UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എന്നെ ‘ദല്ലാളെ’ന്നും എന്റെ അമ്മയെ ‘വേശ്യ’യെന്നും ആക്ഷേപിക്കുന്നതിന് മറുപടി പറയുമോ?

Avatar

ബഹുമാനപ്പെട്ട അക്ബര്‍ജി,

ആശംസകള്‍,

ഈദ് മുബാരക്. താങ്കള്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായിരിക്കുന്നു എന്നത് ഈദിനെക്കാള്‍ കുറഞ്ഞ ആഘോഷാവസരമല്ല. താങ്കള്‍ ആദ്യം ബിജെപിയുടെ വക്താവും തുടര്‍ന്ന് പാര്‍ലമെന്റ് അംഗവും ഇപ്പോള്‍ മന്ത്രിയുമായിരിക്കുന്നു എന്നതില്‍ ഞങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ വളരെ സന്തോഷിക്കേണ്ടതാണ്. താങ്കള്‍ ഒരു തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മല്‍സരിച്ചു. പിന്നീട് മടങ്ങിവന്ന് എഡിറ്ററായി. വീണ്ടും എഡിറ്ററില്‍നിന്ന് പാര്‍ട്ടി വക്താവും മന്ത്രിയുമായി. മാധ്യമപ്രവര്‍ത്തകര്‍ നേതാക്കളാകുന്നതിനെപ്പറ്റിയും ഇതുമായി ബന്ധപ്പെട്ട തൊഴില്‍ ധാര്‍മികതയെപ്പറ്റിയും താങ്കള്‍ എന്താണു കരുതുന്നതെന്ന് ഒരുപക്ഷേ എനിക്ക് ഒരിക്കലും അറിയാനാകില്ല.

താങ്കള്‍ക്ക് എപ്പോഴെങ്കിലും മനഃസാക്ഷിക്കുത്ത് തോന്നിയിട്ടുണ്ടോ? മാധ്യമപ്രവര്‍ത്തനത്തില്‍ ദൈവങ്ങളില്ലെങ്കിലും ഈ അവസരങ്ങളില്‍ എപ്പോഴെങ്കിലും താങ്കള്‍ക്ക് ദൈവഭയം തോന്നിയിട്ടുണ്ടോ?

അക്ബര്‍ജി, ഞാന്‍ ഈ കത്തെഴുതുന്നത് ഒരല്‍പം വിഷമത്തോടെയുമാണ്. പക്ഷേ താങ്കളല്ല അതിനു കാരണം. താങ്കള്‍ക്ക് എന്നെ അതില്‍ നിന്നു രക്ഷിക്കാനാകും. കഴിഞ്ഞ മൂന്നു വര്‍ഷമായി സാമൂഹിക മാധ്യമങ്ങള്‍ എന്നെ ദല്ലാള്‍ എന്നു വിളിക്കുന്നു. താങ്കളെപ്പോലുള്ള മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ ഇന്ത്യയെ സംബന്ധിച്ച് മഹത്തരമെന്നു വിളിക്കുന്ന രാഷ്ട്രീയമാറ്റം വാര്‍ത്തകളെയും വാര്‍ത്ത അവതാരകരെയും ദല്ലാള്‍, വേശ്യ എന്നിങ്ങനെ വിളിക്കുന്ന സംസ്‌കാരത്തിനും രൂപം നല്‍കിയിരിക്കുന്നു. എന്റെ അമ്മയെപ്പോലും വേശ്യ എന്നു വിളിക്കുന്നിടം വരെയെത്തിയിരിക്കുന്നു കാര്യങ്ങള്‍. ഒരിക്കലും സ്‌കൂളില്‍ പോയിട്ടില്ലാത്ത, ടിവി അവതാരകന്‍, പ്രൈം ടൈം എന്നിവ എന്താണെന്നുപോലും അറിയാത്ത അമ്മ ഒരിക്കലും എന്‍ഡിടിവിയുടെ സ്റ്റുഡിയോകള്‍ കണ്ടിട്ടില്ല. എനിക്കു സുഖമാണോ എന്നുമാത്രമേ അന്വേഷിക്കാറുള്ളൂ. എന്നാല്‍ അമ്മ ദിനപ്പത്രങ്ങള്‍ സൂക്ഷ്മമായി വായിക്കുന്നു. ഞാന്‍ ഇത്തരത്തില്‍ അപമാനിക്കപ്പെടുന്നതായി കണ്ടശേഷം അവര്‍ക്ക് ദിവസങ്ങളോളം സ്വസ്ഥമായി ഉറങ്ങാനായിട്ടില്ല.

അക്ബര്‍ജി, മാധ്യമരംഗത്തു നിന്നു രാഷ്ട്രീയത്തിലേക്കു വന്നപ്പോള്‍ ആളുകള്‍ താങ്കളെയും ദല്ലാള്‍ എന്നു വിളിക്കുകയുണ്ടായോ? താങ്കളെ അധിക്ഷേപിച്ചോ? (കറുത്ത സ്‌ക്രീന്‍ സംപ്രേഷണം ചെയ്ത എപ്പിസോഡിനുശേഷം പ്രത്യേകിച്ചും) എന്നോടു ചെയ്തതുപോലെ താങ്കളെയും മോശമായി ചിത്രീകരിക്കുകയുണ്ടായോ? കോണ്‍ഗ്രസില്‍നിന്നു തിരിച്ച് മാധ്യമരംഗത്തേക്കു വന്നപ്പോള്‍ ആളുകള്‍ – പ്രത്യേകിച്ച് ഇന്നു നിങ്ങള്‍ അംഗമായിരിക്കുന്ന അന്നത്തെ പ്രതിപക്ഷം – താങ്കളെ കോണ്‍ഗ്രസ് ആസ്ഥാനമായ 10 ജന്‍പഥിന്റെയോ മറ്റേതെങ്കിലും പാര്‍ട്ടിയുടെയോ ദല്ലാളായി കണ്ടിരുന്നോ? അന്ന് എന്ത് സ്വയം വിശദീകരണമാണ് മുന്നോട്ടുപോകാന്‍ താങ്കളെ പ്രാപ്തനാക്കിയത്? അവ എന്നോടുകൂടി പങ്കുവയ്ക്കാമോ? എനിക്ക് താങ്കളുടെ സഹായം ആവശ്യമുണ്ട്.

മാധ്യമപ്രവര്‍ത്തനത്തിടയ്ക്ക് ഞാന്‍ പല മോശം റിപ്പോര്‍ട്ടുകളും ചെയ്തിട്ടുണ്ട്. ചിലതൊക്കെ വളരെ മോശമായിരുന്നു. പക്ഷേ മൂന്നുവര്‍ഷം മുന്‍പുവരെ ആരും എന്നെ ദല്ലാള്‍ എന്നു വിളിച്ചിരുന്നില്ല. ഒരിക്കലും എന്റെ അമ്മയെയോ സഹോദരിയെയോ ഇതിലേക്കു വലിച്ചിഴച്ചിരുന്നുമില്ല. അക്ബര്‍ സര്‍, ഞാന്‍ ഒരു ദല്ലാളല്ല. പക്ഷേ അക്ബര്‍ ആകാന്‍ ഞാന്‍ എന്താണു ചെയ്യേണ്ടതെന്ന് അറിഞ്ഞാല്‍ കൊള്ളാം. വാജ്‌പേയി സര്‍ക്കാരില്‍ മുരളി മനോഹര്‍ ജോഷി മന്ത്രിയായിരുന്നപ്പോള്‍ വിദ്യാഭ്യാസത്തിന്റെ കാവിവത്ക്കരണത്തെപ്പറ്റി ഞാന്‍ ധാരാളം സംവാദങ്ങള്‍ നടത്തിയിരുന്നു. അന്ന് നിങ്ങളുടെ പാര്‍ട്ടിയിലെ ആരും എന്നോട് ശത്രുതയോടെ സംസാരിച്ചിരുന്നില്ല. അഭിമുഖങ്ങള്‍ക്കുശേഷം ചായയും മധുരപലഹാരങ്ങളും നല്‍കുകയായിരുന്നു ഡോ. ജോഷിയുടെ രീതി. കോണ്‍ഗ്രസിന്റെ ദല്ലാളായതുകൊണ്ടാണ് നിങ്ങള്‍ ഈ ചോദ്യങ്ങള്‍ ചോദിക്കുന്നതെന്ന് അദ്ദേഹം ഒരിക്കലും പറഞ്ഞിരുന്നില്ല. മുതിര്‍ന്നയാളെന്ന നിലയില്‍ അദ്ദേഹം പലപ്പോഴും ദേഷ്യപ്പെട്ടിരുന്നു. എങ്കിലും ഒരിക്കലും അഭിമുഖങ്ങള്‍ നിഷേധിക്കുകയോ സര്‍ക്കാരിന് എന്നോട് നീരസമുണ്ടെന്നു പറയുകയോ ചെയ്തിരുന്നില്ല.

എന്നാല്‍ ഇപ്പോള്‍ അതിനെല്ലാം മാറ്റം വന്നിരിക്കുന്നു. രാഷ്ട്രീയ കടിഞ്ഞാണ്‍ എന്ന പുതിയ സംസ്‌കാരം വന്നിരിക്കുന്നു. ഓരോ വാര്‍ത്തയ്ക്കും പിന്നില്‍ രാഷ്ട്രീയ ചായ്‌വും രാഷ്ട്രീയമാനവും കാണാന്‍ ശ്രമിക്കുന്ന ഒരു കൂട്ടം ആളുകളാണ് ഇപ്പോഴുള്ളത്. ഈ കൂട്ടം വളരെ മര്യാദകെട്ടവരാണ്. അവര്‍ പ്രൊഫൈലുകളില്‍ നമ്മുടെ പ്രധാനമന്ത്രിയുടെ ചിത്രവും രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ ചിഹ്നങ്ങളും ഉപയോഗിക്കുന്നു. പലരും മന്ത്രിമാരെ ‘ഫോളോ’ ചെയ്യുന്നു. പലരെയും മന്ത്രിമാരും ‘ ഫോളോ’ ചെയ്യുന്നു. അവര്‍ ചിലരെ ബിജെപി വിരോധികള്‍ എന്നു മുദ്ര കുത്തുന്നു. മറ്റുള്ളവരില്‍ പ്രശംസ ചൊരിയുന്നു.

മാധ്യമപ്രവര്‍ത്തനത്തില്‍ അധഃപതനം ഉണ്ടായിട്ടുണ്ടെന്നതില്‍ സംശയമില്ല. താങ്കള്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചപ്പോഴും ജയിച്ചപ്പോഴും തോറ്റപ്പോഴും തിരിച്ചുവന്ന് എഡിറ്ററായപ്പോഴുമൊന്നും അതുണ്ടായിരുന്നില്ല. അത് മാധ്യമപ്രവര്‍ത്തനത്തിന്റെ സുവര്‍ണകാലഘട്ടമായിരുന്നിരിക്കണം. നമ്മെ അധിക്ഷേപിക്കുന്നവര്‍ക്ക് എതിര്‍പ്പില്ലെങ്കില്‍ അതിനെ അക്ബര്‍യുഗമെന്നു വിളിക്കാവുന്നതാണ്. ഇന്ന് ചില മാധ്യപ്രവര്‍ത്തകര്‍ അപ്രഖ്യാപിത വക്താക്കളായിരിക്കുന്നു എന്നാണ് ഇതെല്ലാം കാണിക്കുന്നത്. എന്നെ അധിക്ഷേപിക്കുന്നവര്‍ ഇവരെ ദല്ലാളെന്നു വിളിക്കാറില്ല. ഇതു ചെയ്യുന്നവര്‍ സ്മൃതി ഇറാനിയെ ട്രോള്‍ ചെയ്യുന്നവര്‍ തന്നെയാണ്.

ജേണലിസ്റ്റുകള്‍ക്കുവേണ്ടി ‘പ്രെസ്സ്റ്റിറ്റിയൂട്ട്’ എന്ന പദം ഉണ്ടാക്കിയ ജന. വി കെ സിങ് വിദേശകാര്യ മന്ത്രാലയത്തില്‍ താങ്കളുടെ സഹപ്രവര്‍ത്തകനാണ്. അദ്ദേഹത്തോട് യോജിക്കുകയും അദ്ദേഹത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നവര്‍ ഹിന്ദിയില്‍ ഞങ്ങളെ പ്രേശ്യ എന്നുവിളിക്കുന്നു. ഞാന്‍ എന്‍ഡിടിവിക്കു വേണ്ടി ജോലി ചെയ്യുന്നതിനാല്‍ അവര്‍ എന്‍ മാറ്റി പകരം ആര്‍ ചേര്‍ത്ത് റന്‍ഡി ടിവി എന്നു വിളിക്കുന്നു.

ജേണലിസ്റ്റുകള്‍ വിഷമകരമായ ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ അവര്‍ മറ്റു പാര്‍ട്ടികള്‍ക്കു വേണ്ടി ദല്ലാള്‍ പണി ചെയ്യുകയാണെന്ന് താങ്കള്‍ കരുതുന്നുണ്ടോ? ഏതു ചോദ്യമാണ് ഒരാളെ ദല്ലാളാക്കുന്നത്? നിങ്ങളെപ്പോലുള്ള എഡിറ്റര്‍മാര്‍ പറഞ്ഞുതന്നാല്‍ എനിക്കു ചില കാര്യങ്ങള്‍ പഠിക്കാനാകും. ഒരിക്കലും രവീഷ് കുമാര്‍ ആകരുതെന്ന് എനിക്ക് ചെറുപ്പക്കാരായ റിപ്പോര്‍ട്ടര്‍മാരോടു പറയാനാകും. ആരെങ്കിലും ആകണമെങ്കില്‍ അക്ബര്‍ ആകണമെന്നും. കാരണം രവീഷ് കുമാര്‍ പോലും ഒരിക്കല്‍ ഒരു അക്ബറായേക്കാം.

ഞാന്‍ അല്‍പം വികാരജീവിയാണ്. ഈ ആക്രമണങ്ങള്‍ എന്നെ ഉലച്ചിട്ടുണ്ട്. അതിനാലാണ് താങ്കളെ കണ്ടപ്പോള്‍ താങ്കള്‍ക്ക് എന്നെ സഹായിക്കാന്‍ കഴിഞ്ഞേക്കുമെന്ന് എനിക്കു തോന്നിയത്. കഴിഞ്ഞ മൂന്നുവര്‍ഷമായി ഓരോ വാര്‍ത്തയ്ക്കും മുന്‍പ് എന്നെ അലട്ടുന്നത് ഇന്ത്യയുടെ സാംസ്‌കാരികോന്നതി ആഘോഷിക്കുന്ന ആളുകള്‍ എന്നെ ദല്ലാളെന്നും എന്റെ അമ്മയെ വേശ്യയെന്നും വിളിക്കാമെന്ന ചിന്തയാണ്. പക്ഷേ എന്റെ അമ്മ മാത്രമാണ് യഥാര്‍ത്ഥ മദര്‍ ഇന്ത്യ. ഞാന്‍ വീണ്ടും വീണ്ടും അമ്മയെപ്പറ്റി പറയുന്നത് താങ്കളുടെ പാര്‍ട്ടിയിലെ ആളുകള്‍ക്കാണ് ‘ ഏക് മാ കി ഭാവ്‌ന’ ഏറ്റവും നന്നായി മനസിലാകുക എന്നതിനാലാണ്. നിങ്ങള്‍ നിങ്ങളുടെ അമ്മയുടെ പേരു പറഞ്ഞാല്‍ പിന്നെ തര്‍ക്കമില്ല.

അക്ബര്‍ജി, ഞാന്‍ ഈ കത്തെഴുതുന്നത് വളരെ പ്രതീക്ഷയോടെയാണ്. താങ്കളുടെ മറുപടി ഇക്കാലത്ത് 10 -15 ലക്ഷം രൂപവരെ മുടക്കി മാധ്യമപ്രവര്‍ത്തനം പഠിക്കുന്ന ഭാവി ജേണലിസ്റ്റുകള്‍ക്ക് മാതൃകയായിരിക്കും. എന്റെ നോട്ടത്തില്‍ മാധ്യമപ്രവര്‍ത്തനം പഠിക്കാന്‍ ഇത്രയധികം പണം മുടക്കുന്ന തലമുറ അത്ര മതിക്കപ്പെടേണ്ടതല്ല. പക്ഷേ താങ്കളുടെ പ്രതികരണത്തിന് അവരുടെ ആത്മവിശ്വാസം കൂട്ടാനാകും.

രാഷ്ട്രീയത്തില്‍നിന്ന് മാധ്യമരംഗത്തേക്കു മടങ്ങിയപ്പോള്‍, പാര്‍ട്ടിയെപ്പറ്റിയും അതിന്റെ ആശയസംഹിതയെപ്പറ്റിയും ചിന്തിച്ച് താങ്കള്‍ തലപുകച്ചിരുന്നോ? നിലപാടുകളില്‍ ഉറച്ചുനില്‍ക്കാന്‍ താങ്കള്‍ക്കായിരുന്നോ? എത്ര ഉറപ്പുണ്ടായിരുന്നു? മാധ്യമരംഗത്തു നിന്നു രാഷ്ട്രീയത്തിലേക്കു മടങ്ങിയപ്പോള്‍ താങ്കള്‍ എഴുതിയവയെപ്പറ്റി സംശയം തോന്നിയിരുന്നോ? താങ്കള്‍ എഴുതിയതൊക്കെ പ്രതിഫലം പ്രതീക്ഷിച്ചായിരുന്നു എന്ന് എന്നെങ്കിലും തോന്നിയിട്ടുണ്ടോ? സമയത്തിന്റെയും സന്ദര്‍ഭത്തിന്റെയും സമ്മര്‍ദങ്ങളില്‍ നിന്നാണ് നാം മാധ്യമപ്രവര്‍ത്തകര്‍ എഴുതുന്നതെന്നാണ് എന്റെ വിശ്വാസം. മാധ്യമപ്രവര്‍ത്തനത്തിനും രാഷ്ട്രീയത്തിനുമിടയില്‍ അങ്ങോട്ടുമിങ്ങോട്ടും പോകുമ്പോള്‍ ധര്‍മസങ്കടങ്ങളുണ്ടാകാതിരിക്കുമോ? അവ തരണം ചെയ്യാന്‍ താങ്കള്‍ക്കായോ?

ട്വിറ്റര്‍ ട്രോളുകളെപ്പോലാകാതിരിക്കണം എന്നതിനാല്‍ താങ്കള്‍ ഈ രാജ്യത്തെ കലാപങ്ങളെപ്പറ്റി, ഗുജറാത്ത് കലാപം ഉള്‍പ്പെടെ, എഴുതിയത് ഉയര്‍ത്തിക്കാട്ടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. വ്യക്തിപരമായി മാത്രമാണ് ഞാന്‍ ഇതു ചോദിക്കുന്നത്. താങ്കള്‍ക്കു മുന്‍പു പല മാധ്യമസ്ഥാപന അംഗങ്ങളും രാജ്യസഭയിലെത്തിയിട്ടുണ്ടാകണം. കോണ്‍ഗ്രസിനൊപ്പം താങ്കള്‍ ലോക്‌സഭയിലേക്കു മല്‍സരിച്ചു. ബിജെപിക്കൊപ്പം രാജ്യസഭയിലേക്കും. മാധ്യമപ്രവര്‍ത്തകരെ പാര്‍ലമെന്റിലെത്തിക്കുക എന്ന കോണ്‍ഗ്രസ് പാരമ്പര്യം നരേന്ദ്ര മോദി നിലനിര്‍ത്തുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. ഇന്ത്യന്‍ സംസ്‌കാരത്തിനു സ്തുതി പാടുന്നവര്‍ ഒരുപക്ഷേ അടല്‍ജി ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്നതും പ്രധാനമന്ത്രിയായശേഷവും അദ്ദേഹം തന്റെ പത്രമായ വീര്‍ അര്‍ജുനോടുള്ള സ്‌നേഹം ഉപേക്ഷിച്ചില്ല എന്നതും ശ്രദ്ധിച്ചിട്ടുണ്ടാകില്ല. മറ്റു ചില ഉദാഹരണങ്ങളും താങ്കള്‍ക്കു കണ്ടെത്താനായേക്കും.

ഞാന്‍ ഇതുവരെ രാഷ്ട്രീയത്തിലേക്ക് എടുത്തുചാടിയിട്ടില്ല. ഞാന്‍ അതു ചെയ്യുകയാണെങ്കില്‍ താങ്കള്‍ എനിക്കു വളരെ സഹായമായിരിക്കും. അതിനാലാണ് മാധ്യമപ്രവര്‍ത്തകര്‍ എന്തു ചെയ്യണമെന്ന് താങ്കള്‍ എന്നോടു പറയേണ്ടത്. അവര്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് മന്ത്രിമാരായി വീണ്ടും മാധ്യമപ്രവര്‍ത്തകരാകണോ? അങ്ങനെ ചെയ്താല്‍ അവര്‍ക്ക് വീണ്ടും റിപ്പോര്‍ട്ട് ചെയ്യാനാകുമോ? ദേശീയതാല്‍പര്യങ്ങളുടെ പേരില്‍ ഒരാള്‍ റിപ്പോര്‍ട്ടറാകുമ്പോള്‍ എപ്പോഴും രാഷ്ട്രീയ അവസരങ്ങളില്‍ കണ്ണുവയ്‌ക്കേണ്ടതുണ്ടോ?

ആദര്‍ശങ്ങളുടെ പേരില്‍ അധിക്ഷേപം ചൊരിയുന്നവര്‍ താങ്കളെ സ്വാഗതം ചെയ്യുന്നുണ്ടാകണം എന്നു ഞാന്‍ കരുതുന്നു. അവര്‍ താങ്കളുടെമേല്‍ പൂക്കള്‍ വിതറുന്നുണ്ടാകണം. താങ്കളുടെ സാമര്‍ത്ഥ്യം സംശയാതീതമാണ്. താങ്കള്‍ ഞങ്ങള്‍ എല്ലാവര്‍ക്കും ഹീറോയാണ്. ഞങ്ങളില്‍ മാധ്യമപ്രവര്‍ത്തനത്തെ മതമായി കാണുന്നവര്‍ക്ക് താങ്കള്‍ എങ്ങനെയാണ് അതിന്റെ ആചാരങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നത് എന്നു മനസിലാക്കാനായേക്കില്ല. കാരണം ഇക്കാലത്ത് ടിആര്‍പി അടിസ്ഥാനമാക്കിയാണ് അവതാരകര്‍ അവരുടെ പ്രാധാന്യം കാണിക്കുന്നത്. ഞാന്‍ പൂജ്യം ടിആര്‍പി അവതാരകനാണ്. എന്നെ ആരും കാണാറില്ലെന്നാണ് ടിആര്‍പി മീറ്റര്‍ പറയുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ താങ്കള്‍ക്ക് എന്റെ കത്ത് കണ്ടില്ലെന്നു നടിക്കാം. എന്നാല്‍ മന്ത്രിയെന്ന നിലയ്ക്ക് താങ്കള്‍ ഈ രാജ്യത്തെ ഓരോ പൗരനോടും ഉത്തരം പറയാന്‍ ബാധ്യസ്ഥനാണ്. അതിന്റെ അടിസ്ഥാനത്തില്‍ താങ്കള്‍ക്കു പ്രതികരിക്കാം. പൂജ്യം ടിആര്‍പിയുള്ള ഒരാളോട് എങ്ങനെ ഒരു മന്ത്രി പ്രതികരിക്കണമെന്ന് ഏറ്റവും കൂടുതല്‍ ടിആര്‍പിയുള്ളയാള്‍ താങ്കളോടു ചോദിക്കില്ല. അതും ഒരു വിദേശകാര്യസഹമന്ത്രി. ഒരിക്കല്‍ക്കൂടി ഈദ് മുബാറക്ക്. ഹൃദയത്തില്‍നിന്ന്.

താങ്കളുടെ സേവകന്‍,
രവീഷ് കുമാര്‍.

(എന്‍ഡിടിവി സീനിയര്‍ എക്‌സിക്യൂട്ടിവ് എഡിറ്ററാണ് രവീഷ് കുമാര്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍