UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒരൊറ്റ ഊരാളി; അതിനേം കൊല്ലണോ!

Avatar

ഡോ. ടി.വി സജീവ്

”ജെയിന്‍, ഇത്തിരി ബാസ് കൂട്ടണം.”

”എന്റെ മോണിട്ടറില്‍ വോക്കലിന്റെ ശബ്ദം കൂട്ടണം. കേള്‍ക്കുന്നില്ല.”

വേദിക്ക് പിറകിലുള്ള നാലാള്‍ പൊക്കമുള്ള ഫ്രെയിമുകളില്‍ മുറിഞ്ഞുതൂങ്ങുന്ന ചതുരന്‍പാളികള്‍ ഒരുമിച്ചു ചേരുമ്പോള്‍ രംഗമാകെ തൊട്ടടുത്ത സമുദ്രത്തിന്റെ തുടര്‍ച്ചയാകുന്നു. പരിചിതവും അപരിചിതവുമായ സമുദ്രജീവികള്‍ ഊളിയിട്ടു മറയുകയും തിരിച്ചുവരികയും ചെയ്യുന്നു. ജീവന്‍ നിറഞ്ഞുതുളുമ്പുന്ന സമുദ്രത്തിന്റെ അങ്ങു മുകളില്‍, സമുദ്രോപരിതലത്ത് നിന്ന് ഒരു ജോടി കണ്ണടകള്‍ താഴേക്ക് നോക്കുന്നു. ഡ്രമ്മറിന്റെ വലംകൈ ഇടത്തോട്ട് വീശിത്തീരുമ്പോള്‍ പുതിയൊരു ശബ്ദം ചിന്നിച്ചിതറി വേദിയില്‍ നിന്ന് സദസ്സിലേക്ക് പടരുന്നു. ഊരാളി ബാന്‍ഡിന്റെ പെര്‍ഫോര്‍മന്‍സ് തുടങ്ങുകയാണ്. ആദ്യ അവതരണം അതുവരെ ആ വേദിയില്‍ നടന്നുവന്നിരുന്ന കഥയില്ലാ കവിയരങ്ങിനെ ഉച്ഛാടനം ചെയ്തുകൊണ്ടായിരുന്നു. പതിനാറാളോം കവികള്‍ അണിനിരന്ന ആ വേദിയില്‍ കവിതയുണ്ടായിരുന്ന കവികള്‍ നന്നേ കുറവ്. ഊരാളിയുടെ പെര്‍ഫോമന്‍സ് കാത്തിരുന്നവര്‍ കവിയരങ്ങത്രയും സഹിച്ചു. ആദ്യ ഇനത്തില്‍ കാലന്‍കുടയും കുടവയറുമായി വന്ന് എങ്ങനെ കവിതയെഴുതണമെന്ന് പഠിപ്പിക്കാന്‍ തുനിഞ്ഞ കഥാപാത്രത്തെ തോക്ക് ചൂണ്ടി ഓടിച്ചാണ് ഊരാളി ഗായകര്‍ വേദി പിടിച്ചെടുക്കുന്നത്.

ആദ്യ ഗാനം ‘മരമെന്തിനു മാളോരെ’ എന്നതായിരുന്നു. സംഗീതം കേരളത്തില്‍ കാണിക്കുന്ന  പതിവു കൊഞ്ചലുകളും ഞരക്കങ്ങളും ഊര്‍ദ്ധ്വന്‍ വിളികളും വിട്ടെഴുന്നേറ്റു. ലോകത്തിന്റെ പല കോണുകളില്‍ നിന്നും പ്രതിഷേധത്തിന്റെ ശബ്ദമായി മാറിയ സംഗീതത്തിന്റെ മണവും ഗന്ധവും ശൌര്യവും വേദിയിലേക്ക് പറന്നിറങ്ങി. വെളിച്ചങ്ങള്‍ മിന്നിമറഞ്ഞും സദസ്സിനെയാകെ ഉഴിഞ്ഞും പുകപടര്‍ന്നും ഇത് ലോകത്തിലെവിടെയും സാധ്യമായ വേദിയായി. പലപ്പോഴും ഗായകര്‍ ഇരുട്ടിലും കാണികള്‍ നിറഞ്ഞ വെളിച്ചത്തിലുമായി.

രണ്ടാമത്തെ പാട്ട് ‘വികസനം എന്നത് നമ്മുടെ നാടിന്റെ നാഡിഞരമ്പുകളിലെ മിടിപ്പാണ്’ എന്നങ്ങ് പറഞ്ഞ് നിഷേധിച്ചു. ഊരാളികള്‍ പറയേണ്ടത് പറയുകയല്ല ചെയ്യുക. ഭരണകൂടം വിധിച്ച തീര്‍പ്പുകള്‍ തന്നെയാണ് അവര്‍ പാടുക. പക്ഷേ പാടി തുടങ്ങുമ്പോള്‍, ഈരടികള്‍ ഒരുവട്ടം ഉറക്കെ പാടിക്കഴിയുമ്പോള്‍ ജനങ്ങള്‍ക്കത്രയും അതിന്റെ പൊള്ളത്തരം മനസ്സിലാകും. പിന്നീടങ്ങോട്ട് ഓരോ വരിയും തീസിസുകളാകും. അതെല്ലാം ഓരോ കേള്‍വിക്കാരന്റെയും ഉള്ളില്‍ ആന്റി തീസിസുകള്‍ സൃഷ്ടിക്കും. പാട്ടവസാനിക്കുമ്പോഴേക്ക് തീസിസിലേക്ക് നീങ്ങുന്ന ഒരു സമൂഹം സൃഷ്ടിക്കപ്പെടും. ഇതാണ് ഊരാളി പെര്‍ഫോര്‍മന്‍സിന്റെ ലളിതമായ ഡയലക്റ്റിക്‌സ്. 

മൂന്നാം പാട്ട് നേരിട്ട് കടമ്മനിട്ടയിലേക്ക് കടന്നു. അതങ്ങനെയേ പറ്റൂ. കടമ്മനിട്ടയെ അധികം മാറ്റിവയ്ക്കാനാവില്ല ഈ പാട്ടുകാര്‍ക്ക്. അതിന്റെ കാരണം കേരളത്തിന്റെ ചരിത്രമാണ്. കേരളത്തിന്റെ അധികം പഴയതല്ലാത്ത നാടുവാഴിത്തകാലത്ത് കുടിയാന്‍മാരായ ബഹുഭൂരിപക്ഷം സാധാരണജനങ്ങളുടെ നിലനില്‍പ്പിന്റെ ആശ്രയമായിരുന്നു അവരുടെ ഉത്സവങ്ങള്‍. ഈ ഉത്സവകാലത്താണ് ദൈവം അവരുടെ പക്ഷത്ത് ഉറച്ചുനില്‍ക്കുകയും അവരിലൊരാളുടെ ദേഹത്തേക്ക് പകര്‍ന്ന് ജന്മികളെ ചോദ്യം ചെയ്യാനുള്ള ശേഷി നേടുകയും ചെയ്യുക. ജനങ്ങളുടെ പരാതി കേട്ട്, നൃശംസതകള്‍ നടപ്പിലാക്കുന്നവര്‍ക്ക് താക്കീത് കൊടുത്ത് ജന്മിമാരോട് ദൈവത്തെ മുന്‍നിര്‍ത്തി നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്ന ഈ രീതി വടക്ക് തെയ്യമായും തെക്ക് പടയണിയായും നിലനിന്നു. ഒരു പ്രത്യേക ഭരണവ്യവസ്ഥ നിലനില്‍ക്കുമ്പോള്‍ അതിന്റെ കുറവുകളെ പരിഹരിക്കാനും സാമൂഹ്യമായ വലിയ അടിച്ചമര്‍ത്തലുകളെ ഇല്ലാതാക്കുവാനും ഉള്ള സംവിധാനങ്ങളായിരുന്നു അവ.

ഒരു സമൂഹത്തിലെ മനുഷ്യര്‍ വ്യത്യസ്ത വര്‍ഗ്ഗങ്ങളായും ജാതികളായും അകലുകയും അതില്‍ ചില വര്‍ഗ്ഗങ്ങളും ജാതികളും അധികാരം കൈയ്യാളുകയും ചെയ്യുമ്പോള്‍ ഭരിക്കപ്പെടുന്നവരുടെ അതിജീവനത്തിനായി മാടനും മറുതയും ഒടിമറയലും കുട്ടിച്ചാത്തനുമൊക്കെ സഹായത്തിനുണ്ടായിരുന്നു. അധീശവര്‍ഗ്ഗത്തിന്റെ ഇത്തരം വിദ്യകളേയും ദൈവങ്ങളേയും പേടിച്ചാണ് വലിയ തോതിലുള്ള അതിക്രമങ്ങളില്‍ നിന്ന് അധീശവര്‍ഗ്ഗം അകന്നുനിന്നത്.

പടയണിയില്‍ ജനങ്ങളുടെ ആവലാതികള്‍ കേള്‍ക്കുകയും അവരെ ആശ്വസിപ്പിക്കുകയും നാടുവാഴുന്നവര്‍ മര്യാദയ്ക്ക് ജീവിക്കണമെന്നും താക്കീത് ചെയ്യുന്ന കുറവ സമുദായത്തില്‍ പെട്ട, ശരീരത്തില്‍ ദൈവം വന്നിറങ്ങിയവനാണ് ഊരാളി. നാടുവാഴിത്തം മാറി ജനായത്തിലേക്ക്  കേരളീയ സമൂഹം പരിവര്‍ത്തനപ്പെടുമ്പോള്‍ പുതിയ സംവിധാനത്തിനകത്തും ആചാരമായി ഊരാളിയും തെയ്യവും വെളിച്ചപ്പാടുകളും നിലനിന്നു. ആദ്യകാലത്ത് ജനായത്തത്തിലേക്കുള്ള മാറ്റം പൂര്‍ണ്ണമല്ലാത്തതു കൊണ്ടും നാടുവാഴിത്തത്തിന്റെ അംശങ്ങള്‍ അപ്പോഴും സമൂഹത്തില്‍ നിലനിന്നിരുന്നതുകൊണ്ടും. ഇന്നും ഈ മാറ്റം പൂര്‍ണ്ണമല്ല. അതുകൊണ്ടാണ് രാജഭരണത്തിലെ മന്ത്രിമാരെ പോലെ തന്നെ ഇപ്പോഴത്തെ മന്ത്രിമാരും ജനപ്രതിനിധികളും ജീവിക്കുന്നതും പെരുമാറുന്നതും. അകമ്പടിയും ആലവട്ടവും വെഞ്ചാമരവും ജനങ്ങളില്‍ നിന്ന് അകന്ന് ജീവിക്കാനുള്ള മുഴുവന്‍ സംവിധാനങ്ങളുമായി.

പുതിയ സാമൂഹ്യവ്യവസ്ഥിതിയിലും ഊരാളികളില്ലാതെ വയ്യ. ഈ ഉത്തരവാദിത്വം ഭരണഘടനാപരമായി ഏല്‍പ്പിക്കപ്പെട്ടത് കോടതികളെയാണ്. എന്നാല്‍ ഇന്നാരും കോടതിയില്‍ പോയി ശരിയായ ജനപക്ഷ തീരുമാനങ്ങള്‍ നേടാമെന്ന് പ്രതീക്ഷിക്കുന്നുണ്ടാവില്ല. നിര്‍മ്മിക്കപ്പെടുന്ന തെളിവുകളും നീണ്ട വ്യവഹാരങ്ങളും മാത്രമല്ല ”ആകാശത്ത് നിന്ന് രാസകീടനാശിനി തളിക്കുമ്പോള്‍ ജനങ്ങള്‍ മാറിനില്‍ക്കുകയായിരുന്നു വേണ്ടത്.” ”വളരെയേറെ വിലപിടിപ്പുള്ള എറണാകുളം നഗരത്തില്‍ എന്തിനാണ് സ്‌കൂളിന് സ്ഥലം?” എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ ചോദിച്ചും ഉത്തരവിറക്കിയും കോടതി ജനപക്ഷത്തല്ലെന്ന് നിരന്തരം തെളിയിച്ചുകൊണ്ടിരിക്കുന്നു. അഥവാ എപ്പോഴെങ്കിലും കോടതി എതിരായാല്‍ ഉടന്‍തന്നെ നിയമം തിരുത്താന്‍ തയ്യാറെടുത്ത് നില്‍ക്കുന്ന ഭരണകൂടം കൂടിയാകുമ്പോള്‍ കോടതികള്‍ക്ക് ഊരാളിയാകാന്‍ കഴിയാതെയായി.

ഊരാളികളായി ചരിത്രം കൊണ്ടും പ്രവര്‍ത്തനം കൊണ്ടും ഉത്തരവാദിത്ത്വമേറ്റെടുത്തത് മാധ്യമങ്ങളാണ്. ആദ്യമാദ്യം ശരിയായി നിര്‍വ്വഹിക്കപ്പെട്ടതിനു ശേഷം ഓരോ മാധ്യമങ്ങളും ലാഭം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളായതോടെ സ്ഥിതി മാറി. പത്രങ്ങളില്‍ വാര്‍ത്തകളേക്കാളേറെ പരസ്യങ്ങളായി. നന്നായി പരസ്യം കൊടുക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരായി വാര്‍ത്തകള്‍ വരാറായി. ഏറ്റവും കൂടുതല്‍ പരസ്യം കൊടുക്കുന്നത് ഭരണകൂടങ്ങളുമായപ്പോള്‍ ഊരാളി സ്ഥാനം അവര്‍ക്ക് നഷ്ടപ്പെടുകയും ചെയ്തു. ഈയടുത്ത് 162 ദിവസം നീണ്ടുനിന്ന ആദിവാസികളുടെ നില്‍പ്പ് സമരവും ഇപ്പോള്‍ തൃശ്ശൂരില്‍ നടക്കുന്ന തുണിക്കടയിലെ തൊഴിലാളികള്‍ ജോലി സമയത്ത് വല്ലപ്പോഴുമെങ്കിലും ഇരിക്കാനുള്ള അവകാശത്തിനായി നടത്തുന്ന സമരവും വാര്‍ത്തയാകാത്തത് പ്രതിസ്ഥാനത്തുള്ള ഭരണകൂടവും തുണിക്കട മുതലാളിയും മാധ്യമങ്ങള്‍ക്ക് നല്‍കുന്ന വിലയേറിയ പരസ്യങ്ങള്‍ കാരണമാണ്. 

മറ്റു പല രാജ്യങ്ങളിലും ഊരാളികളാകുന്നത് പോലീസുകാരാണ്. ഇവിടെയാകട്ടെ പോലീസിന് തുടക്കം മുതല്‍ തന്നെ അത്തരമൊരു ഉദ്ദേശമോ ലക്ഷ്യമോ ഉണ്ടായിരുന്നില്ല. ഭരിക്കുന്നവരെ സംരക്ഷിക്കുക, അവരെ വഴിനടത്തുക, ജനങ്ങളില്‍ നിന്ന് അവരെ സംരക്ഷിക്കുക, ചോദ്യം ചോദിക്കുന്ന, പ്രതികരിക്കുന്ന ജനങ്ങളെ ഭീഷണിപ്പെടുത്തിയും ഉപദ്രവിച്ചും നിശബ്ദരാക്കുക എന്നിത്യാദി ഉത്തരവാദിത്വങ്ങള്‍ക്കപ്പുറത്തേക്ക് പോലീസ് വളരുന്നില്ല. നിരവധിയാണ് ഉദാഹരണങ്ങള്‍. നിറ്റാ ജലാറ്റിന്‍ കമ്പനിയുടെ ആതിഥ്യം സ്വീകരിച്ച് കമ്പനിക്കുള്ളില്‍ കഴിഞ്ഞ്, വേണ്ടപ്പോഴൊക്കെ പുറത്തിറങ്ങി സമരം ചെയ്യുന്ന സാധാരണ ജനങ്ങളെ തല്ലിത്തകര്‍ത്തതും ദേശീയ പാതയിലെ ചുങ്കപ്പിരിവിന് ആയുധമേന്തി കാവല്‍നില്‍ക്കുകയും ചെയ്യുന്ന പൊലീസിന് ഒരിക്കലുമൊരിക്കലും ഊരാളികളാവാന്‍ സാധിക്കുകയില്ല.

ഇങ്ങനെ ഊരാളികളില്ലാതായ സമൂഹം നോക്കിക്കൊണ്ടിരിക്കുന്ന വേദിയിലാണ് ഊരാളി ട്രൂപ്പിന്റെ മൂന്നാത്തെ കടമ്മനിട്ട കവിത പാട്ടായും ആക്രോശമായും നിലവിളിയായും ഉയര്‍ന്ന് മുഴങ്ങിയത്. തന്റെ സമകാലിക കവികളില്‍ നിന്ന് എങ്ങനെയൊക്കെ കടമ്മനിട്ട വ്യത്യസ്തനായോ അങ്ങനെയൊക്കെ തന്നെ പാരമ്പര്യത്തില്‍ നിന്നും അനുഷ്ഠാനങ്ങളില്‍ നിന്നും തോറ്റം പാട്ടുകളില്‍ നിന്നും ആധുനികതയില്‍ നിന്നും ഉത്തരാധുനികതയില്‍ നിന്നും സ്വത്വബോധത്തില്‍ നിന്നും ലോകമാനവികതയില്‍ നിന്നും എന്നിങ്ങനെ വ്യത്യസ്തവും പരസ്പരവിരുദ്ധവുമായ നിരവധി സ്രോതസ്സുകളില്‍ നിന്ന്‍ ഊര്‍ജ്ജമാവാഹിച്ച് ചുണ്ടിലും മനസ്സിലും ഒരുപോലെ അലിഞ്ഞുചേരുന്ന, മറക്കാന്‍ കഴിയാതായിപ്പോകുന്ന വരികളിലൂടെ ഊരാളികള്‍ കടമ്മനിട്ട കവിതയെ പോരാട്ടത്തിന്റെ സംഗീതത്തിലേക്ക് പരാവര്‍ത്തനം ചെയ്തു.

ഒരിക്കലും അടങ്ങാത്ത കാമനകളെ കളിയാക്കിക്കൊണ്ട് ”ഞ്ഞീം വേണം” എന്ന നാലാമത്തെ പാട്ട് മുന്നേറുമ്പോഴാണ് നീളമുള്ള ഖദര്‍ധാരിയായ ഒരാള്‍ വേദിക്കരികെയെത്തി നിക്കറിട്ട്, തോളില്‍ സ്‌കൂള്‍ ബാഗേന്തി കുടകറക്കി നിന്നിരുന്ന അഭിനേതാവിന്റെ തോളത്ത് തട്ടി വിളിച്ച് എന്തോ പറഞ്ഞത്. നിമിഷങ്ങള്‍ക്കകം സംഗീതം നിലച്ചു. ”നിങ്ങള്‍ ഏവരും കാത്തിരുന്ന കരിന്തലക്കൂട്ടത്തിന്റെ നാടന്‍ പാട്ടുകള്‍ ഉടനെ ആരംഭിക്കും. അതിനുമുന്നേ ഒരു പാട്ടുകൂടി ഇവര്‍ പാടുന്നതാണ്.” എന്ന അറിയിപ്പു വന്നു. അതെന്താ അങ്ങനെയെന്ന് പാട്ടില്‍ മുഴുകിയിരുന്ന സദസ്സാകെ ഉണര്‍ന്ന് ചോദിക്കുമ്പോഴേക്കും സ്ഥലം എം.എല്‍.എ.  സുനില്‍കുമാര്‍ വേദിയിലെത്തി ”ഞാന്‍ പറയുന്നത് കേള്‍ക്കണം” എന്നാവശ്യപ്പെട്ടു. അദ്ദേഹം ഊരാളികളെ കൈയ്യടിച്ച് വിട പറയണമെന്ന് അഭ്യര്‍ത്ഥിച്ച് പരിപാടി അവസാനിപ്പിച്ചു.

സാംസ്‌കാരിക പാരമ്പര്യം നിറഞ്ഞുകവിഞ്ഞു നില്‍ക്കുന്നു എന്ന് അവകാശപ്പെടുന്ന മുസിരിസിന്റെ കടല്‍ത്തീരത്ത് ആ സന്ധ്യയ്ക്ക് വിശാലമായ വേദിയില്‍ നിരവധിയായ മനുഷ്യര്‍ക്ക് നേരെ നില്‍ക്കുമ്പോള്‍ ഈ യുവനേതാവ് നഷ്ടപ്പെടുത്തിയത് ചരിത്രത്തിന്റേയും വര്‍ത്തമാന രാഷ്ട്രീയത്തിന്റെയും ആഴങ്ങളിലേക്കിറങ്ങി പുതിയ തിരിച്ചറിവുമായി കുളിച്ചുകയറാന്‍ തക്ക ഗംഭീരമായ ഒരു പ്രസംഗത്തിന്റെ സാദ്ധ്യതകളായിരുന്നു. നാട്ടിലെ ഇടതുപക്ഷത്തിന്റെ നേര്‍പതിപ്പ്. ജനങ്ങളോട് ഒന്നും പുതുതായി പറയാനില്ല. അവര്‍ എങ്ങോട്ടൊഴുകിയാലും അതിന്റെ മുന്നില്‍ച്ചെന്ന് നില്‍ക്കാന്‍ മാത്രം പ്രാപ്തിയുള്ള നേതൃത്വത്തിന്റെ അധഃപതനകാലം. സംഘാടകര്‍ ദയാപൂര്‍വ്വം പാടാനനുവദിച്ച അഞ്ചാമത്തെ പാട്ട് ഊരാളി പാടിയില്ല. രാവിലെ മുതല്‍ നാട്ടുകാരെ കണ്ട് അവരുടെ വിശേഷങ്ങളറിഞ്ഞും അവരുടെ വിളവെടുപ്പിന്റെ ഭാഗം വാങ്ങിയും വൈകീട്ടാകുമ്പോള്‍ നാടുവാഴിക്കു നേരെ ചോദ്യങ്ങളും ആജ്ഞകളും നിര്‍ദ്ദേശങ്ങളുമായി ദൈവമായി മാറുന്ന പടയണിദേശത്തെ ഊരാളിയെപ്പോലെ ഇവിടെയും ഊര്‍ജ്ജം പകര്‍ന്ന് കൊടുക്കാന്‍ ജനമില്ലെങ്കില്‍ ഊരാളിയുമില്ല. കാലം മാറി, നാടുവാഴിത്തം മാറി പുതിയ കാലത്തിലെത്തുമ്പോള്‍ ഫ്യൂഡലിസത്തിലെന്നപോലെ ആചാരമായി നിലനില്‍ക്കുന്ന പഴയ പടയണിയിലേതല്ല ഇപ്പോഴത്തെ ഊരാളി.

പക്ഷേ കൊടുങ്ങല്ലൂരിനപ്പുറം ഊരാളി പടരുകയാണ്. അവരിലൂടെ മണ്ണിന്റെ മണമുള്ള കടമ്മനിട്ട കവിതകള്‍ ജീവന്‍വയ്ക്കുകയാണ്. ആ കവിതയേറ്റ് പൊള്ളുന്നവര്‍ മൈക്ക് പിടിച്ചുവാങ്ങിക്കുമ്പോള്‍ ഊരാളികള്‍ അവര്‍ക്കപ്പുറം കടന്ന് മനുഷ്യന്‍ മനുഷ്യനോട് സംസാരിക്കുന്നതിന്റെ ഭാഷയായി, ചലനമായി, ശബ്ദമായി, സംഗീതവും ചിന്തയുമായി കേരളത്തിലങ്ങോളം ചിതറിത്തെറിക്കുകയായി.

അതുകൊണ്ട് കൂടിയാവും ഊരാളികള്‍ കടല്‍ക്കരയിലെ അവരുടെ വേദിയില്‍ കളിത്തോക്ക് ചൂണ്ടിയപ്പോള്‍ അങ്ങകലെ വനാന്തരങ്ങളില്‍ യഥാര്‍ത്ഥ തോക്കുകള്‍ ശബ്ദിക്കുന്നത്. പാട്ടും പോരാട്ടവും തമ്മിലുള്ള  പൊക്കിള്‍ക്കൊടി ബന്ധമായിരിക്കുമത്.

(കെ.എഫ്.ആര്‍.ഐയില്‍ സയന്റിസ്റ്റും എഴുത്തുകാരനുമാണ് ലേഖകന്‍)

*Views are Personal

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍