UPDATES

സിനിമ

ബച്ചന്റെ പേരക്കുട്ടിക്കുള്ള കത്ത് സിനിമാ പ്രമോഷന്‍; ഫേസ്ബുക്കില്‍ പാരഡി കത്ത് എഴുതി ഹാസ്യതാരം

Avatar

കുട്ടികളെ ഉപദേശിച്ചു കൊണ്ടുള്ള അമിതാഭ് ബച്ചന്റെ കത്താണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. കത്തിലൂടെ തന്റെ പേരക്കുട്ടികളായ ആരാധ്യയോടും നവ്യ നവേലിയോടും തങ്ങളുടെ കുടുംബ പാരമ്പര്യത്തെ പറ്റിയും എങ്ങനെ സമൂഹത്തില്‍ ജീവിക്കണം എന്നതിനെ പറ്റിയും ഒക്കെ ബച്ചന്‍ വാചാലനാകുന്നു.

ബച്ചന്‍ എഴുതിയതുപോലെ തന്റെ പേരക്കുട്ടികള്‍ക്ക് ഒരു കത്ത് എഴുതിയിരിക്കുകയാണ് ഹാസ്യ താരം അതുല്‍ ഖത്രി. തന്‍റെ ഫേസ്ബുക്ക് പോസ്റ്റാണ്  അദ്ദേഹം കത്തിന്‍റെ രൂപത്തില്‍ എഴുതിയിരിക്കുന്നത്. കത്തിലൂടെ കുടുംബ പാരമ്പര്യത്തെ പറ്റി ഊറ്റം കൊള്ളുന്ന ബച്ചന് മറുപടി എന്നോണമാണ് ഖത്രിയുടെ കത്തിന്റെ തുടക്കം. ‘പിങ്ക്” എന്ന തന്റെ ചിത്രത്തിന്റെ പ്രചരണാര്‍ഥം ആണ് അമിതാഭ് ബച്ചന്‍ കുട്ടികള്‍ക്ക് കത്തെഴുതിയത് എന്ന് കത്തിലൂടെ കളിയാക്കി പറയുകയാണ് ഖത്രി.

പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം:

എന്റെ ഭാവി കൊച്ചുമക്കള്‍ക്ക് ഞാനും ഒരു തുറന്ന കത്തെഴുതി. അല്‍പം നീളമേറിയതാണെങ്കിലും അവസാനം വരെ വായിക്കുക.

എന്റെ പ്രിയപ്പെട്ട കൊച്ചുമക്കള്‍ക്ക്,

നിങ്ങള്‍ ഇരുവരും തോളിലേന്തുന്നത് വിലപിടിച്ചൊരു പാരമ്പര്യമാണ്. ഹാസ്യകാരനായിരുന്ന നിങ്ങളുടെ നാനാജി (അമ്മയുടെ അച്ഛന്‍) ശ്രീ ഖത്രിയുടെയും ബാര്‍ബര്‍ ഹെയര്‍ സ്റ്റൈലിസ്റ്റായിരുന്ന നാനിജി (അമ്മയുടെ അമ്മ) ശ്രീമതി ഖത്രിയുടെയും പാരമ്പര്യം.

നിങ്ങളുടെ നാനാജിയും നാനിജിയുമാണ് നിങ്ങളുടെ ഇപ്പോഴത്തെ ‘ഒന്നുമല്ലാത്ത’ കുടുംബപ്പേര് നല്‍കിയത്. പക്ഷേ കുടുംബപ്പേരുകള്‍ നിരര്‍ത്ഥകങ്ങളാണ്. നിങ്ങളാണ് നിങ്ങളുടെ പ്രശസ്തിയും അന്തസും അംഗീകാരവും സൃഷ്ടിക്കേണ്ടത്.

നിങ്ങളാരും നന്ദയോ ബച്ചനോ ഖത്രിയോ ആയിരിക്കില്ല. എന്നാല്‍ നിങ്ങള്‍ മനുഷ്യരാണ്. അതുമാത്രമാണ് വിലമതിക്കപ്പെടേണ്ട കാര്യം.

നിങ്ങള്‍ പുരുഷനോ സ്ത്രീയോ ട്രാന്‍സ്‌ജെന്‍ഡറോ എന്തായാലും ആളുകള്‍ അവരുടെ ചിന്തകളും അതിരുകളും നിങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിക്കും. എങ്ങനെ വേഷം ധരിക്കണമെന്നും എങ്ങനെ പെരുമാറണമെന്നും പരസ്യമായി ഏമ്പക്കം/കീഴ്‌വായു വിടരുതെന്നും നിങ്ങള്‍ക്ക് ആരെയൊക്കെ കാണാമെന്നും എവിടെയൊക്കെ പോകാമെന്നും അവര്‍ നിങ്ങളോടു പറയും.

ആളുകളുടെ വിധികല്‍പിക്കലുകളുടെ നിഴലില്‍ ജീവിക്കരുത്. നിങ്ങളുടെ ബുദ്ധിയുടെ വെളിച്ചത്തില്‍ സ്വന്തം തിരഞ്ഞെടുക്കലുകള്‍ നടത്തുക. അശ്ലീലചിത്രങ്ങള്‍ കാണുക – അത് നിങ്ങളെ വളരെ സഹായിക്കും. എന്റെ അലമാര തിരഞ്ഞാല്‍ ‘വിശുദ്ധമായത്’ എന്നു രേഖപ്പെടുത്തിയ ധാരാളം വിഡിയോ കസെറ്റുകള്‍ കിട്ടും. അവ അതിശയകരമാണ്!

നിങ്ങളുടെ പാവാടയുടെ ദൈര്‍ഘ്യമോ ലിംഗത്തിന്റെ ദൈര്‍ഘ്യമോ സ്വഭാവത്തെ അളക്കുന്നുവെന്ന് നിങ്ങളെ വിശ്വസിപ്പിക്കാന്‍ ആരെയും അനുവദിക്കരുത്. നാമെല്ലാവരും ഇന്ത്യക്കാരാണ്.

നിങ്ങളുടെ സുഹൃത്തുക്കളെ തീരുമാനിക്കാന്‍ ആരുമായി സൗഹൃദം സ്ഥാപിക്കണമെന്ന മറ്റുള്ളവരുടെ അഭിപ്രായത്തെ അനുവദിക്കാതിരിക്കുക. ഫേസ്ബുക്കില്‍ ലഭിക്കുന്ന എല്ലാ ഫ്രണ്ട് റിക്വസ്റ്റുകളും സ്വീകരിക്കുക. ഫേസ്ബുക്കിലെ ‘അദേഴ്‌സ്’ ഫോള്‍ഡറിലേക്കു പോകാതിരിക്കുക. നിങ്ങള്‍ വിവാഹം കഴിക്കാനാഗ്രഹിക്കുന്നു എന്നതൊഴികെ മറ്റൊരു കാരണം കൊണ്ടും വിവാഹിതരാകാതിരിക്കുക. എങ്കിലും എന്റെ ഉപദേശം സ്വീകരിക്കുകയാണെങ്കില്‍ വിവാഹം കഴിക്കാതിരിക്കുക. ഒറ്റയ്ക്കു ജീവിക്കുക. 

ആളുകള്‍ പലതും പറയും. അവര്‍ പല നല്ലതല്ലാത്ത കാര്യങ്ങളും പറയും. എന്നാല്‍ എല്ലാവരും പറയുന്നതു നിങ്ങള്‍ കേള്‍ക്കണമെന്ന് അതിനര്‍ത്ഥമില്ല. ആളുകള്‍ എന്തുപറയുന്നുവെന്നോര്‍ത്ത് ഒരിക്കലും വിഷമിക്കരുത്. എല്ലാവരും ബോറന്മാരാണെന്നു കരുതിയാല്‍ മതി.

അവസാനം നിങ്ങളുടെ പ്രവൃത്തികളുടെ ഫലം അനുഭവിക്കുക നിങ്ങള്‍ തന്നെയാകും. അതിനാല്‍ നിങ്ങള്‍ക്കുവേണ്ടി തീരുമാനങ്ങളെടുക്കാന്‍ മറ്റുള്ളവരെ അനുവദിക്കാതിരിക്കുക. അതിനായി കണ്‍സല്‍ട്ടന്റുമാരെ നിയമിക്കുക. കാര്യങ്ങള്‍ ശരിയായില്ലെങ്കില്‍ നിങ്ങള്‍ക്ക് അവരെ പിരിച്ചുവിടാം.

നിങ്ങള്‍ പുരുഷനായാലും സ്ത്രീയായാലും പേരോ കുടുംബപ്പേരോ നിങ്ങള്‍ക്കു നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകളില്‍നിന്നു രക്ഷിക്കില്ല. ഞാനിങ്ങനെ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരിക്കുകയാണ്. ‘ഞങ്ങളുടെ വയസന്‍ നാനാ എത്ര ബോറനായിരുന്നു’വെന്ന് നിങ്ങള്‍ ചിന്തിക്കും.

കുട്ടികളേ, നിങ്ങള്‍ ഇതു കാണുകയും മനസിലാക്കുകയും ചെയ്യുന്ന സമയത്ത് ഞാനിവിടെ കണ്ടേക്കില്ല. ഇബിസയില്‍ ഏതെങ്കിലും ചെറുപ്പക്കാര്‍ക്കൊപ്പം ആഘോഷിക്കുകയാകും. അന്ന് നിങ്ങളുടെ മാതാപിതാക്കള്‍ നിങ്ങളുടെ കാര്യങ്ങളും എന്റെ ചെലവുകളും നോക്കും. എന്നാല്‍ ഇന്നു ഞാന്‍ പറയുന്ന കാര്യങ്ങള്‍ അന്നും പ്രസക്തമായിരിക്കുമെന്നു ഞാന്‍ കരുതുന്നു.

പുരുഷനായാലും സ്ത്രീക്കായാലും ഇത് ബുദ്ധിമുട്ടു നിറഞ്ഞ ലോകമാണ്. എന്നാല്‍ നിങ്ങളെപ്പോലുള്ള കുട്ടികള്‍ വേണം ഇതിനു മാറ്റം വരുത്താന്‍. ഇത് ഞങ്ങള്‍ വയസായവര്‍ ഉപയോഗിക്കുന്ന ഒരു കുരുക്കാണ്. വൃത്തികേടുണ്ടാക്കിയിട്ട് വൃത്തിയാക്കാന്‍ നിങ്ങളെ ഏല്‍പിക്കുക.

നിങ്ങളുടെ അതിര്‍ത്തികള്‍ തീരുമാനിക്കുക, നിങ്ങളുടെ തിരഞ്ഞെടുക്കലുകള്‍ നടത്തുക, മറ്റുള്ളവരുടെ വിലയിരുത്തലുകള്‍ക്കപ്പുറം ഉയരുക, ഇതൊന്നും എളുപ്പമല്ല. എന്നാല്‍ നിങ്ങള്‍ക്ക്, നിങ്ങള്‍ക്ക് എല്ലായിടത്തുമുള്ള സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും മാതൃകയാകാനാകും. ഞാന്‍ എന്താണ് ടൈപ്പ് ചെയ്യുന്നതെന്നുതന്നെ ഇപ്പോള്‍ എനിക്കറിയില്ല.

ഇത്രയും ചെയ്താല്‍ ഞാന്‍ ഇതുവരെ ചെയ്തതിനെക്കാളേറെ നിങ്ങള്‍ ചെയ്തുകഴിയും. ‘ഹോണിസിന്ധി’ എന്നതിനു പകരം നിങ്ങളുടെ മുത്തച്ഛനെന്ന് അറിയപ്പെടുക എനിക്ക് അഭിമാനകരമായിരിക്കും.

ഞാന്‍ ഈ കത്തെഴുതുന്നത് അമിതാഭ് ബച്ചനെപ്പോലെ ‘പിങ്ക്’ എന്ന ചലച്ചിത്രത്തിന്റെ പ്രചാരണത്തിനല്ല. 2016 സെപ്റ്റംബര്‍ 25ന് 8.30ന് അന്ധേരിയിലെ ദ് പമ്പ് റൂമില്‍ നടക്കുന്ന എന്റെ ഷോ പ്രചരിപ്പിക്കാനാണ്. ടിക്കറ്റുകള്‍ ബുക്ക്‌മൈഷോയില്‍. പെട്ടെന്നു വിറ്റഴിയുന്നതിനാല്‍ നിങ്ങളുടെ ടിക്കറ്റുകള്‍ വേഗം വാങ്ങുക.

നിഗൂഢമായ വിപണനതന്ത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി എങ്ങനെ ഉപയോഗിക്കപ്പെടുന്നു എന്നതിനും മാതൃകയാണ് ഈ തുറന്ന കത്ത്.

സ്‌നേഹത്തോടെ, 

നിങ്ങളുടെ നാനാജി.

 

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍