UPDATES

സിനിമ

ടോറന്‍റ് കാലത്ത് ത്രില്ലടിപ്പിക്കുമോ ഊഴം?

Avatar

സഫിയ ഒ സി 

2015 ലെ അത്യത്ഭുത സൂപ്പര്‍ ഹിറ്റ് ചിത്രമായ ദൃശ്യത്തിന് ശേഷമാണ് ജീത്തു ജോസഫ് എന്ന സംവിധായകന്‍ മലയാള സിനിമയിലെ പൊന്നും വിലയുള്ള താര സംവിധായക നിരയിലേക്ക് ഉയര്‍ന്നത്. അതുകൊണ്ട് തന്നെ ജീത്തുവിന്റെ ഓരോ സിനിമകളും വരുമ്പോള്‍ അത്ര മോശമല്ലാത്ത പ്രേക്ഷക പ്രതീക്ഷയും അതിനെ ചുറ്റിപ്പറ്റി ഉണ്ടാകുന്നുണ്ട്.  അങ്ങനെ പ്രതീക്ഷയോടെ വന്ന ലൈഫ് ഓഫ് ജോസൂട്ടി വലിയ ബഹളങ്ങളൊന്നും ഉണ്ടാക്കാതെ കടന്നു പോയി. അതിനു ശേഷം ജീത്തുവിന്‍റേതായി എത്തിയിരിക്കുന്ന ചിത്രമാണ് ഊഴം. പൃഥ്വിരാജിനെ നായകനാക്കി നേരത്തെ സംവിധാനം ചെയ്ത മെമ്മറീസ് ഒരു സൈക്കോ ത്രില്ലര്‍ എന്ന നിലയില്‍ നല്ല പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമാണ്. അതുകൊണ്ടു തന്നെ ഈ താര-സംവിധായക കൂട്ടുകെട്ടില്‍ പിറന്ന ഊഴം ഒരു വേറിട്ട അനുഭവമാകും എന്ന് പ്രേക്ഷകര്‍ തീര്‍ച്ചയായും പ്രതീക്ഷിക്കുന്നുണ്ട്.

ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന ചിത്രമാണ് ഊഴം (?). എന്നാല്‍ അതൊരു സസ്പെന്‍സ് ത്രില്ലര്‍ അല്ല. നായകന്റെ ലക്ഷ്യം തുടക്കത്തില്‍ തന്നെ വ്യക്തമാണ്. അത് അയാള്‍ കൈവരിക്കുമോ എന്നേ അറിയേണ്ടതുള്ളൂ. നായകന്‍ സൂര്യ (പൃഥ്വിരാജ്) അമേരിക്കയില്‍ എഞ്ചിനീയറാണ്. സാധാ സോഫ്ട് വെയര്‍ എഞ്ചിനീയറല്ല. ഉപയോഗശൂന്യമായ ബഹുനില കെട്ടിടങ്ങള്‍ കണ്‍ട്രോള്‍ഡ് ഡിമോളിഷന്‍ വഴി പൊളിച്ചുമാറ്റുന്ന സമര്‍ത്ഥന്‍. അയാള്‍ക്ക് സഹോദരനുണ്ട്. (അച്ഛനും അമ്മയും ദത്തെടുത്ത മുസ്ലീം പയ്യന്‍). നീരജ് മാധവന്‍ അവതരിപ്പിക്കുന്ന ഐ ടി ജീനിയസ്. മൈക്രോസോഫ്റ്റിന്റെ പോലും ജോലി കളഞ്ഞു സ്വന്തമായി ചില ഭ്രാന്തന്‍ ആശയങ്ങള്‍ തലയില്‍ കൊണ്ടുനടക്കുന്ന വിരുതന്‍. ദേശീയ സുരക്ഷയ്ക്കൊക്കെ സഹായിക്കുന്ന തരത്തിലുള്ള എത്തിക്കല്‍ ഹാക്കിംഗിനെ കുറിച്ചാണ് പുള്ളി ചിന്തിക്കുന്നത്. എന്തായാലും ഈ രണ്ട് സാങ്കേതിക വൈദഗ്ദ്യം രണ്ടു നായകന്‍മാരുടെ ചുമലിലേല്‍പ്പിച്ചു സംവിധായകന്‍ തന്റെ പണി പകുതി പൂര്‍ത്തിയാക്കി. മറ്റൊന്നുമല്ല. ഈ രണ്ടു തൊഴിലാണ് വേറിട്ട രീതിയില്‍ പ്രതികാരം നടപ്പിലാക്കാന്‍ അവരെ സഹായിക്കുന്നത്.

കഥ പതിവ് രീതിയില്‍ തന്നെയാണ്. അതുകൊണ്ട് അതിലേക്ക് കൂടുതലായി കടക്കുന്നില്ല. ഗവണ്‍മെന്‍റും ബ്യൂറോക്രസിയും ചില കോര്‍പ്പറേറ്റ് ഭീമന്‍മാരും സാധാരണ ജനങ്ങളുടെ ജീവിതം വെച്ചു പന്താടുന്നതും അതിനെതിരെ ഒരു സാധാരണ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പോരാടുന്നതും സഹികെട്ട വില്ലന്‍മാര്‍ കുടുംബത്തെ ഉന്‍മൂലനം ചെയ്യുന്നതും ജീവിച്ചിരിക്കുന്ന മകന്‍ പ്രതികാരം ചെയ്യുന്നതും അങ്ങനെയങ്ങനെ… ഊഴത്തില്‍ വ്യത്യസ്തത പ്രതികാരത്തിന്റെ മോഡസ് ഓപ്പറാണ്ടിയില്‍ മാത്രമാണ്. അത്യാവശ്യം സാങ്കേതിക വിദ്യാ ബഹുലമായ ഒരു പ്രതികാരം. അതിലാണ് ത്രില്ലിരിക്കുന്നത്. അങ്ങനെയൊന്ന് അനുഭവിക്കാന്‍ കഴിയുന്നവര്‍ക്ക് മാത്രം. 

ഒരു പ്രതികാര കഥ എന്നതിലുപരി ജീത്തു ജോസഫ് എന്ന സംവിധായകന്‍ കൈകാര്യം ചെയ്യുന്ന പ്രമേയമാണ് ഊഴത്തെയും അല്പമെങ്കിലും ചര്‍ച്ചാ സാധ്യതയുള്ളതാക്കി മാറ്റുന്നത്. ദൃശ്യത്തിലും മെമ്മറീസിലും അതുണ്ട്. കുറ്റവും ശിക്ഷ നടപ്പാക്കലും രാജ്യത്തെ നീതിന്യായ വ്യവസ്ഥയും പിന്നെ എല്ലാത്തിലും ഉപരി കുടുംബത്തിന്റെ സ്വാസ്ഥ്യമെന്ന ബഹുഭൂരിപക്ഷം മനുഷ്യരുടെയും ഇച്ഛയും. ദൃശ്യത്തില്‍ തന്റെ കുടുംബത്തെ സംരക്ഷിക്കാന്‍ നായകന്‍ എത്ര സമര്‍ത്ഥമായാണ് നീതിന്യായ സംവിധാനത്തെ കബളിപ്പിച്ചത് എന്നു നമ്മള്‍ കണ്ടതാണ്. (അത് മുന്‍ പോലീസ് മേധാവി ടി പി സെന്‍കുമാറിന് പോലും സഹിച്ചില്ല) ഇവിടെ തന്റെ കുടുംബത്തെ ഉന്‍മൂലനം ചെയ്ത കുടില സംഘത്തെ ഊഴമിട്ട് തീര്‍ക്കുകയാണ് നായകന്‍. താന്‍ ഭരണകൂടത്തിനെയോ നീതിന്യായ വ്യവസ്ഥയിലോ വിശ്വസിക്കുന്നില്ലെന്ന് അയാള്‍ പോലീസ് ഉദ്യോഗസ്ഥനോട് പറയുന്നു.

സിനിമയുടെ തുടക്കത്തില്‍ ഒരു സിറ്റ്കോമിന്റെ ദൃശ്യ ഭാഷയില്‍ രംഗാവതരണം നടത്തി മടുപ്പിക്കുന്നുണ്ട് ഊഴം. പൃഥ്വിരാജും സഹോദരിയും അച്ഛനും അമ്മയും ദത്തുപുത്രനും ചേര്‍ന്നുള്ള രംഗങ്ങള്‍ ഒരു സീരിയല്‍ സീക്വന്‍സ് പോലെ മുഴച്ചു നിന്നു. ഇതേ പ്രശ്നം വല്ലാതെ മുഴച്ചു നിന്ന ചിത്രമായിരുന്നു ജോസൂട്ടിയും. ഹരീഷ് പേരടിയും മറ്റും അഭിനയിക്കുന്ന കുടുംബ രംഗങ്ങള്‍  സീരിയലോ നാടകമോ എന്നു പലപ്പോഴും സംശയിച്ചു പോയിരുന്നു. 

അടുത്തത് കഥ പറയാന്‍ സംവിധായകന്‍ കണ്ടെത്തിയ ആഖ്യാന രൂപമാണ്. പതുമുപ്പത് തോക്കുധാരികളായ കറുത്ത യൂണിഫോമിട്ട സെക്യൂരിറ്റി ഗുണ്ടകള്‍ നായകനെ ചെയിസ് ചെയ്യുന്നതും ആ ഓട്ടത്തിനിടയില്‍ ഓരോ ഘട്ടത്തില്‍ നായകന്‍റെ ഫ്ലാഷ് ബാക്കിലൂടെ കഥ പറയുന്നതുമാണ് ടെക്ക്നിക്ക്. അവര്‍ത്തന വിരസമായ ഈ ചെയ്സിംഗ് സിനിമയില്‍ രസം കൊല്ലിയായി എന്നു പറയാതിരിക്കാന്‍ പറ്റില്ല.

കുടുംബ പശ്ചാത്തലത്തിലുള്ള ത്രില്ലര്‍ സിനിമ ഒരു ഷുവര്‍ ബെറ്റാണ്. കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കാം. ഒപ്പം ത്രില്ലടിക്കാന്‍ താത്പര്യമുള്ള യുവാക്കളെയും കയറ്റാം. ഇതില്‍ രണ്ടാമത് പറഞ്ഞ വിഭാഗം എത്രമാത്രം തിയറ്ററിലേക്ക് കയറും എന്ന കാര്യത്തില്‍ മാത്രമേ സംശയമുള്ളൂ. കാരണം ടോറന്‍റിലൂടെ ഒഴുകിയെത്തുന്ന നിരവധിയായ ഹോളിവുഡ് സിനിമകള്‍ കാണുന്നവരാണല്ലോ അവര്‍. 

(അഴിമുഖം സ്റ്റാഫ് ജേര്‍ണലിസ്റ്റാണ് ലേഖിക)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍