UPDATES

വായിച്ചോ‌

“ഡിയര്‍ മിസ്റ്റര്‍ പ്രസിഡന്‌റ്, നമുക്ക് കളി തുടങ്ങാം”: ട്രംപിനോട് യുഎസ് മാദ്ധ്യമങ്ങള്‍

മാദ്ധ്യമപ്രവര്‍ത്തകരെ അടുപ്പിക്കില്ലെന്നതാണ് താങ്കളുടെ നയമെങ്കില്‍ അത് വലിയ അബദ്ധമായിരിക്കും എന്ന് മാത്രം പറയുന്നു. വിവരങ്ങള്‍ ശേഖരിക്കാന്‍ ഞങ്ങള്‍ക്ക് ഞങ്ങളുടേതായ ബദല്‍ മാര്‍ഗങ്ങളുണ്ട്.

നാളെ യുഎസ് പ്രസിഡന്‌റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കാന്‍ പോകുന്നു. ട്രംപിന് അമേരിക്കന്‍ പ്രസ് കോര്‍പ്‌സ് അയച്ച തുറന്ന കത്ത് ശ്രദ്ധേയമാവുകയാണ്. ട്രംപ് പ്രസിഡന്‌റാവുന്നതില്‍ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ നടക്കുന്നതിന് ഇടയിലാണ് കത്ത്.

ഡിയര്‍ മിസ്റ്റര്‍ പ്രസിഡന്‌റ്,
താങ്കള്‍ പ്രസിഡന്‌റായി അധികാരമേല്‍ക്കാന്‍ പോകുന്ന സാഹചര്യത്തില്‍ താങ്കളുടെ ഭരണകൂടവും അമേരിക്കന്‍ മാദ്ധ്യമലോകവും തമ്മിലുള്ള ബന്ധം എങ്ങനെയായിരിക്കും എന്നത് സംബന്ധിച്ചുള്ള ഞങ്ങളുടെ കാഴ്ചപ്പാടുകള്‍ വ്യക്തമാക്കേണ്ടതുണ്ട് എന്ന് തോന്നുന്നു. ആ ബന്ധം അത്ര സുഖകരമാവില്ല എന്ന് ഞങ്ങള്‍ വിചാരിക്കുന്നതില്‍ അദ്ഭുതമൊന്നുമില്ല. മാദ്ധ്യമ പ്രവര്‍ത്തകരേയും സ്ഥാപനങ്ങളേയും വൈറ്റ് ഹൗസില്‍ നിന്ന് അകറ്റിനിര്‍ത്താന്‍ താങ്കളുടെ പ്രസ് സെക്രട്ടറി നീക്കം നടത്തുന്നതായി അറിഞ്ഞു. താങ്കളുടെ പരിപാടികളില്‍ നിന്ന് മാദ്ധ്യമങ്ങളെ അകറ്റി നിര്‍ത്തുന്നു. താങ്കള്‍ ട്വിറ്ററിലൂടെ മാദ്ധ്യമപ്രവര്‍ത്തകരെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. താങ്കളുടെ അനുയായികളോടും ഇത്തരത്തില്‍ പെരുമാറാന്‍ ആവശ്യപ്പെടുന്നു.

മാദ്ധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസ് കൊടുക്കുമെന്ന്് താങ്കള്‍ ഭീഷണിപ്പെടുത്തുന്നു. ഭിന്നശേഷിക്കാരനായ ഒരു റിപ്പോര്‍ട്ടറെ നിങ്ങള്‍ക്ക് ഇഷ്ടമില്ലാത്തത് എന്തോ എഴുതിയതിന്‌റെ പേരില്‍ അപമാനിച്ചു. താങ്കളുടെ രീതി ഇങ്ങനെയൊക്കെ ആയിരിക്കാം. മാദ്ധ്യമ സ്വാതന്ത്ര്യം അമേരിക്കന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്നുണ്ടെങ്കിലും പ്രസിഡന്‌റ് അതിനെ ഏത് രീതിയില്‍ ബഹുമാനിക്കണം എന്നൊന്നും പറയുന്നില്ല. പതിവ് വാര്‍ത്താസമ്മേളനങ്ങള്‍ നിര്‍ബന്ധമുള്ള കാര്യവുമല്ല. മാദ്ധ്യമങ്ങളോടുള്ള സമീപനം താങ്കള്‍ക്ക് തീരുമാനിക്കാനുള്ള അവകാശമുള്ളത് പോല തന്നെ ഞങ്ങള്‍ക്കും ചില അവകാശങ്ങളുണ്ട്. ഞങ്ങളുടെ എയര്‍ടൈമിലും കോളങ്ങളിലും സ്വാധീനം ചെലുത്താന്‍ നിങ്ങളാണ് ശ്രമിക്കുന്നത്. വായനക്കാരെ, ശ്രോതാക്കളെ, പ്രേക്ഷകരെ ഒക്കെ എങ്ങനെ നല്ല രീതിയില്‍ കാര്യങ്ങള്‍ അറിയിക്കണം എന്ന് തീരുമാനിക്കുന്നത് നിങ്ങളല്ല, ഞങ്ങളാണ്. അതിന്‌റെ അടിസ്ഥാനത്തിലാവട്ടെ അടുത്ത നാല് വര്‍ഷത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍.

മാദ്ധ്യമപ്രവര്‍ത്തകരെ അടുപ്പിക്കില്ലെന്നതാണ് താങ്കളുടെ നയമെങ്കില്‍ അത് വലിയ അബദ്ധമായിരിക്കും എന്ന് മാത്രം പറയുന്നു. വിവരങ്ങള്‍ ശേഖരിക്കാന്‍ ഞങ്ങള്‍ക്ക് ഞങ്ങളുടേതായ ബദല്‍ മാര്‍ഗങ്ങളുണ്ട്. താങ്കളുടെ റാലികളില്‍ വിലക്കുണ്ടായിരുന്ന മാദ്ധ്യമ സ്ഥാപനങ്ങളാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഏറ്റവും മികച്ച റിപ്പോര്‍ട്ടിംഗ് നടത്തിയത്. ഞങ്ങളെ അടുപ്പിക്കില്ല എന്നത് ഏതായാലും ഒരു വെല്ലുവിളിയായി തന്നെ ഏറ്റെടുക്കുകയാണ്. താങ്കളുടെ ഉദ്യോഗസ്ഥരുമായും സംഘാംഗങ്ങളുമായും ക്യാമറയില്ലാതെ സംസാരിക്കാന്‍ ഞങ്ങള്‍ക്ക് ചിലപ്പോള്‍ അനുവാദം കിട്ടിയേക്കാം, ചിലപ്പോള്‍ കിട്ടില്ലായിരിക്കാം. ഞങ്ങള്‍ ചിലപ്പോള്‍ അതിന് തയ്യാറായേക്കാം, ചിലപ്പോള്‍ തയ്യാറാവില്ലായിരിക്കാം. അത് ഞങ്ങള്‍ തീരുമാനിക്കും.

ഏതായാലും ഞങ്ങള്‍ വിവരങ്ങള്‍ ശേഖരിക്കും. താങ്കളുടെ നിലപാടുകള്‍, നയങ്ങള്‍ ഇതൊക്കെ എന്താണെന്ന് ഞങ്ങള്‍ ജനങ്ങളെ അറിയിക്കും. ഇതിനര്‍ത്ഥം സത്യം വളച്ചൊടിക്കുന്നവര്‍ക്ക് ഞങ്ങള്‍ ഇടം നല്‍കുമെന്നല്ല. ആവശ്യമുള്ളപ്പോഴൊക്കെ ഇത്തരക്കാരെ എടുത്ത് പുറത്തിടും. വസ്തുതാപരമായ സത്യം എന്ന ഒന്നുണ്ട് എന്ന് ഞങ്ങള്‍ കരുതുന്നു. അതുമായി നിങ്ങളെ ഞങ്ങള്‍ ബന്ധിപ്പിക്കും. നിങ്ങളും നിങ്ങളുടെ ആളുകളും പറയുന്ന പ്രതിലോമകരമായ കാര്യങ്ങളെല്ലാം ഞങ്ങള്‍ ആവര്‍ത്തിച്ച് പറയും. വസ്തുതകളാണ് ഞങ്ങളെ മുന്നോട്ട് നയിക്കുന്നത്. ഗവണ്‍മെന്‌റിന് കുറിച്ച് വിശദമായ പരിശോധനകള്‍ ഞങ്ങള്‍ നടത്തും. താങ്കളും താങ്കളുടെ സംഘവും വൈറ്റ് ഹൗസിലാണ്. അമേരിക്കന്‍ ഗവണ്‍മെന്‌റ് വൈറ്റ് ഹൗസില്‍ മാത്രമല്ല ഉള്ളത്. താങ്കളുടെ ഉദ്യോഗസ്ഥരില്‍ നിന്ന് തന്നെ ഞങ്ങള്‍ വിവരങ്ങള്‍ ശേഖരിക്കും.

ഒരു തരത്തില്‍ പറഞ്ഞാല്‍ താങ്കളോട് നന്ദിയുണ്ട്. താങ്കളുടെ പ്രതിലോമകരമായ സമീപനം ഞങ്ങളെ കര്‍ത്തവ്യനിരതരും ഊര്‍ജ്ജസ്വലരും ആക്കി. മാദ്ധ്യമങ്ങള്‍ക്ക് വിശ്വാസ്യത നഷ്ടമാകുന്നുണ്ട് എന്ന കാര്യം താങ്കള്‍ മറ്റൊരു തരത്തില്‍ ബോദ്ധ്യപ്പെടുത്തി. ഞങ്ങള്‍ക്ക് ആ വിശ്വാസ്യത വീണ്ടെടുക്കണം. നിങ്ങള്‍ ഞങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിച്ചു. ഞങ്ങള്‍ ഇനി ഐക്യത്തോടെ മുന്നോട്ട് പോവുകയാണ്. താങ്കള്‍ ഇനി നേരിടാന്‍ പോകുന്നത് അമേരിക്കയിലെ മൊത്തം മാദ്ധ്യമങ്ങളെയാണ്. ഞങ്ങളുടെ സഹപ്രവര്‍ത്തകരുടെ വാര്‍ത്തകള്‍ ഞങ്ങള്‍ പ്രാധാന്യത്തോടെ പ്രചരിപ്പിക്കും. നമ്മള്‍ ഒരു നീണ്ട കളി തുടങ്ങാന്‍ പോവുന്നു. താങ്കള്‍ ഒരു പക്ഷേ എട്ട് വര്‍ഷത്തേയ്ക്ക് ഈ കളി കളിയ്‌ക്കേണ്ടി വന്നേക്കാം. ഈ രാജ്യം ഉണ്ടായത് മുതല്‍ ഞങ്ങളിവിടെ സജീവമായുണ്ട്. ഈ രാജ്യത്തെ ജനാധിപത്യത്തില്‍ ഞങ്ങള്‍ വഹിക്കുന്ന പങ്ക് അംഗീകരിക്കപ്പെടുന്നതാണ്. ഞങ്ങള്‍ ആരാണെന്നും എന്തിനാണ് പ്രവര്‍ത്തിക്കുന്നതെന്നും സംബന്ധിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിച്ചതിന് നന്ദി.

താങ്കളുടെ ഇനോഗുരേഷന്‍ (പ്രസിഡന്‌റായി സ്ഥാനമേല്‍ക്കല്‍) ആസ്വദിക്കൂ….

വായനയ്ക്ക്:
https://goo.gl/JpNctm

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍