UPDATES

സിനിമ

കമലെന്തിന് തീയരെ ദളിതരാക്കി? ആമിയിലെ കീഴാള ജാതിയും സ്വവര്‍ഗ ലൈംഗികതയും

പ്രായപൂര്‍ത്തിയായ കമല പുരുഷശരീരത്തെ തീവ്രമായി കാമിച്ച, പുരുഷന്‍റെ പ്രണയത്തിന് വേണ്ടി മതം പോലും മാറിയ ഭിന്നവര്‍ഗപ്രേമി (Heterosexual) മാത്രമാണ്

മാധവിക്കുട്ടിയുടെ തുറന്നെഴുത്തുകള്‍  പ്രണയത്തെയും അതിനാധാരമായ ലൈംഗികതയെയും കുറിച്ച് മാത്രമായിരുന്നില്ല.  ജാതി, നിറം, വയസ്സ്, സാമ്പത്തികം, ഭാഷ എന്നിങ്ങനെ ഒരു മനുഷ്യന്‍റെ  ജീവിതത്തെ ശ്രേണീബദ്ധമായി നിയന്ത്രിക്കുന്നവയെയെല്ലാം ഒരു ശസ്ത്രക്രിയാവിദഗ്ദ്ധന്‍റെ സൂക്ഷ്മതയോടെ കീറിമുറിച്ച് പരിശോധിക്കുന്നവയാണ് അവരുടെ കൃതികളിലെ സത്യസന്ധവും ധീരവുമായ  തുറന്നെഴുത്തുകള്‍. ലോകസാഹിത്യത്തിലെ തന്നെ ഏറ്റവും മികച്ച ചെറുകഥകളുടെ പട്ടികയില്‍ പെടുത്താവുന്ന  കുറച്ചു മണ്ണ്, പക്ഷിയുടെ മണം, കല്യാണി, നെയ്പായസം എന്നിവയെല്ലാം  1973-ല്‍ പ്രസിദ്ധീകരിച്ച സ്ഫോടനാത്മകമായ ‘എന്‍റെകഥ’യേക്കാള്‍ വളരെ മുമ്പേ തന്നെ എഴുതപ്പെട്ടിരുന്നു. എന്നാല്‍ ‘എന്റെ കഥ’യിലെ ലൈംഗികത സൃഷ്ടിച്ച പുകമറയില്‍ അവരുടെ കൃതികളിലെ മറ്റ് തന്മകളെ കുറിച്ചുള്ള പ്രതിനിധാനങ്ങള്‍ അവ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ പഠിക്കപ്പെടാതെ പോയി എന്നതാണ് സത്യം.

മാധവിക്കുട്ടിയുടെ ബാല്യകൌമാരങ്ങളെ കുറിച്ചുള്ള ആത്മകഥാപരമായ പുസ്തകത്രയങ്ങളാണ് ബാല്യകാലസ്മരണകള്‍, വര്‍ഷങ്ങള്‍ക്ക് മുന്‍പ്, നീര്‍മാതളം പൂത്തകാലം എന്നിവ. ഗൃഹാതുരത്വം നിറഞ്ഞ, നിഷ്കളങ്കതയുടെ മനോഹാരിത തുളുമ്പിനില്‍ക്കുന്ന ഈ ആദ്യകാല സ്മരണകളില്‍ നാലപ്പാട്, കല്‍ക്കത്ത എന്നിവിടങ്ങളിലെ വീട്ടുവേലക്കാര്‍ വളരെ പ്രധാനപ്പെട്ട കഥാപാത്രങ്ങളായി വരുന്നുണ്ട്. ശങ്കരന്‍, ദേവകി എന്നീ വീട്ടുവേലക്കാരായ കഥാപാത്രങ്ങളുടെ രാഗദ്വേഷങ്ങളും ശങ്കരന്‍റെ നിഗൂഢമായ തിരോധാനവും വായനക്കാര്‍ ഉദ്വേഗത്തോടെ വായിച്ചുതീര്‍ത്തവയാണ്. മധ്യവര്‍ഗ സമ്പന്ന കുടുംബത്തില്‍ ജനിച്ച മാധവിക്കുട്ടിയെ സമൂഹത്തിന്‍റെ താഴേക്കിടയുലുള്ളവരുടെ മനോവ്യാപാരങ്ങളും ജീവിതസാഹചര്യങ്ങളും മനസ്സിലാക്കാനും അവയെ സാഹിത്യകൃതികളില്‍ പ്രതിനിധാനം ചെയ്യാനും പ്രാപ്തയാക്കിയത് ഈ വീട്ടുജോലിക്കാരുമായുള്ള ഊഷ്മളമായ സ്നേഹബന്ധവും നിരന്തരമായ സഹവാസവുമായിരുന്നു. നാലപ്പാട്ട് വീട്ടിലെ അടുക്കളജോലികള്‍ ചെയ്തിരുന്നത് നായന്മാരായ വേലക്കാരായിരുന്നുവെങ്കില്‍ പുറംജോലികള്‍ ചെയ്തിരുന്നത് താഴ്ന്ന ജാതിയില്‍ പെട്ട മാമ്പുള്ളി കൃഷ്ണന്‍റെ ഭാര്യയായ വള്ളി, അവരുടെ മക്കള്‍, മരുമക്കള്‍ എന്നിവരായിരുന്നു.

ബാല്യകാലസ്മരണകള്‍ എന്ന പുസ്തകം തുടങ്ങുന്നത് തന്നെ ജാതിവ്യത്യാസത്തെ കുറിച്ചുള്ള ആദ്യപാഠം പഠിപ്പിച്ച അനുഭവത്തെ കുറിച്ച് വിവരിച്ചുകൊണ്ടാണ്. ബാലികയായിരുന്നപ്പോള്‍ അമ്മമ്മയുമായി കോവിലകം സന്ദര്‍ശിച്ച അനുഭവങ്ങളില്‍ അവിടത്തെ തമ്പുരാന്‍ ജാതിക്കാരില്‍ നിന്നും നായന്മാര്‍ നേരിടുന്ന വിവേചനങ്ങളെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ബാലികയായ കമല ‘അടിയന്‍’ എന്ന് സ്വയം വിളിക്കാന്‍ മാതൃകയാക്കിയ വള്ളി തീയര്‍ ജാതിയില്‍ പെട്ടവരായിരുന്നുവെന്നത് മാധവിക്കുട്ടി വ്യക്തമായി എഴുതിവച്ചിട്ടുള്ള വസ്തുതയാണ്. എന്നാല്‍ കമലിന്‍റെ തിരക്കഥയില്‍ വള്ളിയുടെ ജാതി പട്ടികജാതിയില്‍ പെട്ട ചെറുമിയാക്കി മാറ്റിയിരിക്കുന്നു! ചരിത്രവസ്തുതകളെ സംവിധായകന്‍ എന്തിനിങ്ങനെ വളച്ചൊടിച്ചു എന്നാലോചിക്കുമ്പോള്‍ തെളിഞ്ഞുവരുന്നത് കേരളത്തിലെ ഈഴവ-തിയ്യ ജാതികള്‍ 1939-ല്‍ നിന്ന് 2018 ആവുമ്പോഴേക്കും നടത്തിയ സാമൂഹ്യ-സാമ്പത്തിക-സാംസ്കാരിക മുന്നേറ്റങ്ങളാണ്. പണ്ടുകാലത്തെ ജാതി വ്യവസ്ഥയുടെ ക്രൌര്യവും അത് സംസാരഭാഷയില്‍ എത്രമാത്രം പതിഞ്ഞിരുന്നു എന്നുള്ളതുമായ വസ്തുതകള്‍ ഇന്നത്തെ നായര്‍-ഈഴവ-തിയ്യ തലമുറയ്ക്ക് അന്യമാണ്. ഇന്നത്തെ സിനിമാ കാണികളില്‍ ഭൂരിപക്ഷം വരുന്ന ഈ മധ്യവര്‍ഗത്തെ പഴയ ജാതിവിവേചനങ്ങള്‍ ചിത്രീകരിച്ച് അലോസരപ്പെടുത്താതിരിക്കാനായിരിക്കണം കമല്‍ ഈ ‘ജാതിമാറ്റം’ നടത്തിയത്. എന്നിരുന്നാലും ഭാവിയിലെ സാമൂഹ്യശാസ്ത്ര രേഖകളായി മാറുന്ന സാഹിത്യത്തിലും സിനിമയിലും ചരിത്രത്തെ കുറിച്ചുള്ള അപ്രിയസത്യങ്ങള്‍ വളച്ചൊടിക്കാതെതന്നെ ചിത്രീകരിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് യാഥാര്‍ഥ ജീവിതത്തെ ചിത്രീകരിക്കുന്ന ആത്മകഥകളിലും ജീവചരിത്രസിനിമകളിലുമെല്ലാം. ഇങ്ങനെ ഒരു മാറ്റം തിരക്കഥയില്‍ വരുത്തിയത് ദളിത്‌ വിരുദ്ധത എന്ന് പോലും ആരോപിക്കാവുന്ന  തരത്തിലുള്ള അക്ഷന്തവ്യമായ തെറ്റ് തന്നെയാണ്.

മഞ്ജു വാര്യര്‍/അഭിമുഖം; ‘എന്റെ കഥ’യിലെ മാധവിക്കുട്ടിയല്ല, ‘എന്റെ കഥ’യെഴുതിയ മാധവിക്കുട്ടിയാണ് ആമി

‘നീര്‍മാതളം പൂത്ത കാലം’ എന്ന വയലാര്‍ അവാര്‍ഡ് നേടിയ ഓര്‍മ്മ പുസ്തകം 1993-ല്‍ ജീവിതസായാഹ്നത്തില്‍ പ്രസിദ്ധീകരിച്ചതോടെ ഇന്നത്തെ തലമുറയുടെ മുന്‍പില്‍ ‘നീര്‍മാതളത്തിന്‍റെ കഥാകാരി’ എന്ന് ബ്രാന്‍ഡ് ചെയ്യപ്പെടാനായിരുന്നു മാധവിക്കുട്ടിയുടെ വിധി. കമല്‍ സംവിധാനം ചെയ്ത ‘ആമി’ എന്ന ബയോപികും ഈ ബ്രാന്‍ഡിങ്ങിനെ പരമാവധി ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. സ്നേഹരഹിതമായ ദാമ്പത്യത്തില്‍ നിന്നുടലെടുത്ത കമലയുടെ വിവാഹബാഹ്യ പ്രണയങ്ങള്‍ സിനിമ പൂര്‍ണ്ണമായും ഒഴിവാക്കുകയോ സൂചനകളില്‍ ഒതുക്കുകയോ ചെയ്യുന്നുണ്ട്. എന്നിരുന്നാലും എഴുത്തുകാരിയുടെ ദാമ്പത്യത്തിലെ പ്രശ്നങ്ങളുടെ പ്രധാന കാരണമായിരുന്ന ഭര്‍ത്താവിന്‍റെ വിവാഹേതര, സ്വവര്‍ഗബന്ധങ്ങള്‍, വിധവയായതിനു ശേഷമുള്ള മതം മാറ്റത്തിന് കാരണമായ മുസ്ലീം യുവാവുമായുള്ള പ്രണയം എന്നിവയെല്ലാം സിനിമയില്‍ വ്യക്തമായി ചിത്രീകരിച്ചിട്ടുണ്ട്. ആ സത്യസന്ധതയ്ക്ക് കമല്‍ അഭിനന്ദനം അര്‍ഹിക്കുന്നു. എന്നാല്‍  ഭര്‍ത്താവിന്‍റെ കാമുകനെ ചിത്രീകരിക്കുന്നതിലും കമല്‍ പൊതുബോധത്തെ തൃപ്തിപ്പെടുത്താനായി വസ്തുതകളെ വളച്ചൊടിക്കുന്നുണ്ട്. കാമുകന്‍ ചെറിയ ശരീരഘടനയുള്ള, സ്ത്രൈണമായ മുഖഭാവമുള്ള ഒരുവനാണ് എന്നുള്ളതെല്ലാം ശരിയായി ചിത്രീകരിച്ചിട്ടുണ്ട്. ഭര്‍ത്താവിന്‍റെ ഏറ്റവും അടുത്ത സുഹൃത്തും അവരുടെ വാടകവീട്ടിലെ അയല്‍ക്കാരനും ആയാണ് കൃതികളില്‍ കാമുകനെ അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ അയാളെ വേലക്കാരന്‍ പോലും ‘സാലാ ഹറാമി, കിത്നാ ഗന്ധാ ഇന്‍സാന്‍ ഹെ’ എന്ന് മറ്റുള്ളവരുടെ മുന്‍പില്‍ വച്ച് അധിക്ഷേപിക്കുന്ന തരത്തിലുള്ള നികൃഷ്ടജീവിയായാണ്‌ സിനിമയില്‍ കാണിക്കുന്നത്. സ്വവര്‍ഗപ്രേമികള്‍ സാമൂഹ്യമായി ദൃശ്യതയും അംഗീകാരവുമെല്ലാം നേടിക്കൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്ത് ഇത്തരം സ്വവര്‍ഗഭീതി (Homophobia) ഉണര്‍ത്തുന്ന അനാവശ്യമായ ഏച്ചുകെട്ടലുകള്‍ ഒഴിവാക്കാമായിരുന്നു.

ആമി വരുന്നു; വര്‍ഗീയ ഫാസിസ്റ്റ് കാലത്ത് അനിവാര്യമായ ഒരു സിനിമ: കമല്‍/അഭിമുഖം

എന്റെ കഥയിലും ചെറുകഥകളിലുമെല്ലാം ലെസ്ബിയന്‍ പ്രണയത്തെ ആഘോഷിച്ച എഴുത്തുകാരിയാണ് കമല ദാസ്. ആമി സിനിമയില്‍ സ്ത്രീസ്വവര്‍ഗാനുരാഗത്തെ പാടെ ഒഴിവാക്കിയതില്‍ ചില ഗേ സുഹൃത്തുക്കള്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കൗമാരകാലത്ത് തനിക്ക് ലെസ്ബിയന്‍ പെണ്‍കുട്ടികളില്‍ നിന്നുണ്ടായിട്ടുള്ള പ്രണയാനുഭവങ്ങളെ പറ്റി അവര്‍ ആത്മകഥകളില്‍ പരാമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരം സാന്ദര്‍ഭിക അനുഭവങ്ങള്‍ അവരെ ലെസ്ബിയന്‍, ബൈസെക്ഷ്വല്‍ എന്നൊന്നും മുദ്രചാര്‍ത്താന്‍ പര്യാപ്തമല്ല. പ്രായപൂര്‍ത്തിയായ കമല പുരുഷശരീരത്തെ തീവ്രമായി കാമിച്ച, പുരുഷന്‍റെ പ്രണയത്തിന് വേണ്ടി മതം പോലും മാറിയ ഭിന്നവര്‍ഗപ്രേമി (Heterosexual) മാത്രമാണ്. സ്വവര്‍ഗഭീതി തീരെ ഇല്ലാത്ത ചിലര്‍ സ്വവര്‍ഗപ്രേമികളുടെ പ്രണയകാമനകള്‍ക്ക് സ്വമേധയാ വഴങ്ങി കൊടുക്കുന്ന തന്മയായ ‘ഉഭയജിജ്ഞാസി’ (Bi-Curious) എന്നൊക്കെ വേണമെങ്കില്‍ അവരെ വിശേഷിപ്പിക്കാം എന്നുമാത്രം.

ബാല്യകാലസ്മരണകള്‍, വര്‍ഷങ്ങള്‍ക്ക് മുന്‍പ്, നീര്‍മാതളം പൂത്തകാലം, എന്‍റെ കഥ, എന്‍റെ ലോകം, വിഷാദം പൂക്കുന്ന മരങ്ങള്‍, ഡയറിക്കുറിപ്പുകള്‍, ഒറ്റയടിപ്പാത, Love Queen of Malabar എന്നീ പുസ്തകങ്ങളിലൂടെയും വിവിധകാലത്തെ അഭിമുഖങ്ങളിലൂടെയും തന്‍റെ സംഭവബഹുലമായ ജീവിതം ഇത്ര വിപുലമായി തുറന്നുകാട്ടിയ മാധവിക്കുട്ടിയെ കുറിച്ച് ബയോപിക് സിനിമ എടുക്കാന്‍ തുനിയുന്നത് തന്നെ ഒരു വലിയ സാഹസമാണ്. അതിനാല്‍ തന്നെ സിനിമയില്‍ കാണിക്കാത്ത കാര്യങ്ങളെ കുറിച്ച് വിലപിക്കുന്നതിനേക്കാള്‍ കാണിച്ച കാര്യങ്ങളുടെ സത്യസന്ധതയെ വിലയിരുത്തുന്നതായിരിക്കും ഉചിതം. ഇതില്‍ സംവിധായകന്‍ കമല്‍ വലിയൊരളവില്‍ വിജയിക്കുന്നുണ്ട്.

(മാധവിക്കുട്ടി കൃതികളിലെ സ്വവര്‍ഗപ്രണയത്തെ കുറിച്ചുള്ള വിശദമായ പഠനം ലേഖകന്‍റെ “രണ്ട് പുര്‍ഷന്മാര്‍ ചുംബിക്കുമ്പോള്‍ – മലയാളി ഗേയുടെ ആത്മകഥയും എഴുത്തുകളും” എന്ന പുസ്തകത്തില്‍ ഉണ്ട്. )

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ഏറെക്കുറെ സത്യസന്ധമായ ആമി

മഞ്ജുവിന്റെ സുന്ദരമായ ആമി, കമലിന്റെയും

ഒറിജിനലിന് ഒരു കോപ്പിയേ ഉള്ളൂ; കമലിന്റെ ആമിയില്‍ മാധവിക്കുട്ടി ഇല്ലാതില്ല

തുറന്നെഴുതിയ ആമിയെ പൊതിഞ്ഞു പറഞ്ഞതെന്തിനാണ്…

കിഷോര്‍ കുമാര്‍

കിഷോര്‍ കുമാര്‍

കേരള സമൂഹത്തിൽ സ്വവർഗപ്രേമിയായി സ്വയം വെളിപ്പെടുത്തിയ ചുരുക്കം ചിലരിൽ ഒരാൾ. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച 'രണ്ട് പുരുഷന്മാർ ചുംബിക്കുമ്പോൾ - മലയാളി ഗേയുടെ ആത്മകഥയും എഴുത്തുകളും' എന്ന പുസ്തകത്തിന്റെ രചയിതാവ്. LGBTIQ മലയാളികളുടെ മനുഷ്യാവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന 'ക്വിയറള' (queerala.com) എന്ന സംഘടനയുടെ ബോർഡ് മെമ്പർ.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍