UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഊരാളിക്കെതിരെ പോലീസ് അതിക്രമം; പ്രതിഷേധ സംഗീത പരിപാടി പോലീസ് സ്റ്റേഷന് മുന്നില്‍

Avatar

അഴിമുഖം പ്രതിനിധി

സമൂഹത്തില്‍ നിലനില്‍ക്കുന്ന കൊള്ളരുതായ്മകള്‍ക്കെതിരെ കലാകാരന്മാര്‍ എന്ന നിലയില്‍ തങ്ങളുടെ പാട്ടുകളിലൂടെ പ്രതിഷേധിക്കുന്ന ഊരാളി കേരളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട മ്യൂസിക് ബാന്‍ഡാണ്. ഓരോ തവണയും തങ്ങളുടെ കലാപരിപാടികളിലൂടെയാണ് അവര്‍ വാര്‍ത്തയില്‍ സ്ഥനം പിടിക്കുക. എന്നാല്‍ ഇപ്പോള്‍ ഊരാളി വാര്‍ത്തയിലെത്തിയത് ബാന്‍ഡിലെ ഒരു കലാകാരനു നേരിടേണ്ടി വന്ന തിക്താനുഭവത്തിലൂടെയാണ്. തന്റെ വ്യക്തിത്വം കാത്തു സൂക്ഷിക്കാനും തനിക്കിഷ്ടമുള്ള വേഷം ധരിക്കാനും പൌരന് ഭരണഘടന അവകാശം നല്‍കിയിട്ടുള്ള രാജ്യത്ത് മാര്‍ട്ടിന്‍ ജോണ്‍ എന്ന ആ കലാകാരന് നേരിടേണ്ടി വന്നത് ക്രൂരമായ മര്‍ദ്ദനമാണ്, അതും നീതിപാലകരില്‍ നിന്നും.

മനുഷ്യസംഗമം എന്ന പ്രതിഷേധ കൂട്ടായ്മയുടെ സംഘാടകരില്‍ ഒരാള്‍ കൂടിയാണ് മാര്‍ട്ടിന്‍ ജോണ്‍. കഴിഞ്ഞ ദിവസം വൈകിട്ട് തൃശൂര്‍ അരണാട്ടുകരയിലുള്ള സ്കൂള്‍ ഓഫ് ഡ്രാമയിലേക്ക് പോകുന്ന വഴിയാണ് സംഭവം നടന്നത്. അയ്യന്തോള്‍ പോലീസ് സ്റ്റേഷനിലെ എസ്ഐ ശ്രീജിത്തിന്റെ നേതൃത്വത്തില്‍ നടന്ന ഹെല്‍മറ്റ് ചെക്കിംഗില്‍ മാര്‍ട്ടിനും കൂട്ടുകാരനും പെടുന്നതോടെയാണ് സംഭവങ്ങളുടെ ആരംഭം. ചെക്കിംഗ് നടക്കുന്നത് ദൂരെ നിന്നും കണ്ട മാര്‍ട്ടിന്റെ സുഹൃത്ത് ഹെല്‍മറ്റ് ഇല്ലത്തതിനാല്‍ വാഹനം തിരിക്കുകയും മറ്റൊരു വഴിക്ക് പോവുകയും ചെയ്തു. തുടര്‍ന്ന് മാര്‍ട്ടിന്‍ പോലീസ് നില്‍ക്കുന്ന സ്ഥലത്തു കൂടി നടന്നു പോകാന്‍ തീരുമാനിച്ചു. എന്നാല്‍ അവര്‍ മാര്‍ട്ടിനെ തടഞ്ഞു നിര്‍ത്തുകയായിരുന്നു. പ്രകോപനമൊന്നുമില്ലാതെയാണ് എസ് ഐ ശ്രീജിത്തും കൂട്ടരും തന്നെ കസ്റ്റഡിയിലെടുത്തത് എന്ന് മാര്‍ട്ടിന്‍ പറയുന്നു.

ഫാസിസം പറയുന്നു: ഊരാളികള്‍ പാട്ട് നിര്‍ത്തുക; നിശബ്ദരാക്കപ്പെടുന്ന നാം എന്ന ജനത

‘ഏകദേശം 5.30-ഓടെയാണ് അവര്‍ എന്നെ കസ്റ്റഡിയിലെടുക്കുന്നത്. ചെക്കിംഗ് നടക്കുന്ന ഭാഗത്തെത്തിയപ്പോള്‍ തടഞ്ഞു നിര്‍ത്തി കുറേ അപമാനിച്ചു. കഞ്ചാവ് കടത്തുകാരന്‍ ആണോ എന്നൊക്കെ ആരോപിച്ചു. താടിയും മുടിയും നീട്ടി വളര്‍ത്തിയതേക്കുറിച്ച് വളരെ മോശമായ രീതിയില്‍ സംസാരിക്കുകയും ചെയ്തു. ഞാന്‍ ഒരു ആര്‍ട്ടിസ്റ്റ് ആണ്, ഡ്രാമ സ്കൂളിലേക്ക് പോവുകയാണ് എന്നുള്ള കാര്യങ്ങള്‍  അവരോട് പല തവണ  പറഞ്ഞുവെങ്കിലും ഹീറോയിസം കാട്ടുന്നത് പോലെയായിരുന്നു എസ്ഐയുടെയും കൂടെയുണ്ടായിരുന്ന പോലീസുകാരുടെയും പ്രവര്‍ത്തനം. ബലം പ്രയോഗിച്ച് എന്നെ ജീപ്പില്‍ കയറ്റുകയും ലാലൂര്‍ ജംഗ്ഷനിലേക്ക് കൊണ്ടു പോവുകയും ചെയ്തു. എന്നെയും കൊണ്ട് അവിടെയിറങ്ങി സിനിമാ സ്റ്റൈല്‍ അന്വേഷണം നടത്തുകയും ചെയ്തു. ഞാന്‍ ജനിച്ചു വളര്‍ന്ന സ്ഥലത്ത്  പബ്ലിക്കായി അവര്‍ എന്നെ മാനസികമായി പീഡിപ്പിക്കുകയാണുണ്ടായത്. ഇടയ്ക്ക് ജീപ്പില്‍ നിന്നും ഇറങ്ങി പോലീസുകാരോട് സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ വീണ്ടും ബലം പ്രയോഗിച്ച് അവര്‍ എന്നെ ജീപ്പിനുള്ളിലേക്ക് തള്ളി. പോലീസുകാരോട് സംസാരിക്കാന്‍ നീയാരാടാ എന്നൊക്കെയായിരുന്നു ചോദ്യം. ജീപ്പിലും അതു തന്നെ ആവര്‍ത്തിച്ചു. ഒരു മനുഷ്യനെ എത്രത്തോളം തരംതാഴ്ത്താമോ അത്രയും നീചമായ രീതിയിലാണ് അവരെന്നോട് പെരുമാറിയത്’. 

5.30ന് അറസ്റ്റ് ചെയ്ത മാര്‍ട്ടിനെ പോലീസ് അയ്യന്തോള്‍ സ്റ്റേഷനില്‍ എത്തിക്കുന്നത് ആറര മണിയോടെയാണ്. തുടര്‍ന്ന് അവിടെവച്ചാണ് താന്‍ ക്രൂരമായ മര്‍ദ്ദനത്തിനിരയായത്‌ എന്ന് മാര്‍ട്ടിന്‍ വ്യക്തമാക്കുന്നു. തലയുടെ ഭാഗത്തും കൈകളിലും ക്രൂരമായി തനിക്ക് മര്‍ദ്ദനമേറ്റതായി മാര്‍ട്ടിന്‍ പറയുന്നു. സംഭവമറിഞ്ഞ് സുഹൃത്തുക്കള്‍ സ്റ്റേഷനിലെത്തിയതോടെയാണ്‌ കലാകാരനെ വിട്ടയക്കുന്നത്. 

‘ആര്‍ട്ടിസ്റ്റാണ്, അതിന്റെതായ  ആവശ്യങ്ങള്‍ക്കായി പോവുകയാണ് എന്ന് പലതവണ വ്യക്തമാക്കിയിട്ടും പോലീസ്  ചെവിക്കൊണ്ടില്ല. മനുഷ്യന്‍ എന്നുള്ള പരിഗണന പോലും നല്‍കാതെയാണ്അവര്‍ എന്നോട് പെരുമാറിയത്. കലാകാരന്‍ എന്ന നിലയിലുള്ള എന്റെ ആത്മാഭിമാനത്തെ അവര്‍ പലതരത്തില്‍ അപമാനിച്ചു’- മാര്‍ട്ടിന്‍ ആരോപിക്കുന്നു.

ഒരൊറ്റ ഊരാളി; അതിനേം കൊല്ലണോ!

സംഭവം അതുകൊണ്ടും അവസാനിച്ചില്ല. സ്റ്റേഷനില്‍ നിന്നുമേറ്റ മര്‍ദ്ദനം മൂലം ശാരീരികമായി അസ്വസ്ഥത അനുഭവപ്പെട്ട മാര്‍ട്ടിനെയും കൂട്ടി സുഹൃത്തുക്കള്‍ ജനറല്‍ ഹോസ്പിറ്റലില്‍ എത്തിയെങ്കിലും പോലീസ് ഇടപെട്ടതിനാല്‍ അഡ്മിറ്റ്‌ ചെയ്യുന്നതിന് അധികൃതര്‍ വിമുഖത കാട്ടുകയായിരുന്നു. തുടര്‍ന്ന് മുളങ്കുന്നത്തുകാവിലുള്ള മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. എന്നാല്‍ അവിടെയും മാര്‍ട്ടിനെ അഡ്മിറ്റ്‌ ചെയ്യുന്നതില്‍ പ്രശ്നങ്ങള്‍ ഉണ്ടായി.   

മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജിലെത്തിയ മാര്‍ട്ടിനെ അഡ്മിറ്റുചെയ്യാന്‍ കഴിയില്ലെന്ന് അവര്‍ നിലപാടെടുത്തതോടെ മാര്‍ട്ടിന്റെ സുഹൃത്തുക്കളായ ലാസര്‍ ഷൈനും അജിലാലും അധികൃതരുടെ നിലപാടിനെ  ചോദ്യം ചെയ്തു. തുടര്‍ന്ന് വാക്കേറ്റമുണ്ടാകുകയും സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഇവരെയും ആക്രമിച്ചതായി സുഹൃത്തുക്കള്‍ ആരോപിക്കുന്നു. ഇക്കാര്യത്തെച്ചൊല്ലി ആശുപത്രിയില്‍ കൈയ്യേറ്റമുണ്ടായതായി ഊരാളിയിലെ ഗായകനും ഗിത്താറിസ്റ്റുമായ സജി കടമ്പാട്ടില്‍ പറയുന്നു.

ആശുപത്രിയില്‍ വച്ച് പോലീസുകാരെ ആക്രമിച്ചുവെന്നാരോപിച്ച് ലാസര്‍ ഷൈനിനെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയുമുണ്ടായി. കൂടെയുണ്ടായിരുന്ന അജിലാലിനെ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. ഇയാളുടെ കൈ തിരിച്ചൊടിക്കുകയായിരുന്നു പോലീസ് എന്ന് ഇവരുടെ സുഹൃത്തുക്കള്‍ പറയുന്നു. അറസ്റ്റ് ചെയ്യാനൊരുങ്ങിയെങ്കിയെങ്കിലും രോഗിയുടെ കൂടെവന്നയാളാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതോടെ അജിലാലിനെ വെറുതെവിടുകയായിരുന്നു. രാത്രിയോടെയാണ് ലാസര്‍ ഷൈനിനെ പോലീസ് വിട്ടയയ്ക്കുന്നത്.

മാര്‍ട്ടിന്‍ ഊരാളിക്ക് പോലീസ് മര്‍ദ്ദനം

പോലീസ് അതിക്രമത്തിനെതിരെ കലാകാരന്‍മാര്‍ പ്രതിഷേധത്തിനൊരുങ്ങുകയാണ്. വൈകീട്ട് 4 മണിക്ക് അയ്യന്തോള്‍ പോലീസ് സ്റ്റേഷനു മുന്‍പില്‍ ഊരാളി സംഗീത സംഘവും തൃശ്ശുരിലെ കലാ സാംസ്കാരിക പ്രവര്‍ത്തരും പ്രതിഷേധ സംഗീത പരിപാടി സംഘടിപ്പിക്കുകയാണ്. അക്രമരഹിതമായ, തികച്ചും കലാപരമായ ഒരു പ്രതിഷേധം. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍