UPDATES

ഉമ്മന്‍ ചാണ്ടിയോട്: സി.എ.ജിയെ ചീത്തവിളിച്ച കേന്ദ്രത്തിലെ കോണ്‍ഗ്രസിന്റെ അവസ്ഥ കാണുന്നുണ്ടല്ലോ?

ഇന്ത്യ പേലൊരു ജനാധിപത്യ സമൂഹത്തില്‍ ആവശ്യമെന്ന് കരുതുന്ന കോണ്‍ഗ്രസ് പോലൊരു പാര്‍ട്ടിയുടെ ഉള്ള പ്രസക്തി കൂടി ഇത്തരത്തില്‍ നശിപ്പിക്കരുത്

കാഞ്ഞ ബുദ്ധിയാണ് ഉമ്മന്‍ ചാണ്ടിക്ക് എന്നാണ് പൊതുവെയുള്ള പറച്ചില്‍. ഒരു കാര്യവും നടക്കില്ലെന്ന് പറയില്ലെന്നും നടക്കുന്ന ഒരു കാര്യവും തുറന്നു പറയാറില്ലെന്നുമൊക്കെ പലരും പറയാറുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ ബുദ്ധി കൂടുതല്‍ കൊണ്ടോ എന്തോ നരേന്ദ്ര മോദി സര്‍ക്കാരിനെ പൂട്ടാന്‍ കോണ്‍ഗ്രസിന് ഇനി കഴിയണമെങ്കില്‍ ഉമ്മന്‍ ചാണ്ടിയെപ്പോലൊരാള്‍ ഡല്‍ഹിയില്‍ എത്തണമെന്ന് ആരാധകരും ഇടയ്ക്ക് പറയാറുണ്ട്. എന്തായാലും ഡല്‍ഹിയിലും രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലുമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ഗതി വരാതിരിക്കണമെങ്കില്‍ ഉമ്മന്‍ ചാണ്ടിക്ക് ഒരിത്തിരി ചരിത്ര ബോധം ഉണ്ടാകുന്നത് നല്ലതാണ്. അതിന് ഒരുപാട് കാലം പുറകിലേക്കൊന്നും ചുഴിഞ്ഞു നോക്കേണ്ടതുമില്ല. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട സി.എ.ജി റിപ്പോര്‍ട്ടിന്റെ കാര്യമാണ് പറഞ്ഞു വരുന്നത്. അതായത്, പുറത്തു വന്ന റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെ ഒറ്റയടിക്ക് എതിര്‍ക്കുന്നതിനു മുമ്പ് ഉമ്മന്‍ ചാണ്ടി ഒന്നുകൂടി ആലോചിക്കുന്നതു നല്ലതായിരിക്കും എന്ന്.

ഒരുപാട് കാലമൊന്നുമായില്ല. മൂന്നു വര്‍ഷം മുമ്പ് ഡല്‍ഹിയിലിരുന്ന് രാജ്യം ഭരിച്ചിരുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയായിരുന്നു. എന്നാല്‍ ആ പാര്‍ട്ടിയുടെ കീഴില്‍ നടക്കുന്ന കൊള്ളകളെയും കൊള്ളരുതായ്മകളെയും കുറിച്ച് സി.എ.ജി നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തു വിട്ടപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ ഡല്‍ഹി നേതാക്കള്‍ ചെയ്തത് അവയെയൊക്കെ കണ്ണുംപൂട്ടി എതിര്‍ക്കുകയും ആക്ഷേപിക്കുകയും ചെയ്യുക എന്നതായിരുന്നു.

മന്‍മോഹന്‍ സിംഗ് സര്‍ക്കാരിലെ പ്രധാനികളിലൊരാളും പ്രഖ്യാത അഭിഭാഷകനുമായ കപില്‍ സിബല്‍ 2ജി കേസിലുള്ള സി.എ.ജി റിപ്പോര്‍ട്ടിനെ അപഹസിക്കുകയും സി.എ.ജി പറയുന്നതുപോലെ ഖജനാവിന് നയാ പൈസയുടെ നഷ്ടമുണ്ടായിട്ടില്ല എന്നു വാദിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തെ പോലെ നിയമം പഠിച്ച, ഒരാള്‍ വാദങ്ങള്‍ ഉന്നയിക്കുക എന്നത് നിത്യവും നടക്കുന്ന കാര്യവുമാണ്. പക്ഷേ രാഷ്ട്രീയം എന്നത് കോടതി മുറിയല്ല, മറിച്ച് കാര്യങ്ങളെ എങ്ങനെ കാണുന്നു എന്നതിലാണ് രാഷ്ട്രീയമിരിക്കുന്നത്.

അങ്ങനെ കാര്യങ്ങളെ കാണാന്‍ കഴിയുന്ന സാമാന്യ ബോധമുള്ള ഒരാളാണ് ഉമ്മന്‍ ചാണ്ടിയെങ്കില്‍ അദ്ദേഹം ചെയ്യേണ്ടിയിരുന്നത് വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട സി.എ.ജി റിപ്പോര്‍ട്ടിനെക്കുറിച്ച് മറ്റൊരു നിലപാട് സ്വീകരിക്കുകയായിരുന്നു. യു.പി.എ സര്‍ക്കാരിന് സംഭവിച്ച അതേ അബദ്ധത്തിന് കൊണ്ടു പോയി തലവയ്ക്കുകയായിരുന്നില്ല വേണ്ടിയിരുന്നത്. സി.എ.ജിക്ക് നോട്ടപ്പിശക് പറ്റി, എസ്റ്റിമേറ്റ് പോലുമാകാത്ത കുളച്ചല്‍ പദ്ധതിയുമായി വിഴിഞ്ഞത്തെ താരതമ്യപ്പെടുത്തിയത് ശരിയല്ല, വിശദീകരിക്കാന്‍ സി.എ.ജി സമയം നല്‍കിയില്ല ഇങ്ങനെ പോയി ഉമ്മന്‍ ചാണ്ടിയുടെ വാദങ്ങള്‍.

രാജ്യത്ത് ഇന്നും ജനങ്ങള്‍ക്ക് കുറെയൊക്കെ വിശ്വാസമുള്ള ഒരു ഇന്‍സ്റ്റിറ്റിയൂഷനാണ് കോടതികള്‍. ഒരുപക്ഷേ അത്രത്തോളം വിശ്വാസ്യതയുള്ള ഒരു സംവിധാനമാണ് സി.എ.ജി. അതിന് അനേകം കാരണങ്ങളുണ്ട്. അതിലേറ്റവും പ്രധാനപ്പെട്ടത് ഏറ്റവും കുറച്ച് രാഷ്ട്രീയവത്ക്കരിക്കപ്പെട്ട ഒന്നാണ് സി.എ.ജി എന്നതാണ്.

സി.എ.ജിയുടെ ഘടന അനുസരിച്ച് സി.എ.ജിക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും മേല്‍ വളരെ കുറച്ച് രാഷ്ട്രീയ സ്വാധീനം മാത്രമേയുണ്ടാകുന്നുള്ളൂ. സി.എ.ജിയുടെ തലപ്പത്തിരിക്കുന്നത് പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയാണ്. അതുപോലെ സംസ്ഥാന നിയമസഭകളിലും ഈ സംവിധാനമുണ്ട്. പി.എ.സിയുടെ അധ്യക്ഷ സ്ഥാനത്ത് നടപ്പുരീതിയനുസരിച്ച് പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവായിരിക്കും വരിക. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ബി.ജെ.പി നേതാവായ മുരളി മനോഹര്‍ ജോഷിയായിരുന്നു പി.എ.സി അധ്യക്ഷന്‍. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം അടുത്തിടെ വരെ കോണ്‍ഗ്രസ് നേതാവായ പ്രൊഫ. കെ.വി തോമസ് ആയിരുന്നു പി.എ.സി അധ്യക്ഷന്‍.

ഇങ്ങനെയാണ് ഘടന എങ്കില്‍ പോലും സി.എ.ജിയുടെ ആഭ്യന്തര നടത്തിപ്പുകളെ പി.എ.സിക്ക് സ്വാധീനിക്കാന്‍ കഴിയാറില്ല. ഈ ഭരണഘടനാ സ്ഥാപനത്തെ നിയന്ത്രിക്കുന്നതും നയിക്കുന്നതും കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലാണ് (CAG). ഇപ്പോള്‍ ആ സ്ഥാനത്തുള്ളത് എസ്.കെ ശര്‍മ. മുതിര്‍ന്ന ഒരുകൂട്ടം ഉദ്യോഗസ്ഥരുമുണ്ട് അദ്ദേഹത്തെ സഹായിക്കാന്‍. ഒരു ക്യാബിനറ്റ് പോലെയാണ് അവര്‍ പ്രവര്‍ത്തിക്കുക. അവര്‍ക്ക് ആകെ വേണ്ടി വരുന്ന സര്‍ക്കാര്‍ സഹായം, സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള അനുമതി, സെക്രട്ടറി പദവിയിലേക്കും മറ്റും പ്രൊമോഷനുള്ള സഹായങ്ങള്‍ എന്നിവ മാത്രമാണ്. മറ്റ് പ്രൊമോഷന്‍, പോസ്റ്റിങ്ങുകള്‍, ദൈനംദിന ധനകാര്യ ഇടപാടുകള്‍ ഒക്കെ കൈകാര്യം ചെയ്യുന്നത് അവര്‍ തന്നെയാണ്.

ബ്യൂറോക്രസിക്ക് മേല്‍ രാഷ്ട്രീയ നേതൃത്വം ചെലുത്തുന്ന സ്വാധീനങ്ങള്‍ സി.എ.ജിയുടെ കാര്യത്തില്‍ നടക്കില്ല. അതുകൊണ്ടാണ് സി.ബി.ഐ ഉള്‍പ്പെടെയുള്ള മറ്റ് സ്ഥാപനങ്ങളേക്കാള്‍ അവര്‍ വിശ്വാസ്യത നിലനിര്‍ത്തുന്നത്. ഭരിക്കുന്ന സര്‍ക്കാരുകളുടെ കൂട്ടിലടച്ച തത്തയാണ് സി.ബി.ഐ എന്ന് സുപ്രീം കോടതി തന്നെ അഭിപ്രായപ്പെട്ടിട്ട് അധികകാലമായിട്ടില്ല.

യു.പി.എയുടെ പതനത്തിനുള്ള പ്രധാന കാരണം ചില അക്കങ്ങളായിരുന്നു എന്നു പറഞ്ഞാല്‍ അതിശയോക്തിയല്ല. സി.എ.ജി ഓഡിറ്റിംഗിലൂടെ പുറത്തു വന്നവയായിരുന്നു അവ. അതായത്, 2ജി സ്‌പെക്ട്രം കേസില്‍ 1.76 ലക്ഷം കോടി രൂപ, കല്‍ക്കരി കുംഭകോണത്തില്‍ 1.86 ലക്ഷം കോടി രൂപ. യു.പി.എ മന്ത്രിമാരും കോണ്‍ഗ്രസ് നേതാക്കളുമൊക്കെ ഈ കണക്കിനെ പ്രതിരോധിക്കാന്‍ ആവുംവിധം ശ്രമിച്ചെങ്കിലും നാള്‍ക്കു നാള്‍ ഈ കണക്കിന്റെ കുരുക്ക് അവര്‍ക്കു മേല്‍ മുറുകിയതേയുള്ളൂ. ആ സമ്മര്‍ദ്ദത്തിനു മുകളിലായിരുന്നു അണ്ണാ ഹസാരെ എന്ന വൃദ്ധനും ബാബാ രാംദേവ് എന്ന യോഗാ പരിശീലകനുമൊക്കെ അടയിരുന്നത്. അതിന്റെ പരിണതഫലമായിരുന്നു കോണ്‍ഗ്രസിന് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി നല്‍കിക്കൊണ്ട് നരേന്ദ്ര മോദി അധികാരത്തില്‍ വന്നത്. യു.പി.എയുടെ അഴിമതിക്കു മേല്‍ അഴിമതി വിരുദ്ധ പ്രസ്ഥാനങ്ങള്‍ ഇട്ട വിത്തിനെ തന്ത്രപൂര്‍വം തന്റേതാക്കി മാറ്റുകയായിരുന്നു മോദി.

അതുകൊണ്ട് ഉമ്മന്‍ ചാണ്ടിയോട് ഒരു വാക്ക്. കേരളം, കര്‍ണാടകം പോലെ അപൂര്‍വം സ്ഥലങ്ങളിലാണ് കോണ്‍ഗ്രസിനെ ഇപ്പോള്‍ കണികാണാന്‍ കിട്ടുന്നത്. ഈ രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന, ഇന്നും ഇന്ത്യ പേലൊരു ജനാധിപത്യ സമൂഹത്തില്‍ ആവശ്യമെന്ന് കരുതുന്ന കോണ്‍ഗ്രസ് പോലൊരു പാര്‍ട്ടിയുടെ ഉള്ള പ്രസക്തി കൂടി ഇത്തരത്തില്‍ നശിപ്പിക്കരുത്. സി.എ.ജിയെ ആക്രമിച്ചതിലൂടെ അതിനുള്ള തുടക്കം കുറിച്ചിരിക്കുകയാണ് താങ്കള്‍ എന്ന് ഓര്‍മിപ്പിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍