UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഫാസിസം പറയുന്നു: ഊരാളികള്‍ പാട്ട് നിര്‍ത്തുക; നിശബ്ദരാക്കപ്പെടുന്ന നാം എന്ന ജനത

Avatar

നിരവധി സമരപരമ്പരകള്‍ക്ക് മലയാളി സാക്ഷ്യം വഹിച്ച വര്‍ഷമായിരുന്നു കടന്നു പോയത്. നമ്മുടെ ഇരട്ടത്താപ്പുകളുടെ, നമ്മുടെ മുഖംമൂടികളുടെ, വികസനത്തിന്റെയും വളര്‍ച്ചയുടെയും പേരില്‍ നാം കെട്ടിഘോഷിക്കുന്ന മനുഷ്യത്വ വിരുദ്ധതയുടെ, സാംസ്കാരിക ഫാസിസത്തിന്റെ, ജാതിയും മതവും അന്യനെ തൊട്ടുകൂടായ്മയും അത്രയേറെ ആഴത്തില്‍ വേരുറച്ചിട്ടുള്ള ഒരു സമൂഹത്തിന്റെ മൂടിളക്കാന്‍, അടിസ്ഥാനപരമായി നമ്മുടെയൊക്കെ ഉള്ളിലേക്ക് തന്നെ നോക്കാന്‍ ഈ സമരങ്ങള്‍ കുറച്ചെങ്കിലും ഉപകരിച്ചിട്ടുണ്ട്. എന്നാല്‍ നാം കരുതുന്നതിലും വലിയ പ്രതിസന്ധികള്‍, പേടികള്‍ ഒക്കെയാണ് കാത്തിരിക്കുന്നത് എന്ന ഓര്‍മപ്പെടുത്തലാണ്, ഊരാളികള്‍ക്ക് നേരെ കഴിഞ്ഞ ദിവസമുണ്ടായ ‘പൊതുസമൂഹ’ത്തിന്റെ കടന്നുകയറ്റം. അതൊരു ഓര്‍മപ്പെടുത്തലാണ്, നാം നിശബ്ദരാക്കാപ്പെട്ടുകൊണ്ടിരിക്കുന്ന ജനതയാണെന്ന്. പുതുവര്‍ഷത്തില്‍ ഇത്തരം ചില കാര്യങ്ങളും നാം അഭിമുഖീകരിക്കേണ്ടതുണ്ട്. 

 

എഴുത്ത്: കെ.എച്ച്‌. ഹുസൈൻ
ചിത്രങ്ങള്‍: ഹാഷിം ഹാറൂണ്‍

ചരിത്രത്തിന്റേയും പൈതൃകത്തിന്റേയും സംസ്കാരത്തിന്റേയും പ്രതീകമാണ് മുസരിസ്‌. പെരിയാറിന്റെ അഴിമുഖത്ത്‌ വർഷംതോറും നടത്തിവരുന്ന മുസരിസ്‌ ബീച്ച്‌ ഫെസ്റ്റിവലിൽ പാടാനായാണ്‌ ‘ഊരാളി സംഘം’ ഡിസംബർ 30-ന്‌ എത്തിയത്‌.

വേറിട്ടൊരു സംഗീത ട്രൂപ്പാണ് ‘ഊരാളി’. തൃശ്ശൂരിലെ മനക്കൊടിയാണ്‌ ആസ്ഥാനം. ആഗോളവത്‌ക്കരണത്തിന്റെ കെട്ടുകാഴ്‌ചകൾക്കെതിരെ ശബ്ദമുയർത്തുന്നവർ. തൃശ്ശൂർ നഗരത്തിൽ റോഡിനു വീതിക്കൂട്ടാൻ മരങ്ങൾ മുറിച്ചപ്പോൾ പ്രതിഷേധമുയർത്താനായി നഗരമദ്ധ്യത്തിൽ ഒത്തുകൂടിയവരിൽ അവരുണ്ടായിരുന്നു. “നമുക്ക്‌ വീതിയുളള വീഥികൾ വേണം. കെട്ടിടങ്ങളുയർത്താൻ പാതയോരങ്ങൾ വേണം. ഈ മരങ്ങളെന്തിനു മാളോരേ?” അവരുടെ പാട്ട്‌ നഗരത്തിൽ പ്രകമ്പനമായി.

പ്രതിഷേധത്തിന്റേയും യുവതയുടേയും ഉജ്ജ്വലമായ ആവിഷ്കരണമാണ്‌ ഊരാളിയുടേത്‌. അവരുടെ കവിതകളിൽ, പാട്ടുകളിൽ ലയവും താളവും മുറിഞ്ഞുപോകുന്നു. മലയാളി കടന്നുപോകുന്ന സന്നിഗ്ദ്ധാവസ്ഥകളെ, ചപലമായ ഉപഭോക്തൃ മോഹങ്ങളെ, ഭ്രാന്തമായ വികസനത്വരയെ അവർ അലർച്ചകൊണ്ടും അട്ടഹാസങ്ങൾകൊണ്ടും അലോസരപ്പെടുത്തുന്നു. പല്ലിളിക്കും കുരങ്ങച്ചനും പാട്ടുപാടും തത്തമ്മയും ഗൃഹാതുരതയോടെ പ്രത്യക്ഷപ്പെടുന്നു. ചൈതന്യമറ്റുപോയ തെരുവുനാടകങ്ങൾക്ക്‌ പുതിയൊരു കാഴ്ചയും ഒച്ചയും കണ്ടെത്തി സമൂഹത്തിനുമുന്നിൽ ശക്തമായി  കാര്യങ്ങൾ പറയാനും പാടാനും  തന്നെയാണ്‌ അവരുടെ പുറപ്പാട്‌. രണ്ടാഴ്ചകൾക്കുമുമ്പ്‌ സാഹിത്യ അക്കാദമിയുടെ  മുറ്റത്ത്‌ നിറഞ്ഞസദസ്സിൽ ‘ഊരാളി എക്സ്പീരിയൻസ്‌’ അവതരിപ്പിച്ചപ്പോൾ കേരളത്തിന്റെ വരുംകാല പ്രതിരോധങ്ങളുടെ അനന്തസാദ്ധ്യതകള്‍ അനാവരണം ചെയ്യപ്പെടുകയായിരുന്നു.

ഊരാളി കൂട്ടായ്മയിലെ ഗിറ്റാറിസ്റ്റായ സജിയെ പരിചയപ്പെടുന്നത്‌ ബാംഗ്ലൂരിൽ വെച്ചാണ്‌. കടമ്മനിട്ടക്കവിതയുടെ തെരുവ്‌ ആവിഷ്‌കാരത്തെ ആസ്പദമാക്കി ‘ഇൻഡ്യ ഫൗണ്ടേഷൻ ഫോർ ആർട്സി‌’ന്റെ ഫെല്ലോഷിപ്പിനർഹനായി ഗവേഷണം ചെയ്യുകയാണ്‌ അദ്ദേഹം. സജി മുഖേനയാണ്‌ മറ്റു രണ്ട്‌ ഊരാളികളെ പരിചയപ്പെടുന്നത്‌. രണ്ടുപേരും സ്കൂൾ ഓഫ്‌ ഡ്രാമയിൽനിന്ന്‌ പഠിച്ചിറങ്ങിയ പ്രതിഭാശാലികൾ. സിനിമയുടെ വെള്ളിവെളിച്ചത്തിലേക്കവർ ചേക്കേറിയില്ല. നിഴലും വെളിച്ചവും മാത്രമായി ചുരുങ്ങിപോകാതെ ആൾക്കൂട്ടത്തിനു നടുവിൽ ജീവത്സ്പന്ദനങ്ങള്‍ തേടുകയായിരുന്നു അവർ. ഊരാളിയിലെ പാട്ടുകാരൻ മാർട്ടിന്‍ ജോണിന്റെ അന്വേഷണങ്ങൾ ദേശാന്തരങ്ങളിലേക്ക്‌ കടന്നുപോയി. സ്വത്വാവിഷ്കാരങ്ങളില്‍ വന്യതയുടെ തുടിപ്പുതേടി വർഷങ്ങളോളം അദ്ദേഹം ലാറ്റിനമേരിക്കയിൽ അലഞ്ഞു. മലയാളിയുടെ അതിസാധാരണ വാക്കുകളും സംഭാഷണത്തെറ്റുകളും കവിതയിൽ ഇഴചേർക്കുകയായിരുന്നു ഇക്കാലമത്രയും ഷാജി സുരേന്ദ്രനാഥ്‌. മലയാളി അകപ്പെട്ടുപോയ ഭ്രാന്തമായ ആവേഗങ്ങളെ ‘ഞീം വേണം’ എന്ന പാട്ടിൽ അദ്ദേഹം കോറിയിട്ടു. ഓടിച്ചോടിച്ച്, നിർത്താതെ ഓടിച്ചോടിച്ച്‌ വലഞ്ഞ മലയാളി ഈരടികളില്‍ പെരുകി.

അങ്ങനെ അവർ ഡിസംബർ 30ന്‌ അഴീക്കോട്‌ മുനയ്ക്കൽ ബീച്ചിലെത്തി. വിശാലമായ കടൽത്തീരവും ഫെസ്റ്റിവൽ കാണാനെത്തിയ ആയിരങ്ങളും അവരെ ആവേശം കൊളളിച്ചിരിക്കണം. കൊടുങ്ങല്ലൂരിന്റെ സാംസ്കാരിക ഭൂമിക അവരെ ത്രസിപ്പിച്ചിരിക്കണം. ഉച്ചമുതലേ അവർ ഒരുക്കങ്ങൾ തുടങ്ങി.

എന്നാല്‍ അവരെ കാത്തിരുന്നത്‌ വലിയൊരു അപമാനമാണ്‌.

സായാഹ്നത്തിലെ ആദ്യപരിപാടി കവിയരങ്ങായിരുന്നു. ഊരാളിക്ക്‌ അരങ്ങ്‌ കിട്ടുമ്പോൾ രാത്രി എട്ടരയായി. ഒന്നര മണിക്കൂർ നീണ്ടുനിൽക്കുന്ന അവരുടെ പ്രോഗ്രാം ചടുലമായ താളത്തോടെ, ആക്രോശങ്ങളോടെ ആരംഭിച്ചു. മരങ്ങളും ആകാശവും ദിശതെറ്റിയ വികസനവും ഒക്കെയായി അവർ അവരുടെ താളങ്ങൾ/താളഭംഗങ്ങൾ കണ്ടെത്തിക്കൊണ്ടിരുന്നു. സ്വാഭാവിക പ്രതികരണങ്ങളെന്ന നിലക്ക്‌ കാണികൾ ആർപ്പുവിളിക്കുകയും കൂക്കിവിളിക്കുകയും ചെയ്തു. ഊരാളിക്ക്‌ ഊർജ്ജം പകരാൻ അതത്യാവശ്യമെന്ന്‌ തോന്നിച്ചു. കാണികള്‍ക്കിടയിൽ അവിടവിടെയായി ഒറ്റപ്പെട്ട നൃത്തങ്ങളും രൂപംകൊളളുന്നുണ്ടായിരുന്നു.

ഒരോ പാട്ടു കഴിയുമ്പോഴും പുതിയ പ്രചണ്ഡതകള്‍ ഊരാളി  കണ്ടെത്തിക്കൊണ്ടിരുന്നു. നാലാമത്തെ പാട്ട്‌ ആരംഭിക്കാനിരിക്കെയാണ്‌ പൊടുന്നനെ സംഘാടകർ സ്റ്റേജിലേക്ക്‌ ഇരമ്പി കയറിയത്‌. മാർട്ടിനിൽനിന്ന്‌ അവർ മൈക്ക്‌ തട്ടിപ്പറിച്ചു. പലരുടേയും പല അനൗൺസ്‌മെന്റുകള്‍ തുടരെത്തുടരെയുണ്ടായി. ഊരാളി എക്സ്പീരിയൻസിനായി ദൂരദേശങ്ങളിൽനിന്ന്‌ എത്തിയവർ, അതിനകം ഊരാളിയെ നെഞ്ചിലേറ്റാൻ തുടങ്ങിയ കാണികൾ, എല്ലാവരും എന്താണ് സംഭവിക്കുന്നതെന്നറിയാതെ സ്തബ്ധരായി. 

“അടുത്ത പരിപാടി ആരംഭിക്കുകയാണ്‌, ഊരാളിയുടേത്‌ അവസാനിച്ചു കഴിഞ്ഞു. ഒരു പാട്ടു കൂടി അവർ പാടും. എല്ലാവരം കയ്യടിച്ച്‌ ഈ കലാകാരൻമാരെ പ്രോത്സാഹിപ്പിക്കുക……”

ഊരാളി  പിന്നീട്‌ പാടിയില്ല. അവർ സ്റ്റേജിൽ നിശ്ചലരായി നിന്നു. സംഘാടകർ അവരെ വകഞ്ഞു മാറ്റിക്കൊണ്ടിരുന്നു. അനീതിയെന്നു പറഞ്ഞ്‌ സ്റ്റേജിലെത്തിയവരെ അവർ ആട്ടിയകറ്റി. അടുത്ത പരിപാടി അവതരിപ്പിക്കുന്നവർ സ്റ്റേജിലേക്കെത്തിക്കഴിഞ്ഞു.

സാംസ്കാരിക ഫാസിസത്തിന്റെ കേരളക്കരയിലെ പുതിയൊരു ചുവടുവയ്പാണ്‌ കൊടുങ്ങല്ലൂരിന്റെ മണ്ണിൽ നടന്നത്‌. രാഷ്ട്രീയക്കാരുടെ സംഘബലത്തിനും വികസനമോഹത്തിനും എതിരെ ശബ്ദിക്കുന്നവരിൽനിന്നും പരസ്യമായി മൈക്ക്‌ തട്ടിപ്പറിക്കും എന്നുതന്നെയാണ്‌ മുസരിസ്‌ ബീച്ച്‌ സംഭവം അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുന്നത്‌. അരികിലേക്കു തളളിമാറ്റപ്പെട്ട ജനതയ്ക്കും മണ്ണിനും നീതിക്കും വേണ്ടിയുളള ശബ്ദം കൊല്ലാനുളള എളുപ്പവഴി കണ്ഠനാളത്തെ കീറുക എന്നതാണെന്ന്‌ അവർക്കറിയാം. മനുഷ്യനേയും മരത്തെ പ്രേമിക്കുന്നവർ ഇക്കാര്യത്തിൽ ജനാധിപത്യ മര്യാദകള്‍ പ്രതീക്ഷിക്കേണ്ടതില്ല.  ‘ജനം’, ‘സംസ്കാരം’ എന്നിങ്ങനെ വാക്കുകൾ ജനത്തേയും സംസ്കാരത്തേയും നിശ്ശബ്ദരാക്കാൻ അവർ കൂടെകൂടെ ഉപയോഗിക്കുന്നു.

കൺമുമ്പിൽ മനുഷ്യനും പ്രകൃതിയും നാൾക്കുനാൾ വിലകെട്ടുപോകുമ്പോൾ എത്രനാൾ ഈ സംഘാടകര്‍  ജനത്തിന്റേയും സംസ്കാരത്തിന്റേയും പ്രിതിനിധികളായി വാഴും? പുതിയ കാലത്തിന്റെ ആസുരതകളെ പ്രതിരോധിക്കുന്ന യുവത്വത്തിന്‌ പുതിയ പാഠങ്ങള്‍ വെളിപ്പെടുകയാണ്‌. ഊരാളികൾക്ക് പ്രസക്തി ഏറുകയാണ്‌.

(കേരള സാഹിത്യ അക്കാദമി കാമ്പസില്‍ അവതരിപ്പിച്ച ഊരാളി എക്സ്പീരിയന്‍സില്‍ നിന്നുള്ള ദൃശ്യങ്ങള്‍)

 

*Views are personal

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍