UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കവലത്തല്ലും ദേശസ്നേഹവും; ഒ പി ശര്‍മ്മയുടെ ചില വഴിവിട്ട കളികള്‍

Avatar

ടീം അഴിമുഖം

കച്ചൗരി വില്‍പ്പന നടത്തി ജീവിത മാര്‍ഗം കണ്ടെത്തിയിരുന്ന ഒരാള്‍ റീബോക് ഷോറൂമുകളുടെ ഉടമയായി മാറിയ അതിശയ കഥ. അതാണ് ദല്‍ഹി നിയമസഭാംഗമായ ഒ പി ശര്‍മയുടേത്. ചൊവ്വാഴ്ച ദല്‍ഹിയിലെ പാട്യാല ഹൗസ് കോടതി സമുച്ചയത്തിനു പുറത്ത് വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും മാധ്യമപ്രവര്‍ത്തകരേയും ക്രൂരമായി തല്ലിച്ചതക്കാന്‍ മുന്നിലുണ്ടായിരുന്ന ഒ പി ശര്‍മയെ പരിചയപ്പെടുത്തുന്ന കഥയാണിത്. ജെഎന്‍യു വിവാദത്തോടുള്ള പ്രതികരണമെന്നോണം കേന്ദ്ര സര്‍ക്കാര്‍ അഴിച്ചുവിട്ട ക്രൂര രാഷ്ട്രീയത്തിന്റെ മുഖമായി ഉയര്‍ന്നു വന്നിരിക്കുകയാണ് ശര്‍മ ഇപ്പോള്‍.

ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന്റെ റിമാന്‍ഡ് നടപടികള്‍ നടക്കുന്ന പാട്യാല ഹൗസ് കോടതി സമുച്ചയ പരിസരത്ത് തിങ്കളാഴ്ച പത്രപ്രവര്‍ത്തകരുള്‍പ്പെടെ വലിയ ജനക്കൂട്ടമുണ്ടായിരുന്നു. ബിജെപി എംഎല്‍എ ഒ പി ശര്‍മയും അവിടെ എത്തിച്ചേര്‍ന്നിരുന്നു. മറ്റൊരു കേസിന്റെ വാദം കേള്‍ക്കലുമായി ബന്ധപ്പെട്ടായിരുന്നുവെന്നു മാത്രം. ധനമന്ത്രി അരുണ്‍ ജെറ്റ്‌ലി ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെതിരേ നല്‍കി അപകീര്‍ത്തി കേസിലെ വാദം കേള്‍ക്കലും ഇതേ ദിവസമായിരുന്നു. വിശ്വാസ് നഗര്‍ എംഎല്‍എ ശര്‍മ കോടതി പരിസരത്തെത്തിയത് ജെറ്റ്‌ലിക്ക് ഐക്യദാര്‍ഢ്യവുമായാണ്. കോളെജ് കാലം തൊട്ടെ ജെറ്റ്‌ലിയുടെ ഉറ്റസേവകനാണ് ശര്‍മ. എന്നാല്‍ കോടതിയുടെ നാലാം നമ്പര്‍ ഗേറ്റിനു സമീപത്തു വച്ച് ഒരു സിപിഐ പ്രവര്‍ത്തകനെ ശര്‍മ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോയാണ് പിന്നീട് പുറത്തു വരുന്നത്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിരവധി വിവാദങ്ങളില്‍ ഉള്‍പ്പെട്ട ക്ഷിപ്രകോപിയായ ഈ ബിജെപി എംഎല്‍എ താന്‍ ഒന്നും ചെയ്തിട്ടില്ലെന്നാണ് ഇപ്പോഴും പറയുന്നത്. ‘കോടതിയില്‍ പുറത്തു വരുന്നതിനിടെ ഒരാള്‍ ഇന്ത്യാ വിരുദ്ധ, പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിക്കുന്നത് കേട്ടപ്പോള്‍ ഏതൊരു ദേശസ്‌നേഹിയേയും പോലെ എന്റെ നിയന്ത്രണവും നഷ്ടപ്പെട്ടു. ഞാന്‍ നിര്‍ത്താന്‍ പറഞ്ഞ് കടന്നു പോകുന്നതിനിടെ എന്തോ ഒരു വസ്തുവുമായി അയാള്‍ എന്നെ ആക്രമിക്കുകയായിരുന്നു,’  എന്നാണ് ശര്‍മയുടെ വാദം. തന്നെ അടിച്ചത് ഏതു വസ്തു ഉപയോഗിച്ചാണെന്ന് ശര്‍മ്മയ്ക്ക് അറിയില്ല. എന്നാല്‍ ‘ഒരു എംഎല്‍എ ആക്രമിക്കപ്പെടുന്നത് കണ്ട അവിടെ കൂടിയിരുന്ന ജനങ്ങള്‍ ആക്രമിയെ (ദേശ വിരുദ്ധനെ) അടിക്കാന്‍ തുടങ്ങുകയായിരുന്നു,’ ശര്‍മ പറയുന്നു. ‘രാജ്യത്തെ ഇപ്പോഴത്തെ പ്രശ്‌നം തീവ്രവാദവും ദേശ വിരുദ്ധതയും പുരോഗമനപരമായി പരിഗണിക്കപ്പെടുന്നതാണ്. ജെഎന്‍യു പ്രചാരിപ്പിക്കുന്നത് ഇത്തരത്തിലുള്ള പ്രത്യയശാസ്ത്രങ്ങളും ഉല്‍പ്പാദിപ്പിക്കുന്നത് ദേശ വിരുദ്ധരേയുമാണ്,’ ശര്‍മ പറയുന്നു.

ആക്രമണത്തിന്റെ വീഡിയോ പുറത്തു വന്നിട്ടും ദല്‍ഹി പൊലീസ് ശര്‍മയെ തിങ്കളാഴ്ച വൈകുന്നേരം വരെ അറസ്റ്റ് ചെയ്തില്ല. പിന്നീട് മാധ്യമങ്ങളെ വിമര്‍ശിച്ചു കൊണ്ട് ഒരു ട്വീറ്റും അദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടു. ഇതു പിന്നീട് ഡിലീറ്റ് ചെയ്യുകയും അക്കൗണ്ട് തന്നെ ഡീആക്ടിവേറ്റ് ചെയ്യുകയും ചെയ്ത ശേഷം തനിക്ക് ഒരു ട്വിറ്റര്‍ അക്കൗണ്ട് പോലുമില്ലെന്ന വാദവുമായും ശര്‍മ രംഗത്തെത്തുകയുണ്ടായി.

പാര്‍ട്ടി വൃത്തങ്ങളില്‍ ഒപി അല്ലെങ്കില്‍ ഒമി എന്നറിയപ്പെടുന്ന ശര്‍മയ്ക്ക് അരുണ്‍ ജെറ്റ്‌ലിയുമായി ഏറെ കാലത്തെ ബന്ധമുണ്ട്. ദല്‍ഹി യൂണിവേഴ്‌സിറ്റിയിലെ പഠന കാലം തൊട്ടെ ശര്‍മയ്ക്ക് ജെറ്റ്‌ലിയുമായി അടുപ്പമുണ്ടെന്നും അവര്‍ പറയുന്നു. ‘കച്ചൗരി ഷോപ്പില്‍ നിന്നും ഈസ്റ്റ് ദല്‍ഹിയിലെ റീബോക് ഷോപ്പുകളിലേക്കുള്ള ശര്‍മ്മയുടെ വളര്‍ച്ച അതിശയിപ്പിക്കുന്നതാണ്. ദല്‍ഹി ബിജെപിയില്‍ അദ്ദേഹത്തിന്റെ ശക്തമായ സ്വാധീനമുണ്ട്,’ പാര്‍ട്ടിക്കുള്ളിലെ ഒരാള്‍ പറയുന്നു.

ഇത് ആദ്യമായല്ല ശര്‍മ ബിജെപിയെ കുരുക്കിലാക്കുന്നത്. ഓഗസ്റ്റില്‍ ഒരു മയക്കു മരുന്ന് വിരുദ്ധ പ്രചാരണ പരിപാടിക്കിടെ എഎപി എംഎല്‍എ അല്‍ക്ക ലാംബയ്ക്കു നേരെ കല്ലെറിഞ്ഞത് ശര്‍മയുടെ പലഹാരക്കടയിലെ ഒരു ജീവനക്കാരനായിരുന്നെന്ന് ആരോപണമുയര്‍ന്നിരുന്നു. പിന്നീട് ലാംബയ്‌ക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുമായി ശര്‍മ രംഗത്തു വന്നതും വിവാദമായി. സഭയുടെ ശീതകാല സമ്മേളനത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. കൂടാതെ നിയമസഭയിലെ ഒരു മൈക്രോഫോണ്‍ തകര്‍ത്തതിന് പിഴയൊടുക്കേണ്ടിയും വന്നിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍