UPDATES

അപര്‍ണ്ണ

കാഴ്ചപ്പാട്

Off-Shots

അപര്‍ണ്ണ

സിനിമ

ടിക്കറ്റെടുത്ത് കാണുന്നവര്‍ സിനിമ മോശമെങ്കില്‍ അത് പറയും; തെറിവിളിയാണോ സര്‍ മറുപടി?

ഓൺലൈൻ മാധ്യമ രംഗത്തു നിന്നും സിനിമയെ പറ്റി നല്ലത് എഴുതാൻ പണം ചോദിച്ചു എന്ന് നിർമാതാവ് തന്നോട് പറഞ്ഞതായി സംവിധായകൻ കമൽ പറയുന്നു

അപര്‍ണ്ണ

മലയാളത്തിലെ ഏറ്റവും മോശം ബയോപിക്ക് ആമി ആണെന്ന അഭിപ്രായമൊന്നും ഇല്ല. മനസ്സിൽ സ്വന്തമായി ഒരു വിഗ്രഹമായോ പ്രണയിനിയായോ അവരെ പ്രതിഷ്ഠിക്കാത്തത്‌ കൊണ്ട് എന്റെ ആമി ഇങ്ങനല്ല, അങ്ങനല്ല എന്നൊന്നും കരയാനും തോന്നിയില്ല.എന്നാല്‍ അവരെ പറ്റി അറിഞ്ഞ സംഭവങ്ങൾ സത്യസന്ധതക്കുറവില്ലാതെ സ്ക്രീനിലേക്ക് പകർത്തിയത് പോലെ തോന്നി. അതിനപ്പുറം അവരിടുന്ന പട്ടുസാരിയുടെ നിറമോ വട്ടപ്പൊട്ടിന്റെ വലിപ്പമോ ആഭരണ ചേർച്ചയോ വിഷയമായിരുന്നു൦ ഇല്ല; ഇത് വളരെ വ്യക്തിപരമായ അഭിപ്രായമാണ്. ഓർക്കാൻ കാരണം ഷിബു ഇ.വി എന്ന പത്രപ്രവർത്തകന്റെ, സിനിമാ നിരൂപകന്റെ ഫേസ്ബുക് പോസ്റ്റ് ആമിയുടെ നിർമാണ കമ്പനിയായ റീൽ ആൻഡ് റിയലിന്റെ പരാതിയെ തുടർന്ന് നീക്കം ചെയ്തതും പിന്നീട് കോപ്പി റൈറ്റ് വയലേഷന്റെ പേരിൽ ഇവർ തെറ്റിദ്ധരിപ്പിച്ചത് കൊണ്ടാണ് പോസ്റ്റ് നീക്കം ചെയ്തതും അക്കൗണ്ട് നീക്കം ചെയ്തതും എന്ന് പറഞ്ഞ് ഫേസ്ബുക് മാപ്പു ചോദിച്ചു മെയിൽ അയയ്ക്കുകയും ചെയ്ത സംഭവം ചർച്ചയായതാണ്. വിനോദ് മങ്കടയുടെ പോസ്റ്റ് ഇത്തരത്തിൽ നീക്കം ചെയ്തത് സംഭവിച്ച ചർച്ചകൾ കത്തി നിൽക്കുമ്പോൾ തന്നെയാണ് ഇതും സംഭവിച്ചത്. പദ്മാവതിനെ സംബന്ധിച്ച് ഇതേ വിവാദം ഉണ്ടായിരുന്നു. സിനിമയെപ്പറ്റി മോശം നിരൂപങ്ങളോ പോസ്റ്റുകളോ ഇട്ടത് മൊത്തം നീക്കം ചെയ്തത് വലിയ ചർച്ചയായിരുന്നു. പതിവ് പോലെ നമ്മൾ അപ്പോൾ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനു വേണ്ടി മുറവിളി കൂട്ടി.

ഓൺലൈൻ മാധ്യമ രംഗത്തു നിന്നും സിനിമയെ പറ്റി നല്ലത് എഴുതാൻ പണം ചോദിച്ചു എന്ന് നിർമാതാവ് തന്നോട് പറഞ്ഞതായി സംവിധായകൻ കമൽ പറയുന്നു. എട്ട് ഓൺലൈൻ സ്ഥാപനങ്ങൾ എന്ന കണക്കും പറയുന്നുണ്ട്. ഇത്തരത്തിൽ പണം വാങ്ങുന്നു, ചോദിക്കുന്നു എന്ന ആരോപണങ്ങൾ അല്ലാതെ ആര്, എപ്പോൾ, എവിടെ എന്നൊന്നും പറഞ്ഞും കണ്ടില്ല. എന്തായാലും സിനിമയെ കുറിച്ചുള്ള എഴുത്ത് കുറെ കാലമായി മുഖ്യധാരാ മാധ്യമങ്ങളിൽ ഇല്ലായിരുന്നു. കുറെ മാർക്കറ്റിങ് സ്തുതിപാഠങ്ങൾ അല്ലാതെ പരസ്യം കിട്ടുന്ന പത്രങ്ങളോ ടി.വിയോ സിനിമകളെ കുറിച്ച് ഒന്നും മിണ്ടിയില്ല. ഇവർ തേൻ പുരട്ടിയ വാക്കുകൾ എഴുതിയ, പറഞ്ഞ സിനിമകളെ ഒഴിഞ്ഞ കസേരകൾ കൊണ്ട്, കൂക്കി വിളികൾ കൊണ്ട് പ്രേക്ഷകർ തള്ളിക്കളഞ്ഞത് സംവിധായകരോ മറ്റു സിനിമാ പ്രവർത്തകരോ അറിഞ്ഞതായി ഭാവിച്ചില്ല. സിനിമയ്ക്കും പ്രേക്ഷകരുടെ അഭിപ്രായങ്ങൾക്കും ഇടയിൽ വലിയ ദൂരമുണ്ടായി അന്ന്. തീയറ്റർ പരിസരത്തെ ചർച്ചകൾ അവിടെ തന്നെ ഒതുങ്ങുകയും അപൂർവമായി ടി.വിയിൽ കണ്ട സത്യസന്ധമായ സിനിമാ ആസ്വാദനങ്ങൾ പെട്ടന്ന് നിന്ന് പോവുകയും ചെയ്തു. കഴിഞ്ഞ ഒരു ദശാബ്ദത്തെ സിനിമാ നിരൂപണത്തിന്റെ ചരിത്രം പരസ്യം കൊടുത്ത് അടക്കി വച്ചത് ഈ നാവുകളും പേനകളും ആയിരുന്നു.

എന്തായാലും സോഷ്യല്‍ മീഡിയ ഏത് മനുഷ്യർക്കും സ്വന്തം അഭിപ്രായങ്ങൾ തുറന്നു എഴുതാൻ ഇടം നൽകി. സിനിമയെക്കുറിച്ചും ചർച്ചകൾ ഉണ്ടായി. തീയറ്ററിലെ കാണിയാണ് എന്ന ഒരേയൊരു ധൈര്യം മതി സിനിമയേക്കുറിച്ച് എഴുതാൻ എന്ന അടിസ്ഥാന തത്വത്തെ ഇവിടെ നല്ല രീതിയിൽ ഉപയോഗിക്കപ്പെട്ടു. സിനിമയെ പറ്റി ചർച്ച ചെയ്യുന്ന ഗ്രൂപ്പുകൾ ഉണ്ടായി. അവിടെയും നൂറു കണക്കിന് ആസ്വാദനങ്ങൾ ഉണ്ടായി. പരസ്യങ്ങളാൽ മാത്രം നിലനിന്ന് പോകാത്ത ഓൺലൈൻ പത്ര സ്ഥാപനങ്ങളിൽ ആയിരിക്കാം മലയാളികൾ ഏറെ കാലത്തിനു ശേഷം സ്തുതിഗീതങ്ങൾക്കപ്പുറം സിനിമയെ പറ്റിയുള്ള ചർച്ചകൾ കണ്ടത്. തീയറ്ററിലെ ഒഴിഞ്ഞ കസേരകൾ, കാഴ്ചക്കിടയിൽ അവർക്കനുഭവപ്പെട്ടത് ഒക്കെ പറയാനുള്ള പ്രേക്ഷകരുടെ അവകാശങ്ങൾക്ക് ഫലപ്രദമായ ഇടം കിട്ടുകയായിരുന്നു.

മാധവിക്കുട്ടിയാകാന്‍ ശ്രമിച്ചു പരാജയപ്പെട്ടതിന്റെ ഫ്രസ്‌ട്രേഷന്‍ തീര്‍ക്കുകയാണ് ചിലര്‍; കമല്‍

എന്തായാലും ഒരു പരിധി കഴിഞ്ഞപ്പോൾ ക്രിയാത്മകമായ ഈ സംവാദങ്ങളോട്  സിനിമാക്കാർ അസഹിഷ്ണുക്കൾ ആയിത്തുടങ്ങി. സിനിമാ നിരൂപണ രംഗത്ത് വർഷങ്ങളായുള്ള സാന്നിധ്യമായ മനീഷ് നാരായണൻ, ലീല എന്ന തന്റെ സിനിമയെ വിമർശിച്ചപ്പോൾ അയാളുടെ വിവാഹഫോട്ടോക്കു താഴെ വന്നാണ് സംവിധായകൻ രഞ്ജിത്ത്, ‘നിനക്ക് മധുവിധുവിന്റെ ശീതളിമ’ എന്ന് തുടങ്ങുന്ന തന്റെ സിനിമകളെ വെല്ലുന്ന ഡയലോഗ് ഇട്ടു രോഷം തീർത്തത്. ഓൺലൈൻ നിരൂപണം ടോയ്‌ലറ്റ് സാഹിത്യം ആണെന്ന തന്റെ അഭിപ്രായം ഊന്നിയൂന്നി പറയുകയും ചെയ്തു. മാതൃഭൂമിയിൽ തന്റെ സിനിമകളിലെ സ്ത്രീവിരുദ്ധതയെ ചൂണ്ടിക്കാട്ടിയ മുതിർന്ന സിനിമാ നിരൂപകനെ രഞ്ജിത്ത് നേരിട്ട വിധവും ഇവിടെ എല്ലാവര്‍ക്കും അറിയാം.  ഇത്തരം സിനിമാ നിരൂപകരെ തൂക്കിക്കൊല്ലണം എന്ന അഭിപ്രായം മറ്റൊരു അംവിധായകൻ ഒരു ചലച്ചിത്ര വേദിയിൽ പറഞ്ഞിരുന്നു. പ്രേമം എന്ന പി ആർ വർക്ക് ഇല്ലാതെ തീയേറ്ററില്‍ ആളെ കേറ്റിയ സിനിമ മോശമാണെന്ന അഭിപ്രായം അന്ന് വലിയ ചർച്ചയായിരുന്നു. ആ കമൽ തന്നെയാണ് ആമി  ഇഷ്ടപ്പെടാത്തവർ ഫെമിനിസ്റ്റുകളാണ് എന്ന മട്ടിൽ പറയുന്നത്. കമല സുരയ്യയെ കുറിച്ചുള്ള ബയോപിക്ക് എടുത്ത ശേഷമാണ് ഫെമിനിസം വലിയ അശ്ളീല വാക്കാണെന്ന മട്ടിൽ കമൽ സംസാരിച്ചു കയ്യടി വാങ്ങാൻ നോക്കുന്നത് എന്നും ഓര്‍ക്കണം.

പുലിമുരുഗാനന്തര പ്രൊമോഷൻ സ്ട്രാറ്റജിയെ പറ്റി എല്ലാവർക്കും അറിയുമായിക്കും, കാശുള്ള നിർമാതാവിന്റെ പ്രോഡക്റ്റിനെ പറ്റി കാശ് മുടക്കി സിനിമ കാണുന്നവർക്ക് പറയാൻ അവകാശമില്ല. വലിയ മുതലാളിയുടെ നൂറോ അമ്പതോ കോടിക്ക് മുന്നിൽ നൂറു രൂപ മുടക്കുന്ന ദരിദ്രരർക്ക് വില ഇല്ല എന്ന് തന്നെ… നൂറു പേരടങ്ങുന്ന ഭൂരിപക്ഷത്തിനു ഒരേ അഭിപ്രായമുണ്ടായാൽ 20 പേർ അടങ്ങുന്ന ന്യൂനപക്ഷത്തിന് മറ്റൊരു അഭിപ്രായം ഉണ്ടാവാൻ പാടില്ല എന്നും വാദങ്ങളുണ്ട്. അഥവാ അങ്ങനെയുണ്ടായാൽ ആശയ സംവാദങ്ങളെ തെറിവിളികൾ കൊണ്ടും ഭീഷണികൾ കൊണ്ടും അക്കൗണ്ട് പൂട്ടിക്കൽ കൊണ്ടും നേരിടാൻ വലിയ സംഘമുണ്ട്. പുലിമുരുഗൻ എന്ന കോടി സിനിമ ഇഷ്ടമായില്ല എന്ന് പറഞ്ഞ ആകാശവാണി ജീവനക്കാരിയെ തെറി വിളിച്ചും അവരുടെ അക്കൗണ്ട് പൂട്ടിച്ചും ഹീറോയിസം തെളിയിച്ചു താരാധക സംഘടനകളും പി ആർ പ്രൊമോഷൻ ടീമും. എത്രയോ ആൾക്കാർ തീയറ്ററിൽ ക്യൂ നിൽക്കുമ്പോൾ ആണ് ഇത് സംഭവിച്ചത്.

ഉട്ടോപ്യയിലെ രാജാവിനെ ഇഷ്ടപ്പെടുന്നവര്‍ക്ക് ആമിയും മനോഹരമായിരിക്കാം, മാധവിക്കുട്ടി വികാരമായവര്‍ക്കതിനാകില്ല; വിനോദ് മങ്കര/ അഭിമുഖം

മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന സിനിമയുടെ പ്രമോഷൻ കുറഞ്ഞു പോയി എന്ന് പറഞ്ഞു ആ സിനിമയുടെ നിർമാതാവായ സ്ത്രീയെ പുലഭ്യം പറഞ്ഞ സംഘങ്ങൾ വരെ ഉണ്ട് കേരളത്തിൽ. സഹപ്രവർത്തകരെ വരെ തെറി വിളിച്ചാലും മിണ്ടാതെ ആരാധക മായയിൽ വീണു കിടക്കുന്ന സൂപ്പർ താരങ്ങൾ ഉള്ളപ്പോൾ ഇതൊക്കെ സ്വാഭാവികം മാത്രം. മൂന്നക്ക ശമ്പളത്തിന് പണിയെടുക്കുന്ന തൊഴിലാളിമാരെ കൂട്ട് പിടിച്ചു കരയുന്നവരും ഉണ്ട്. കോടികൾ ദിവസേന മാറിമറിയുന്ന ബിസിനസിൽ ഇപ്പോഴും ഒരു നേരത്തെ അന്നത്തിനു പൊറുതി മുട്ടുന്ന തൊഴിലാളിമാർ ഉണ്ടാവണം ഇവർക്ക് കദന കഥ പറയുമ്പോൾ മാത്രം ഓർക്കാൻ. അവർക്ക് ജനാധിപത്യപരമായ വേതനമോ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റലോ നടപ്പിലാക്കാതെയാണ് ഈ രോദനങ്ങളതറയും. ഒരു സൂപ്പർ താര സിനിമ ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞതിന് ലൈംഗിക വികാരം ശമിപ്പിക്കാൻ വിവിധ മാർഗങ്ങൾ പരസ്യമായി ഉപദേശിച്ചു തന്ന പി ആർ ടീമംഗം ഉണ്ടായിരുന്നു എന്ന വ്യക്ത്യനുഭവമുണ്ട്. ആ തെറി വിളിയെ നേരിടാൻ ചെന്ന എന്റെ സഹോദരനെയും സുഹൃത്തുക്കളെയും അവർ വിളിച്ചത് ഞാൻ എന്ന ലൈംഗിക തൊഴിലാളിയോട് ബന്ധപ്പെടാൻ ക്യൂ നിൽക്കുന്ന ഉപഭോക്കളായാണ്. കുടുംബത്തെയും സംസ്കാരത്തെയും അവരുടെ ദൈവ വിഗ്രഹത്തെയും ഇകഴ്ത്തിയതാണ് കാരണം എന്നും അഭിമാനത്തോടെ പറഞ്ഞു നടന്നു. ഇതൊക്കെ ചെറുത് എന്ന് തോന്നും വിധത്തിൽ ഉള്ള അനുഭവങ്ങളാണ് നിത്യവും ഉണ്ടാവുന്നത്

എന്തായാലും ഇതിനൊക്കെ പുറമെയാണ് ഫേസ്‌ബുക്കിനെ തെറ്റിദ്ധരിപ്പിച്ച് ഇങ്ങനെ ഒരു പോസ്റ്റ് കളയലും അക്കൗണ്ട് പൂട്ടിക്കലും നിർമാണ കമ്പനി നേരിട്ട് ഏറ്റെടുക്കുന്നതും സംവിധായകൻ അതിനെ വാഴ്ത്തിപ്പാടുന്നതും. ആവിഷ്കാര സ്വാതന്ത്ര്യം എവിടെ ഭജനയിരിക്കാൻ പോയതാണ് എന്നറിയില്ല. എന്തായാലും സിനിമയുടെ പരസ്യപ്പണം തൊണ്ടയിൽ കുരുങ്ങി വാഴ്ത്തുപാട്ടുകൾ കേൾപ്പിക്കുന്നവർക്കും പരസ്യ ഏജൻസികൾക്കും, എങ്ങനെയെങ്കിലും സിനിമയിൽ കയറിപ്പറ്റാൻ നിങ്ങളെ പുകഴ്ത്തി കാത്തു കുത്തിയിരിക്കുന്നവർക്കും അപ്പുറം നൂറു രൂപാ ടിക്കറ്റിനു സിനിമ കാണുക എന്ന ബന്ധം മാത്രം സിനിമയുമായുള്ള ഒരു ബഹുഭൂരിപക്ഷം പുറത്തു കാത്തു നിൽക്കുന്നുണ്ട്. നിർമാതാവിന്റെ കോടിക്കിലുക്കത്തിന് റാൻ മൂളാത്ത അവർ കൂടി കൂടിയതാണ് സിനിമ. അവർ മിണ്ടുമ്പോൾ തീയറ്ററിലെ ഒഴിഞ്ഞ കസേരകൾ, നിറഞ്ഞ സദസ്സായി വ്യഖ്യാനിക്കാൻ നിങ്ങൾക്ക് ഇങ്ങനെ കുറെ കഷ്ടപ്പെടേണ്ടി വരും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

എന്താടോ നന്നാവാത്തത്? രഞ്ജിത്തിനോട് സോഷ്യല്‍ മീഡിയ

പ്രിയ കമല്‍ കാവിപുതച്ച ഫാസിസ്റ്റുകള്‍ പുറത്ത് കാത്തുനില്‍പ്പുണ്ട്, അവര്‍ക്ക് വഴിമരുന്നിടരുത്

മഞ്ജുവിന്റെ സുന്ദരമായ ആമി, കമലിന്റെയും

DYFI-യുടെ സാംസ്കാരിക നായകന്റെ ബലാത്സംഗ വിചാരങ്ങള്‍

രഞ്ജിത്തിനെ തെറി പറഞ്ഞോളൂ; പക്ഷേ സുഹൃത്തേ, ആ മീശപിരിയന്‍ സിനിമകള്‍ക്ക് കയ്യടിച്ചത് നമ്മള്‍ തന്നെയല്ലേ?

ഞാന്‍ തിരുത്താം, താങ്കളുടെ ഭാര്യാപിതാവിനെ ആര് തിരുത്തും?: സ്ത്രീവിരുദ്ധത തിരുത്താനുള്ള ആവശ്യത്തിനെതിരെ രഞ്ജിത്ത്

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍