UPDATES

ഡോ. ജിമ്മി മാത്യു

കാഴ്ചപ്പാട്

സ്റ്റെതസ്കോപ്പും കത്തിയും പിന്നെ ഞാനും

ഡോ. ജിമ്മി മാത്യു

ട്രെന്‍ഡിങ്ങ്

എന്റെ തല, എന്റെ ഫുൾ ഫിഗർ, എന്റെതല്ലാത്ത ഹർത്താലും

എന്റെ പോലത്തെ സ്വാർത്ഥ ഉടായിപ്പന്മാർ ഉള്ളിടത്തോളം കാലം ഈ നാട് എങ്ങനെ നന്നാവും?

ഞാൻ എന്തായാലും ഹർത്താൽ ബഹിഷ്കരിക്കും, ജോലിക്ക് പോകും! – ഇങ്ങനെ കുറെ ഏറെ പേര് എഴുതിയത് കണ്ടു. വാശി നല്ലതാണ്. ഇങ്ങനെ വാശി ഉള്ളവരിലൂടെ ആണ്, നാട്ടിൽ മാറ്റങ്ങൾ ഉണ്ടാവുന്നത്.

എന്നാൽ ഞാൻ അങ്ങനെ ഒരിക്കലും പറയൂല്ല.!!

ഞാൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ ട്രെയിനി ആയി ജോലി ചെയ്യുമ്പോൾ, എല്ലാ ഹർത്താലിനും മൂന്ന് കിലോമീറ്റർ നടന്ന് ആണെങ്കിലും പോകുമായിരുന്നു. ആത്മാർത്ഥത.

അന്നൊക്കെ മിക്ക സ്ട്രോങ്ങ് ബന്ദുകളും പ്രമുഖ വിപ്ലവ പാർട്ടി ആണ് ആഹ്വാനം ചെയ്ത് കൊണ്ടിരുന്നത്. അങ്ങനെ ഒരു ഹർത്താലിൽ ഞാൻ ഡ്യൂട്ടി എടുത്തൊണ്ടിരിക്കുമ്പോൾ ആണ്, മനോഹരേട്ടൻ അത്യാഹിത വിഭാഗത്തിൽ വരുന്നത്. കൈ തണ്ട എല്ലു വരെ മുറിഞ്ഞു ഇരിക്കുന്നു! ഞരമ്പും വള്ളിയും, രക്ത കുഴലും ഒക്കെ സ്വാഹ. ഞാൻ താമസിക്കുന്ന വീടിന്റെ അടുത്ത് തയ്യൽക്കട നടത്തുക ആണ് മനോഹരേട്ടൻ. പാർട്ടി അണി ആണ്.

സിംപിൾ ആൻഡ് ഹമ്പിൾ ആയിട്ട്, ഒരു കെ എസ് ർ ടി സി ബസിന്റെ ചില്ല് സിനിമ സ്റ്റൈലിൽ ഇടിച്ചു തകർത്തതാണ് മനോഹരേട്ടൻ.

അപ്പൊ സുഹൃത്തുക്കളെ, ഈയവസരം ഞാൻ ഒരു കാര്യം പറയാൻ ഉപയോഗിക്കുക ആണ്. സിനിമ അല്ല ജീവിതം. വെറും കൈ കൊണ്ട് ചില്ല് ഇടിച്ചു തകർക്കുന്നത്, സിനിമേൽ കാണാൻ നല്ല രസമാണ്. ശരിക്കും ഒരു രസോമില്ല.

അങ്ങനെ ആ ഹർത്താൽ ദിവസം നാലഞ്ചു മണിക്കൂർ മനോഹരേട്ടന്റെ കൈയിൽ പണിതു. തിരിച്ച് നടക്കാൻ മടിച്ച് അത്താഴം കഴിക്കാതെ അവിടെ കിടന്നു. രാത്രീലും ഡ്യൂട്ടി ഉണ്ടല്ലോ.

രണ്ടു മൂന്നു മാസം കഴിഞ്ഞു. സംഭവം മനോഹരേട്ടന്റെ കൈ കൊണ്ട് ദൈനം ദിന കാര്യങ്ങൾ ചെയ്യാൻ ആയെങ്കിലും, തൈക്കാൻ പറ്റുന്നില്ല. ആ വീട് വഴിയാധാരമായി.

അങ്ങനെ ഇരിക്കുമ്പോ, അടുത്ത ഹർത്താൽ വന്നു. ഇതേ പാർട്ടീടെ തന്നെ. ഇത്തവണ സൈക്കിൾ എടുത്ത് ആണ് പോയത്. പകുതി ചെന്നപ്പോ, കുറെ പേര് നിന്ന് സൈക്കിൾ തടഞ്ഞു!!

അഞ്ചാറ് വലിയ ആമ്പിറന്നോന്മാർ. ചോദ്യ ഭാവം.

“ഡോക്ടർ ആണ്. മെഡിക്കൽ കോളേജിലേക്ക്…”

ഞാൻ അത്യധികം താഴ്മയായി ഉണർത്തിച്ചു.

“ആരാണെങ്കിലും, നടന്നു പോയാൽ മതി.” ഒരുത്തൻ പ്രഖ്യാപിച്ചു. വേറൊരുത്തൻ സൈക്കിളിന്റെ കാറ്റ് അഴിച്ചും വിട്ടു.

ഞാൻ വിഷണ്ണൻ ആയി, 3 ജി ആയി വണ്ടി ഉന്തിക്കൊണ്ടു പോകുമ്പോ പിറകിൽ നിന്ന് പൊട്ടിച്ചിരികൾ പിന്തുടർന്നു.

അങ്ങനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിയപ്പോ, ആണ് രാഹുലൻ ഡോക്ടറുടെ കാര്യം അറിയുന്നത്.

സർവ സമ്മതൻ ആയ ഒരു സ്‌പെഷ്യലിസ്റ്റ് ഡോക്ടർ ആണ് പുള്ളി. സേവനം തന്നെ സേവനം. വീട്ടിൽ പ്രാക്ടീസ് ഇല്ല. ആശുപത്രി എന്ന് പറഞ്ഞാൽ മരിക്കും. എല്ലാ ഹർത്താലിനും കാർ എടുത്ത് തന്നെ ആശുപത്രിയിൽ പോകും. അങ്ങനെ, അന്ന് വരുന്ന വഴിയിൽ, ഏതോ ഒരുത്തൻ, വലിയ കല്ലെടുത്ത് ഒറ്റ ഏറ്. ചില്ല് ഉടഞ്ഞു കല്ല് രാഹുലൻ ഡോക്ടറുടെ തലേടെ എല്ല് പൊട്ടിച്ചു. മസ്തിഷ്‌കം പുറത്ത് ചാടി.

(പിന്നീട് ആറ് മാസത്തോളം ചികിത്സയിൽ ആയിരുന്നു. സാധാരണ കുടുംബം. ഒരേ ഒരാൾ വീട്ടിൽ ജോലി ഉള്ളത്. വളരെ കഷ്ടപ്പെട്ടു, കുടുംബം. ഭാഗ്യത്തിന് ഭേദപ്പെട്ട്, ജോലിയിൽ തിരിച്ചു കേറി)

കേരള സമൂഹം എന്തുകൊണ്ട് ബിജെപിയോട് കടപ്പെട്ടിരിക്കുന്നു

അന്ന്, തിരിച്ചു നടന്നു വരുമ്പോൾ, അതാ വഴിയിൽ മനോഹരേട്ടൻ. ഞാൻ ദേഷ്യത്തോടെ പറഞ്ഞു: “നിങ്ങടെ ഒരു കോപ്പിലെ ഹർത്താൽ!”

മനോഹരേട്ടന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു. എങ്കിലും സ്വന്തം കയ്യിലേക്ക് നോക്കി പുള്ളി ഒക്കെ കടിച്ചമർത്തി.

“അതെ, ഡോക്ടറെ, ഈ ഹർത്താലിന് വീട്ടിൽ ഇരുന്നാ പോരെ? വല്ല കാര്യോണ്ടോ?”

ടേണ്ടടാ, ടാണാ, ടാണാ…

അത് ശരിയാണല്ലോ.

പിന്നെയും ഹർത്താലിന് പോയിട്ടൊക്കെ ഉണ്ട്. ആത്മാർത്ഥത തീരെ പോയിട്ടൊന്നും ഇല്ല. പക്ഷെ എന്നാലും, കുഴപ്പമില്ല എന്ന് തോന്നുന്നെങ്കിൽ മാത്രമേ ഞാൻ പോകുകയുള്ളൂ. കാരണം എന്താണെന്നല്ലേ?

ഈ പെണ്ണുങ്ങൾ കയറിയാലും ഇല്ലെങ്കിലും എനിക്ക് ഒരു ചുക്കുമില്ല. പിറവം പള്ളി ബാവയ്ക്ക് ആയാലും മെത്രാനു പോയാലും എന്റെ ഒരു രോമം പോലും പോകില്ല. യേശു ക്രിസ്തൂനെ ആർ എന്ത് പറഞ്ഞാലും എനിക്ക് ഒരു ചുക്കുമില്ല.

പണ്ട്, അധീശ ശക്തി ആയ ബ്രിട്ടീഷുകാരെ ഓടിക്കാൻ ആണ് ഇത്തരം സമര രീതികൾ നമ്മൾ തുടങ്ങിയത്. ഇത് കൊണ്ടൊക്കെ, ഇന്ത്യയുടെ ഉത്പാദനം മൊത്തം കൊഞ്ഞാട്ട ആയി, നമ്മൾ ഒരു ഭാരം ആയത് കൊണ്ട് കൂടി ആണ്, അവന്മാർ നമുക്ക് സ്വാതന്ത്ര്യം തന്നത്.

ഇപ്പോൾ, നമ്മൾ നമ്മക്ക് തന്നെ ഭാരം ആകരുത്.

എന്നാൽ, ഭരണഘടനാ, നിയമ വ്യവസ്ഥ, ഇതിനെയൊക്കെ ഭീഷണിപ്പെടുത്തുന്ന അധീന ശക്തികൾ ഉള്ളിൽ നിന്നോ, പുറമെ നിന്നോ നമ്മെ കീഴ്‌പ്പെടുത്തും എന്ന ഒരു സ്ഥിതിയിൽ, കഠിന സമര മാർഗങ്ങൾ വേണ്ടി വരും. അതുവരെ, ഈ ചീള്, ഇഷ്യൂസ് ഒന്നും എന്നെ സംബന്ധിച്ച് ഇഷ്യു അല്ല.

അമൃതാനന്ദമയി, സെന്‍കുമാര്‍, പ്രിയദര്‍ശന്‍; ഹര്‍ത്താലിലെ നഷ്ടപരിഹാരം ശബരിമല കര്‍മ്മസമിതി നേതാക്കളായ ഇവരില്‍ നിന്നും ഈടാക്കണം

പിന്നെ എന്താണ് ഇഷ്യു?

എന്റെ തല, എന്റെ ഫുൾ ഫിഗർ.

എന്റെ ഭാര്യെടേം പിള്ളേർടേം തല, അവറ്റകളുടെ ഫുൾ ഫിഗർ.

തന്ത, തള്ളേടെ ഒക്കെ തല, ഫുൾ ഫിഗർ.

എന്റെ കാറിന്റെ ചില്ല്, അതിന്റെ ഫുൾ ഫിഗർ.

വീടിന്റെ ചില്ല്..അതിന്റെ…

അങ്ങനെ, അങ്ങനെ…

എന്ന് വച്ച് ഈ ഇഷ്യുവിൽ ഒന്നും അഭിപ്രായം ഇല്ല, എന്ന് ധരിക്കരുത്. ഉണ്ട്. ഏത് ഇഷ്യൂവിലും അഭിപ്രായം, നിയമ വാഴ്ചയോടും ഭരണ ഘടനയോടും ഒപ്പമാണ്. കാരണം എന്താണെന്നല്ലേ?

അങ്ങനെയേ എനിക്ക് സംരക്ഷിക്കാൻ പറ്റൂ.

എന്ത്?

എന്റെ തല, എന്റെ ഫുൾ ഫിഗർ.

എന്റെ പിള്ളേർടെ തല, അവരടെ ഫുൾ ഫിഗർ.

പിന്നെ…

എന്താല്ലേ? എന്റെ പോലത്തെ സ്വാർത്ഥ ഉടായിപ്പന്മാർ ഉള്ളിടത്തോളം കാലം ഈ നാട് എങ്ങനെ നന്നാവും?

എനിക്ക് പ്രതീക്ഷ ഇല്ല.

നേരാം വണ്ണം കൂലി നല്‍കാത്ത മാധ്യമ മുതലാളിമാര്‍ക്ക് വേണ്ടി തൊഴിലാളി പണിമുടക്കിനെ അവഹേളിച്ചെഴുതിയവരോട്

ഡോ. ജിമ്മി മാത്യു

ഡോ. ജിമ്മി മാത്യു

ഡോക്ടര്‍ ജിമ്മി മാത്യു, എം സ്, എം സി എച്ച്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് എം ബി ബി സ് കഴിഞ്ഞ്, ജിപ്മെര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജ് എന്നിവയില്‍ നിന്ന് തുടര്‍ പരിശീലനങ്ങള്‍ നടത്തി. ബംഗളുരുവില്‍ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജ്, ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്, കൊച്ചി അമൃത മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ ജോലി ചെയ്തിട്ടുണ്ട്. ഇന്‍ഫോ ക്ലിനിക് എന്ന കൂട്ടായ്മയുടെ മെമ്പര്‍ ആണ്. ഡി സി പ്രസിദ്ധീകരിച്ച 'ചിരിയിലൂടെ ചികിത്സ' തുടങ്ങിയ ധാരാളം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. Blog - https://healthylifehappylife.in/

More Posts - Website

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍