UPDATES

വെള്ളം വേണമെന്ന് എന്തുകൊണ്ടു ജയ്ഷ മുന്‍കൂട്ടി പറഞ്ഞില്ല? അധികാരികളുടെ ചോദ്യമാണ്

അഴിമുഖം പ്രതിനിധി

റിയോ ഒളിമ്പിക്‌സില്‍ 42 കിലോമീറ്റര്‍ മാരത്തണില്‍ പങ്കെടുത്ത ഇന്ത്യന്‍ അത്‌ലറ്റ് ഒ പി ജയ്ഷ വെള്ളം കിട്ടാതെ തളര്‍ന്നു വീണ വാര്‍ത്ത ഇന്ത്യന്‍ കായികരംഗത്തിനു മാത്രമല്ല മൊത്തം ഇന്ത്യക്കാര്‍ക്കും നാണക്കേടായിരിക്കുകയാണ്. മറ്റൊരു രാജ്യവും സ്വന്തം കായികതാരത്തോട് ഇത്തരത്തില്‍ പെരുമാറോയെന്ന ചോദ്യം ഉയരുമ്പോള്‍, ഇതാ വരുന്നു തങ്ങളുടെ ന്യായവാദവുമായി അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ.

പ്രത്യേകം കുടിവെള്ളം ആവശ്യമുണ്ടെന്നു ജയ്ഷ ഒഫീഷ്യലുകളെ അറിയിച്ചില്ലെന്നാണ് ഫെഡറേഷന്‍ കണ്ടെത്തിയിരിക്കുന്നത്. മത്സരാര്‍ത്ഥികള്‍ക്ക് വെള്ളം വിതരണം ചെയ്യേണ്ട ചുമതല സംഘാടകര്‍ക്കാണ്. അതിനുള്ള സൗകര്യം മാരത്തണില്‍ ഉടനീളം ഒരുക്കിയിട്ടുണ്ടായിരുന്നുവെന്നും ഫെഡറേഷന്‍ അധികാരികള്‍ പറയുന്നത്. എന്നാല്‍ മത്സരത്തിനിടയില്‍ വെള്ളം നല്‍കേണ്ടതുണ്ടെങ്കില്‍ മുന്‍കൂര്‍ അനുമതി വേണം. എങ്കില്‍ മാത്രമെ താരത്തിന് വെള്ളം എത്തിക്കാന്‍ ഒഫീഷ്യലുകള്‍ക്ക് സാധിക്കൂവെന്നുമാണ് ഫെഡറേഷന്‍ അധികൃതര്‍ പറയുന്നത്.

42 കിലോമീറ്ററിനിടയിലെ ഓരോ രണ്ടര കിലോമീറ്ററിലും അതത് രാജ്യങ്ങള്‍ അത്!ലറ്റുകള്‍ക്കായി വെള്ളം, ഗ്ലൂക്കോസ് ബിസ്‌ക്കറ്റുകള്‍, സ്‌പോഞ്ചുകള്‍ എനര്‍ജി ജെല്‍ എന്നിവയെല്ലാം തയ്യാറാക്കി വെയ്ക്കും. എന്നാല്‍ ഇന്ത്യന്‍ ഡെസ്‌ക്കുകളില്‍ രാജ്യത്തിന്റെ പേരെഴുതിയ ബോര്‍ഡും ദേശീയ പതാകയുമല്ലാതെ ഒരു തുള്ളി വെള്ളം പോലും സജ്ജീകരിച്ചിരുന്നില്ലെന്നാണു ജയ്ഷ ആരോപണം ഉന്നയിച്ചത്.

കടുത്ത ക്ഷീണം അവഗണിച്ച് മൂന്ന് മണിക്കൂറോളം ഓടിയ ജയ്ഷ ഒടുവില്‍ ഫിനിഷിങ് പോയിന്റില്‍ ബോധരഹിതയായി വീഴുകയായിരുന്നു. ബോധരഹിതയായി വീണപ്പോഴും സഹായത്തിനെത്തിയത് ഒളിമ്പിക് കമ്മിറ്റിയുടെ മെഡിക്കല്‍ സംഘമായിരുന്നു. ഇന്ത്യന്‍ സംഘത്തിലുണ്ടായിരുന്ന ഡോക്ടറെ ആ പരിസരത്തൊന്നും കണ്ടില്ലെന്ന് മറ്റ് താരങ്ങള്‍ പറയുന്നു. ഏഴ് ബോട്ടിള്‍ ഗ്ലൂക്കോസാണ് മത്സരശേഷം ജയ്ഷക്ക് ഡ്രിപ്പ് ആയി നല്‍കേണ്ടി വന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍