UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രോഹിത് വെമുല; രാഷ്ട്രപതിക്കൊരു തുറന്ന കത്ത്

Avatar

അഴിമുഖം പ്രതിനിധി

എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളിലും ജീവനും സ്വാതന്ത്ര്യത്തിനുമുള്ള ഭരണഘടനാപരമായ അവകാശവും വിദ്യാഭ്യാസത്തിനും സംഘടിക്കാനും സമരം ചെയ്യാനുമുള്ള അവകാശങ്ങളും ഉറപ്പാക്കാന്‍ മാനവവിഭവശേഷി മന്ത്രാലയത്തിലും കേന്ദ്ര സര്‍ക്കാരിലും ഇടപെടണമെന്ന് , ഈ കത്തില്‍ ഒപ്പുവെച്ച ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപകരും സ്വതന്ത്രഗവേഷകരുമായ ഞങ്ങള്‍ അങ്ങയോട് അഭ്യര്‍ത്ഥിക്കുന്നു.

ഹൈദരാബാദ് സര്‍വകലാശാലയിലെ രോഹിത് വെമുലയുടെ മരണം താങ്ങാനാവാത്ത ദു:ഖമാണ് സൃഷ്ടിക്കുന്നത്. ദളിത് വിരോധവും രോഹിതിന്റെ ജീവനെടുത്ത ഹിന്ദുത്വ പ്രേരിത രാഷ്ട്രീയവും ചേര്‍ന്ന വിഷലിപ്തമായ മിശ്രിതത്തില്‍ കുറഞ്ഞത് രണ്ടു കേന്ദ്ര സര്‍ക്കാര്‍ മന്ത്രാലയങ്ങളും ഭരണകക്ഷിയിലെ ഒരു പാര്‍ലമെന്റ് അംഗവും ഉള്‍പ്പെട്ടിട്ടുണ്ടെന്ന വെളിപ്പെടുത്തലുകള്‍ പ്രശ്‌നത്തെ അതിലേറെ രൂക്ഷമാക്കുന്നു. ഉന്നത വിദ്യാഭ്യാസ രംഗത്തെ സ്ഥാപനങ്ങളുടെ സ്വയംഭരണരാഹിത്യവും അത് മൂലമുള്ള അവയുടെ നടത്തിപ്പിന് ചുമതലപ്പെട്ടവരുടെ ഉത്തരവാദിത്തരാഹിത്യവും സൃഷ്ടിക്കുന്ന ദുരന്തം നിറഞ്ഞ പ്രത്യാഘാതങ്ങള്‍ ഈ സംഭവം വെളിപ്പെടുത്തുന്നു. 

ഹൈദരാബാദ് സര്‍വകലാശാല അധികൃതര്‍ക്ക് ആഗോള ഗവേഷക കൂട്ടായ്മയുടെ തുറന്ന കത്ത്

പ്രാന്തവത്കരിക്കപ്പെട്ട വിദ്യാര്‍ത്ഥികളുടെ ക്ഷേമത്തിനും വിദ്യാഭ്യാസത്തിനും എതിരുനില്‍ക്കുന്ന തരത്തില്‍ സവര്‍ണ ജാതി സ്വഭാവമുള്ളതാണ് മിക്കപ്പോഴും നമ്മുടെ സര്‍വകലാശാല ഇടങ്ങള്‍ എന്ന വസ്തുതയടക്കം ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് അദ്ധ്യാപകരെന്ന നിലയില്‍ ഞങ്ങള്‍ക്ക് തികഞ്ഞ ബോധ്യമുണ്ട്. 

ജാതി, വര്‍ഗ, ലിംഗ വിവേചനത്തിനും മത ഭൂരിപക്ഷമേല്‍ക്കോയ്മക്കും എതിരായ വിമര്‍ശനങ്ങള്‍ക്ക് ശബ്ദം നല്‍കുകയും ‘നക്ഷത്രങ്ങളിലേക്ക് യാത്ര ചെയ്യാന്‍’ കഴിയുമെന്ന ആത്മവിശ്വാസം അവര്‍ക്ക് നല്‍കുകയും ചെയ്യുന്ന വിദ്യാര്‍ത്ഥി സംഘങ്ങള്‍, സാമൂഹ്യ പരിവര്‍ത്തനത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ്. അംബേദ്കര്‍ ആശയങ്ങള്‍ പിന്തുടരുന്ന വിദ്യാര്‍ത്ഥി സംഘങ്ങളെ ‘ജാതീയം’ എന്നു മുദ്രകുത്തുകയും വധശിക്ഷക്കെതിരെ പ്രചരണം നടത്തുന്നവരെ ‘തീവ്രവാദി”ഭീകരവാദി’ ദേശവിരുദ്ധര്‍’ എന്നെല്ലാം കുറ്റപ്പെടുത്തുകയും ചെയ്യുന്നത് മനുഷ്യന്റെ ആത്മാഭിമാനത്തിന്റെ അടിസ്ഥാനത്തെക്കുറിച്ചുള്ള തികഞ്ഞ അജ്ഞതയേയാണ് പ്രകടമാക്കുന്നത്. വികസനത്തിലും ചെറുത്തുനില്‍പ്പിന്റെയും നീതിയുടെയും ആശയങ്ങളെ മനസിലാക്കുന്നതിലും സര്‍വകലാശാലകള്‍ക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നിര്‍ണായകമായ പങ്കുവഹിക്കാനുണ്ട്. 

സര്‍വകലാശാലകളില്‍ അവസരങ്ങളിലും പ്രാപ്യതയിലും കൂടുതല്‍ തുല്യത ഉറപ്പുവരുത്തുന്നതിന് പകരം കഴിഞ്ഞ ഒന്നരവര്‍ഷക്കാലമായി സര്‍ക്കാര്‍ ചെയ്യുന്നത് സര്‍വകലാശാലകളിലെ സ്വയംഭരണവും സ്വാതന്ത്ര്യവും തുടര്‍ച്ചയായി തകര്‍ക്കുകയാണ്. ഹൈദരാബാദ് സര്‍വകലാശാലയില്‍ രോഹിതടക്കം അഞ്ചു ദളിത് വിദ്യാര്‍ത്ഥി പ്രവര്‍ത്തകരെ പുറത്താക്കിയത് ഇത്തരം ലംഘനങ്ങളുടെ നീണ്ട പരമ്പരയിലെ ഒരു സംഭവം മാത്രമാണ്. കത്തുകള്‍ കാണിക്കുന്നത്, വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടപടിയെടുക്കാന്‍ സര്‍വകലാശാലയ്ക്ക് മേല്‍ സമ്മര്‍ദം ചെലുത്തുന്ന MHRDയുടെ നേരിട്ടുള്ള ഔദ്യോഗിക ഇടപെടല്‍ ഉണ്ടായെന്ന് മാത്രമല്ല ഭരണകക്ഷിയുടെ വിദ്യാര്‍ത്ഥി സംഘടന, അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത് -ABVPയുടെ സ്വാധീനം ഉറപ്പിക്കാനുള്ള അപലപനീയമായ താത്പര്യത്തിന്റെ ഭാഗമാണെന്നുകൂടി ഇത് വെളിവാക്കുന്നു. 

നിങ്ങള്‍ പുറത്താക്കിയ വിദ്യാര്‍ത്ഥികള്‍ ദേശവിരുദ്ധര്‍ ആയിരുന്നോ?

തുടര്‍ച്ചയായ ഭരണസമിതികള്‍ക്ക് കീഴില്‍ ഹൈദരാബാദ് സര്‍വകലാശാലയില്‍ ദളിത ഗവേഷക വിദ്യാര്‍ത്ഥികളുടെ ആത്മഹത്യകള്‍ ഇടക്കിടെ സംഭവിച്ചു എന്നതുകൂടി ഞങ്ങള്‍ അടിവരയിട്ട് പറയാന്‍ ആഗ്രഹിക്കുന്നു. തീര്‍ത്തും പ്രതിലോമകരമായ സാമൂഹ്യസാഹചര്യങ്ങളെ പോരാടി ഭേദിച്ചുകൊണ്ട് സര്‍വകലാശാലയുടെ കവാടങ്ങള്‍ തങ്ങള്‍ക്ക് വിമോചനത്തിന്റെ വാഗ്ദാനങ്ങള്‍ പകര്‍ന്നുനല്‍കും എന്നു വിശ്വസിച്ച് അവിടെയെത്തിയ ഒരു തലമുറയെ മുഴുവന്‍ ഇല്ലാതാക്കുകയാണ് ഇത്. 

ഹൃദയശൂന്യരായ ഒരു സര്‍വകലാശാല ഭരണ നേതൃത്വത്തിന്റെയും അവരെ അങ്ങനെ ചെയ്യാന്‍ പ്രേരിപ്പിച്ച കേന്ദ്ര സര്‍ക്കാരിന്റെയും കൈകളില്‍പ്പെട്ടാണ് രോഹിതിന് ജീവന്‍ നഷ്ടമായത്. ഈ രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും മനുഷ്യജീവികള്‍ക്കും ലഭിക്കുന്ന തരത്തിലുള്ള, മാന്യത മരണത്തില്‍പ്പോലും അയാള്‍ക്ക് നല്‍കിയില്ല. അയാളുടെ മൃതദേഹം കുടുംബത്തിന് കൈമാറാതെ തിടുക്കത്തില്‍ പൊലീസുകാര്‍ ദഹിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വൈസ് ചാന്‍സലര്‍ തന്റെ എല്ലാ കടമകളും ലംഘിച്ചുകൊണ്ട് രോഹിതിന്റെ മരണത്തിന് ഒരു മണിക്കൂറിനുള്ളില്‍ സര്‍വകലാശാല വളപ്പ് വിട്ടുപോയി. ആ നിര്‍ണായക സന്ദര്‍ഭത്തില്‍ അവിടെ സര്‍വകലാശാല അധികൃതര്‍ ആരും ഉണ്ടായിരുന്നില്ല. 

തന്റെ അവസാന കത്തില്‍, തനിക്ക് നല്ലത് വരണമെന്നാഗ്രഹിച്ച എല്ലാവരോടും തനിക്കായി കരയരുതെന്ന് രോഹിത് ആവശ്യപ്പെടുന്നുണ്ട്. അയാള്‍ ശരിയാണ് പറഞ്ഞത്: ഇത് കരയാനുള്ള സമയമല്ല, മറിച്ച് താങ്കളുടെ ഭാഗത്തുനിന്നും കൃത്യമായ നടപടികള്‍ക്കുള്ള സമയമാണ്. താഴെ പറയുന്ന നടപടികള്‍ ഉടന്‍ തന്നെ എടുക്കുന്നതിന് താങ്കളുടെ അടിയന്തര ഇടപെടല്‍ ഞങ്ങള്‍ ആവശ്യപ്പെടുന്നു: 

1)വിദ്യാര്‍ത്ഥികളുടെ, പ്രത്യേകിച്ചു ദളിത്, സ്ത്രീ, ലിംഗ, മത ന്യൂനപക്ഷങ്ങളുടെ സ്വാതന്ത്ര്യത്തെ നിരീക്ഷിക്കാനും നിയന്ത്രിക്കാനും തടയാനും പോലീസിനോട് MHRD,UGC, മറ്റേതെങ്കിലും സര്‍ക്കാര്‍ വകുപ്പ് നിര്‍ദേശിച്ചതോ കൈക്കൊണ്ടതോ ആയ എല്ലാ നടപടികളും പിന്‍വലിക്കുക. 

2)പ്രതിഷേധിക്കുന്ന വിദ്യാര്‍ത്തികള്‍ക്കെതിരായ എല്ലാ പൊലീസ് കേസുകളും പിന്‍വലിക്കുക. 

3)ഹൈദരാബാദ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ പി അപ്പ റാവുവിനെ ഉടനടി പുറത്താക്കുക. 

4)രോഹിതിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരവും കുടുംബത്തിലെ ഒരാള്‍ക്ക് ജോലിയും നല്‍കുക. 

5)രോഹിത് വെമുലയെയും വിദ്യാര്‍ത്ഥി സംഘടന സഹപ്രവര്‍ത്തകരെയും പീഡിപ്പിച്ച വ്യക്തികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ അന്വേഷണവും വിചാരണയും വകുപ്പുതല നടപടികളും കൈക്കൊള്ളുക. 

6)അച്ചടക്ക നടപടി എന്ന രീതിയില്‍ വിദ്യാര്‍ത്ഥികളുടെ ഫെല്ലൊഷിപ്പ് തടഞ്ഞുവെക്കുന്ന രീതി എല്ലാ സര്‍വകലാശാലകളിലും നിര്‍ത്തലാക്കുക.

7)ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വയം ഭരണം ഉറപ്പാക്കും എന്നു കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കുക.

(അയിഷ കിദ്വായ്, കല്‍പന കണബീരാന്‍, എസ്. ആനന്ദി, രാഹുല്‍ റോയ്, സുരീന്ദര്‍ എസ് ജോധ്ക എന്നിവരും മറ്റ് 218 പേരും ഈ കത്തില്‍ ഒപ്പിട്ടു).

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍