UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒരു പ്രതിമയും ചില പ്രോട്ടോക്കോള്‍ പ്രശ്‌നങ്ങളും

Avatar

കെ എ ആന്റണി

കേരളത്തിന്റെ സങ്കടങ്ങള്‍ അടങ്ങിയ വലിയൊരു മാറാപ്പുമായാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സംഘവും ദില്ലിയിലേക്കു വിമാനം കയറിയത്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരെചൊവ്വെ ഒന്നു കാണാന്‍ കഴിയാതെ വന്നപ്പോള്‍ കേരളത്തില്‍ ഇതിനേക്കാള്‍ വലുതൊന്നു കാത്തിരിക്കുന്നുണ്ടെന്ന് ഉമ്മന്‍ ചാണ്ടി സ്വപ്‌നത്തില്‍പ്പോലും കണ്ടിരിക്കാന്‍ ഇടയില്ല. 

മോദിയെ കേരളത്തില്‍വെച്ച് നേരില്‍കണ്ട് എല്ലാം ഉണര്‍ത്തിക്കാമെന്നാണ് കരുതിയത്. എന്നാല്‍ കേരളത്തില്‍ മടങ്ങിയെത്തിയ ചാണ്ടിയെ കാത്തിരുന്നത് ഞെട്ടിക്കുന്ന വാര്‍ത്ത. കോണ്‍ഗ്രസ് നേതാവും കേരളത്തിന്റെ മുഖ്യമന്ത്രിയും ആയിരുന്ന ആര്‍. ശങ്കറിന്റെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങില്‍ നിന്നും തന്നെ ഒഴിവാക്കിയിരിക്കുന്നു. ചൊവ്വാഴ്ച്ച കൊല്ലം എസ് എന്‍ കോളേജ് അങ്കണത്തിലാണ് ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങില്‍ നേരത്തെ മുഖ്യമന്ത്രിയെ ആയിരുന്നു അധ്യക്ഷനായി തീരുമാനിച്ചിരുന്നത്. എന്നാല്‍ കേരളത്തില്‍ മടങ്ങിയെത്തിയ മുഖ്യമന്ത്രിയെ എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അറിയിച്ചത് പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ നിന്നും മുഖ്യമന്ത്രി വിട്ടുനില്‍ക്കണം എന്നതാണ്. മുഖ്യമന്ത്രി പങ്കെടുക്കുന്നതിനോട് ചില കേന്ദ്രങ്ങള്‍ക്ക് അതൃപ്തി ഉണ്ടെന്നും ഇതു ചടങ്ങ് അലങ്കോലപ്പെടാന്‍ ഇടയാക്കിയേക്കുമെന്നാണ് കാരണമായി ചൂണ്ടിക്കാട്ടിയത്. ഇത്തരത്തില്‍ ഒരു ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടെന്നു ചിലരൊക്കെ പറയുന്നുണ്ടെങ്കിലും തങ്ങള്‍ അങ്ങനെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഐ ബി പറയുന്നു. അങ്ങനെ ഒരു റിപ്പോര്‍ട്ട് ഉണ്ടായിരുന്നുവെങ്കില്‍ അക്കാര്യം ആദ്യം അറിയിക്കുക മുഖ്യമന്ത്രിയുടെ ഓഫിസിനെ ആയിരുന്നുവെന്നും അവര്‍ വിശദീകരിക്കുന്നു.

വെള്ളാപ്പള്ളിയുടെ അഭ്യര്‍ത്ഥന മാനിച്ച് ചടങ്ങില്‍ നിന്നും മുഖ്യമന്ത്രി വിട്ടുനില്‍ക്കുന്നതായി അദ്ദേഹത്തിന്റെ ഓഫിസ് പത്രക്കുറിപ്പ് ഇറക്കി. പ്രധാനമന്ത്രി പങ്കെടുക്കുന്ന പ്രതിമ അനാച്ഛാദന ചടങ്ങില്‍ പ്രോട്ടോക്കോള്‍ പ്രകാരം താനും പങ്കെടുക്കേണ്ടതായിരുന്നുവെന്നും വിട്ടുനില്‍ക്കേണ്ടി വരുന്നതില്‍ ഖേദം ഉണ്ടെന്നും ഇക്കാര്യം പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നുമാണ് കുറിപ്പില്‍ പറയുന്നത്.

ഇതോടെ സംഭവം ചൂടുപിടിച്ചു. ഭരണ-പ്രതിപക്ഷ ഭേദമന്യേ ഒട്ടുമിക്ക രാഷ്ട്രീയനേതാക്കളും പ്രതിഷേധവുമായി രംഗത്തുവന്നു. യൂത്ത് കോണ്‍ഗ്രസുകാര്‍ ചടങ്ങ് നടക്കേണ്ട കൊല്ലം എസ് എന്‍ കോളേജിലേക്ക പ്രതിഷേധ മാര്‍ച്ചും നടത്തി. വെള്ളാപ്പള്ളി അഹങ്കാരത്തിന്റെ ആള്‍രൂപമായി മാറിയിരിക്കുന്നുവെന്നും മുഖ്യമന്ത്രിയെ ചടങ്ങിലേക്കു ക്ഷണിച്ച ആള്‍ തന്നെയാണ് ഇപ്പോള്‍ മാറിനില്‍ക്കണമെന്നു പറയുന്നതെന്നും അറിയിപ്പ് സ്വീകരിച്ച് ചടങ്ങില്‍ നിന്നും വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചത് മുഖ്യമന്ത്രിയുടെ മാന്യത കൊണ്ടാണെന്നുമൊക്കെ പറഞ്ഞു കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ എഡിറ്റര്‍ എ സി ജോസ് പേരുവച്ച് ഒരു എഡിറ്റോറിയലും കാച്ചി.

ചടങ്ങ് സംഘടിപ്പിക്കുന്നത് എസ് എന്‍ ഡി പി ട്രസ്റ്റ് ആണെന്നും ഇതൊരു സ്വകാര്യ ചടങ്ങ് ആയതിനാല്‍ പ്രോട്ടോക്കോള്‍ പ്രശ്‌നം ഉദിക്കുന്നില്ലെന്നുമാണ് എ എന്‍ രാധാകൃഷ്ണനെ പോലുള്ള ബിജെപി നേതാക്കളുടെ വാദം. എന്നാല്‍ തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയോ പ്രസിഡന്റോ ആദ്യമായി ഒരു സംസ്ഥാനം സന്ദര്‍ശിക്കുമ്പോള്‍ പങ്കെടുക്കുന്ന ചടങ്ങ് സ്വകാര്യമാണെങ്കില്‍പ്പോലും സംസ്ഥാന മുഖ്യമന്ത്രിമാരെക്കൂടി ക്ഷണിക്കണം എന്നതാണ് പ്രോട്ടോക്കോള്‍ സംബന്ധിച്ച ചട്ടം വ്യക്തമാക്കുന്നത്. ഏറെ തമാശയുള്ള മറ്റൊരു കാര്യം, ആര്‍. ശങ്കറിന്റെ പ്രതിമ അനാവരണം ചെയ്യാനായി പ്രധാനമന്ത്രിയെ കേരളത്തിലേക്ക് ആദ്യം ക്ഷണിച്ചത് ഉമ്മന്‍ ചാണ്ടി ആണെന്നതാണ്. വെള്ളാപ്പള്ളിയുടെ അഭ്യര്‍ത്ഥന മാനിച്ച് 2014 ഡിസംബറില്‍ ആയിരുന്നു ഇത്. ഉമ്മന്‍ ചാണ്ടിയുടെ കത്ത് ലഭിച്ചതായി പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചിരുന്നെങ്കിലും പിന്നീട് ഇതു സംബന്ധിച്ച് തുടര്‍ നടപടികള്‍ ഉണ്ടായില്ല. അതിനിടയിലാണ് വെള്ളാപ്പള്ളി ബിജെപിയോട് കൂടുതല്‍ അടുത്തതും അമിത് ഷായ്‌ക്കൊപ്പം മോദിയെ കണ്ട വേളയില്‍ കേരളത്തിലേക്ക് ക്ഷണിച്ചതും.

മുഖ്യമന്ത്രിയെ താന്‍ മനപൂര്‍വം ഒഴിവാക്കിയതല്ലെന്നും ചിലരുടെ പ്രതിഷേധം കണക്കിലെടുത്ത് ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് അപേക്ഷിക്കുക മാത്രമാണ് ചെയ്തതെന്നും വെള്ളാപ്പള്ളി വിശദീകരിക്കുന്നു. പക്ഷേ ഈ പ്രതിഷേധക്കാര്‍ ആരെന്നു വെള്ളാപ്പള്ളി പറയുന്നില്ല. എല്ലാം ഡിസംബര്‍ 16 നുശേഷം പറയുമത്രേ. അതുവരെ കത്തിരിക്കുക തന്നെ.

മുഖ്യമന്ത്രിയെ ഒഴിവാക്കിയതിനു പിന്നില്‍ പ്രധാനമന്ത്രിയുടെ ഓഫിസ് തന്നെ ആണെന്ന വാദം ശക്തമാണ്. ആര്‍. ശങ്കര്‍ കോണ്‍ഗ്രസിന്റെ സമ്മുന്നത നേതാവും മുഖ്യമന്ത്രിയുമൊക്കെ ആയിരുന്നുവെന്നത് ശരി തന്നെ. അദ്ദേഹം ഏറെക്കാലും എസ് എന്‍ ഡി പി യോഗത്തിന്റെ പ്രസിഡന്റ് കൂടിയായിരുന്നു. അധഃസ്ഥിത വിഭാഗത്തില്‍ നിന്നും ഉയര്‍ന്നുവന്ന സമ്മുന്നതരായ കോണ്‍ഗ്രസ് നേതാക്കളെ തെരഞ്ഞുപിടിച്ച് തങ്ങളുടെ സ്വത്താക്കി മാറ്റുന്ന ഏര്‍പ്പാട് സംഘപരിവാര്‍ ആരംഭിച്ചിട്ട് കുറച്ചുകാലമായി. ശ്രീനാരായണ ഗുരുവിനെയും സ്വാമി വിവേകാനന്ദനെയുമൊക്കെ കേരളത്തില്‍ സിപിഐഎമ്മും അതിന്റെ പോഷക സംഘടനകളും സ്വന്തമാക്കാന്‍ ശ്രമിക്കുന്നതുപോലെ. സര്‍ദാര്‍ വല്ലഭായി പട്ടേലിനെയും ലാല്‍ ബഹദൂര്‍ ശാസ്ത്രിയെയുമൊക്കെ ബിജെപി കാവി പുതപ്പിച്ചത് അടുത്തകാലത്താണ്. ഇപ്പോള്‍ ആര്‍ ശങ്കറിനെയും കാവി പുതപ്പിക്കുന്നുവെന്നുമാത്രം.

വെള്ളാപ്പള്ളി കൊല്ലത്തു സ്ഥാപിക്കുന്നത് ആര്‍ എസ് എസ് ശങ്കറിന്റെ പ്രതിമയാണെന്നാണ് വി എസ് അച്ചുതാനനന്ദന്റെ പരിഹാസം. പുതിയ സംഭവ വികാസങ്ങള്‍ ഇതൊരു പരിധിവരെ ശരിവയ്ക്കുന്നുണ്ട് താനും. പ്രോട്ടോക്കോള്‍ ലംഘന വിവാദത്തില്‍ ശ്രദ്ധേയമായ ഒന്ന് ചെറിയാന്‍ ഫിലിപ്പിന്റ വകയാണ്. മുഖ്യമന്ത്രിയെ ചടങ്ങില്‍ നിന്നും ഒഴിവാക്കിയത് ശരിയായില്ലെന്നു പറയുന്ന ചെറിയാന്‍ തന്റെ ഉമ്മന്‍ ചാണ്ടി വിരോധം ഒട്ടും മറച്ചുവയ്ക്കുന്നില്ല. ആര്‍ ശങ്കരിന്റെ രാഷ്ട്രീയ ഘാതകരില്‍ ഒരാളായാണ് ചെറിയാന്‍ ഉമ്മന്‍ ചാണ്ടിയെ വിശേഷിപ്പിക്കുന്നത്. 

വെള്ളാപ്പള്ളി നടേശന്‍ കുറച്ചുകാലമായി കേരളത്തില്‍ നിറഞ്ഞു നില്‍ക്കുകയാണ്. വഴിയെ പോകുന്നവര്‍ പോലും കേറി തെറിവിളിക്കുന്ന അവസ്ഥ. നെഗറ്റീവ് ആണെങ്കിലും പബ്ലിസിറ്റി പബ്ലിസിറ്റി തന്നെയാണ്. വെള്ളാപ്പള്ളിക്കും ഇതു നന്നായി അറിയാം. ഒനീഡ ടി വി യെ ചെകുത്താന്റെ പരസ്യം രക്ഷിച്ചതുപോലെ ഇത്തരം വിവാദങ്ങള്‍ വെള്ളാപ്പള്ളിയേയും ബിജെപിയേയും തുണയ്ക്കുമോ എന്നറിയാന്‍ നമുക്ക് അടുത്ത അസംബ്ലി തെരഞ്ഞെടുപ്പ് വരെ കാത്തിരിക്കാം.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)


അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍