UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്‌, ലോകത്തിലെ ഏറ്റവും വലിയ തുറന്ന ശൗചാലയത്തിലേക്ക്‌ സ്വാഗതം.

Avatar

ജിഷ ജോര്‍ജ്ജ്

വര്‍ഷം 1914; ദക്ഷിണാഫ്രിക്കയില്‍ നിന്നും തിരിച്ചെത്തി ദേശീയ രാഷ്ടീയത്തില്‍ സജീവമാകാന്‍ ഒരുങ്ങിയ മോഹന്‍ദാസ് കരംചന്ദ് ഗാന്ധിക്ക് അദ്ദേഹത്തിന്റെ രാഷ്ട്രീയ ഗുരുവായ ഗോപാലകൃഷ്ണ ഗോഖലെ കൊടുത്ത ഉപദേശം ഇന്ത്യയെ അറിഞ്ഞുവരാനായിരുന്നു, അതും റെയില്‍ ലൈനുകളില്‍ക്കൂടി മാത്രം യാത്ര ചെയ്ത്.

 

100 വര്‍ഷങ്ങള്‍ക്കിപ്പുറവും നമുക്ക് അതുതന്നെ പറയാന്‍ സാധിക്കും; ‘ഇന്ത്യ തിളങ്ങുന്നു’ എന്ന പരസ്യമോ ഡിജിറ്റല്‍ ഇന്ത്യ ക്യാമ്പൈനുകളോ അല്ല യഥാര്‍ത്ഥ ഇന്ത്യയെ കാട്ടിതരുക. Rail shows the real India. 

 

ഇന്ന് 1,15,000 കിലോമീറ്ററുകളിലൂടെ പ്രതിദിനം 24 ദശലക്ഷത്തോളം യാത്രക്കാരെയും വഹിച്ചുകൊണ്ട് പോവുന്ന നമ്മുടെ ട്രെയിനുകള്‍ അകവും പുറവും ഒരുപോലെ വൃത്തികേടാക്കിയാണ് സഞ്ചരിക്കുന്നത് എന്ന് പറയാതെ വയ്യ. പല ട്രെയിനുകളിലെയും എ സി കമ്പാര്‍ട്ടുമെന്റുകളില്‍ പോലും വൃത്തിയുള്ള ടോയ്‌ലെറ്റ് കാണാന്‍ കിട്ടില്ല. തൊടാന്‍ അറപ്പു തോന്നുന്ന പൈപ്പുകള്‍. ഒറ്റ നോട്ടത്തില്‍ തന്നെ മനംപിരട്ടല്‍ ഉണ്ടാക്കുന്ന ശൗചാലയങ്ങള്‍. അവിടെ നിന്നും ഒഴുകി കമ്പാര്‍ട്ട്‌മെന്റ് മുഴുവന്‍ വ്യാപിക്കുന്ന അഴുക്കുവെള്ളം. ഇത്രയും വായിക്കുമ്പോഴെക്കും ഒരു തവണയെങ്കിലും ട്രെയിനില്‍ യാത്രചെയ്തിട്ടുള്ളവരുടെ മൂക്കിലേക്ക് ഇവയെല്ലാം ചേര്‍ന്ന് സൃഷ്ടിക്കുന്ന ആ ദുര്‍ഗ്ഗന്ധവും എത്തിയിട്ടുണ്ടാവും.

 

ഇതില്‍ നിന്നൊക്കെ രക്ഷപ്പെടാന്‍ പുറത്തേക്ക് നോക്കിയിരിക്കുന്ന യാത്രക്കാരന്‍ വിദൂരതയിലേക്ക് മാത്രേ നോക്കാവൂ. കാരണം അബദ്ധത്തിലെങ്ങാനും അടുത്ത ട്രാക്കിലേക്ക് നോക്കിയാല്‍ കാണുന്നത് അവിടെ കിടക്കുന്ന മനുഷ്യ വിസര്‍ജ്ജ്യങ്ങളാവും. റെയില്‍വേ ട്രാക്കുകളെ ശൗചാലയങ്ങളായി ഉപയോഗിക്കുന്ന വലിയ ഒരു ശതമാനം ജനങ്ങളുടെയും ട്രെയിനിലെ തന്നെ തുറന്ന ടോയ്‌ലറ്റുകളുടെയും സംഭാവനയാണ് അത്.

 

മഹാത്മാ ഗാന്ധിയുടെ തന്നെ 1917-ല്‍ പ്രസിദ്ധീകരിച്ച Third Class in Indian Railway എന്ന പുസ്തകത്തില്‍ ബോംബെ മുതല്‍ മദ്രാസ് വരെയുള്ള അദ്ദേഹത്തിന്റെ യാത്രാവിവരണമുണ്ട്. അതില്‍ അദ്ദേഹം പറയുന്നത് ആ യാത്രയ്ക്കിടയില്‍ ഒരിക്കല്‍ പോലും കമ്പാര്‍ട്ട്മെന്റ് വൃത്തിയാക്കുകയുണ്ടായില്ല എന്നാണ്. വര്‍ഷങ്ങള്‍ക്ക് ശേഷവും അത് തന്നെയല്ലേ അവസ്ഥ? ശുചിത്വമുള്ള ഒരു സ്വതന്ത്ര ഇന്ത്യയായി മാറാന്‍ നമുക്ക് ഇനിയും കഴിഞ്ഞിട്ടില്ല എന്നത് പരിതാപകരം തന്നെയാണ്.

 

വൃത്തിയും ശുചിത്വവുമുള്ള അന്തരീക്ഷം ഒരോ യാത്രക്കാരനും ഉറപ്പാക്കേണ്ടത് ഇന്ത്യന്‍ റെയില്‍വെയുടെ പ്രധാന ഉത്തരവാദിത്വമാണെന്ന് Citizen Charter of Passenger Service of Indian Railway വ്യക്തമാക്കുന്നുണ്ട്. ഇന്ത്യന്‍ ഗവണ്‍മെന്റ് പുറത്തിറക്കിയ Indian Railways Worker’s Manual’റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും സാനിട്ടറി സംവിധാനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തണമെന്നും അറ്റകുറ്റപ്പണികള്‍ ചെയ്ത് സംരക്ഷിക്കണമെന്നും അതിനായി ആവശ്യത്തിനു ജോലിക്കാരെ നിയമിക്കണമെന്നും നിര്‍ദ്ദേശിക്കുന്നുണ്ട്. എന്നാല്‍ ഇവയൊക്കെ പലപ്പോഴും ഉത്തരവുകളായി കടലാസില്‍ ഒതുങ്ങുകയാണ്.

 

പ്രമുഖ ഗാന്ധിയനും പദ്മശ്രീ അവാര്‍ഡ് ജേതാവുമായ ഈശ്വര്‍ഭായി പട്ടേല്‍ ദശാബ്ദങ്ങള്‍ക്ക് മുന്‍പ് തന്നെ ഈ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ചതാണ്. പൊതുശുചിത്വത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ആ മഹാനായ സിവില്‍ എഞ്ചിനീയര്‍ അറിയപ്പെട്ടിരുന്നത് ‘ Mr. Toilet’ എന്ന പേരിലായിരുന്നു. പക്ഷെ അദ്ദേഹത്തെപ്പോലെ ക്രാന്തദര്‍ശികളായ ആളുകള്‍ സംഭാവന ചെയ്ത പല ആശയങ്ങളും അധികാര വടംവലിയിലും പാളിച്ചകള്‍ നിറഞ്ഞ പദ്ധതി നിര്‍വ്വഹണത്തിലും നമുക്ക് നഷ്ടമായി.

 

തുറന്ന ശൗചാലയം എന്ന പ്രശ്‌നം 2019-ഓടെ പൂര്‍ണ്ണമായും പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ റെയില്‍ വെ നടപ്പാക്കിക്കൊണ്ടിരിക്കുന്നത് പ്രധാനമായും മൂന്ന് സംവിധാനങ്ങളാണ്. 

അതില്‍ ആദ്യത്തെത് ഇന്ത്യയിലെ പ്രധിരോധ ഗവേഷണ വിഭാഗമായ DRDO വികസിപ്പിച്ചെടുത്ത ബയോ ടോയ്‌ലെറ്റുകളാണ്. മനുഷ്യ വിസര്‍ജ്ജ്യത്തെ വിഘടിപ്പിച്ച് ദുര്‍ഗ്ഗന്ധമില്ലാത്ത വാതകങ്ങളും വെള്ളവുമാക്കുന്ന അനെയ്‌റോബിക് ബാക്ടീരിയകളെ ഇത്തരം ബയോടൊയ്‌ലെറ്റുകളില്‍ നിക്ഷേപിച്ചിട്ടുണ്ടാവും. പല ചേംബറുകളില്‍ കൂടി കടന്നു പോവുന്ന പ്രക്രിയകളിലൂടെ മാലിന്യം സംസ്‌കരിക്കപ്പെടുന്നു. ഇന്ത്യന്‍ റെയില്‍വെയുടെ എതാണ്ട് നാലില്‍ ഒരു ഭാഗം കോച്ചുകളില്‍ ബയോടൊയ്‌ലറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നാണ് റെയില്‍വെ ബോര്‍ഡ് അവകാശപ്പെടുന്നത്. കാര്യക്ഷമമായി ഇവ ഉപയോഗപ്പെടുത്തിയാല്‍ താരതമ്യേനെ അറ്റകുറ്റപ്പണികള്‍ കുറവാണെന്നും ബാക്ടീരിയയെ നിറയ്ക്കല്‍ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ചെയ്താല്‍ മതി എന്നുമാണ് അവകാശവാദം.

 

മറ്റൊന്ന് വാക്വം ടൊയ്‌ലെറ്റുകളാണ്. വിമാനങ്ങളിലെ ടൊയ്‌ലെറ്റ് പോലെയാണ് ഇവ പ്രവര്‍ത്തിക്കുന്നത്. വളരെ കുറച്ച് ജലം മാത്രം ഉപയോഗിക്കുന്ന വാക്വം ടൊയ്‌ലെറ്റുകള്‍ സ്ഥാപിക്കുന്നതിലൂടെ ഓരോ കമ്പാര്‍ട്‌മെന്റിലും സംഭരിക്കേണ്ടുന്ന വെള്ളത്തിന്റെ അളവും ഗണ്യമായി കുറയ്ക്കാന്‍ സാധിക്കും. സാധാരണ ടോയ്‌ലെറ്റില്‍ ഓരോ ഫ്ലഷിലും 10-15 ലിറ്റര്‍ വെള്ളം വരെ ഉപയോഗിക്കപ്പെടുമ്പോള്‍ ബയോടൊയ്‌ലെറ്റില്‍ അത് വെറും 500 മില്ലി ലിറ്റര്‍ ആണ്.

 

അടുത്തത് CDTS എന്ന പേരില്‍ അറിയപ്പെടുന്ന Controlled Discharge Toilet System. ഇതില്‍ ക്രമീകരിച്ചിരിക്കുന്ന പ്രത്യേക ടാങ്ക് തുറക്കുന്നത് ട്രെയിന്‍ ഏതാണ്ട് 30 KM/Hour എന്ന വേഗതയില്‍ എത്തുമ്പോഴാവും. അങ്ങനെ ട്രാക്കില്‍ മാലിന്യം കുമിഞ്ഞു കൂടി കിടക്കുന്നത് ഒഴിവാക്കാം.

 

ഇതില്‍ പരിഗണിക്കേണ്ട ഒരു പ്രധാന കാര്യം ഇത്തരം സൗകര്യങ്ങളെ ജനങ്ങള്‍ ഏതു വിധത്തില്‍ പ്രയോജനപ്പെടുത്തും എന്നുള്ളതാണ്. ബയോടൊയ്‌ലെറ്റുകളുടെ കാര്യത്തില്‍ ഇതിനോടകം തന്നെ പല ആക്ഷേപങ്ങളും ഉയര്‍ന്നു വന്നിട്ടുണ്ട്. അശ്രദ്ധമായ ഉപയോഗം കൊണ്ട് അവയ്ക്ക് ധാരാളം അറ്റകുറ്റ പണികള്‍ ആവശ്യമായി വരുന്നു എന്നതാണ് പ്രധാന പ്രശ്‌നം.

 

ഇത്തരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി കോടികള്‍ ചിലവഴിക്കുമ്പോള്‍ നാം അതോടൊപ്പം തന്നെ ചിന്തിക്കേണ്ട മറ്റൊരു കാര്യമുണ്ട്. ശൗചാലയങ്ങളുടെ അഭാവം കൊണ്ടോ ദാരിദ്ര്യം കൊണ്ടോ മാത്രമാണോ ഇന്ത്യ ഇന്ന് ലോകത്ത് നടക്കുന്ന തുറസ്സായ സ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജ്ജനത്തിന്റെ 60 ശതമാനത്തിനും ഉത്തരവാദിയാകുന്നത്?

 

‘പ്ലാറ്റ്‌ഫോം വൃത്തിയായി സൂക്ഷിക്കുക’ എന്ന അനൗണ്‍സ്‌മെന്റിന്റെ പശ്ചാത്തലത്തില്‍ തന്നെ പ്ലാറ്റ്‌ഫോമില്‍ തുപ്പുകയും ഡസ്റ്റ് ബിന്നുകള്‍ ഒരിക്കലും ഉപയോഗിക്കില്ല എന്ന വാശിയോടെ കുപ്പികളും കവറുകളും വലിച്ചെറിയുകയും ചെയ്യുമ്പോള്‍ സ്വച്ഛഭാരത പരസ്യങ്ങള്‍ കൊണ്ട് എന്ത് പ്രയോജനം. ട്രെയിനുകള്‍ സ്‌റ്റേഷനില്‍ നില്‍ക്കുമ്പോള്‍ ടോയ്‌ലെറ്റ് ഉപയോഗിക്കാതെ സഹകരിക്കുക എന്ന നിര്‍ദ്ദേശം കേട്ടിട്ടും അങ്ങനെ തന്നെ പ്രവര്‍ത്തിക്കുന്നവരുടെ മനോഭാവത്തെയാണ് ചോദ്യം ചെയ്യേണ്ടതും നേരിടേണ്ടതും. 

ഇതിന്റെ ഒപ്പം ചേര്‍ത്ത് വായിക്കേണ്ട മറ്റൊരു പ്രധാന കാര്യം 2014 ല്‍ നടന്ന SQUAT സര്‍വ്വേ (Sanitation Quality, Use, Access and Trends)) കണ്ടെത്തിയ ചില വിവരങ്ങളാണ്. അവ താഴെ കൊടുക്കുന്നു.

1. ഗ്രാമങ്ങളില്‍ ഏതാണ്ട് 67 ശതമാനം ജനങ്ങളും പ്രാഥമിക ആവശ്യങ്ങള്‍ക്ക് തുറസ്സായ സ്ഥലങ്ങള്‍ ഉപയോഗിക്കുന്നു.

2. സ്വന്തമായി ശൗചാലയം ഉള്ള വീടുകളില്‍ 40 ശതമാനത്തിലും ഒന്നോ അതില്‍ അധികമോ വ്യക്തികള്‍ അത് ഉപയോഗിക്കാതെ വെളിമ്പ്രദേശങ്ങളെ ആശ്രയിക്കുന്നു.

3. ഗ്രാമങ്ങളിലെ ജനങ്ങളുടെ വരുമാനത്തിനു അനുസരിച്ച് ചിലവുകുറഞ്ഞ ശൗചാലയങ്ങള്‍ നിര്‍മിക്കാന്‍ അവര്‍ക്ക് സാധിക്കുമെങ്കിലും അത് ആവശ്യമുള്ള ഒരു കാര്യമായി ജനങ്ങള്‍ കരുതുന്നില്ല.

4. അന്താരാഷ്ട്ര തലത്തില്‍ അംഗീകരിച്ചിട്ടുള്ള സാനിറ്റേഷന്‍ ലാഡര്‍ നമ്മള്‍ പൂര്‍ത്തീകരിക്കുന്നില്ല. (ഒരു അടിസ്ഥാന ശൗചാലയ മാതൃകയില്‍ നിന്നും പടിപടിയായി ഉയര്‍ന്ന് പൈപ്പുവഴി ജലവും ഫ്ലഷ് സംവിധാനങ്ങളുമുള്ള ടോയ്‌ലെറ്റുകള്‍ പരിചിതമാക്കുക എന്നതാണ് സാനിറ്റേഷന്‍ ലാഡര്‍)

5. ലഭ്യമായ ശൗചാലയം ഉപയോഗിക്കുന്നതില്‍ സ്ത്രീകള്‍ പുരുഷന്മാരെക്കാള്‍ മുന്നിലാണ്.

6. തുറസ്സായ സ്ഥലത്ത് മലമൂത്ര വിസര്‍ജ്ജനം നടത്തുന്ന 47 ശതമാനം ആളുകളും അത് അവര്‍ക്ക് പൂര്‍ണ തൃപ്തി നല്‍കുന്നുണ്ടെന്ന് പ്രതികരിച്ചു. വീട്ടില്‍ ശൗചാലയം ഉണ്ടായിട്ടും അത് ഉപയോഗിക്കാതെ വെളിമ്പ്രദേശങ്ങളെ ആശ്രയിക്കുന്ന 74 ശതമാനം ജനങ്ങള്‍ക്കും ഇതേ ചിന്താഗതിക്കാര്‍ തന്നെയാണ്.

 

ഇക്കാലമത്രയും പൊതുശുചിത്വം ഉറപ്പാക്കാന്‍ വേണ്ടി ചിലവഴിക്കപ്പെട്ടു എന്ന് പറയുന്ന കോടികള്‍ക്കും നടപ്പിലാക്കി എന്നവകാശപ്പെടുന്ന പദ്ധതികള്‍ക്കും ആനുപാതികമായി തുറസ്സായ സ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജ്ജനം കുറഞ്ഞിട്ടില്ല എന്ന് തന്നെയാണ് ഈ സര്‍വ്വെ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്. കേവലം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് മാത്രം ഈ പ്രശ്‌നം പരിഹരിക്കാം എന്ന് കരുതുന്നത് അബദ്ധമാണ്. ‘തീരുമാനം എടുക്കേണ്ട വ്യക്തിയുടെ തിരഞ്ഞെടുപ്പ്’ എന്ന തത്വത്തെയാണ് ഇവിടെ നേരിടേണ്ടത്. അതിനു ടെലിവിഷനില്‍ കാണിക്കുന്ന സ്വച്ഛഭാരത പരസ്യമോ ചൂലുമായി നില്‍ക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രമോ മതിയാവില്ല.

 

ദക്ഷിണേഷ്യയിലെ ഓപ്പണ്‍ ഡെഫിക്കേഷന്‍ (തുറസ്സായ സ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജ്ജനം) എതാണ്ട് 38 ശതമാനമാണെന്നാണ് കണക്ക്. ഇന്ത്യയെ ഒഴിവാക്കി ഇത് കണക്കാക്കുമ്പോള്‍ ഇത് വേറും 8 ശതമാനമായി കുറയുന്നു. നമ്മെ ലജ്ജിപ്പിക്കുന്ന ഇത്തരം കണക്കുകളെ ജി.ഡി.പി വളര്‍ച്ചാ നിരക്കോ ബഹിരാകാശ രംഗത്തെ നേട്ടങ്ങളോ കൊണ്ട് മൂടിവയ്ക്കാനാവില്ല.

 

നിലവിലുള്ള പദ്ധതികളും സംവിധാനങ്ങളും ഈ കാര്യത്തില്‍ വേണ്ടത്ര പ്രയോജനപ്പെടുന്നില്ല എന്ന് വ്യക്തം. ഇനി എന്ത് ചെയ്യാം എന്നുള്ള ചിന്തകളില്‍ പലരും സമീപിക്കുന്നത് സമ്പന്നമായ താരതമ്യേന ജനസംഖ്യ കുറഞ്ഞ വികസിത രാജ്യങ്ങളുടെ മാതൃകകളാണ്. അവയൊന്നും നമ്മുടെ രാജ്യത്തെ സാഹചര്യങ്ങളില്‍ വിജയിക്കില്ല എന്നത് പകല്‍ പോലെ വ്യക്തമാണ്. തദ്ദേശീയമായ പ്രശ്‌നങ്ങളെയും ശുചിത്വ താത്പര്യങ്ങള്‍ ഇല്ലാത്ത ഒരു ജനതയുടെ മനോഭാവത്തെയും നേരിട്ടുകൊണ്ടുള്ള പദ്ധതികളാണ് നമുക്ക് ആവശ്യം.

ചില അയല്‍ദേശ മാതൃകകള്‍
ഏതാണ്ട് ഒരു ദശാബ്ധം മുന്‍പ് വരെ നമ്മുടെ അയല്‍ രാജ്യമായ ബംഗ്ലാദേശ് അറിയപ്പെട്ടിരുന്നത് ‘വേസ്റ്റ് ബാസ്‌കറ്റ്’ എന്ന പേരിലായിരുന്നു. ശുദ്ധജല ദൗര്‍ലഭ്യം, സൈക്ലോണുകള്‍ സൃഷ്ടിക്കുന്ന കാലാവസ്ഥാ പ്രശ്‌നങ്ങള്‍, വെള്ളപ്പൊക്കം ഇവയൊക്കെ മൂലം പൊതുശുചിത്വത്തില്‍ വളരെ പിന്നില്‍ നിന്നിരുന്ന ഒരു രാജ്യം. 2003-ല്‍ ബംഗ്ലാദേശിലെ ഓപ്പണ്‍ ഡെഫിക്കേഷന്‍ 42 ശതമാനമായിരുന്നു. എന്നാല്‍ പത്തുവര്‍ഷങ്ങള്‍ക്കിപ്പുറം ലോകരാജ്യങ്ങളെ തന്നെ അതിശയിപ്പിച്ചുകൊണ്ട് അത് കേവലം 1 ശതമാനമായി കുറയ്ക്കാന്‍ അവര്‍ക്ക് സാധിച്ചു. ഇന്ന് ബംഗ്ലാദേശിലെ 166 ദശലക്ഷം വരുന്ന ജനസംഖ്യയില്‍ 1 ശതമാനം മാത്രമാണ് ശൗചാലയങ്ങള്‍ ഉപയോഗിക്കാത്തതായുള്ളൂ.

 

ശുചിത്വ ഭാരതത്തിനായി ഫണ്ടുകള്‍ വാരിക്കോരി ചിലവഴിക്കുമ്പോള്‍ നമ്മളേക്കാള്‍ ദരിദ്രമായ ഒരു രാജ്യം എങ്ങനെ ഈ നേട്ടം കൈവരിച്ചു എന്ന് പരിശോധിക്കാം.

*UNICEF-ന്റ്റെ (MDG – Millennium Development Goals) എന്ന പദ്ധതിയിലൂടെ എല്ലാ സാനിറ്റേഷന്‍ പ്രോഗ്രാമുകളെയും ഒരുമിച്ച് ഒരു കുടക്കീഴില്‍ കൊണ്ടുവന്നു. അത് വിവിധ പദ്ധതികളുടെ ഏകൊപനത്തിനു സഹായമായി.

*WASH (Water Sanitation Hygiene) ക്യാമ്പൈനുകളിലൂടെ ജലജന്യ രോഗങ്ങളെ വെറും 7 ശതമാനമാക്കി കുറച്ചുകൊണ്ട് വരാന്‍ സാധിച്ചു (2006 – 2010)

*ശുചിത്വത്തെകുറിച്ചുള്ള സമൂഹത്തിന്റെ പൊതുബോധത്തെ മാറ്റിയെടുക്കാന്‍ സാധിച്ചതുകൊണ്ടാണ് ഇങ്ങനെ ഒരു നേട്ടം കൈവരിച്ചത് എന്നാണ് ധാക്ക യൂണിവേഴ്‌സിറ്റിയിലെ സാമൂഹികശാസ്ത്ര പ്രൊഫസര്‍ ആയ ഡോ.നെഹാല്‍ കരിം അഭിപ്രായപെടുന്നത്. ‘ശുചിത്വം എന്നത് അഭിമാനത്തിന്റെയും അന്തസ്സിന്റെയും കാര്യമായി ജനങ്ങളുടെ ഇടയില്‍ അവതരിപ്പിച്ചു, അതിനു വേണ്ടി സ്ത്രീകളെയും കുട്ടികളെയും മുന്നിട്ട് ഇറക്കി. ഏതുതരം ശൗചാലയങ്ങള്‍ എവിടെ സ്ഥാപിക്കണം എന്ന കാര്യത്തില്‍ സ്ത്രീകളുടെ അഭിപ്രായം പരിഗണിക്കുകയും അവയുടെ മേല്‍നോട്ടം സ്ത്രീകളെ തന്നെ ഏല്‍പ്പിക്കുകയും ചെയ്തു. ശൗചാലയം ഉള്ള വീടുകളീലേക്ക് മാത്രമേ പെണ്‍കുട്ടികളെ വിവാഹം ചെയ്ത് അയയ്ക്കാവൂ എന്ന് കര്‍ശനമായി നിര്‍ദ്ദേശിച്ചു’, ഡോ.നേഹാല്‍ കരിം ചൂണ്ടിക്കാണിക്കുന്നു.

*ശക്തമായ രാഷ്ട്രീയ താത്പര്യവും പിന്‍ബലവും ഭരണകര്‍ത്താക്കള്‍ ഉറപ്പാക്കി. അതിനുവേണ്ടി പ്രാദേശിക ദേശീയ ഭരണം യോജിച്ച് പ്രവര്‍ത്തിച്ചു. പദ്ധതികളുടെ തുടര്‍ച്ച ഉറപ്പാക്കി. 2003 2015 വരെയുള്ള കാലയളവില്‍ ദേശീയ ബഡ്ജറ്റിന്റെ 15 ശതമാനം സാനിറ്റേഷന്‍ പദ്ധതികള്‍ക്കായി നീക്കി വച്ചു. ഈ കാര്യത്തില്‍ പടി പടിയായുള്ള മുന്നേറ്റം ഉറപ്പാക്കാന്‍ എല്ലാ വര്‍ഷവും ഒക്ടോബര്‍ മാസം ശുചിത്വ മാസമായി ആചരിക്കുന്നു.

*ശുദ്ധജല ലഭ്യതയും സാനിറ്റേഷന്‍ സൗകര്യങ്ങളും എല്ലാവര്‍ക്കും ഉറപ്പാക്കാന്‍ എന്‍.ജി.ഒകളും സ്വകാര്യ സ്ഥാപനങ്ങളുമായി ബംഗ്ലാദേശ് ഗവണ്‍മന്റ് കരാറില്‍ ഏര്‍പ്പെട്ടു. ഇന്ന് അന്താരാഷ്ട ഏജന്‍സികളായ UNICEF, DFID, WHO, World Bank എന്നിവയും ദേശീയ, അന്തര്‍ദ്ദേശിയ എന്‍.ജി.ഒകളായ Water Aid Bangladesh, BRAC തുടങ്ങിവയും ഈ കാര്യത്തില്‍ ബംഗ്ലാദേശിനു പരിപൂര്‍ണ്ണ സഹകരണം നല്‍കുന്നു.

*സാനിറ്റേഷന്‍ ഉപകരണങ്ങളുടെ ഉത്പാദനവും വിപണനവും ശക്തമായി പ്രോത്സാഹിപ്പിച്ചു. ഇത് ധാരാളം സ്വകാര്യ ചെറുകിട സംരംഭകര്‍ ഈ മെഖലയിലേക്ക് കടന്ന് വരാന്‍ സഹായിച്ചു.

*ഗവണ്മെന്റിന്റെ പൊതുജനാരോഗ്യ വിഭാഗവും എഞ്ചിനീയറിംഗ് വിഭാഗവും സഹകരിച്ച് BRWSSP എന്ന പദ്ധതിക്ക് രൂപം കൊടുത്തു. ഈ പദ്ധതി ലക്ഷ്യം വയ്ക്കുന്നത് വൃത്തിയില്ലാത്ത ശൗചാലയങ്ങളുടെ ഉപയോഗം അവസാനിപ്പിക്കുന്നതിലും, അവയെ കൂടുതല്‍ സൗകര്യങ്ങളൂള്ള നവീകരിച്ച ശൗചാലയങ്ങളായി പരിവര്‍ത്തനം ചെയ്യുന്നതിനുമാണ്.

*ഭിന്നശേഷിയുള്ള വ്യക്തികള്‍ അംഗവൈകല്യം ബാധിച്ചവര്‍ തുടങ്ങിയവര്‍ക്ക് ശുദ്ധജലത്തിനും മതിയായ സാനിറ്റേഷന്‍ സൗകര്യങ്ങള്‍ക്കുമുള്ള അവകാശം നിയമപരമായി ഉറപ്പാക്കി.

2016 ജനുവരിയില്‍ ധാക്കയില്‍ വച്ച് നടന്ന ആറാമത് SACOSAN (South Asian Conference on Sanitation) സമ്മേളനത്തില്‍ ബംഗ്ലാദേശ് പ്രഖ്യാപിച്ചത് തുറസ്സായ സ്ഥലത്തെ വിസര്‍ജ്ജനം തടയുക എന്നതില്‍ നിന്നും ശുചിത്വത്തിന്റെ തുടര്‍ച്ച എന്നതിലേക്ക് തങ്ങളുടെ ലക്ഷ്യം മാറിയിരിക്കുന്നു എന്നാണ്. കേവലം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് മാത്രം പൊതു ശുചിത്വം നേടാന്‍ ആവില്ലെന്നും ആദ്യം മാറ്റേണ്ടത് ശുചിത്വത്തെക്കുറിച്ച് ജനങ്ങളുടെ ഇടയില്‍ ഉള്ള അബദ്ധ ധാരണകള്‍ നിറഞ്ഞ പൊതുബോധം ആണെന്നുമാണ് ഇന്ത്യ ഉള്‍പ്പെടയുള്ള രാജ്യങ്ങള്‍ക്ക് ബംഗ്ലാദേശ് നല്‍കുന്ന പാഠം.

 

ശുചിത്വമില്ലായ്മയുടെ ഏറ്റവും വലിയ അനന്തരഫലമായ ഡയേറിയ, ന്യുമോണിയ രോഗങ്ങള്‍ മൂലം ലോകത്ത് ഏറ്റവും അധികം കുട്ടികള്‍ മരിക്കുന്ന രാജ്യമാണ് ഇന്ത്യ. 2015-ല്‍ മാത്രം 5 വയസ്സില്‍ താഴെയുള്ള 2,97,114 കുഞ്ഞുങ്ങള്‍ ഈ അസുഖങ്ങള്‍ മൂലം ഇന്ത്യയില്‍ മരണപ്പെട്ടു (IVAC REPORT 2015) അങ്ങനെ ആഫ്രിക്കന്‍ രാജ്യങ്ങളെ വരെ പിന്തള്ളി നാം ഒന്നാം സ്ഥാനം നിലനിര്‍ത്തി. അങ്ങനെ ഒരു രാജ്യത്തിനു ബംഗ്ലാദേശില്‍ നിന്നും പഠിക്കാന്‍ ഒരുപാട് പാഠങ്ങളുണ്ട്.

 

പുതിയ ശൗചാലയങ്ങള്‍ക്കായി ഫണ്ടുകള്‍ വാരിക്കോരി ചിലവഴിക്കുന്നവര്‍ ഇതിനു മുന്‍പ് അങ്ങനെ പണിത, ഇപ്പോള്‍ പൊട്ടിപ്പൊളിഞ്ഞ് ഉപയോഗ ശൂന്യമായി കിടക്കുന്ന ശൗചാലയങ്ങളുടെ കണക്കെടുത്ത് ആ വിഷയം ആദ്യം പരിഹരിക്കണം. പൊതുഖജനാവില്‍ നിന്നുള്ള പണം ചിലവഴിച്ച് നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ എന്തുകൊണ്ട് പരാജയമാവുന്നു എന്ന് ചിന്തിക്കണം.

 

അവ മനസ്സിലാക്കി ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ അധികാരികള്‍ തയ്യറാവാത്ത കാലത്തോളം നമുക്ക് ഈ പരിഹാസചൊല്ലുകള്‍ കേട്ടുകൊണ്ടേയിരിക്കേണ്ടി വരും. ‘ലോകത്ത് തുറസ്സായ സ്ഥലത്തെ മലമൂത്ര വിസര്‍ജ്ജനം.നടക്കുന്നത് ഇന്ത്യയിലാണ്. ലോകത്ത് ടൊയ്‌ലെറ്റ് ഉപയോഗിക്കാത്ത ഏറ്റവും അധികം ആളുകള്‍ താമസിക്കുന്ന സ്ഥലവും ഇന്ത്യയാണ്.’

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍