UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജസ്റ്റിസ് പ്രതിഭാറാണിക്ക് ഒരു മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥിയുടെ തുറന്ന കത്ത്

Avatar

മോഹിത് പ്രിയദര്‍ശി

പ്രിയപ്പെട്ട മാഡം,

അധികാരത്തിലിരിക്കുന്ന ആളുകളാല്‍ രാജ്യദ്രോഹക്കേസില്‍ കുടുക്കപ്പെട്ട ജെഎന്‍യുഎസ്‌യു പ്രസിഡന്റ് കനയ്യ കുമാറിന്റെ ജാമ്യാപേക്ഷയിലുള്ള താങ്കളുടെ ഇടക്കാല വിധിക്കായി ലക്ഷക്കണക്കിന് മറ്റു പൗരന്മാരെപ്പോലെ ഞാനും കാത്തിരിക്കുകയായിരുന്നു.

ഡല്‍ഹി ഹൈക്കോടതി കനയ്യ കുമാറിന് ആറുമാസത്തെ ഇടക്കാലജാമ്യം അനുവദിച്ച വാര്‍ത്ത അറിഞ്ഞപ്പോള്‍ ഞാന്‍ ആഹ്ലാദഭരിതനാകാനുള്ള ഒരു കാരണം ജുഡീഷ്യറി ഇപ്പോഴും വിട്ടുവീഴ്ചയില്ലാതെ നിയമം നടപ്പാക്കുന്നു എന്ന ആശ്വാസമായിരുന്നു. ഭരണകൂടത്താല്‍ വേട്ടയാടപ്പെടാതെയും രാഷ്ട്രീയ ഗൂഢാലോചനക്കാരാല്‍ ചടങ്ങ് അലങ്കോലമാക്കാതെയും സര്‍വകലാശാലയ്ക്കുള്ളില്‍ സമാധാനപരമായി ചടങ്ങുകള്‍ സംഘടിപ്പിക്കാന്‍ കനയ്യ കുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവരെപ്പോലെ രാഷ്ട്രീയ അവബോധമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അവകാശമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നതാണ് ആഹ്ലാദത്തിന്റെ മറ്റൊരു കാരണം.

നമ്മുടെ ഇപ്പോഴത്തെ ഭരണയന്ത്രത്തിന്റെ ഘടകങ്ങള്‍ എത്ര വിവേകശൂന്യമാണെങ്കിലും ന്യായപീഠം സ്വയംഭരണാവകാശത്തോടെ ജനാധിപത്യത്തോടൊത്ത് പ്രവര്‍ത്തിക്കുന്ന, സ്വന്തം അഭിപ്രായരൂപീകരണത്തിന് ശരിയായ വിവരങ്ങള്‍ മാത്രം അടിസ്ഥാനമാക്കുന്ന ഒന്നാണെന്ന എന്റെ വിശ്വാസത്തെ കനയ്യയുടെ മോചനം വീണ്ടും ഉറപ്പിക്കുന്നു.

മോചനവാര്‍ത്തയില്‍ ഞാന്‍ ആഹ്ലാദവാനായിരുന്നെങ്കിലും വിധിന്യായത്തിന്റെ പകര്‍പ്പ് മുഴുവന്‍ വായിച്ചതോടെ ഞാന്‍ അസ്വസ്ഥനായി. ആപത്തില്‍ കൈവിടപ്പെട്ടതുപോലൊരു തോന്നല്‍ എനിക്കുണ്ടായി.

എന്റെ സുഹൃത്തുക്കള്‍ക്കു തോന്നിയതുപോലെ കോടതിവിധി എനിക്കും രസകരമായി തോന്നി. അതേസമയം അത് വളരെ നിരാശാജനകവുമായിരുന്നു.

എന്തുകൊണ്ടാണെന്ന് വിശദീകരിക്കാം.

ദേശദ്രോഹമെന്ന് വകുപ്പ് ചുമത്തി അറസ്റ്റിലായ ഒരു വിദ്യാര്‍ത്ഥിയുടെ ജാമ്യ ഉത്തരവിന്റെ തുടക്കം ഒരു ഹിന്ദി ചലച്ചിത്രഗാനത്തോടെയായത് തമാശയായി എനിക്കു തോന്നി. നടന്‍ മനോജ് കുമാറിനെ ധീരനായ, വിനീതനായ ഭാരത് ആയി ചിത്രീകരിക്കുന്ന ‘ഉപ്കാര്‍’ എന്ന ചിത്രത്തില്‍നിന്നായിരുന്നു ഗാനം. നാം മനോജ് കുമാറില്‍ നിന്ന് ദേശഭക്തി പഠിക്കണമെന്നാണോ? ശരിക്കും?

ഇതാണോ ഇപ്പോള്‍ നമ്മുടെ രാഷ്ട്രീയ സംവാദങ്ങളുടെ നിലവാരം? ‘മേരി ദേശ് കി ധര്‍ത്തി’ ഒരു നല്ല ഗാനമായിരിക്കാം. പക്ഷേ വസ്തുതകളെപ്പറ്റി സംസാരിക്കുന്നതിനു പകരം കോടതികള്‍ പോലും അനാവശ്യവും യുദ്ധതല്‍പരവും അതിഭാവുകത്വം നിറഞ്ഞതുമായ കൃത്രിമപദപ്രയോഗങ്ങളെ ആശ്രയിക്കുകയാണോ?

എനിക്കറിയാവുന്നിടത്തോളം കോടതി ഉത്തരവുകള്‍ ആരുടെയും സാഹിത്യ, സംഗീത അഭിരുചികള്‍ക്കുള്ള ഉപാധിയല്ല. ദേശീയതയെപ്പറ്റിയുള്ള ആരുടെയും ആശയങ്ങള്‍ വ്യാഖ്യാനിക്കാനുള്ള ഇടവുമല്ല. അവ അടിസ്ഥാനമാക്കേണ്ടത് തെളിവുകളെയാണ്.

കഴിഞ്ഞ രണ്ടാഴ്ച കനയ്യയുടെ അറസ്റ്റുണ്ടാക്കിയ ഒച്ചപ്പാടുകള്‍ക്കുശേഷം, കനയ്യയ്‌ക്കെതിരെ ഡല്‍ഹി പൊലീസിന്റെ കയ്യില്‍ തെളിവൊന്നുമില്ലെന്നു വ്യക്തമായശേഷം, വ്യാജവീഡിയോകള്‍ വന്നത് കേന്ദ്രമാനവവിഭവശേഷി മന്ത്രിയുടെ സഹായിയില്‍നിന്നും ചില മാധ്യമങ്ങളുടെ വാര്‍ത്താമുറികളില്‍നിന്നുമാണെന്നു മനസിലായശേഷം, പിന്നെ എന്തിനാണ് കോടതി ഈ കേസിന്റെ അതിര്‍ത്തികളെ തികച്ചും വ്യാജമായ ദേശീയത – ദേശവിരുദ്ധത എന്ന രണ്ടുവാക്കുകള്‍ ഉപയോഗിച്ച് നിര്‍വചിക്കാന്‍ തുനിഞ്ഞത്?

രാജ്യത്തെ ജനങ്ങളെല്ലാം ഒന്നുകില്‍ രാജ്യസ്‌നേഹികളും അല്ലെങ്കില്‍ രാജ്യദ്രോഹികളുമാണെന്നാണോ താങ്കള്‍ കരുതുന്നത്, മാഡം? ഇതിനിടയ്ക്ക് നില്‍ക്കുന്നവര്‍ക്ക് ഇവിടെ സ്ഥാനമില്ലേ?

കോടതി ഉത്തരവ് യുക്തി, തെളിവ് എന്നിവകൊണ്ട് നയിക്കപ്പെടുന്നതായിരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു. അത് കൃത്യവുമായിരിക്കുമെന്നും. അല്ലാതെ അനുചിതമായ അതിശയോക്തികള്‍ നിറഞ്ഞതല്ല.

അങ്ങനെയാണെങ്കിലും നിരീക്ഷണങ്ങള്‍ നടത്താന്‍ താങ്കള്‍ക്ക് എല്ലാ അവകാശവുമുണ്ട്.

വിധിയുടെ ഏറ്റവും മോശമായ ഭാഗം വായിച്ചുകഴിഞ്ഞെന്നും കയ്‌പേറിയ ഒരു മരുന്നുപോലെ അത് വിഴുങ്ങിക്കഴിഞ്ഞുവെന്നു കരുതിയിരിക്കുമ്പോഴാണ് ഞാന്‍ ഇത് വായിച്ചത്:

‘പരാതിക്കാരന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍, അവര്‍ സ്വാതന്ത്ര്യം ആസ്വദിക്കുന്നത് നമ്മുടെ അതിര്‍ത്തികള്‍ സായുധസേനയും അര്‍ദ്ധസൈനികരും കാക്കുന്നതുകൊണ്ടുമാത്രമാണെന്ന് ബന്ധപ്പെട്ട എല്ലാവരും മനസിലാക്കണം. ലോകത്ത് ഏറ്റവും ബുദ്ധിമുട്ടേറിയ ഭൂപ്രദേശങ്ങളിലാണ് നമ്മുടെ സൈന്യം അതിര്‍ത്തികാക്കുന്നത് – സിയാച്ചിന്‍ അല്ലെങ്കില്‍ റാന്‍ ഓഫ് കച്ച് എന്നിവ.’

എന്റെ ഹൃദയമിടിപ്പ് ഒരു നിമിഷം നിലച്ചുപോയി, മാഡം.

എല്ലായ്‌പോഴും നമ്മുടെ പട്ടാളക്കാരെ കരുക്കളാക്കുകയല്ലാതെ നമുക്ക് ഒന്നും ചെയ്യാനില്ലേ? ആദ്യം ബിജെപിയാണ് അതു ചെയ്തത്. പിന്നെ അര്‍ണാബ് ഗോസ്വാമി. ഇപ്പോള്‍ കോടതികളും?

രാജ്യത്തിന്റെ ആത്യന്തികമായ രക്തസാക്ഷി പട്ടാളക്കാരനാണെങ്കില്‍ താങ്കള്‍ പറയുന്നതുപോലെ സിയാച്ചിനിലോ റാന്‍ ഓഫ് കച്ചിലോ സേവനം അനുഷ്ഠിക്കാത്തതില്‍ നമുക്കെല്ലാവര്‍ക്കും ലജ്ജ തോന്നേണ്ടേ?

നമ്മുടെ രാജ്യസ്‌നേഹത്തെ സാധൂകരിക്കാനുള്ള ഒരു വക്രീകരിച്ച പ്രിസമായി പട്ടാളക്കാര്‍ മാറുന്നത് എന്തുകൊണ്ടാണ്?

രാജ്യസ്‌നേഹത്തെപ്പറ്റിയുള്ള ഇത്തരമൊരു ആശയം തെറ്റും അപകടകരവുമാണെന്ന് ഞാന്‍ കരുതുന്നു. അഴിമതിക്കാരായ ചിലര്‍ പട്ടാളക്കാരെ പ്രശംസിച്ച് രാജ്യസ്‌നേഹി ചമയുമ്പോള്‍ അതേ പട്ടാളക്കാരെ അവിടെ നിയമിക്കുകയും ചിലപ്പോള്‍ സ്വന്തം രാജ്യക്കാര്‍ക്കെതിരെ തന്നെയുള്ള യുദ്ധത്തില്‍ അവരെ കൊലപ്പെടുത്തുകയും ചെയ്യുന്നതിനെ ചോദ്യം ചെയ്യുന്നവര്‍ രാജ്യദ്രോഹികളായി മുദ്രകുത്തപ്പെടുത്തുന്നു.

ഇതും പോരെങ്കില്‍ പട്ടാളക്കാരെപ്പറ്റി പറഞ്ഞ കാര്യം താങ്കള്‍ ഇതെഴുതിയപ്പോള്‍ വീണ്ടും ഊന്നിപ്പറഞ്ഞു:

‘ഇത്തരം ആളുകള്‍ സര്‍വകലാശാലയുടെ സൗകര്യത്തില്‍ ഇത്തരം മുദ്രാവാക്യങ്ങള്‍ മുഴക്കാനുള്ള സ്വാതന്ത്ര്യം എടുക്കുന്നത്, അവരുടെ സുരക്ഷ നമ്മുടെ സൈന്യം സമുദ്രനിരപ്പില്‍ നിന്ന് വളരെ ഉയര്‍ന്ന യുദ്ധഭൂമികളില്‍ നിലയുറപ്പിച്ചിരിക്കുന്നതിനാലാണ് എന്നു മനസിലാക്കാതെയാണ്. അവിടെ ഓക്‌സിജന്‍ പോലും ദുര്‍ലഭമാണ്. അഫ്‌സല്‍ ഗുരുവിന്റെയും മക്ബൂല്‍ ഭട്ടിന്റെയും പോസ്റ്ററുകളുമായി അവരുടെ രക്തസാക്ഷിത്വത്തെ ആദരിക്കുന്നവര്‍ക്ക് ആ സാഹചര്യങ്ങളില്‍ ഒരു മണിക്കൂര്‍ പോലും കഴിയാനാകില്ല.

ത്രിവര്‍ണപതാക ചുറ്റിയ ശവപ്പെട്ടികളില്‍ വീടുകളില്‍ തിരിച്ചെത്തിയ രക്തസാക്ഷികളുടെ കുടുംബങ്ങളുടെ മനോവീര്യം കെടുത്താന്‍ ഇത്തരം മുദ്രാവാക്യങ്ങള്‍ക്കാകും.’

കശ്മീരിന്റെയും അഫ്‌സല്‍ഗുരുവിന്റെയും വിധിയെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ ക്യാംപസില്‍ ഒരു ചടങ്ങ് നടന്നു എന്നതിനര്‍ത്ഥം വിദ്യാര്‍ത്ഥികള്‍ അവരെ ഹൃദയത്തോട് ചേര്‍ത്തുപിടിക്കുന്നു എന്നല്ല എന്ന് ജെഎന്‍യുവിലെ പൂര്‍വവിദ്യാര്‍ഥി എന്ന നിലയില്‍ എനിക്ക് താങ്കളോട് പറയാനാകും. അഫ്‌സല്‍ ഗുരുവിന്റെ പ്രേതമാണ് അവരെ വേട്ടയാടുന്നത്. ഗുരുവിന് ലഭിച്ച വിചാരണയെപ്പറ്റി പ്രസക്തമായ ചോദ്യങ്ങള്‍ ചോദിക്കുക മാത്രമാണ് ഈ വിദ്യാര്‍ത്ഥികള്‍ ചെയ്യുന്നത്. മുഴുവന്‍ കേസും മനസിലാക്കുമ്പോള്‍, വിചാരണ പൂര്‍ണമായും നീതിപൂര്‍വമായിരുന്നില്ല എന്ന് അവര്‍ കരുതുന്നു. നമ്മുടെ നീതിന്യായപീഠവും ജനാധിപത്യവും സുതാര്യവും ഉത്തരവാദിത്തമുള്ളതും ആയിരിക്കണമെന്ന് ഈ വിദ്യാര്‍ത്ഥികള്‍ കരുതുന്നു. ഒരു ജനാധിപത്യരാജ്യത്ത് അത് പാടില്ലാത്തതാണോ?

അപ്പോള്‍ നാം ഈ ചോദ്യത്തിലെത്തുന്നു: ‘കശ്മീരിനെപ്പറ്റി ചര്‍ച്ച ചെയ്യുന്നതും അഭിപ്രായം പറയുന്നതും രാജ്യദ്രോഹ പ്രവര്‍ത്തനമാണോ?’

അങ്ങനെയാണെങ്കില്‍ നാം ജീവിക്കുന്നത് ഒരു ജനാധിപത്യ രാജ്യത്തല്ല.

ഇതിനെല്ലാം ഉപരി, അനവധി തടസങ്ങള്‍ മറികടന്ന് അര്‍ഹമായ വിദ്യാഭ്യാസം നേടുന്ന കനയ്യകുമാറിനെപ്പോലുള്ള ഗവേഷകരെ നിങ്ങള്‍ ശക്തമായി അട്ടിമറിക്കുന്നു എന്നു മാത്രമല്ല ജനാധിപത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനങ്ങളിലൊന്നായ സര്‍വകലാശാലയ്ക്കും നിങ്ങള്‍ തുരങ്കം വയ്ക്കുന്നു.

വിദ്യാര്‍ത്ഥി ശബ്ദങ്ങള്‍, പുരോഗമനചിന്താഗതികള്‍, യുക്തിവാദങ്ങള്‍ എന്നിവയെല്ലാം പൊള്ളയും ഉത്തേജിതവുമായ രാഷ്ട്രീയവ്യവഹാരങ്ങളുടെ തോക്കിന്‍മുനകൊണ്ട് നിശബ്ദമാക്കപ്പെടുകയാണെങ്കില്‍ ലോകത്തെ ജനാധിപത്യങ്ങളുടെ അവസ്ഥ എന്താകും?

കോടതി ഉത്തരവ് അവസാനിപ്പിച്ചുകൊണ്ട് താങ്കള്‍ ഇങ്ങനെ എഴുതി:

‘ഈ കേസിലെ അന്വേഷണം ആരംഭഘട്ടത്തിലാണ്. ആ പരിപാടി സംഘടിപ്പിക്കുകയും അതില്‍ പങ്കെടുക്കുകയും ചെയ്ത ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികളില്‍ ചിലര്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ അഭിപ്രായസ്വാതന്ത്ര്യമെന്ന മൗലിക അവകാശത്തിനു കീഴില്‍ സംരക്ഷിക്കപ്പെടേണ്ടവയല്ല. ഇത് ആ വിദ്യാര്‍ത്ഥികളെ ബാധിച്ചിരിക്കുന്ന ഒരു രോഗമാണെന്നും അത് പകര്‍ച്ചവ്യാധിയാകുന്നതിനു മുന്‍പ് നിയന്ത്രിക്കേണ്ടതും ഭേദമാക്കേണ്ടതുമാണെന്നും ഞാന്‍ കരുതുന്നു.

ഒരു അവയവത്തിന് അണുബാധയുണ്ടായാല്‍ ആന്റിബയോട്ടിക്കുകള്‍ നല്‍കി അത് ഭേദമാക്കാന്‍ ശ്രമിക്കുന്നു. അത് ഫലിക്കുന്നില്ലെങ്കില്‍ മറ്റൊരു ചികില്‍സ നോക്കുന്നു. ചിലപ്പോള്‍ സര്‍ജറി വേണ്ടിവരാം. എന്നാല്‍ രോഗം അവയവത്തെ നിര്‍ജീവമാക്കുന്നുവെങ്കില്‍ അത് മുറിച്ചുകളയുക മാത്രമാണ് ചികില്‍സ.’

അന്വേഷണം ആരംഭദശയിലാണെന്ന് നിങ്ങള്‍ പറയുന്നു. എന്നിട്ടും ആരംഭദശയില്‍ത്തന്നെ ഇത്രയധികം അനുമാനങ്ങളിലെത്താന്‍ നിങ്ങള്‍ക്കു സാധിക്കുന്നുവോ?

വിദ്യാര്‍ത്ഥികളുടെ ആക്ടിവിസമെന്നാല്‍ പകര്‍ച്ചവ്യാധിയാകുന്നതിനു മുന്‍പ് ഭേദപ്പെടുത്തേണ്ട അണുബാധയാണെന്നുവരെ പറയാന്‍ നിങ്ങള്‍ക്കു മടിയില്ല.

ഇവിടെ താങ്കള്‍ നടത്തുന്ന പൂര്‍ണമായും ദുര്‍ബലമായ സാദൃശ്യത്തിലേക്കു കടക്കാതെ തന്നെ, മൂന്ന് വ്യത്യസ്ത പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്ന് വിദ്യാഭ്യാസം നേടിയ വ്യക്തിയെന്ന നിലയില്‍, വിദ്യാര്‍ത്ഥികളുടെ ആക്ടിവിസം ജനാധിപത്യത്തിന്റെ ആരോഗ്യത്തിന് അത്യാവശ്യമായ ഒന്നാണെന്നു പറയാന്‍ എനിക്കു കഴിയും.

അക്കാദമിയും വിദ്യാര്‍ത്ഥികളും ശൂന്യതയില്‍ നിലകൊള്ളുന്നവരല്ല. അവര്‍ സാമൂഹിക, സാമ്പത്തിക ഭൂപ്രകൃതിയുടെ ഭാഗമാണ്. അതിനെ ചോദ്യം ചെയ്യാനും വിമര്‍ശിക്കാനുമുള്ള എല്ലാ അവകാശവും അവര്‍ക്കുണ്ട്. ചിന്താശേഷിയില്ലാത്ത വിദ്യാര്‍ത്ഥികളും മൂഢരായ രാജ്യസ്‌നേഹികളും നിറഞ്ഞ രാജ്യം എപ്പോഴും പഴയസ്ഥലത്തുതന്നെ നില്‍ക്കും; ഒരുകാലത്തും അഭിവൃദ്ധിയില്ലാതെ.

സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും വ്യവസ്ഥിതിയെ ചോദ്യ ചെയ്യുന്നില്ലെങ്കില്‍, അടിച്ചമര്‍ത്തല്‍ ഇല്ലാതാക്കാനുള്ള മറ്റു മാര്‍ഗങ്ങള്‍ തിരയുന്നില്ലെങ്കില്‍, വിമര്‍ശനാത്മക അന്വേഷണങ്ങള്‍ക്കു സ്ഥലം കൊടുക്കുന്നില്ലെങ്കില്‍, പിന്നെ എന്തുതരം വിദ്യാര്‍ത്ഥികളെ സൃഷ്ടിക്കാനാണ് നാം ആഗ്രഹിക്കുന്നത്?

കുഞ്ഞാടുകള്‍ നിറഞ്ഞ ഒരു ദേശമല്ല നാം ആഗ്രഹിക്കുന്നത്, മാഡം.

പ്രമുഖ സാഹിത്യസൈദ്ധാന്തികനായ ടെറി ഈഗിള്‍ട്ടന്‍ ഇങ്ങനെ പറയുന്നു: ‘നീതി, പാരമ്പര്യം ഭാവന, മനുഷ്യക്ഷേമം, സ്വതന്ത്രചിന്ത, ഭാവിയെപ്പറ്റിയുള്ള മറുവീക്ഷണങ്ങള്‍ എന്നിവയില്‍ വ്യവസ്ഥിതിയെ വെല്ലുവിളിക്കുക എന്നതാണ് സര്‍വകലാശാലകളുടെ പങ്ക്. സര്‍വകലാശാലകളില്‍ നടക്കുന്ന എന്തിലും മാനുഷികമൂല്യങ്ങളുടെയും തത്വങ്ങളുടെയും വിമര്‍ശനാത്മക പ്രതിഫലനം കാണണം. റെബ്രാന്റിന്റെയോ റിംബോദിന്റെയോ പഠനം മാത്രമല്ല.’

നമ്മുടെ രാജ്യത്ത് വിമര്‍ശനാത്മക അന്വേഷണങ്ങളുടെ കേന്ദ്രസ്ഥാനങ്ങളായി നിലനിന്നിട്ടുള്ളതും ഈയിടെ ഭരണകൂടവുമായുള്ള ഏറ്റുമുട്ടലിന്റെ കേന്ദ്രങ്ങളായി മാറിയവയുമായ ജെഎന്‍യുവിലെയും എഫ്ടിഐഐയിലെയും മുന്‍ വിദ്യാര്‍ത്ഥിയെന്ന നിലയ്ക്ക് ഈ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങള്‍ എനിക്ക് ചോദ്യം ചെയ്യാനും പ്രതിഷേധിക്കാനും ജനങ്ങളുടെ നന്മയ്ക്കുവേണ്ടി അര്‍ത്ഥവത്തായ സംഭാവന നല്‍കാനുമുള്ള കരുത്തും വഴികളും തന്നുവെന്ന് പറയാനാകും.

ഊഴം തെറ്റി സംസാരിക്കുകയാണ് ഞാനെന്ന് താങ്കള്‍ കരുതുന്നുണ്ടാകും, മാഡം. പക്ഷേ ദയവുചെയ്ത് എന്നിലുള്ള വിദ്യാര്‍ത്ഥിയെ കൊല്ലാന്‍ ശ്രമിക്കരുത്.

(ലേഖകന്‍ ജെഎന്‍യു, എഫ്ടിഐഐ എന്നിവിടങ്ങളിലെ മുന്‍ വിദ്യാര്‍ത്ഥിയും ചലച്ചിത്രകാരനും രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിലെ ദേശീയ, രാജ്യാന്തര ബ്ലോഗറുമാണ്)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍