UPDATES

സിനിമ

എന്താണ് സാര്‍ മോദിക്കെതിരെ നടക്കുന്ന രാഷ്ട്രീയ അജണ്ട? സംവിധായകന്‍ പ്രിയദര്‍ശന് ഒരു തുറന്ന കത്ത്

Avatar

മുഹമ്മദ് റാഫ് എന്‍ വി

അസഹിഷ്ണുത പ്രചാരണത്തിനെതിരെ രാഷ്ട്രപതി ഭവനിലേക്ക് ചലചിത്ര പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചില്‍ പങ്കെടുത്ത് കൊണ്ട് അങ്ങ് ഇങ്ങിനെ പ്രസ്താവിച്ചതായി പത്ര ദ്വാര അറിഞ്ഞു;’ ഒരുപാട് കാലത്തെ കാത്തിരിപ്പിനു ശേഷമാണ് കാഴ്ചപ്പാടുള്ള ഒരാളെ പ്രധാനമന്ത്രിയായി നമുക്ക് കിട്ടുന്നത്. അദ്ദേഹത്തെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല. അദ്ദേഹം ചെയ്യുന്നതിനെ അവര്‍ക്ക് ഇല്ലാതാക്കണം. വലിയ ഒരു രാഷ്ട്രീയ അജണ്ട ഇതിനു പിന്നിലുണ്ട്”.

എന്താണ് സര്‍ ആ രാഷ്ട്രീയ അജണ്ട? ആരുടെതാണ് ആ അജണ്ട? താങ്കള്‍ക്കറിയാമോ? ബിഹാറിലെ ഭക്‌സറില്‍ കഴിഞ്ഞ ദിവസം ഇന്ത്യന്‍ പ്രധാനമന്ത്രി പ്രസംഗിച്ചത് എന്താണെന്ന്! അവിടെയുള്ള ഹിന്ദുക്കളുടെ അഞ്ചുശതമാനം സംവരണം എടുത്ത് മുസ്ലിങ്ങള്‍ക്ക് കൊടുക്കാന്‍ പോവുകയാണ്. അതില്ലാതെയാക്കാന്‍ ബി.ജെ.പിക്ക് വോട്ടു ചെയ്യണം. അധികാരത്തില്‍ ഏറുന്നതിനു മുമ്പ് അസമില്‍ സംസാരിച്ചത് അവിടെ കുടിയേറ്റക്കാരായ മുസ്‌ളിങ്ങളെ തുരത്തും എന്നായിരുന്നു. വിഘടന / വിഭജന വാദമല്ലാതെ മറ്റെന്ത് രാഷ്ട്രീയ അജണ്ടയാണ് ഈ വാക്കുകള്‍ക്ക് പിറകില്‍ ഉള്ളത്?

യുക്തിവാദം കൊലയ്ക്ക് അര്‍ഹമായ തെറ്റാണോ? ഇന്ത്യന്‍ പാരമ്പര്യത്തില്‍ ചാര്‍വാകനും കനാദനും യുക്തിവാദികളായിരുന്നില്ലേ? ദബോല്‍ക്കറെ ഹിന്ദുത്വ പ്രത്യയശാസ്ത്രം വധിച്ചു കളഞ്ഞപ്പോള്‍ താങ്കളുടെ പ്രധാനമന്ത്രി ഒരക്ഷരം മിണ്ടിയോ! ചരിത്രകാരനായ ഗോവിന്ദ് പന്‍സാരയെ വെടിവെച്ചു കൊന്നപ്പോളോ? ഗാന്ധിയെ വെടിവെച്ചു കൊന്ന ഗോഡ്‌സെയെ മഹത്വ വല്‍കരിക്കുന്ന പ്രവണതയെ എതിര്‍ത്തതും ഹിന്ദു പോരാളി ശിവജി ഔറംഗസീബുമായി സന്ധി ചെയ്തിരുന്നു എന്ന ചരിത്ര സത്യം പറഞ്ഞതുമായിരുന്നോ ഗോവിന്ദ് പന്‍സാരെയും കല്‍ബുര്‍ഗിയും ചെയ്ത തെറ്റ്? അടുത്തത് ആര് കൊല ചെയ്യപ്പെടും എന്ന് സംഘ് പരിവാരം പ്രഖ്യാപിച്ചിട്ടുണ്ട്. അയാള്‍ താങ്കളുടെ ഭരണകൂടം അനുവദിച്ചു കൊടുത്ത രണ്ട് സാദാ പോലീസ് കോണ്‍സ്റ്റബിള്‍മാരുടെ സഹായമില്ലാതെ കേരളത്തില്‍ ഈയിടെ വന്നിരുന്നു. അയാള്‍ കൊല്ലപ്പെടുമ്പോഴെങ്കിലും താങ്കളുടെ പ്രധാനമന്ത്രി ഇതിനെതിരെ അണികളോട് ശക്തമായ ഭാഷയില്‍ സംസാരിക്കുമോ? ഇന്ത്യന്‍ സൈനികന്റെ പിതാവ് മുഹമദ് അഖ്‌ലാഖ് ഇഷ്ടഭക്ഷണം കഴിച്ചതിന്റെ പേരില്‍ ഇഷ്ടിക കൊണ്ട് തലക്കടിയേറ്റ് മരിച്ചപ്പോള്‍, ദളിതര്‍ ചുട്ടു കൊല ചെയ്യപ്പെട്ടപ്പോള്‍, നഗ്നരാക്കപ്പെട്ടപ്പോള്‍ അങ്ങയുടെ പ്രധാനമന്ത്രിക്ക് വ്യസനമുണ്ടായതായി അറിയില്ല. അല്ലെങ്കിലും എന്ത് ഇന്ത്യന്‍ സേന അല്ലേ, ശിവസേന, ശ്രീരാമ സേന, ഹനുമാന്‍ സേന, ഒക്കെ ഉള്ളപ്പോള്‍.

താങ്കളുടെ കണ്ണില്‍ വികസന സങ്കല്പം എന്താണ്? 15 വര്‍ഷം തുടര്‍ച്ചയായി ഗുജറാത്ത് ഭരിച്ച നമ്മുടെ പ്രധാനമന്ത്രിയുടെ വികസന സങ്കല്പം എന്താണ് ! പ്രാഥമിക വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ആ സംസ്ഥാനം ഇന്ത്യയില്‍ 28 > o സ്ഥാനത്താണ്. അവിടെ 70% ജനങ്ങളും തുറസ്സായ സ്ഥലത്ത് മലമൂത്ര വിസര്‍ജനം നടത്തുന്നു, അദാനിയെ പോലുള്ള കോര്‍പറേറ്റുകള്‍ മണി മാളികകള്‍ പണിത് മറുവശത്ത് രമിക്കുന്നു. ഇതാണോ പ്രിയദര്‍ശനന്‍സര്‍, താങ്കളുടെ വികസന സങ്കല്‍പ്പം’, ഈ പ്രവര്‍ത്തനങ്ങള്‍ക്കാണോ ചിന്തകരും എഴുത്തുകാരും അനുവദിക്കുന്നില്ല എന്ന് താങ്കള്‍ പരിദേവനപ്പെടുന്നത്? കത്ത് ചുരുക്കുന്നു.

മലയാളത്തില്‍ ചെയ്ത കോമാളി സിനിമകളുടെ പേരില്‍ അല്ല, ഈ കത്ത് താങ്കള്‍ക്ക് എഴുതാം എന്നു വെച്ചത്. തമിഴില്‍ താങ്കള്‍ സംവിധാനം ചെയ്ത കാഞ്ചീവരം എന്ന ഒറ്റ സിനിമയുടെ പേരിലാണ്.

ഒരിക്കല്‍ ശ്രീരാമചന്ദ്രന്‍ തന്റെ അമ്പ് ഒരു മരപ്പൊത്തില്‍ തറച്ചു വെച്ച കഥയുണ്ട്. അത് തിരിച്ചെടുത്തപ്പോള്‍ പൊത്തിലുണ്ടായിരുന്ന ഒരു തവളയുടെ ദേഹത്ത് അത് തറച്ച് മുറിവേറ്റിരുന്നതായി രാമന്‍ കാണുകയും പാവമേ അത് ദേഹത്ത് കൊണ്ടപ്പോള്‍ നീ ഒന്ന് കരയാഞ്ഞതെന്ത്? എന്നു ചോദിക്കുകയുമുണ്ടായത്രെ, തവള തിരിച്ചു പറഞ്ഞു. രക്ഷിക്കേണ്ട കൈകള്‍ കൊണ്ട് തന്നെ മുറിവേറ്റപ്പോള്‍ ഞാന്‍ ആരോട് സങ്കടം പറയും എന്നു തോന്നിപ്പോയി. മുഹമ്മദ് അഖ്‌ലാഖിന്റെ കുടുംബം കരഞ്ഞപ്പോള്‍, പിന്നീട് മുസ്‌ളിങ്ങള്‍ ഹിന്ദുക്കളോട് സഹവര്‍ത്തിത്വത്തില്‍ കഴിയണമെന്ന് നമ്മള്‍ നമ്മെ രക്ഷിക്കാന്‍ തെരഞ്ഞടുത്ത ആള്‍ പറഞ്ഞപ്പോള്‍ ഈ കഥയാണ് ഓര്‍മ്മ വന്നത്.

പ്രിയദര്‍ശനന്
അത്ര പ്രിയത്തോടെ അല്ലാതെ ,
മുഹമ്മദ് റാഫി.എന്‍.വി

(മുഹമ്മദ് റാഫി തന്റെ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പാണിത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍