UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മി. അബ്ദുള്‍ സലാം, ഒരു വി.സി എങ്ങനെയായിരിക്കരുത് എന്നതിന്റെ വലിയ ഉദാഹരണമാണ് താങ്കള്‍

Avatar

കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ പദവിയില്‍ നിന്ന് വിരമിക്കുന്ന ഡോ. എം അബ്ദുള്‍ സലാമിന്റെ വിടവാങ്ങല്‍ കുറിപ്പിന് സര്‍വ്വകലാശാല അദ്ധ്യാപകര്‍ അയച്ച തുറന്ന കത്ത്.

പ്രിയപ്പെട്ട ഡോ. എം അബ്ദുല്‍ സലാം,

യൂണിവേഴ്‌സിറ്റിയുടെ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യുകയും അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും ഇ-മെയിലില്‍ അയച്ചു നല്‍കുകയും ചെയ്ത അങ്ങയുടെ ‘നിറഞ്ഞ ഹൃദയത്തോടെ’ എന്ന വിടവാങ്ങല്‍ കുറിപ്പ് ഞങ്ങള്‍ നിറഞ്ഞ സന്തോഷത്തോടെ സ്വീകരിക്കുന്നു. അങ്ങ് വൈസ് ചാന്‍സിലര്‍ പദവി ഒഴിയുകയാണ് എന്നറിയുമ്പോള്‍ ഞങ്ങളുടെ ഹൃദയങ്ങള്‍ നിറഞ്ഞുകവിയുകയാണെന്നും പരിധിയില്ലാത്ത ആഹ്ലാദത്തില്‍ ഞങ്ങള്‍ മുഴുകുകയാണെന്നും ആ കുറിപ്പിന് മറുപടിയായി രേഖപ്പെടുത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അങ്ങ് ഇനി മേല്‍ വൈസ് ചാന്‍സിലര്‍ കസേരയില്‍ ഉണ്ടാവില്ല എന്ന തിരിച്ചറിവ് നല്‍കുന്ന ആശ്വാസത്തിന്റെയും സന്തോഷത്തിന്റെതുമായ വികാരങ്ങളുടെ തീക്ഷ്ണത വേണ്ട വിധം വ്യക്തമാക്കാന്‍ വാക്കുകള്‍ക്ക് സാധിക്കാതെ വരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

ജീവിതത്തിലെ ചില നിമിഷങ്ങളിലെങ്കിലും സത്യസന്ധരാവാതിരിക്കാന്‍ നമുക്കാവില്ല. ഇത് അത്തരം ഒരു മുഹൂര്‍ത്തമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ അങ്ങേയറ്റം ബഹുമാനത്തോടെയും വിനയത്തോടെയും ചില നഗ്നസത്യങ്ങള്‍ പറയാന്‍ ഈ സന്ദര്‍ഭം ഞങ്ങള്‍ ഉപയോഗിക്കുന്നു. സര്‍, നിരവധി കാരണങ്ങളാല്‍ സവിശേഷമായ ഒന്നാണ് അങ്ങയുടെ കത്ത്. ഇതിന് മുമ്പ് അങ്ങയുടെ രചനപ്രാഗത്ഭ്യത്തിലൂടെ കടന്നു പോകാന്‍ സാധിക്കാത്ത സാമാന്യ വിദ്യാഭ്യാസം സിദ്ധിച്ച ഒരാളെ സംബന്ധിച്ചിടത്തോളം, ശരിയായ വിദ്യാഭ്യാസമുള്ള ഒരു സ്‌കൂള്‍കുട്ടിയെ പോലും ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള ഭാഷവൈകല്യങ്ങള്‍ ധാരാളിത്തത്തോടെ വാരിവിതറിയ, മാനസിക ശൈശവത്വം പ്രതിഫലിപ്പിക്കുന്ന ഒരു കത്ത് ഒരു സര്‍വകലാശാല വൈസ് ചാന്‍സിലര്‍ക്ക് എഴുതാന്‍ കഴിയുമെന്ന തിരിച്ചറിവ് തീര്‍ച്ചയായും ഞെട്ടിപ്പിക്കുന്നതായിരിക്കും. പക്ഷെ, സര്‍, അങ്ങയ്ക്ക് ഇതിനപ്പുറമൊന്നും ചെയ്യാന്‍ സാധിക്കില്ലെന്ന തിരിച്ചറിവില്‍, അവ വായിക്കുന്ന തരത്തിലേക്ക് ഞങ്ങള്‍ ശീലിപ്പിക്കപ്പെട്ടിരിക്കുന്നതിനാലും നിശബ്ദമായി ഇവ എങ്ങനെയാണ് സഹിക്കേണ്ടതെന്ന് കഴിഞ്ഞ നാലുവര്‍ഷമായി ഞങ്ങള്‍ പരിശീലിച്ചിരിക്കുന്നതിനാലും അത്തരം കാര്യങ്ങളില്‍ ഞങ്ങള്‍ എതിര്‍പ്പ് രേഖപ്പെടുത്തുന്നില്ല.

ഉപയോഗശൂന്യമായ വന്‍കിട കെട്ടിടങ്ങളുടെ നിര്‍മാണത്തിലൂടെയും പുതിയ സാങ്കേതികവിദ്യകള്‍ ആവിഷ്‌കരിച്ചുകൊണ്ടും ഡിജിറ്റലൈസേഷന്‍ നടപ്പിലാക്കിക്കൊണ്ടും ‘വൈകല്യം നിറഞ്ഞ ഈ സ്ഥാപനത്തെ അടുത്ത തലമുറ സര്‍വകലാശാലയാക്കിയതിനെ’ കുറിച്ചും ‘അങ്ങയുടെ സ്വപ്‌നങ്ങള്‍, ഉത്സാഹത്തെയും ആവേശത്തെയും’ കുറിച്ചും മെഴുകുപുരട്ടിയ ഭാഷയില്‍ വാചാലനാവുമ്പോള്‍, സര്‍ക്കാരിനോടും ചാന്‍സിലറോടും സെനറ്റിനോടും സിന്‍ഡിക്കേറ്റിനോടും പ്രോ വൈസ് ചാന്‍സിലറിനോടും സര്‍വ്വോപരി അങ്ങയുടെ കുടുംബത്തോടും മാത്രമാണ് അങ്ങ് വിധേയത്വം രേഖപ്പെടുത്തിയിരിക്കുന്നത് എന്ന നിലയിലും അങ്ങയുടെ കത്ത് ശ്രദ്ധേയമാണ്. ഫാക്കല്‍റ്റിയെയോ വിദ്യാര്‍ത്ഥികളെയോ കുറിച്ച് ഒരക്ഷരവും ആ കത്തിലില്ല. അക്കാദമിക് രംഗത്തെ കുറിച്ച് ഒരു വാക്കും ആ കത്തില്‍ ഇല്ല. ഗവേഷണത്തെ കുറിച്ച് പരാമര്‍ശിക്കുന്നില്ല. ഒരു സര്‍വ്വകലാശാല യഥാര്‍ത്ഥത്തില്‍ എന്താണ് എന്നതിനെ കുറിച്ച് ഒരു വാക്കും അങ്ങയുടെ കത്തിലില്ല. പ്രിയപ്പെട്ട ഡോ. സലാം, ഒരു സര്‍വ്വകലാശാലയെന്നാല്‍ കുറെ കെട്ടിടങ്ങളോ സാങ്കേതികവിദ്യയോ സിന്‍ഡിക്കേറ്റോ സെനറ്റോ ഉദ്യോഗസ്ഥരോ വൈസ് ചാന്‍സിലറോ തന്നെയുമല്ലെന്ന് ഈ അവസാന മണിക്കൂറുകളിലും അങ്ങയെ ഓര്‍മ്മിപ്പിക്കേണ്ടി വരുന്നതില്‍ ഞങ്ങള്‍ക്ക് അങ്ങേയറ്റത്തെ ഖേദമുണ്ട്. അത് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരുമാണ്; അവരാണ് ഒരു സര്‍വ്വകലാശാലയുടെ ഹൃദയം. അവരില്ലെങ്കില്‍ സര്‍വ്വകലാശാല എന്നത് ഒരു ഒഴിഞ്ഞ പുറംതോട് മാത്രമായി മാറും. ഇതാണ് സര്‍, അങ്ങ് ഈ സര്‍വ്വകലാശാലയില്‍ ചെയ്തുകൂട്ടിയത്: സര്‍വ്വകലാശാലയുടെ ആത്മാവിനെ വെട്ടിമുറിച്ചു കൊണ്ട് അതെന്തായിരിക്കണമായിരുന്നോ അതില്‍ നിന്നും നേര്‍വിപരീതമായി ഒന്നുമില്ലായ്മയിലേക്ക്, സമ്പൂര്‍ണ ശൂന്യതിയിലേക്ക് അങ്ങ് ഈ സര്‍വകലാശാലയെ പരിവര്‍ത്തിപ്പിച്ചു. അതുകൊണ്ടു തന്നെ, ജോലിയുടെ തുടക്കത്തിലും ഒടുക്കത്തിലും അതിന്റെ കര്‍ണകഠോരമായ ശബ്ദം കൃത്യമായി മുഴക്കുന്ന വിധത്തില്‍ ഭരണനിര്‍വഹണ കെട്ടിടത്തില്‍ അങ്ങ് സമീപകാലത്ത് സ്ഥാപിച്ചിരിക്കുന്ന ആ ഊത്താംപെട്ടി, സര്‍വ്വകലാശാലയെ കുറിച്ചുള്ള അങ്ങയുടെ കാഴ്ചപ്പാടിന്റെ വിശ്വസ്ത പ്രതിരൂപമായും അങ്ങയുടെ വിശിഷ്ട പാരമ്പര്യത്തിന്റെ പ്രതിബിംബമായും പരിലസിക്കുന്നുവെന്ന് ഞങ്ങള്‍ മനസിലാക്കുന്നത്. അതെ സര്‍, ഈ മഹനീയ സര്‍വ്വകലാശാലയെ ഒരു കശുവണ്ടി ഫാക്ടറിയാക്കി മാറ്റുന്നതില്‍ അങ്ങ് വിജയിച്ചിരിക്കുന്നു.

ഞങ്ങളുടെ വൈസ് ചാന്‍സിലറെ ഒരു ആത്മവഞ്ചകനെന്നും നുണയനെന്നും വിളിക്കാന്‍ ഞങ്ങളുടെ സംസ്‌കാരിക നിലവാരം ഞങ്ങളെ അനുവദിക്കാത്തതിനാല്‍, അങ്ങയുടെ കാലഘട്ടത്തില്‍ ഉണ്ടായിട്ടുള്ള മഹനീയ നേട്ടങ്ങളെ കുറിച്ചുള്ള അങ്ങയുടെ അവകാശവാദങ്ങള്‍ സത്യത്തെ വളരെ പിശുക്കിയാണ് അങ്ങ് ഉപയോഗിച്ചിരിക്കുന്നതെന്ന് പറയാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായിരിക്കുന്നു. അങ്ങയുടെത് ഒരു സുവര്‍ണകാലഘട്ടമാണെന്ന് സ്ഥാപിക്കാനുള്ള അങ്ങയുടെ ആകാംഷയ്ക്കിടയില്‍ അങ്ങയുടെ മറ്റ് ചില നേട്ടങ്ങള്‍ പരാമര്‍ശിക്കുന്ന കാര്യം അങ്ങ് വിസ്മരിച്ചു: അഴിമതി ആരോപണങ്ങള്‍, ഭൂമി കുംഭകോണങ്ങള്‍, വിജിലന്‍സ് കേസുകള്‍, അനധികൃത നിയമനങ്ങള്‍, സ്വജനപക്ഷപാതവും ഇഷ്ടജന പരിപാലനവും, ചട്ടങ്ങളുടെയും കീഴ്വഴക്കങ്ങളുടെയും ആവര്‍ത്തിച്ചുള്ള ലംഘനം, കാമ്പസിലെ സ്വാഭാവിക പരിസ്ഥിതിയുടെ സാമ്പ്രദായികമായ നശീകരണം, സര്‍വ്വകലാശാലയുടെ മൊത്തം വിദ്യാഭ്യാസ പരിപാടിയെ പൂര്‍ണമായി തടസപ്പെടുത്തല്‍, സമരങ്ങളും പ്രതിഷേധങ്ങളും മൂലം നഷ്ടമായ എണ്ണമറ്റ പ്രവൃത്തി ദിവസങ്ങള്‍, വൈസ് ചാന്‍സിലറും സിന്‍ഡിക്കേറ്റും തമ്മിലുള്ള ചേരിപ്പോരുകള്‍, സര്‍വ്വകലാശാലയ്ക്ക് അങ്ങേയറ്റം നാണക്കേടുണ്ടാക്കുന്നതും ഏറ്റവും ദോഷകരവുമായ വാര്‍ത്തകള്‍ ദൈനംദിനമെന്നോണം മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടല്‍ തുടങ്ങിയ നേട്ടങ്ങളെ കുറിച്ച് അങ്ങ് പ്രതിപാദിച്ചു കണ്ടില്ല. സര്‍, അങ്ങയുടെ നിലവാരത്തില്‍ അതിവിശിഷ്ടങ്ങളായ നാലു വര്‍ഷങ്ങളാവും കടന്നുപോയത്. പക്ഷെ ബാക്കിയുള്ള ഞങ്ങളെ സംബന്ധിച്ചിടത്തോളം, ആ കാലഘട്ടം അങ്ങേയറ്റം അപമാനകരമായിരുന്നു. ഇതിന് മുമ്പൊരിക്കലും ഈ സര്‍വ്വകലാശാല ഇത്രയും അപകീര്‍ത്തിക്ക് പാത്രമായിട്ടില്ല, ഇതിന് മുമ്പൊരിക്കലും ഈ സര്‍വ്വകലാശാല ഇത്രയും പൊതുജന അവഹേളനത്തിനും പരിഹാസത്തിനും പാത്രമായിട്ടില്ല, ഇതിന് മുമ്പൊരിക്കലും ലജ്ജകൊണ്ട് ഞങ്ങളുടെ തലകള്‍ ഇത്രയും കുനിയേണ്ടി വന്നിട്ടില്ല. സര്‍, ഇതൊക്കെ അങ്ങയുടെ, അങ്ങയുടെ മാത്രം നേട്ടങ്ങളാണെന്ന് തീര്‍ച്ചയായും താങ്ങള്‍ക്ക് അഭിമാനിക്കാം.

ഡോ. സലാം, മനുഷ്യരുടെ ഇടയില്‍ നിന്നും ‘വിനയവും ഒതുക്കവും മനുഷ്യത്വവും ഒലിച്ചുപോവുന്നതിനെ’ കുറിച്ചും ‘ആധികാരികതയും ഉദാരതയും വിശ്വസനീയതയുമുള്ള കൂടുതല്‍ നല്ല മനുഷ്യരായി മാറേണ്ടതിന്റെ ആവശ്യകതയെ’ കുറിച്ചും അങ്ങയുടെ കത്തില്‍ വാചാനാവുന്നുണ്ട്. അമ്പരപ്പിക്കുന്ന വിധത്തില്‍ ഭയാനകമായ ഭാഷയാണ് ഉപയോഗിക്കുന്നതെങ്കില്‍ പോലും, അങ്ങയുടെ വാക്കുകള്‍ പ്രതിഫലിപ്പിക്കുന്ന ഉന്നത ആദര്‍ശങ്ങളെയും കുലീനമായ വികാരങ്ങളെയും ഞങ്ങള്‍ അഭിനന്ദിക്കുന്നു. എന്നാല്‍ സര്‍, പക്ഷെ ചില ചോദ്യങ്ങള്‍ അങ്ങയോട് ചോദിക്കാതിരിക്കാന്‍ നിര്‍വാഹമില്ലെന്ന് വരുന്നു: അദ്ധ്യാപകരെയും ജീവനക്കാരെയും ധാരമുറിയാതെ അങ്ങ് പരസ്യമായി അപമാനിക്കുകയും അധിക്ഷേപിക്കുകയും പീഢിപ്പിക്കുകയും സ്ത്രീകളോട് നിഷ്ഠൂരമായി പെരുമാറുകയും ചെയ്തതിനെ ഏത് വിനയത്തിന്റെ സമാന്യനിയമം ഉപയോഗിച്ചാണ് അങ്ങ് ന്യായീകരിക്കുക? ഏകപക്ഷീയമായ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതില്‍ അങ്ങ് പ്രദര്‍ശിപ്പിച്ച ധാര്‍ഷ്ട്യപരമായ നിര്‍ബന്ധത്തെയും മറ്റുള്ളവരുടെ അഭിപ്രായങ്ങളോടും കാഴ്ചപ്പാടുകളോടും അങ്ങ് പുലര്‍ത്തുന്ന രോഗഗ്രസ്തമായ അസഹിഷ്ണുതയെയും വിനയത്തിന്റെ ഏത് മാനദണ്ഡമുപയോഗിച്ചാവും വിശദീകരിക്കാനാവുക? അദ്ധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും കെട്ടിച്ചമച്ച ക്രിമിനല്‍ കേസുകളില്‍ കുടക്കാനുള്ള അങ്ങയുടെ നിരന്തരമായ പരിശ്രമങ്ങളെയും സ്വന്തം മകളുടെ പ്രായം മാത്രമുള്ള വിദ്യാര്‍ത്ഥിനിക്കതിരെ അക്രമം അഴിച്ചുവിടാന്‍ പോലീസിന് നല്‍കിയ നിര്‍ദ്ദേശത്തെയും ഏത് മനുഷ്യത്വത്തിന്റെ നിലവാരം വച്ചാണ് അങ്ങ് അളക്കുക? സ്വന്തം സുഖസൗകര്യങ്ങള്‍ക്ക് വേണ്ടി സര്‍വകലാശാലയുടെ ശവമഞ്ചത്തില്‍ ആണിയടിക്കുകയും രണ്ട് ശമ്പളങ്ങള്‍ ആര്‍ത്തിയോടെ വിഴുങ്ങുകയും ചെയ്ത അങ്ങ്, ദുര്‍ബലമായ കാരണങ്ങളുടെ പേരില്‍ നിരവധി അദ്ധ്യാപകരുടെയും ജീവനക്കാരുടെയും സ്ഥാനക്കയറ്റവും ഇന്‍ക്രിമെന്റും ശമ്പളവും എന്തിന് പെന്‍ഷന്‍ പോലും ധാര്‍ഷ്ട്യപൂര്‍വം തടഞ്ഞുവയ്ക്കുകയും പാവപ്പെട്ട ഗവേഷണ വിദ്യാര്‍ത്ഥികളുടെ തുച്ഛമായ ഫെല്ലോഷിപ്പുകള്‍ നിഷേധിക്കുകയും ചെയ്തതിന് ശേഷം മനുഷ്യത്വത്തിന്റെ ഏത് തത്വമാണ് അങ്ങ് പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുന്നത്? സര്‍വകലാശാലയുടെ രേഖകളും നിയമസ്ഥാപനങ്ങളും മിനിട്ട്‌സും വ്യാജമായും കൃത്രിമമായും തയ്യാറാക്കുകയും ബഹുമാനിതരായ അദ്ധ്യാപകരെ അപമാനിക്കുന്നതിനായി അങ്ങയുടെ ഓഫീസില്‍ നിന്നും ഊമക്കത്തുകള്‍ തയ്യാറാക്കുകയും കെട്ടിച്ചമച്ച ആരോപണങ്ങളുടെ പേരില്‍ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും ഏകദേശം ആയിരത്തില്‍ പകരം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും കോടതികളില്‍ വ്യാജ സത്യവാങ്മൂലങ്ങളും രേഖകളും സമര്‍പ്പിക്കുകയും ചെയ്ത നടപടികളെ ഏത് വിശ്വാസ്യതയുടെ ഏത് മാനദണ്ഡം ഉപയോഗിച്ചാണ് അങ്ങ് ന്യായീകരിക്കുക? സര്‍,  ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനമെന്ന നിലയിലും സാംസ്‌കാരികപൂര്‍ണമായ പെരുമാറ്റത്തിന്റെയും സംവാദത്തിന്റെയും ഇടമെന്ന നിലയിലുമുള്ള സര്‍വ്വകലാശാലയുടെ ജനാധിപത്യ അടിത്തറ തകര്‍ത്തെറിയുകയും സര്‍വകലാശാലയെ ഓക്‌സ്‌ഫോര്‍ഡോ ഹാര്‍വാര്‍ഡോ ആക്കിക്കളയുമെന്ന് ഇടയ്ക്കിടെയുള്ള പൊങ്ങച്ചം പറച്ചിലിനിയില്‍ താങ്കളുടെ തരംതാണ വ്യക്തിഗത ലാഭങ്ങള്‍ക്ക് വേണ്ടിയും ചിലരുടെ സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്ക് വേണ്ടിയും വൈസ് ചാന്‍സിലറുടെ ഉന്നത കസേരയെ അവഹേളിക്കുകയും ചെയ്യുക എന്ന കര്‍മമാണ് അങ്ങ് യഥാര്‍ത്ഥത്തില്‍ നിര്‍വഹിച്ചത്.

സര്‍, കാമ്പസിലെ എല്ലാ പച്ചപ്പുകളെയും ചിട്ടയോടെ നഗ്നമാക്കിയ ജെസിബി യന്ത്രവും മുഴുവന്‍ ആക്രമണോപാധികളും ധരിച്ച സായുധ പോലീസുമാണ് അങ്ങയുടെ ഭരണകാലത്തിന്റെ പ്രതിരൂപങ്ങളായി കാമ്പസില്‍ തുടരുകയും അങ്ങയുടെ വിനാശകരമായ സാന്നിധ്യത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നത്. താങ്കളുടെ അറിവില്ലായ്മയും അന്യായവും ധാരാളിത്തവും നിറഞ്ഞ നയങ്ങള്‍ അടിച്ചേല്‍പ്പിക്കാനും അതുവഴി താങ്കളുടെ സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെട്ടു എന്നുറപ്പാക്കുന്നതിനുമുള്ള താങ്കളുടെ സ്വയം കേന്ദ്രീകൃതവും ഏകാധിപത്യപരവുമായ വ്യഗ്രതയില്‍, താങ്കള്‍ കാമ്പസിനെ ഒരു പോലീസ് ക്യാമ്പാക്കി മാറ്റി. കാമ്പസിലുള്ള വിദ്യാര്‍ത്ഥികള്‍ക്കെതിരെ, അദ്ധ്യാപകര്‍ക്കെതിരെ, ജീവനക്കാര്‍ക്കെതിരെ, മരങ്ങള്‍ക്കെതിരെ, പരിസ്ഥിതിക്കെതിരെ എന്നുവേണ്ട സര്‍വതിനുമെതിരെ താങ്കള്‍ യുദ്ധം പ്രഖ്യാപിച്ചു. യാതൊരു സത്യനിഷ്ടയോ സ്വയം ബഹുമാനമോ ഇല്ലാത്ത സ്വാര്‍ത്ഥമതികളും വിടുപണി ചെയ്യുന്നവരുമായ ഒരു പിടി ആളുകളൊഴികെ സര്‍വരും, സര്‍വതും താങ്കളുടെ ശത്രുക്കളായി മാറി. സര്‍, താങ്കള്‍ക്ക് അതിനെ കുറിച്ച് ധാരണയില്ലെങ്കിലും, സായുധരായ സുരക്ഷ ഉദ്യോഗസ്ഥരുടെ അകമ്പടിയില്ലാത്ത കാമ്പസില്‍ സഞ്ചരിക്കാന്‍ ധൈര്യമില്ലാത്ത ഒരു വൈസ് ചാന്‍സിലറെ കാണുന്നതിനെക്കാള്‍ ദയനീയമായ ഒരു കാഴ്ച മാത്രമേ ബാക്കിയുള്ളു. അത്, ഇത്തരം ഒരു ലജ്ജാകരമായ അവസ്ഥ തന്റെ തൊപ്പിയിലെ പൊന്‍തൂവലുകളില്‍ ഒന്നാണെന്ന് സ്വയം വിചാരിക്കുന്ന വൈസ് ചാന്‍സിലറുടെ ദൃശ്യമാണ്. ഈ സര്‍വ്വകലാശാലയില്‍ മുമ്പുണ്ടായിരുന്ന ഒരു വൈസ് ചാന്‍സിലര്‍ക്കും ഇങ്ങനെ ഒരു അപഖ്യാതി ഉണ്ടായിട്ടില്ല എന്നത് ഒരു നഗ്നസത്യമാണ്. അവര്‍ക്ക് സ്വന്തം ഉദാഹരണങ്ങളിലൂടെ മറ്റുള്ളവരെ നയിക്കാനുള്ള ധാര്‍മ്മികാടിത്തറയും ആര്‍ജ്ജവവും ഉണ്ടായിരുന്നതിനാലും അവര്‍ ആദ്യമായും അവസാനമായും അദ്ധ്യാപകരായിരുന്നതിനാലും മറ്റുള്ളവരെ ആദരിക്കാനും അതുവഴി മറ്റുള്ളവരില്‍ നിന്നും ബഹുമാനം നേടാനും അവര്‍ക്ക് കഴിഞ്ഞിരുന്നതിനാലും ഇങ്ങനെ ഒരു ദുരുയോഗം അവര്‍ക്ക് വന്നു ഭവിച്ചില്ല. അല്ല സര്‍, താങ്കള്‍ അവരെ പോലെയല്ല; താങ്കളുടെ ആഴത്തിലുള്ള അപകര്‍ഷതയും മൂര്‍ച്ഛിച്ച ചിത്തഭ്രമവും നിമിത്തം, നിങ്ങള്‍ ഒരു ഭീരുവായി മാറി എന്ന് മാത്രമല്ല ആ ഭീരുത്വത്തെ നിങ്ങള്‍ ആഘോഷിക്കുകയും ചെയ്തു.

പ്രിയപ്പെട്ട ഡോ സലാം, നെഞ്ചില്‍ കൈവച്ച് ചില കാര്യങ്ങള്‍ ഞങ്ങള്‍ അങ്ങോട് പറയട്ടെ: ഒരു വൈസ് ചാന്‍സിലര്‍ എങ്ങനെയായിരിക്കരുത് എന്നതിനുള്ള ഏറ്റവും ശ്രേഷ്ഠമായ ഉദാഹരണമാണ് താങ്കള്‍. അത് സര്‍, കാലിക്കറ്റ് സര്‍വ്വകലാശാല കണ്ട ഏറ്റവും മോശം വൈസ് ചാന്‍സിലാറായിരുന്നു അങ്ങ്; യഥാര്‍ത്ഥത്തില്‍ ഏതൊരു സര്‍വ്വകലാശാലയും ഒരിക്കലും ആഗ്രഹിക്കാത്ത വിധത്തിലുള്ള ഏറ്റവും മോശം വൈസ് ചാന്‍സിലര്‍. ഈ സര്‍വ്വകലാശാലയ്ക്ക് അങ്ങ് ഉണ്ടാക്കി തീര്‍ത്ത കേടുപാടുകള്‍ എണ്ണിയാലൊടുങ്ങില്ല; പക്ഷെ ഒരു കാര്യം ഞങ്ങള്‍ ഉറപ്പിച്ച് പറയുന്നു. അങ്ങയുടെ ഇവിടുത്തെ സാന്നിധ്യം പുര്‍ണമായും തുടച്ചു നീക്കുന്നതിനുള്ള ഒരു പരിശ്രമവും ഞങ്ങള്‍ ഉപേക്ഷിക്കില്ല. ഒരു കല്ലും ഞങ്ങള്‍ ഇളക്കി മാറ്റാതിരിക്കില്ല. ഏറ്റവും കുറഞ്ഞ പക്ഷം നിങ്ങള്‍ ഇവിടെ വരുന്നതിന് മുമ്പുള്ള അവസ്ഥയിലേക്കെങ്കിലും ഈ സര്‍വകലാശാലയെ തിരികെ എത്തിക്കാന്‍ ഞങ്ങള്‍ കഠിനപ്രയത്‌നം ചെയ്യും- അപൂര്‍ണമെങ്കിലും, വിദ്യാഭ്യാസം എന്ന ലക്ഷ്യം നേടുന്നതിനായി സ്വയം സമര്‍പ്പിച്ച വിജ്ഞാനവും ആത്മാര്‍പ്പണവുമള്ള അദ്ധ്യാപകരും ജീവനക്കാരുമുള്ള ഒരു സര്‍വകലാശാലയായെങ്കിലും.  

ഞങ്ങള്‍ക്ക് പരമകാരുണികനായ ദൈവത്തോട് ഞങ്ങള്‍ക്കും ചില പ്രാര്‍ത്ഥനകള്‍ ഉണ്ട്. പക്ഷെ ആ പ്രാര്‍ത്ഥന ഞങ്ങള്‍ ചാന്‍സിലര്‍ക്കും സര്‍ക്കാരിനും മുന്നില്‍ സമര്‍പ്പിക്കുന്നു. അങ്ങയെ പോലെ ഒരു വൈസ് ചാന്‍സിലറിനാല്‍ ഇനിയും ഞങ്ങള്‍ പീഢിപ്പിക്കപ്പെടരുതെന്ന്, ലോകത്തുള്ള ഒരു സര്‍വകലാശാലയ്ക്കും അങ്ങയെ പോലുള്ള ഒരാളുടെ ഭാരം ചുമക്കേണ്ടി വരരുതെന്ന് ഞങ്ങള്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു. പ്രിയപ്പെട്ട ഡോ സലാം, താങ്കളെയോ അല്ലെങ്കില്‍ താങ്കളെ പോലുള്ളവരെയോ ഇനി ജീവിതത്തിലൊരിക്കലും കണ്ടുമുട്ടേണ്ടി വരരുതെന്ന് ഞങ്ങള്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. സര്‍ താങ്കള്‍ക്ക് ഞങ്ങള്‍ നന്മകള്‍ നേരുകയും താങ്കള്‍ക്ക് മനഃശാന്തി ലഭിക്കാനും ഇപ്പോഴത്തെ രോഗാവസ്ഥയില്‍ നിന്നും ഭാവിയില്‍ എപ്പോഴെങ്കിലും മോചിതനാകാനും സര്‍വശക്തനായ ദൈവം തുണ നല്‍കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു.

വിട!

കാലിക്കറ്റ് സര്‍വകലാശാലയിലെ അദ്ധ്യാപകര്‍

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍