UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പിണറായി വിജയനൊരു തുറന്ന കത്ത്: ഇനി കുടത്തിലല്ല; ഇന്‍റര്‍നെറ്റില്‍ തപ്പൂ

Avatar

സാമൂഹ്യ പ്രവര്‍ത്തകനായ മൈത്രേയന്‍ കേരളത്തിലെ മുഖ്യമന്ത്രിക്കും (എല്ലാ മുഖ്യമന്ത്രിമാർക്കും) എഴുതുന്ന ഒരു തുറന്ന കത്ത്

പ്രിയമുള്ള പിണറായി വിജയന്,

കേരളത്തിലെ രാഷ്ട്രീയാവബോധമുള്ള ഒരു പൗരനെന്ന നിലയിലാണ് ഞാൻ ഈ കത്തെഴുതുന്നത്. ഏകദേശം മുപ്പത്തിയഞ്ച് വർഷത്തെ എന്റെ പൊതുജീവിതം അവസാനിപ്പിച്ചിട്ട് ഇപ്പോൾ പതിനൊന്ന് വര്‍ഷമായിട്ടുണ്ട്, എങ്കിലും വായനയിലൂടെയും അനുഭവത്തിലൂടെയും ആർജ്ജിച്ച കേരളത്തിനെക്കുറിച്ചുള്ള ചില നിരീക്ഷണങ്ങളാണ് ഇവിടെ പങ്കിടുന്നത്. ഒപ്പം, വരാൻപോകുന്ന ലോകത്തിലേക്ക് കേരളമെന്ന സംസ്ഥാനം എങ്ങനെ സജ്ജമാക്കണമെന്ന ചില ദിശാബോധം മനസ്സിൽ രൂപപ്പെട്ടത് കുറിക്കുകയാണ്. താങ്കൾക്കും കൂടെയുള്ള മറ്റ് മന്ത്രിമാർക്കും ഇനി വരാൻ പോകുന്ന മുഖ്യമന്ത്രിമാർക്കും ഇത് ഉപകാരപ്രദമാകും എന്നും കരുതുന്നു.

1) ഒരു ഇന്‍റർനെറ്റ് മന്ത്രി, അതൊരു സ്വതന്ത്ര വകുപ്പോടെ ഉണ്ടാകേണ്ടതാണ്. ഇലക്ട്രിസിറ്റിയ്ക് നമ്മൾക്ക് മന്ത്രിയുണ്ട്. പക്ഷെ ഇന്‍റർനെറ്റിനില്ല. സകല മേഖലയിലും ഭരണപരിഷ്‌ക്കാരം കൊണ്ടുവരുവാൻ അത്യാവശ്യമായ ഇന്‍റർനെറ്റിന് മന്ത്രി അത്യാവശ്യമാണ്. ആധുനികവൽക്കരണം നടത്താനും ഭരണം സുതാര്യമാക്കാനും അഴിമതി കുറയ്ക്കാനും പൗരന്മാർക്ക് ഭരണപങ്കാളിത്തം ഉറപ്പാക്കാനും ഇന്‍റര്‍നെറ്റുപോലെ മറ്റൊന്നുമില്ല. ഭരണത്തിന്റെ സകല മേഖലയിലും ഒരേപോലെ കൈകടത്തി സമൂലം മാറ്റംവരുത്തുന്ന ഒന്നാണ് ഇന്‍റർനെറ്റ്. അത് ചെയ്തെടുക്കാൻ താമസിക്കുംതോറും നാം പിന്നോക്കംപോകും എന്ന കാര്യത്തിൽ ഒരു സംശയത്തിനും വകയില്ല. വിദ്യാഭ്യാസത്തിലായാലും കൃഷിയിലായാലും വ്യവസായത്തിലായാലും ഭരണസംവിധാനത്തിലായാലുമെല്ലാം ഒരേപോലെ ഇന്റെർനെറ്റിനെ ആശ്രയിക്കാതെ ഇനി ഒരു മുന്നോട്ടുപോക്കില്ല. ഈ വകുപ്പിന്റെ മുഖ്യപ്രവർത്തനം ഈ മേഖലകളിലെല്ലാം എങ്ങനെ ഇന്‍റർനെറ്റിന്റെ സംവിധാനം ഉപയോഗിച്ച് കൂടുതൽ മെച്ചപ്പെടുത്താം എന്ന് കണ്ടെത്തി പ്രയോഗത്തിൽ വരുത്തുക എന്നുള്ളതാണ്. അതിനാൽ ഇന്‍റർനെറ്റിനൊരു വകുപ്പും മന്ത്രിയും താങ്കളുടെ മുന്‍ഗണനയാകട്ടെ എന്ന് അഭ്യർത്ഥിക്കുന്നു.

2) ഇന്‍റർനെറ്റ് പ്രവർത്തനക്ഷമമാകണമെങ്കിൽ ബ്രോഡ്ബാൻഡ് അത്യാവശ്യമാണ്. എല്ലാ വീട്ടിലും ബ്രോഡ്ബാൻഡ് എത്തിക്കുക എന്നത് താങ്കളുടെ പ്രധാന അജണ്ട ആകേണ്ടതുണ്ട്. കംപ്യൂട്ടർ വരുമ്പോൾ ജോലി നഷ്ടപ്പെടുമെന്നു ഒരുകാലത്തു നാം ഭയന്നിരുന്നു. ആ ഭയത്തിന്റെ ഒരുവശം ശരിയായിരിക്കുമ്പോൾത്തന്നെ ധാരാളം പുതുജോലികൾ പിറന്നതും നാം കണ്ടതാണ്. അതേപോലൊരു സന്ദർഭമാണ് ഇന്നുമുള്ളത്. അക്കാരണത്താൽ അവധാനപൂർവം ആലോചിച്ച് വേണ്ട നടപടികൾ എടുക്കാൻ അഭ്യർത്ഥിക്കുന്നു. ഒരുകാലത്ത് ഇലക്ട്രിസിറ്റി എത്തിക്കുന്നതാണ് വലിയ കാര്യമായി നാം കരുതിയിരുന്നത്. ഇന്ന് ബ്രോഡ്ബാൻഡാണ് ആ സ്ഥലം കൈയ്യാളുന്നത്. ഒരു മുഖ്യമന്ത്രിയുടെ പ്രത്യേക പരിഗണന നൽകി താങ്കൾതന്നെ നേരിട്ട് ഇത് കൈകാര്യം ചെയ്യണം.

3) ജനങ്ങൾക്ക് സ്മാർട്ട് ഫോണുകൾ ഉപയോഗിക്കാൻ പരിശീലനം നൽകാനും അവ കുറഞ്ഞ വിലയിൽ കൊടുക്കുവാനും അടിയന്തരമായി നടപടികൾ എടുക്കണം. ഭരണസുതാര്യത വരുത്താനും ശീഘ്രമായി അത് നടപ്പിലാക്കാനും ഈ നടപടികൾ സഹായകരമാകും. അഴിമതി ഒഴിവാക്കാൻ ഇതിൽപ്പരം കൊള്ളാവുന്ന മറ്റൊന്നും നമ്മൾക്കില്ല. ഫയലുകൾ മാറ്റിമറിക്കാനോ മുൻഗണന അട്ടിമറിക്കാനോ ആർക്കും കഴിയില്ല. കാര്യസാധ്യത്തിനായി അനന്തപുരിവരെ വരേണ്ട ആവശ്യമില്ലാത്തതിനാൽ ട്രെയിൻ, ബസ് മുതലായ വാഹനങ്ങളിലെ തിക്കും തിരക്കും കുറയും. അടിയന്തിര റോഡുവികസനത്തിനായി നെട്ടോട്ടം ഓടേണ്ട ആവശ്യവും വരില്ല. നിലവിലെ റോഡ് നന്നാക്കി സൂക്ഷിച്ചാൽ മതിയാകും. നാൽപ്പത്തിയഞ്ച് അടി വീതിയുള്ള റോഡിൽ കാര്യങ്ങൾ ഒതുക്കാം. പണ്ടുകാലത്തു പ്ലാനിങ് എന്നുപറഞ്ഞാൽ ഇരുപതും മുപ്പതും വർഷത്തേക്കാണ്, ഇനി അത് വേണ്ട, കണ്ടുപിടുത്തങ്ങളുടെ മലവെള്ളപ്പാച്ചിലാണ് സംഭവിക്കുന്നത്. അതിനാൽ പത്തുവർഷത്തേക്ക് മതി, അല്ലെങ്കിൽ നാം നീണ്ട പ്ലാനിംഗ് കൊണ്ടുതന്നെ കുടുങ്ങും.

4) എല്ലാ വിദ്യാർത്ഥികൾക്കും ഓരോ ടാബ് നൽകിയാൽ പാഠപുസ്തകം പ്രിന്റു ചെയ്യുന്നത് ഒഴിവാക്കാം. ഒപ്പം ഇന്‍റർനെറ്റ് ഉപയോഗത്താൽ വിദ്യാഭ്യാസം ആധുനികവൽക്കരിക്കാനും കഴിയും. ഇന്‍റർനെറ്റിന്റെ സഹായമുള്ളതിനാൽ ഇന്നത്തെ തരത്തിലുള്ള സ്കൂളുകൾ ആവശ്യമില്ല. വലിയ ഫാക്ടറികൾ പോലുള്ള സ്കൂളുകൾക്ക് പകരം അന്‍പതോ നൂറോ കുട്ടികൾ ഉള്ള സ്കൂളുകൾ മതി, അവരെ നിയന്ത്രിച്ചു മേൽനോട്ടം നടത്തുവാൻ ഒന്നോ രണ്ടോ അധ്യാപകരെ മാത്രമേ നമ്മൾക്ക് വേണ്ടതുള്ളൂ. ആ അധ്യാപകർക്കാകട്ടെ കുട്ടികൾ ഇന്‍റർനെറ്റ് ഉപയോഗിച്ച് പഠിക്കാൻ വഴികാട്ടികളായാൽ മതി. ഇനി ഒരിക്കലും ആർക്കും പഴയകാല സകലകലാ സർവ്വജ്ഞാനി അധ്യാപകരാകുവാൻ കഴിയില്ല, കഴിയേണ്ട ആവശ്യവുമില്ല. നാക്കിൽ അക്ഷരമെഴുതിക്കാനും കൈയക്ഷരം നന്നാക്കാനുമൊന്നും ഇനി ഓടിനടക്കേണ്ട. ഏതക്ഷരത്തിൽ വേണേലും ഇനി കുട്ടികൾക്കെഴുതാം, ടൈപ്പ് ചെയ്യാൻ പഠിച്ചാൽ മാത്രംമതി. ചെറിയ സ്കൂളുകളാകുമ്പോൾ വീടിനു തൊട്ടരികിലാക്കുവാൻ കഴിയും. അതുവഴി കാലത്തു മുതൽ ബസ്സിൽ കയറിയുള്ള അനന്തമായ യാത്രയും ഒഴിവാക്കാം. റോഡിലെ തിക്കും തിരക്കും കുറയ്കാം. പ്രധാനമായും കുട്ടികൾ സാമൂഹ്യവൽക്കരിക്കപ്പെടാനാണ് സ്കൂളിൽ പോകേണ്ടത്. ഒപ്പം പഠിക്കാനും കളിക്കാനും. ഇങ്ങനെ ആയിരിക്കണം ഇനിയുള്ള മുന്‍ഗണനാക്രമം. ജീവിതകാലം മുഴുക്കെ വായിച്ചു വളരാനുള്ള പുസ്തകങ്ങളും അതിൽ ഉൾക്കൊള്ളിക്കാൻ കഴിയും. അതുവഴി ഇലക്ട്രോണിക് വായന വർധിപ്പിക്കുകയും പുസ്തകങ്ങളും ന്യൂസ്പേപ്പറുകളും അച്ചടിച്ചു കാടുകളില്ലാതാക്കുന്നത് ഒഴിവാക്കുകയും ചെയ്‌യാം. കാട് സംരക്ഷണവും പഠനവും ഒന്നിച്ചു നടക്കും.

5) മനുഷ്യജീവിതത്തിന്റ സമഗ്രമേഖലയിലും ബാധിക്കാൻ പോകുന്ന മറ്റൊരു കണ്ടുപിടിത്തമാണ് ഡ്രോൺ എന്ന ഉപകരണം. അതിന്റെ ഉപയോഗവും അതെങ്ങനെല്ലാം നമുക്കുപയോഗിക്കാൻ കഴിയും എന്നുമുള്ളതും നിരീക്ഷിച്ചറിയാൻ നാം ഒരു വകുപ്പ് തന്നെ ഉണ്ടാക്കേണ്ടതാണ്. അടുത്ത പത്തുവർഷത്തിനുള്ളിൽ കൃഷി, വ്യവസായം, ഗതാഗതം തുടങ്ങിയ സകല മേഖലകളിലും ഡ്രോൺ കാര്യമായ മാറ്റം ഉണ്ടാക്കുവാൻ പോവുകയാണ്. അതിന് നാം തയ്യാറാകേണ്ടതുണ്ട്. കഴിഞ്ഞ അയ്യായിരം വർഷമായി നാം ഉപയോഗിച്ചുവരുന്ന റോഡ് പോലും ഒരുപക്ഷെ ഉപയോഗശൂന്യമാക്കാൻ ആ കണ്ടുപിടിത്തത്തിന് കഴിഞ്ഞെന്നുവരാം. ആദ്യ കേൾവിയിൽ തമാശയായി തോന്നാമെങ്കിലും കാര്യം ഗൗരവമുള്ളതാണ്. ഒരു പത്തുവർഷം മുൻപ് കേരളത്തിലുടനീളം കണ്ടിരുന്ന എസ് ടി ഡി ബൂത്തുകൾ ഇന്ന് തീർത്തും അപ്രത്യക്ഷമായത് സെൽഫോണുകളുടെ വരവോടെയാണ്. അത് സംഭവിക്കുമെന്നു ആരെങ്കിലും മുൻകൂട്ടിക്കണ്ടിരുന്നോ? പക്ഷെ സൂക്ഷ്മമായി നോക്കിയിരുന്നെങ്കിൽ കാണാൻ കഴിഞ്ഞേനെ. റോഡുകൾ ചരക്കുകൾ മാറ്റാനുള്ള വഴി മാത്രമായി മാറാൻ അധികകാലം വേണ്ടിവരില്ല. അതുപോലെ നിരത്തിലെ സ്വകാര്യവാഹനങ്ങളും പെട്ടെന്ന് അപ്രത്യക്ഷമാകും. പെട്രോളിന്റെയും ഡീസലിന്റെയും ഉപയോഗവും വളരെ കുറയും. അതിനാൽ ഉള്ള റോഡുകൾ നന്നാക്കി സൂക്ഷിച്ചാൽ മതി, അതിന്റെ പിന്നാലെ പായേണ്ട.

6) അത്യപൂർവ്വമായ മറ്റൊരു കണ്ടുപിടിത്തവും മേഖലയുമാണ് ജീൻ എഡിറ്റിങ് എന്നത്. ജൈവമായ എല്ലാം, ചെടികളായാലും ജീവികളായാലും ത്വരിതമായ മാറ്റത്തിന് വിധേയമാകുവാൻ പോവുകയാണ്. അറിയപ്പെടുന്ന ജീവികളെ എല്ലാംതന്നെ മനുഷ്യന്റെ ഇച്ഛക്കനുസരിച്ചു രൂപപ്പെടുത്തുവാൻ കഴിയുന്ന ഒരു കണ്ടുപിടുത്തമാണത്. നാമിന്നു നേരിടുന്ന പാരിസ്ഥിതികമായ പല പ്രശ്നങ്ങൾക്കും ഉത്തരവും പുത്തൻ പ്രശ്നങ്ങൾക്ക് നാന്ദിയുമാണ് ഇത്. അതിനെ കരുതലോടെ നാം സ്വീകരിക്കേണ്ടതുണ്ട്. അതിനും ഒരു വകുപ്പ് ആവശ്യമായി വരും. ഇത് താരതമ്മ്യേന ലളിതമായ ഒരു സാങ്കേതിക വിദ്യയാണ്, പരീക്ഷണശാലകളുടെ നാലതിരുകൾ വിട്ട് പുറത്തേക്ക് വരുവാൻ അധികകാലം വേണ്ടിവരില്ല, അക്കാരണത്താൽ അതിനെപ്പറ്റി കൂടുതൽ പഠിച്ചു അതെങ്ങനെ നമ്മൾക്കു പ്രയോജനപ്രദമായി ഉപയോഗിക്കാൻ കഴിയും എന്ന് നോക്കേണ്ടതും അതിനെപ്പറ്റി അനാവശ്യമായ വേവലാതികൾ നമ്മുടെ പാരമ്പര്യവാദികൾ പറഞ്ഞുപരത്തുന്നതിനും മുൻപ് വേണ്ട നിയമനിയന്ത്രണങ്ങൾ ഉണ്ടാക്കേണ്ടതുമുണ്ട്.

7) നാനോടെക്നോളജി നമ്മെ സമഗ്രമായി ബാധിക്കാൻ പോവുകയാണ്. പുതിയ ഭൗതികവസ്തുക്കളുടെ കണ്ടുപിടുത്തങ്ങൾ നമ്മെ വലയം ചെയ്യും. സ്റ്റീലിനേക്കാൾ പത്തും നൂറും മടങ്ങ് ബലമുള്ളതും എന്നാൽ പ്ലാസ്റ്റിക്കിനെക്കാൾ ഭാരം കുറവുള്ളതുമായ ധാരാളം വസ്തുക്കൾ കണ്ടുപിടിച്ചു കഴിഞ്ഞിട്ടുണ്ട്. ഇവയുടെ ആഘാതങ്ങൾ ജീവിതത്തിന്റെ സമഗ്രമേഖലയെയും മാറ്റിമറിക്കും. നാം ഇതിനുവേണ്ടി തയ്യാറാകേണ്ടതുണ്ട്, മാനസികമായും ശാരീരികമായും.

8) ഇനിയുള്ള ഓരോ വർഷത്തെ ധനോൽപ്പാദനം കഴിഞ്ഞ നൂറ്റാണ്ട് മുഴുവനുള്ളതിനേക്കാൾ ഉപരിയായിരിക്കും. എന്നാൽ അത് സ്വാഭാവിക ഊറിപരക്കലിന് വിധേയമാകില്ലെന്ന് താങ്കൾക്കുമറിയാമല്ലോ, അതിനാൽ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വർധിക്കും. പക്ഷെ ഒരു വ്യത്യാസം ഉണ്ട്, എല്ലാവർക്കും കൂടുതൽ ധനം ഉണ്ടാകുകയും അക്കാരണത്താൽ ദാരിദ്ര്യം കുറയുകയും ചെയ്യും. എന്നാൽ ഓരോ വർഷം കഴിയുംതോറും ഉള്ളവന് ഇല്ലാത്തവനെ ആവിശ്യമില്ലാത്ത തരത്തിൽ കൃത്രിമബുദ്ധി ഉപോയോഗിച്ചുള്ള റോബോട്ടുകൾ തയ്യാറായിക്കൊണ്ടിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ രാഷ്ട്രീയമായി, അതായത് പൊതുനന്മയ്കായി, ഇവയെല്ലാം എങ്ങനെ കൈകാര്യം ചെയ്യാം അല്ലെങ്കിൽ എങ്ങനെ ചെയ്യണം എന്ന് ആലോചിക്കേണ്ടതുണ്ട്. പരമ്പരാഗത രാഷ്ട്രീയ മനസിലാക്കലുകൾ ആകത്തന്നെ ഉടച്ചുവാർക്കേണ്ടിവരും.

9) മേല്പറഞ്ഞവയെല്ലാം ആഴത്തിൽ പഠിച്ചു നടത്തിയെടുക്കാനും പുതിയവ ആഗിരണം ചെയ്യാനും സാധ്യമാകുന്നതരത്തിൽ ഒരു ശാസ്ത്രപഠന കേന്ദ്രം ഇതിന് പ്രത്യേകമായി ഉണ്ടാക്കുന്നത് നന്നായിരിക്കും. ഭരണത്തിന്റെ നാനാ മേഖലയിലും പുത്തൻ കണ്ടുപിടിത്തങ്ങൾ എങ്ങനെ പ്രയോജനപ്രദമാക്കാം എന്നുള്ളതായിരിക്കണം ഈ കേന്ദ്രത്തിന്റെ ലക്‌ഷ്യം.

10) ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുക ഒരു കൊളോണിയൽ ആവശ്യമായിരുന്നു. തദ്ദേശ്യരായ ഉദ്യോഗസ്ഥർക്ക് തദ്ദേശ്യരായ ജനങ്ങളിൽ സ്വാധീനം ജനിക്കാതിരിക്കാനും അതുവഴി കൊളോണിയൽ ഭരണാധികാരികൾക്ക് എതിരെ അവർ ശക്തരായി തിരിയാതിരിക്കാനും വേണ്ടിയാണ് സ്ഥലം മാറ്റിയിരുന്നത്. എന്നാൽ എന്തിനാണ് ഇന്ന് അവരെ സ്ഥലം മാറ്റുന്നത്? അഴിമതിയിക്കും അധികാരദുർവിനിയോഗത്തിനും മാത്രമേ അത് ഇന്ന് പ്രയോജനപ്പെടുന്നുള്ളു. സ്ഥലം മാറ്റപ്പെടുന്ന ഉദ്യോഗസ്ഥർ അവധിയിൽ പ്രവേശിക്കുക, നിരുത്സാഹകരാകുക, അവർ ചെയ്തിരുന്ന പ്രവർത്തികളിൽ തുടർച്ചയില്ലാതാവുക, അവരുടെ കുടുംബജീവിതം തകരുക തുടങ്ങിയ വിനോദങ്ങൾ മാത്രമാണ് ഇന്ന് അരങ്ങേറുന്നത്. സ്ഥലംമാറ്റം ആവിശ്യപ്പെടുന്നവർക് കൊടുക്കാം, അതും പരസ്പരസമ്മതമുള്ളപ്പോൾ ചെയ്‌യാവുന്നത്. സ്ഥലം മാറ്റം ഒഴിവാക്കാൻ കഴിയുകയാണെങ്കിൽ നിശ്ച്യമായും ഉല്പാദനക്ഷേമത കൂടും. സ്ഥലം മാറ്റമില്ലാത്ത ജോലികൾ ജീവിതം ആദ്യമേ ചിട്ടപ്പെടുത്താൻ സൗകര്യമൊരുക്കും. ആലോചിച്ചുനോക്കുക.

ഇനി കേരളത്തെ മാത്രം സംബന്ധിക്കുന്ന ചില കാര്യങ്ങൾ പരാമർശിക്കുകയാണ്.

1) കേരളത്തിന്റെ സമ്പത്ത് രണ്ടാണ്. ഒന്നാമതായി അതിന്റെ പ്രകൃതി സൗന്ദര്യമാണ്. രണ്ടാമതായി സാക്ഷരരായ ജനതയും. 580 കിലോമീറ്റർ നീളമുള്ള കടലോരവും ഏകദേശം അത്രത്തോളം വരുന്ന മലയോരവും 44 നദികളും 34 കായലുകളും ആയിരക്കണക്കിന് തോടുകളും ചതുപ്പുനിലങ്ങളും ലക്ഷക്കണക്കിന് കുളങ്ങളും കണക്കിലെടുത്താൽ ടൂറിസത്തെ മാത്രം അടിസ്ഥാനപ്പെടുത്തിയ ഒരു സാമ്പത്തിക വികസനമാണ് നാം ഉന്നംവെയ്‌ക്കേണ്ടത്. ഇത്രത്തോളം സ്വാഭാവിക സമ്പന്നത ഉള്ള നാട് ഒരു പക്ഷെ കാശ്മീർ മാത്രമേ ഇന്ത്യയിൽ മറ്റൊന്നായിട്ടുള്ളു. അവർക്ക് മഞ്ഞുണ്ടെങ്കിൽ നമ്മൾക്ക് അതിനുപകരം കടലുണ്ട്. ഈ സ്വാഭാവിക സമ്പത്തിനെ അടിസ്ഥാനപ്പെടുത്തിവേണം നമ്മുടെ പ്ലാനിങ്ങുകൾ എല്ലാം. അഞ്ചു വർഷത്തിനുള്ളിൽ വിനോദസഞ്ചാരത്തെ കേന്ദ്രമാക്കിയുള്ള ഒരു വികസനപദ്ധതി രൂപപ്പെടുത്തണം. ടൂറിസം എന്നാൽ ലൈംഗികചൂഷണമെന്ന നമ്മുടെ സമവാക്യം തിരുത്തിയേ തീരൂ. ലോകത്ത് ഏറ്റവും കൂടുതൽ വിനോദസഞ്ചാരം നടക്കുന്ന ആദ്യത്തെ 25 രാജ്യങ്ങളിൽ ഇന്ത്യയില്ല എന്ന ദുഃഖസത്യമുണ്ട്. എന്നിരുന്നാലും സോനാഗാച്ചിക്കോ, ജിബി റോഡിനോ, കാമാത്തിപുരയ്ക്കോ, പെദ്ദാപുരത്തിനോ ഒരു കുറവുമില്ല. വികസിതരാജ്യങ്ങളായ ഫ്രാൻസ്, അമേരിക്ക, സ്പെയിൻ, ചൈന, ഇറ്റലി എന്നിവരാണ് ടൂറിസ്റ് മേഖലയിൽ നേതൃത്വം നൽകുന്നത്. 2014ൽ ഇന്ത്യക്ക് 40 ആണ് സ്ഥാനം, ആകെ 76 ലക്ഷം വിനോദസഞ്ചാരികളും.1950ൽ 2.5 കോടി ജനങ്ങളാണ് വിനോദസഞ്ചാരികളായി ലോകമാസകലം ഉണ്ടായിരുന്നത്. അത് 2014ലെ കണക്കുപ്രകാരം 113.3 കോടി ആയി മാറിയിട്ടുണ്ട്. അതിനാൽ ഇതിലൊരംശം കേരളത്തിൽ എത്തിയാൽതന്നെ നമ്മളുടെ സാമ്പത്തികസ്ഥിതി സുരക്ഷിതമാകും. അക്കാരണത്താൽ അറച്ചു നിൽക്കാതെ നമ്മുടെ പ്രകൃതിസൗന്ദര്യം മൂലധനമാക്കുന്ന ടൂറിസത്തെ അടിസ്ഥാനമാക്കി നമ്മൾക്കൊന്ന് മാറിചവിട്ടി ചിന്തിക്കാം.

൧) റോഡുകൾ വികസിപ്പിക്കുമ്പോൾ നിശ്ചയമായും നടപ്പാതയും സൈക്കിൾ ചവിട്ടാനുള്ള പ്രത്യേക ഇടവും വേണം. ഈ നടപ്പാതകളിൽ പൂച്ചെടികൾ വച്ചുപിടിപ്പിക്കാനുള്ള പദ്ധതി ഉണ്ടായിരിക്കണം, അത് റോഡിനിരുവശത്തും താമസിക്കുന്നവരെ സഹകരിപ്പിച്ചു നടത്തേണ്ട ഒന്നാണ്. നടപ്പാതകളില്ലാത്ത റോഡുകൾ ഇനി ഉണ്ടായിക്കൂടാ. സാധ്യമായ റോഡുകളിലെല്ലാം നടപ്പാതകളുണ്ടാക്കുകയും വേണം.

൨) ആയുർവേദ മരുന്ന് ചെടികൾ എല്ലായിടവും വളർത്താൻ സഹായപദ്ധതികൾ ഉണ്ടാകേണ്ടതുണ്ട്. ആയുർവേദം ഒരു ചികിത്സാപദ്ധതിയായിട്ടല്ല നാം കാണേണ്ടത്, മറിച്ചു അതൊരു സുഖചികിത്സാ സമ്പ്രദായമാണ്. മസാജിങ് പാർലറുകൾ ഈ ചികിത്സയുടെ അവിഭാജ്യഘടകമാണ്, അതിനാൽ ടൂറിസ വികസനത്തിന് അതിയായ ഗുണം ചെയും.

൩) യോഗയും കളരിപ്പയറ്റും പഠിപ്പിക്കുന്ന കളരികൾ എല്ലാ ഗ്രാമങ്ങളിലും ടൗണുകളിലും ഉണ്ടാക്കണം. നിലവിലുള്ള ആർട്സ്‌ ആൻഡ് സ്പോർട്സ് ക്ളബ്ബുകളിൽ ഇതുൾപ്പെടുത്തിയാൽ മതപരത ഓഴിവാക്കാം. യോഗയും കളരിയും വിനോദസഞ്ചാരികളെ വളരെ അധികം ആകർഷിക്കും.

൪) സ്വയംതൊഴിൽ പദ്ധതിപ്രകാരം കായലുകളിലും നദികളിലും വാട്ടർ സ്കൂട്ടർ ഓടിക്കാൻ അനുവദിക്കാവുന്നതാണ്. പുഴകളുടെ ഓരത്തു വീടുള്ളവർക്ക് വഞ്ചി വാങ്ങി ഇട്ടു വാടകയ്‌ക്ക് കൊടുക്കുവുന്നതാണ്.

൫) കായലുകളിലും കുളങ്ങളിലും ആമ്പലും താമരയും നട്ട് സുന്ദരമാക്കണം. ഈ കുളങ്ങളിലും കായലുകളിലും എല്ലാത്തരം മീനുകളെയും വളർത്താൻ മുൻകൈ എടുക്കേണ്ടതുണ്ട്. വിനോദസഞ്ചാരികൾക്ക് ചൂണ്ടയിട്ട് മീൻപിടിക്കാൻ സൗകര്യം ഒരുക്കി കൊടുക്കണം.

൬) വീടുകളിൽ എല്ലാത്തരം പൂച്ചെടികളും ഭംഗിയായി നട്ടുവളർത്താൻ പ്രോത്സാഹനം നൽകേണ്ടതാണ്. പൂക്കളുള്ള വീടുകൾ സ്വാഭാവികമായും സുന്ദരമായിരിക്കും. കേരളത്തിന്റെ സ്വാഭാവിക സൗന്ദര്യത്തിന് മാറ്റുകൂട്ടുകയാണ് നാം ചെയ്യുന്നത്‌.

൭) ഓരോ ഗ്രാമവും കാഴ്ച്ചയിൽ വ്യത്യസ്തത പുലർത്താൻ കഴിയുന്ന തരത്തിൽ നിറങ്ങൾ അടിച്ചോ ചെടികൾ വളർത്തിയോ മാറ്റേണ്ടതുണ്ട്. ഒരു ഗ്രാമത്തിലെ വീടുകൾക്കെല്ലാം ഒരുനിറം അല്ലെങ്കിൽ ഒരേപോലെയുള്ള വാതിൽ തുടങ്ങി അതുപോലെയുള്ള എന്തെങ്കിലും സവിശേഷ പദ്ധതികൊണ്ട് ഓരോ ഗ്രാമവും തനതായിരിക്കാൻ ശ്രമിക്കണം. ഇന്ന് കേരളത്തിലെ ഒരു ഗ്രാമവും സ്വതന്ത്രമായി തിരിച്ചറിയാൻ സാധ്യമല്ല.

൮) വലിയ സ്പീഡുള്ള മോട്ടോർബോട്ടുകളും ഹൊവർക്രാഫ്റ്റുകളും നമ്മുടെ കടലിൽ കളിയിക്കാവിള മുതൽ കാസർഗോഡുവരെ ഓടിക്കാവുന്നതാണ്. വിശാലമായ കായലുകളിൽ മാത്രമേ സ്പീഡ്‌ബോട്ടുകൾ ഓടിക്കാൻ പാടുള്ളു, അല്ലെങ്കിൽ തോടുകളുടെ വശങ്ങൾ തകർന്നുപോകും.

൯) കേരളത്തിന്റെ ദേശീയ മരമായ കണിക്കൊന്ന എല്ലാവീടുകളിലും ഒരെണ്ണമെങ്കിലും വച്ചുപിടിപ്പിക്കാൻ പദ്ധതി ഉണ്ടാക്കണം. അത് അടുത്ത അഞ്ചു വർഷത്തിനുളളിൽ വളർന്നു പൂവിടും. അത് കാണുവാൻ മാത്രം സഞ്ചാരികളെത്തും. എല്ലാ റോഡിൻറെ സൈഡിലും കൊന്നയും വാകയും ഇടകലർത്തി നടാവുന്നതാണ്.

൧൦) കണികൊന്ന വെയ്കുന്നതിനോടൊപ്പം അടിയന്തരമായി ചെയ്യേണ്ട മറ്റൊരു കാര്യം 50 സെന്റിൽ കൂടുതൽ സ്ഥലമുള്ള എല്ലാവരോടും ഒരു മുളംത്തൈ അവരുടെ സ്ഥലത്തു നടാൻ ആവശ്യപ്പെടുന്നതാണ്. മുള വളരെ പെട്ടന്ന് വളരുകയും തടികൊണ്ടുള്ള അസംഖ്യം ആവശ്യങ്ങൾ നിറവേറുകയും ചെയ്യും. മുളകൊണ്ടുള്ള ഉപകരണങ്ങൾ ധാരാളം ഉണ്ടാക്കാൻ കേരളത്തിലെ വായനാട്ടിലുള്ള ‘ഉറവി’നും ഡെൽഹിയിലുള്ള ‘സിബാർട്ടി’നും സാങ്കേതികമായ എല്ലാ പരിജ്ഞാനവും ഉണ്ട്. അവരെ ഒരു മുളവിപ്ലവത്തിന് ക്ഷണിക്കാവുന്നതേയുള്ള. തടിയ്ക് പകരം പെട്ടെന്ന് വളരുന്ന മുള നാട്ടിൽ ലഭ്യമായാൽ കാടുസംരക്ഷിക്കുന്നതിന് ഇതിൽപ്പരം മറ്റൊരുപായമില്ല. മുള ഒരു വടിയുടെ ആവശ്യം മുതൽ കോൺക്രീറ്റ് വാർക്കുന്നത് വരെ നിറവേറും. ആകെ ഓർക്കേണ്ട ഒരു കാര്യം വളരുന്ന മുളംകൂട്ടത്തിനു ചുറ്റുമായി രണ്ടടി ആഴവും ഒരടി വീതിയുമുള്ള ഒരുവാനം തോണ്ടിയിരുന്നാൽ, പടർന്നു പന്തലിച്ചു വളരുന്ന മുളങ്കൂട്ടത്തെ നിയന്ത്രിച്ചു നിർത്താം. താങ്കളുടെ കൃഷിമന്ത്രിയ്ക് “വീടിനൊരു മുളംകാട് കൂട്ടിനൊരു കൊന്ന” എന്ന മുദ്രാവാക്യം ഉയർത്തി വരുന്ന അഞ്ചുവർഷത്തിനുള്ളിൽ വളരെ ഗുണപരമായ മാറ്റമുണ്ടാക്കാൻ കഴിയും.

൧൧) ഇനി ഒരു ഏലൂരോ കഞ്ചിക്കോടോ കേരളത്തിൽ ഉണ്ടായിക്കൂടാ, രാസവ്യവസായം കേരളത്തിൽനിന്നും ഒഴിവാക്കേണ്ടതുണ്ട്. എന്നാൽ വിനോദസഞ്ചാരത്തിന് വിരുദ്ധമല്ലാത്ത എല്ലാ വ്യവസായവും നമ്മൾ സ്വാഗതം ചെയ്യുകയും വേണം.

2) നമ്മുടെ ജനത സാക്ഷരരാണെങ്കിലും അവരെ മറ്റു ഭാഷകൾ സംസാരിക്കാൻ കഴിവുള്ളവരാക്കേണ്ടതുണ്ട്. ലോകത്തിന്റെ ഏതു ഭാഗത്തുള്ള നാട്ടിൽനിന്നും വരുന്നവർക്കും അവരുടെ സ്വന്തം ഭാഷയിൽ സംസാരിക്കുന്ന ഗൈഡുകളെ കൊടുക്കുവാൻ നമ്മൾക്ക് കഴിയണം. ഇവിടെ ഭാഷ സംസാരിക്കാനുള്ള പരിജ്ഞാനമാണ് നൽകേണ്ടത്. അല്ലാതെ എഴുതാനും വായിക്കാനുമല്ല. പ്രത്യേകം താത്‌പര്യം പ്രകടിപ്പിക്കുന്നവരെ വേണ മെങ്കിൽ എഴുതാനും വായിക്കാനും പഠിപ്പിക്കാം. ഇതിനായി ട്രെയിനിങ് സെന്ററുകൾ നാം ആരംഭിക്കണം. ഇതെല്ലം കൂടുതൽ തൊഴിലവസരം സൃഷ്ടിയ്‌ക്കും. 

൧) വ്യക്തിശുദ്ധി ഉണ്ടെങ്കിലും നമ്മുടെ ജനതക്ക് പരിസരശുദ്ധിയോ വൃത്തിയോ തീരെയില്ല. എല്ലാ സ്കൂളുകളിലൂടെയും ഇത് പരിശീലിപ്പിക്കാം, അഞ്ചോ പത്തോ വർഷം നീളുന്ന ഒരു പരിശീലനപദ്ധതി ഇതിനുവേണ്ടി തുടങ്ങാവുന്നതാണ്. പൊതുകക്കൂസുകളും മൂത്രപ്പുരയും ഇതിനോടൊപ്പം ഉണ്ടാക്കാവുന്നതാണ്. എല്ലായിടവും മലമൂത്രവിസർജ്ജനം ചെയ്യുന്ന, എല്ലായിടവും തുപ്പുന്ന നമ്മുടെ സ്വഭാവത്തിനൊരറുതി വരുത്തേണ്ടതുണ്ട്; ഇത് നമ്മൾക്കും വരുന്നവർക്കും ഒരുപോലെ ആരോഗ്യദായകമാണ്.

൨) റോഡിന്റെ ഇരുവശത്തുമായി ഓരോ പത്തുകിലോമീറ്ററിനുള്ളിൽ ഒരു വിശാലമായ പാർക്കിങ് സ്ഥലം ഉണ്ടാക്കണം. ഇവിടെ ബസ്സുകൾക്കും കാറുകൾക്കും സ്വസ്ഥമായി പാര്‍ക്ക് ചെയ്ത് സഞ്ചാരികൾക്ക് പ്രാഥമിക കൃത്യങ്ങൾ ചെയ്യാൻ കഴിയണം. അല്പം വിശ്രമിച്ചു ഭക്ഷണം കഴിക്കാൻ സൗകര്യം ഉള്ളിടത് അവർ തങ്ങും. ഇവിടെ പ്രാദേശികമായ മറ്റ്‌ കരകൗശലവസ്തുക്കൾ പ്രദർശിപ്പിക്കാനും വിൽക്കുവാനും കഴിയും. ഇത്തരം സംരംഭങ്ങൾ സ്വകാര്യപങ്കാളിത്തത്തോടെ മാത്രമേ ആരംഭിക്കാവൂ.

൩) ടൂറിസം എന്നുപറഞ്ഞാൽ അന്യദേശം മാത്രമല്ലെന്ന് നാം മനസ്സിലാക്കണം. ശബരിമല, വാവരുപള്ളി, ഗുരുവായൂർ, മലയാറ്റൂർ, മുത്തപ്പൻകോവിൽ, എടത്വ, ബീമാപള്ളി തുടങ്ങിയ തീർത്ഥാടനകേന്ദ്രങ്ങളിൽ എത്തുന്ന ജനതയും നമ്മളെ സംബന്ധിച്ചിടത്തോളം വിനോദസഞ്ചാരികൾ തന്നെ. ശബരിമലയിൽ തൊഴാൻ വന്നവർ കേരളം വിട്ടുപോകാതിരിക്കാനുള്ള ചുറ്റുപാടുകൾ നാം ഉണ്ടാക്കേണ്ടതുണ്ട്. ശബരിമല മാത്രമല്ല എവിടെവന്നവരും കേരളത്തിൽ ചുറ്റിപ്പറ്റി നടക്കുവാൻ പാകത്തിൽ നാം കാര്യങ്ങൾ ഒരുക്കണം. അവന്റ/അവളുടെ ഇവിടുത്തെ ഓരോ ദിവസവും നമുക്ക് വരുമാനമാണ്. അന്യദേശക്കാരെ കളിയാക്കുന്ന, രണ്ടാംതരം പൗരരായി കാണുന്ന മലയാളിബോധം അത്ര മെച്ചമല്ലെന്നും അത് സ്വന്തം അന്നം മുട്ടിക്കുന്ന സ്വഭാവമാണെന്നും മനസിലാക്കി അതൊഴിവാക്കാൻ ബോധപൂർവമായ ശ്രമം നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാകണം.

൪) എല്ലാ വീടുകളിലും ഒരുമുറി അന്യർക്ക് താമസിക്കാൻ ഒരുക്കേണ്ടതുണ്ട്, അത് ദരിദ്ര/സമ്പന്ന തരംതിരിവില്ലാതെ വേണം നടത്തിയെടുക്കേണ്ടത്. ഓരോ നാട്ടിൽനിന്നും വരുന്നവർ വിവിധങ്ങളായ അനുഭവങ്ങൾ തേടിവരുന്നവരാണ്, അത് കൊടുക്കുവാൻ നമ്മൾക്ക് കഴിയണം. വിനോദസഞ്ചാരികൾക്ക് നമ്മുടെ കൃഷിയിടങ്ങളിലും മീൻപിടിക്കുന്ന മേഖലകളിലും അധ്വാനിക്കാൻ കൊതിയുണ്ട്, അത്തരം അനുഭവം തേടി വരുന്നവർക്ക് ആ വൃത്തികളിൽ വ്യാപൃതരായവരോടൊപ്പം കഴിയാൻ സൗകര്യം ഒരുക്കണം. സാംസ്കാരികമായ അന്യതയും ഉച്ചനീചത്വവും ഇതുവഴി ഒഴിവാക്കാം.

൫) ആയിരക്കണക്കിന് ഉപകരണങ്ങളും വസ്തുക്കളും വെള്ളത്തിൽ ഒഴുകിയും ഓടിച്ചും നടത്താൻ കഴിയുന്നത് ലോകത്തുണ്ടാക്കിയിട്ടുണ്ട് അവയോ അല്ലെങ്കിൽ അവയ്ക് പകരം തദ്ദേശീയ ബുദ്ധിയിൽ വിളയുന്ന ഉപകരണങ്ങളോ ഉണ്ടാക്കി അതിനെല്ലാം ഓരോ വാടക നിശ്ചയിക്കാവുന്നതാണ്.

൬) പരമ്പരാഗത തൊഴിലുകളിലേർപ്പെട്ടിരുന്നവർക്ക് ഈ ഉപകരണങ്ങൾ ഉപയോഗിക്കാൻ മുൻഗണന കൊടുക്കാവുന്നതാണ്. അങ്ങനെ അവരെ കൂടുതൽ വരുമാനമുള്ളവരാക്കി മാറ്റാൻ കഴിയും. അല്ലെങ്കിൽ ഇതിനെയെല്ലാം എതിർക്കുന്നവർ മാത്രമായി അവർ മാറും. മാത്രമല്ല അത്തരം ജീവിതത്തിൽ അവർ തളയ്ക്കപ്പെട്ടു ജാതിവിവേചനത്തിലും ജാതിബോധത്തിലും കുടുങ്ങിക്കിടക്കുന്നത് ഇതിലൂടെ മറികടക്കാൻ കഴിയും. പരമ്പരാഗത തൊഴിലുകൾ നിലനിർത്താൻ ശ്രമിയ്ക്കുന്നത് ജാതിവാഴ്ച തുടരാൻ ഇടവരുത്തും. കേരളത്തിലെ തൊഴിലില്ലാത്ത അല്ലെങ്കിൽ അന്യദേശത്തു കഠിനതൊഴിൽ എടുക്കുന്ന സാധാരണക്കാരായ മനുഷ്യരെ ഉന്നം വയ്ക്കുന്ന ഒരു പദ്ധതിയായി ഇതിനെ മാറ്റണം.

൭) ആധുനികവൈദ്യശാസ്ത്രത്തിലധിഷ്ഠിതമായ ലോകോത്തര ആശുപത്രികൾ നമ്മൾക്കുണ്ട്. അതിനാൽ മെഡിക്കൽ ടൂറിസത്തിനുള്ള സാധ്യത വളരെ ഏറെ ആണ്. അത് നാം കണ്ടറിഞ്ഞു വേണ്ടവിധം ഉപയോഗിക്കേണ്ടതാണ്. അതേസമയം നമ്മുടെ സർക്കാർ മെഡിക്കൽ കോളേജുകളുടെ വൃത്തികൂട്ടിയും അവിടുത്തെ തിരക്ക് കുറച്ചും കാര്യക്ഷമത കൂട്ടേണ്ടതുണ്ട്. ‘വൃത്തിയാണ് നമ്മുടെ മന്ത്രം. വെടിപ്പാണ് നമ്മുടെ ലക്‌ഷ്യം’.

ഈ സംസ്ഥാനത്തിന്റെ മുഖ്യവരുമാനമാർഗമായി വിനോദസഞ്ചാരത്തെ കണ്ട് മേല്പറഞ്ഞരീതിയിൽ നാം ഒരുങ്ങേണ്ടതുണ്ട്. കാരണം, നമ്മുടെ നാടുതന്നെയാണ് നമ്മുടെ മൂലധനം. അത് എങ്ങുനിന്നും ഇറക്കുമതി ചെയ്യേണ്ട, മറ്റെങ്ങും തേടിപോകേണ്ട. മറ്റ് രാജ്യങ്ങളെയോ സംസ്ഥാനങ്ങളെയോ എന്തിന് കേന്ദ്രത്തെയോപോലും നമ്മൾക്കാശ്രയിക്കേണ്ട ആവശ്യമില്ല എന്നുള്ളതാണ് ഇതിന്റെ വിജയം. ആകെവേണ്ടത് വൃത്തിയും വെടിപ്പുമുള്ള, ശുദ്ധിയും സൗന്ദര്യവുമുള്ള, സുഗന്ധമാർന്ന പുഞ്ചിരിയോടെ സ്വീകരിക്കുന്ന, തങ്ങാൻ ഇമ്പമാർന്ന ഇടമുള്ള, രുചിയുള്ള പോഷകമൂല്യമുള്ള ഭക്ഷണം കിട്ടുന്ന കേരളം നാം ഒരുക്കണം, അത്രതന്നെ. തൊഴിലിനും വരുമാനത്തിനുമായി നാം എങ്ങും ഓടേണ്ടി വരില്ല.

ഈ ചട്ടക്കൂടിൽ പ്രതിഷ്ഠിച്ചുവേണം മറ്റെല്ലാ പദ്ധതികളും പ്ലാനിങ്ങുകളും നാം കരുപ്പിടിപ്പിക്കേണ്ടത്. ഏതെങ്കിലും പദ്ധതിപ്രകാരമല്ല നാം ആരോഗ്യ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും മുന്നിട്ട് നിൽക്കുന്നത്. പത്തൊൻപതാം നൂറ്റാണ്ടിൽ ആരംഭിച്ചു ഇരുപതാംനൂറ്റാണ്ടിൽ പുഷ്പിച്ച നവോത്ഥാന പ്രസ്ഥാനങ്ങളുടെ സംഭവനയാണത്; അതിനെ മുന്നോട്ട് കൊണ്ടുപോകാൻ നമ്മുടെ തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകൾക്ക് കഴിഞ്ഞു എന്നതും ഇന്നു നാം കാണുന്ന സാമൂഹിക അളവുകോലുകൾക്കെലാം ഉപരി നാം എത്തിച്ചേരാൻ സഹായിച്ചു. ഇതുവരെ സംഭവിച്ചത് എല്ലാം നല്ലത്!

1) എന്നാൽ ലോകനിലവാരമുള്ള എന്തിന് അഖിലേന്ത്യ നിലവാരമുള്ള ഒരു യൂണിവേഴ്‌സിറ്റിയോ കോളേജോ സ്കൂളോ നമ്മൾക്കില്ല. ഇത്തരമൊരു സർവകലാശാല ഉണ്ടാക്കിയെടുക്കാൻ നമ്മൾക്ക് കഴിയണം. ലോകമെമ്പാടുമുള്ള വിദ്യാർത്ഥി വിദ്യാർത്ഥിനികൾ ഓടിവരുവാൻ ആഗ്രിഹിക്കുന്ന തരത്തിലുള്ള ഒന്നോ രണ്ടോ സ്ഥാപനങ്ങൾ നമ്മൾക്കുണ്ടാക്കിയെടുക്കേണ്ടതുണ്ട്. ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും നമ്മുടെ നാട്ടിൽ നിന്നും ഒഴുകുന്ന കുട്ടികൾ തിരികെവരാൻ പ്രേരിപ്പിക്കുന്ന സ്ഥാപനങ്ങളും നമ്മൾക്ക് വേണം. ഇന്‍റർനെറ്റ് ഉപയോഗിച്ച് എല്ലാ സ്കൂളുകളുടെയും നിലവാരം നമുക്കുയർത്താൻ കഴിയും. പഠനനിലവാരം ഉയരുന്നത് റ്റൂറിസത്തിനും നല്ലതാണ്.

2) കേരളം ജനസംഖ്യാപരമായ ഒരു വലിയ മാറ്റത്തിനു വിധേയമായിക്കൊണ്ടിരിക്കുകയാണ്. വൃദ്ധജനങ്ങൾ മറ്റുള്ളവരുടെ എണ്ണത്തെ സമീപഭാവിയിൽ കവച്ചുവയ്ക്കും. അതിനാൽ അതിനെ നേരിടാൻ നമ്മൾ ത്രാണിയുള്ളവരാകണം. നമ്മുടെ വാഹനങ്ങൾ, ബസ് സ്റ്റോപ്പുകൾ, പബ്ലിക് ഓഫീസുകൾ, ആശുപത്രികൾ, വിനോദകേന്ദ്രങ്ങൾ എല്ലാം തന്നെ വൃദ്ധജന സൗഹൃദമാക്കേണ്ടതുണ്ട്. ഈ പദ്ധതി അവയുടെ നിർമാണഘട്ടങ്ങൾ മുതൽ ആരംഭിക്കേണ്ടതാണ്, ഉണ്ടാക്കിയതിനുശേഷം നടപ്പിലാക്കേണ്ട ഒന്നല്ല. നിലവിലുള്ളവ എങ്ങനെ സൗഹൃദപരമാക്കാം എന്നുനോക്കുന്നതിനോടൊപ്പം ഇനി നിർമിക്കുന്നവയിലെല്ലാം ആ സൗഹൃദപരത ഉണ്ടായിരിക്കണമെന്ന നിർബന്ധബുദ്ധി നമ്മൾക്ക് വേണം. അതുപോലെ അവർക്ക് നൽകേണ്ട പരിചരണത്തിനാവശ്യമായ മനുഷ്യസമ്പത്തിനെ നല്ല പരിശീലനം നൽകി സജ്ജരാക്കണം. വൃദ്ധസദനങ്ങളോടുള്ള നമ്മുടെ പരിഹാസപരമായ സമീപനം യാഥാർഥ്യബോധമില്ലാത്തതാണ്. ധാരാളം വൃദ്ധസദനങ്ങൾ (അവശഭവനങ്ങളല്ല) എല്ലാവിധ ഗുണമേന്മകളോടെ ഉണ്ടാകേണ്ടതുണ്ട്. ഇവിടെ വൃദ്ധർക്ക് പുതിയ ഇണകളെ കണ്ടെത്താൻ കഴിയണം. മാതാപിതാക്കളെ മക്കൾക്ക് നോക്കാൻ കഴിയാത്തത് അവർക്ക് സ്നേഹമില്ലാത്തതും ഉത്തരവാദിത്തമില്ലാത്തതും കൊണ്ടാണെന്നുള്ള കലാകവിത നിർമാതാക്കളുടെ കഥകളിൽ നാം കുടുങ്ങിക്കൂടാ. മക്കൾക്ക് തീരെ സമയമില്ലാതാക്കിയത് നമ്മുടെ വ്യവസായ-വാണിജ്യ-സേവനജോലികൾ ഉൽപ്പാദിപ്പിക്കുന്ന സമൂഹമാണെന്ന് നാം തിരിച്ചറിയണം. വാനപ്രസ്ഥം, തീർഥയാത്ര തുടങ്ങിയ സുന്ദരപേരുകളിട്ട് കാട്ടിലും കാശിയിലും വൃന്ദാവനത്തിലും രാമേശ്വരത്തും ദർഗ്ഗകളിലും വൃദ്ധരെ തള്ളിയിരുന്ന ചരിത്രംതന്നെയാണ് നമ്മൾക്കുള്ളത്. അതിനാൽ താങ്കളുടെ മുൻകൈയിൽ മേൽപ്പറഞ്ഞ അന്തരീക്ഷസൃഷ്ടി കേരളത്തിൽ നടപ്പാക്കണം.

3) നാം, മനുഷ്യർ ഒരൊറ്റ ജീവജാതിയാണ്, അതിനാൽ എല്ലാവരും ആദിവാസികൾതന്നെ. എങ്കിലും മറ്റുള്ളവരുമായി സന്ധിക്കാനോ സഹകരിക്കാനോ കഴിയാതെ മലയിലും കാട്ടിലും ഒറ്റപ്പെട്ടു പോയവരെയാണ് നാം ഇന്ന് ആദിവാസികൾ എന്നുവിളിക്കുന്നത്. അവർ മുഖ്യധാരയിൽ വരിക മാത്രമേ ഒരു പോംവഴിയായി നമ്മുടെ മുന്നിലുള്ളു. അതിന്റെ ആദ്യപടിയെന്നനിലയിൽ അവർക്ക് കൃഷിഭൂമി നൽകുകയാണ് കരണീയമായിട്ടുള്ളത്. അതിന് കഴിയാതെപോകുന്നത് രാഷ്ട്രീയമായ ഇച്ഛാശക്തി ഇല്ലാത്തതുകൊണ്ട് മാത്രമാണ്. കേരളത്തിൽ സർക്കാർ കൈവശമുള്ള ഭൂമിതന്നെ മതിയാകും ഈ നടപടിക്ക്. കൃഷിക്കാരല്ലാത്ത ആദിവാസികൾ താങ്കളുടെ ഭരണശേഷം ഉണ്ടാകാതിരിക്കാൻ നിർബന്ധബുദ്ധി കാട്ടാവുന്നതാണ്.

4 ) മദ്യത്തിനോടുള്ള നമ്മുടെ സമീപനം രണ്ടുതോണിയിൽ ചവുട്ടിയുള്ള നിൽപ്പാണ്. ഇത് തീർത്തും ഒഴിവാക്കേണ്ട ഒന്നാണ്. വളരെ വൃത്തിയുള്ള ഇടങ്ങളിൽ കൊടുക്കേണ്ട ഒരു പാനീയം കുറ്റവാളികളെപ്പോലെ കുടിക്കുവാൻ നാം നിർബന്ധിതരാവുകയാണ്, ഇതിനൊരറുതിവരുത്തണം. മദ്യം മിതമായി, മാന്യമായി കുടിക്കുവാൻ നമ്മൾക്ക് കഴിയണം, അതും വീടുകൾക്കുള്ളിൽത്തന്നെ. അങ്ങനെ ആണെങ്കിൽ തുറന്ന കുപ്പി മുഴുവൻ ഒറ്റയടിക്ക് കുടിച്ചുതീർക്കാൻ നിർബ്ബന്ധിക്കപ്പെടാതെ പിന്നത്തേയ്ക് അടച്ചുവയ്ക്കാൻ കഴിയും. സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചിരിക്കുന്ന കുടുംബങ്ങളിൽ മിതത്വത്തിനും നിയന്ത്രണത്തിനും വിധേയരായ ഉത്തരവാദിത്വബോധമുള്ള മദ്യപരെ നമ്മൾക്ക് സൃഷ്ട്ടിക്കാം. നാളിതുവരെ കൊള്ളാവുന്ന ഒരു മദ്യംപോലും കേരളത്തിന്റേതായി നമ്മൾക്കുണ്ടാക്കുവാൻ കഴിഞ്ഞട്ടില്ല. സ്കോച്ച് വിസ്കിയുടെ കുപ്പികളിൽ നോക്കി നെടുവീർപ്പിടുക മാത്രമാണ് നമ്മൾ ചെയ്യുന്നത്. കള്ള് കണ്ടുപിടിച്ചതിനുശേഷം മറ്റൊന്ന് കണ്ടുപിടിക്കാനോ അതിനെത്തന്നെ നവീകരിക്കാനോ നമ്മൾക്ക് കഴിഞ്ഞിട്ടില്ല. ‘മദ്യം വിഷമാണ്’ എന്ന മുദ്രാവാക്യത്താൽ ഉളവായ മദ്യവിരുദ്ധ മനോഭാവത്തിൽനിന്നും മോചിതരായി ഒരു മദ്യസംസ്കാരം നമ്മൾക്ക് വാർത്തെടുക്കേണ്ടതുണ്ട്.

5) കഞ്ചാവിനോടുള്ള നമ്മുടെ സമീപനം മാറ്റേണ്ടതാണ്. മറ്റ് മയക്കുമരുന്നുകൾക്കൊപ്പം കഞ്ചാവിനെ പെടുത്തുന്നത് ശാസ്ത്രീയമായി ശരിയല്ല. അമേരിക്കൻ ഭരണകൂട നിലപാടുകൾകൊണ്ടാണ് ലോകമെമ്പാടും മയക്കുമരുന്ന് ഉപഭോഗത്തിനെതിരായത്. ഇന്ന് അവിടുത്തെ ഓരോ സംസ്ഥാനവും കഞ്ചാവിനെ മയക്കുമരുന്ന് പട്ടികയിൽ നിന്നും ഒഴിവാക്കികൊണ്ടിരിക്കുകയാണ്. ഇത് മുൻകൂട്ടി മനസ്സിലാക്കി ഉപയോഗപ്പെടുത്തേണ്ടതുണ്ട്. കഞ്ചാവിൽ ധാരാളം ചികിത്സകൾക്ക് ഉപയോഗമുള്ള രാസപദാർഥങ്ങൾ ഉണ്ട്. അവ വേർതിരിച്ചെടുത് അതിന്റെ പേറ്റന്റുകൾ നാം എടുക്കണം. കേന്ദ്രത്തിൽ സമ്മർദം ചെലുത്തി കഞ്ചാവിനെ മോചിപ്പിച്ചെടുത്താൽ അതിന്റെ കൃഷി വൻതോതിലുള്ള വരുമാനും നമ്മൾക്കുണ്ടാക്കിത്തരും. അത് മറ്റു മയക്കുമരുന്നുകൾപോലെ ആസക്തി ഉണ്ടാക്കുന്നതല്ല. കേരളത്തിന്റെ ലേബലുള്ള, ഇടുക്കിയുടെ ലേബലുള്ള ‘ഇടുക്കി ഗോൾഡ്’ എന്ന കഞ്ചാവ് നമ്മൾ സംരക്ഷിക്കണം.

6) ആധുനിക കൃഷി സമ്പ്രദായം പ്രോത്സാഹിപ്പിക്കണം. വളരെക്കുറച്ചു സ്ഥലം ഉപയോഗിച്ച് കൃഷിചെയ്ത് വളരെക്കൂടുതൽ ഉൽപ്പന്നം ഉണ്ടാക്കാൻ കഴിയുന്ന പോളീഹൌസ്, വെർട്ടിക്കൽ തുടങ്ങിയ കൃഷിസമ്പ്രദായങ്ങൾ നാം സ്വീകരിക്കണം. കണ്ടയിടങ്ങളിലെല്ലാം കൃഷിചെയ്യുന്ന പരമ്പരാഗത രീതി ഉപേക്ഷിച്ച്, ഹൈടെക് കൃഷിയിലേയ്ക് നാം മാറണം. പരമ്പരാഗത കൃഷിസമ്പ്രദായം വളർത്തിയാൽ അവശേഷിക്കുന്ന അല്പസ്വല്പം കാടുകൂടെ അത് കവരും. കാടുകൾ ഇല്ലാതാക്കിയത് കൃഷിയാണെന്ന സത്യം നാം മറക്കരുത്. പരമ്പരാഗത കൃഷി അവിടെയും ഇവിടെയും ചെയ്താൽ മതി. അതൊരു വിനോദസഞ്ചാര കൗതുകം മാത്രമാണിന്ന്. കൃഷിചെയ്ത് സ്വയം ജീവിക്കുക മാത്രമാണ് അതുകൊണ്ട് ചെയ്യാൻ പറ്റുന്നത്. അതൊരിക്കലും കേരള ജനതയ്‌ക്ക് ഭക്ഷണം നല്കാൻ കെൽപ്പുള്ളതാകില്ല. ഇന്നും അന്യസംസ്ഥാനങ്ങളെ ആശ്രയിച്ചുമാത്രമാണ് നാം ജീവിച്ചുപോരുന്നത്. വീടുനുള്ളിൽ കൃഷി ചെയ്യാൻ കഴിയുന്ന ധാരാളം കൃഷിരീതികൾ ഉണ്ടായിട്ടുണ്ട്, അല്പമൊരു ഇന്‍റർനെറ്റ് പരതൽകൊണ്ട് കണ്ടെത്താൻ കഴിയുന്നതും നമ്മുടെ കൃഷിശാസ്ത്രവിദ്യാലയങ്ങൾക്കുള്ളിൽ കുടിങ്ങിക്കിടക്കുന്നതുമാണ് ഈ അറിവുകൾ എല്ലാംതന്നെ. ഇത് ഇച്ഛാശക്തി ഉണ്ടെങ്കിൽ നടത്തിയെടുക്കാവുന്നതാണ്.

6) എക്കൽ വന്നടിയുന്ന ചില ഇടങ്ങളിൽ ഒഴിച്ചുള്ള എല്ലാ നെൽകൃഷിയും നിരുത്സാഹപ്പെടുത്തണം. പക്ഷെ ഇതിനർത്ഥം ആ പാടങ്ങളെല്ലാം നികത്താനുള്ളതാണന്നല്ല. സ്ഥിരം വെള്ളമുള്ള ഇടങ്ങളെങ്കിൽ അവിടെ മീൻവളർത്തുകയോ അല്ലാത്ത സ്ഥലങ്ങളാണെങ്കിൽ മറ്റുകൃഷികൾ ചെയ്യുകയോ ആണ് വേണ്ടത്, വെറുതെ കാടുപിടിച്ചുകിടന്നാലും മതി. ഇനി ഒരു നീർത്തടമോ പാടമോ നികത്തി പോകാതിരിക്കേണ്ടതുണ്ട്. വീടുകൾ കൂടുതലും ആകാശത്തിലേക്കുയരുന്ന ഫ്ലാറ്റുകളിൽതന്നെ വേണം നാം ഒരുക്കേണ്ടത്. ആകാശം നമ്മൾക്ക് വലുതായ നഷ്ടമൊന്നും ഉണ്ടാക്കില്ല എങ്കിലും ചക്രവാളകാഴ്ചകൾ മോശമാക്കും എന്നതിനാൽ കവികൾക്ക് കരച്ചിൽ വരാൻ ഇടയുണ്ട്, അത്രേയുള്ളു. ജനസംഖ്യ വർദ്ധിയ്ക്കുന്നതിനനുസരിച്ചു ചുറ്റിനും മുറ്റവും വേലിയുമുള്ള കവിസ്വപ്നങ്ങൾ കൃഷിസ്ഥലവും കാടും കൈയേറുമെന്ന സത്യം നാം കാണാതെപോകരുത്.

7) കേരളത്തിലെ ‘അരിയഹാരികളെ’ ആ പഠിച്ച ശീലത്തിൽനിന്നും സാവധാനം മാറ്റേണ്ടതായിട്ടുണ്ട്. ചോറുതിന്നല്ല വയർ നിറക്കേണ്ടത് മറിച്ച് പച്ചകറികളും മീനും ഇറച്ചിയും തിന്നാണ് വയറുനിറക്കേണ്ടത്, എന്ന് പറഞ്ഞാൽ മാംസ്യമാണ് കൂടുതൽ കഴിക്കേണ്ടത് അല്ലാതെ അന്നജമല്ല. ഇത്രയും അരിയും പഞ്ചസാരയും റേഷൻകടവഴി കൊടുത്താണ് കേരളത്തെ ലോകത്തിന്റെ ഡയബറ്റിസ് ക്യാപ്പിറ്റലാക്കിയത്. ഓരോ കിലോ അരി ഉൽപ്പാദിപ്പിക്കാൻ വേണ്ടിവരുന്ന വെള്ളത്തിന്റെ കണക്കുകേട്ടാൽ നാം ഞെട്ടിപ്പോകും. ചുരുങ്ങിയത് 1000 മുതൽ 3000 ലിറ്റർ വെള്ളം വേണം. അതിനാൽ മറ്റു ഭക്ഷണങ്ങളിലേക്ക് നമ്മുടെ ശ്രദ്ധ തിരിക്കേണ്ടതുണ്ട്. ഡ്രിപ് ഇറിഗേഷൻ വഴി വെള്ളത്തിന്റെ ഉപയോഗം കുറയ്‌ക്കാൻ കഴിയുന്ന ആധുനിക കൃഷിരീതികൾ നാം അവലംബിക്കണം. അരിയിൽനിന്നും പൊറോട്ടയിലേക്ക് ആരുംപറയാതെ നമ്മൾക്ക് മാറാമെങ്കിൽ പോഷകമൂല്യമുള്ള മറ്റു ഭക്ഷണങ്ങളിലേക്ക് നമ്മൾക്കൊരു ബോധപൂർവമായ ചുവടുമാറ്റം നടത്താം.

8) ബ്രോഡ്ബാൻഡ് എല്ലാവീട്ടിലും എത്തിക്കണമെന്ന് ഞാൻ നേരത്തെ പറഞ്ഞല്ലോ. അതുപോലെതന്നെ അത്യാവശ്യമായ ഒരുകാര്യമാണ് സോളാർ പാനലുകൾ ഓരോ വീട്ടിലും സ്ഥാപിച്ചു ഇലക്ട്രിസിറ്റി ഉൽപ്പാദിപ്പിക്കേണ്ടത്. മുൻപ് അതിന്റെ ജീവനസാമർഥ്യം കുറവാണെന്ന് കണ്ടു നാം പിന്തിരിഞ്ഞു നിൽക്കുകയായിരുന്നു. കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ കണ്ടുപിടിക്കപ്പെട്ട സോളാർ ബാറ്ററികൾ, കല്പിക്കപ്പെട്ട എല്ലാ അതിരുകളെയും ലംഘിച്ചു ഇന്ന് വിജയകരമായി പ്രവർത്തിക്കുന്നതാണ്. ആധുനിക എൽഈഡി ബൾബുകളും പുതിയ സോളാർ ബാറ്ററികളും അതിരപ്പിള്ളി പോലുള്ള ആത്മഹത്യാപദ്ധതികളെ തീർത്തും അനാവശ്യ പട്ടികയിലാക്കിയിട്ടുണ്ട്. അവ നടപ്പിലാക്കുകയെ വേണ്ടു. തിരമാലയിൽനിന്നും കാറ്റിൽനിന്നും വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന സങ്കേതങ്ങൾ ബഹുദൂരം മുന്നോട്ടുപോയിട്ടുണ്ട്. അവ അന്വേഷിച്ചറിയുക മാത്രമേ ഇനി നമ്മുടെ എഞ്ചിനീയർമാര്‍ക്ക് ചെയ്യേണ്ടതായിട്ടുള്ളൂ. പഴയ മനസ്സിലാക്കലുകളുടെ ഭാരംകൊണ്ടും ആധുനിക ശാസ്ത്രാവബോധത്തിന്റെ കുറവുകൊണ്ടും മാത്രമേ ഇനി ആതിരപ്പിള്ളി പോലൊരു പദ്ധതിക്കുവേണ്ടി താങ്കളും താങ്കളുടെ മന്ത്രിമാരും മുന്നിട്ടിറങ്ങുകയുള്ളു.

ഇനി ഒരു കാടും വെട്ടരുത്, ഒരു ഡാമും ഉണ്ടാക്കരുത്. താങ്കളുടെ ശാസ്ത്രോപദേശകരെ മാറ്റുകയേ ആവശ്യമുള്ളു. കുടത്തിൽ തപ്പാതെ ഇന്‍റർനെറ്റിൽ തപ്പുക.

പിന്നെ സാമൂഹികനീതി, വർഗ-ലിംഗസമത്വം, സാഹോദര്യം എന്നിവ വളർത്താനും വർഗ്ഗീയത, മതസ്പർദ്ധ എന്നിവ തളർത്താനുമുള്ള അറിവ് താങ്കൾക്ക് എന്നേക്കാൾ കൂടുതലുണ്ട്, അതിനാൽ അത്തരം കാര്യങ്ങൾ ഒന്നും പറയാൻ ഞാൻ ഇവിടെ മുതിരുന്നില്ല.

നിർത്തുന്നു, നമസ്കാരം
മൈത്രേയൻ
ഭൂമി

 

(മൈത്രേയാന്‍റെ ഫേസ്ബുക് പോസ്റ്റ്) 

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍