലും ഒതുക്കാനായാല്‍ ഉമ്മന്‍ ചാണ്ടി രക്ഷപ്പെട്ടു. പിന്നെയുള്ളത് പ്രതിപക്ഷമാണ്. അവരുടെ ബഹളം എത്രത്തോളം പോകുമെന്ന് ചാണ്ടിക്ക് നല്ലതുപോലെ അറിയാം. സോളാര്‍ കേസില്‍ സംസ്ഥാനം കണ്ടതില്‍ വച്ചേറ്റവും വലിയ പ്രതിഷേധം ഒരുക്കിയവരാണ് ഇടതുപക്ഷക്കാര്‍. എന്നിട്ടെന്തായി? ഒടുക്കം അവരു തന്നെ നാറിയില്ലേ. ഉമ്മന്‍ ചാണ്ടി ഇപ്പോഴും സെക്രട്ടേറിയേറ്റില്‍ പോകുന്നുണ്ട്. ഫയലുകളില്‍ ഒപ്പിടുന്നുമുണ്ട്. മുഖ്യമന്ത്രിയെക്കൊണ്ട് രാജിവപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും മൊബൈല്‍ ഫോണ്‍ വാങ്ങിപ്പിക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യം മാത്രം സിപിഎമ്മിനും തോഴര്‍ക്കും സ്വന്തം. തോല്‍ക്കാനാണെങ്കിലും ഈ അവസരം സിപിഎമ്മിന് മറ്റൊരു തരത്തില്‍ പ്രയോജനപ്പെടുത്താം. അണികളെ ഉഷാറാക്കാം. സമരമൊന്നുമില്ലേ സഖാവേ എന്ന് ചോദിക്കുന്നവരോട് ഒരെണ്ണം ഒത്തുവന്നിട്ടുണ്ടെന്ന് പറയാല്ലോ. ടൈറ്റാനിയം അഴിമതി; മുഖ്യമന്ത്രി രാജിവയ്ക്കുക എന്ന ആശയം അടിസ്ഥാനമാക്കി മുദ്രാവക്യങ്ങള്‍ പണിതിറക്കാനും ഓഡര്‍ കൊടുക്കാം. തിരുവനന്തപുരത്തേക്ക് ടൂറിസ്റ്റ് ബസുകള്‍ ബുക്ക് ചെയ്യാം. പഴം പച്ചക്കറി പലവ്യഞ്ജനത്തിന് ഓഡര്‍ കൊടുക്കാം തുടങ്ങി ഇനി നേതാക്കന്മാര്‍ക്ക് തിരക്കോട് തിരക്കായിരിക്കും.

എന്തായാലും ആര് പറഞ്ഞാലും ഉമ്മന്‍ ചാണ്ടി ഈ കോടതി വിധിയുടെ പേരില്‍ രാജിവയ്ക്കാന്‍ പോകുന്നില്ല എന്ന് എല്ലാവര്‍ക്കുമറിയാം. എവിടുന്നൊക്കെ തളളിയാട്ടാലും നാലുകാലില്‍ വീഴുന്ന മെയ് വഴക്കം ഉമ്മന്‍ ചാണ്ടിക്ക് മാത്രം സ്വന്തം. പക്ഷേ ഉമ്മന്‍ ചാണ്ടിയെ ഭയപ്പെടുത്തുക മറ്റൊന്നാണ്, സുധീരനിലെ വി എസ് സിന്‍ഡ്രോം. സി പി എമ്മില്‍ സംഭവിച്ചതിന്റെ ഒരു തലതിരിക്കലാണ് ഇപ്പോള്‍ കോണ്‍ഗ്രസില്‍ സംഭവിക്കുന്നത്. അവിടെ പാര്‍ട്ടി സെക്രട്ടറിക്കെതിരായ അഴിമതിയന്വേഷണത്തില്‍ മുഖ്യമന്ത്രി കളിച്ചെങ്കില്‍ ഇവിടെ മുഖ്യമന്ത്രിക്കെതിരായ അഴിമതിയന്വേഷണത്തില്‍ കളിക്കാന്‍ പോവുക പാര്‍ട്ടി പ്രസിഡന്റായിരിക്കും. ലാവ്‌ലിന്‍ കേസില്‍ പിണറായിക്കെതിരെ അച്ചുതാനന്ദന്‍ നിലകൊണ്ടപോലെ ടൈറ്റാനിയം കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ സുധീരന്‍ നിന്നാല്‍ സംഗതി കുറച്ച് കോംപ്ലിക്കേറ്റഡാകും. സോളാര്‍ സമരകകാലത്ത സുധീരന്‍ ഉണ്ടായിരുന്നില്ല. നിലവില്‍ അതല്ല സ്ഥിതി. കണ്ണുപൊട്ടന്റെ മാവേട്ടെറിയില്‍ ഇത്തവണ ഇടതുപക്ഷത്തിന് എന്തെങ്കിലും താഴെ വീഴ്ത്താന്‍ കഴിഞ്ഞാല്‍ അതവരുടെ മാത്രം ക്രെഡിറ്റിലെഴുതരുത്. ആദര്‍ശത്തിന്റെ താറു ചുറ്റിയ ഒരു തോട്ടി പൊങ്ങി നില്‍ക്കുന്നത് നമ്മള്‍ കാണുന്നുണ്ടല്ലോ.

ആലങ്കാരികമായി പറഞ്ഞാല്‍ ഈ കോടതി വിധി ഉമ്മന്‍ ചാണ്ടിക്കു മുന്നിലെ മറ്റൊരു അഗ്നിപരീക്ഷണമാണ്. ഇവിടെയും വിജയിക്കാന്‍ കഴിഞ്ഞാല്‍, പൊന്നുകുഞ്ഞൂഞ്ഞേ….കേരളത്തിലെ ഏറ്റവും ‘മിടുക്കനായ’ മുഖ്യമന്ത്രിയും രാഷ്ട്രീയക്കാരനും നിങ്ങളാണെന്ന് ഉറക്കെ വിളിച്ചു പറയും ഞങ്ങള്‍.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍