UPDATES

ട്രെന്‍ഡിങ്ങ്

യേശുവിന്റെ ശിക്ഷ, മദ്യം എന്ന പിശാച്, പിന്നെ സദാചാര വിചാരണയും; ശ്രീറാം വെങ്കിട്ടരാമന്‍ മാധ്യമ പ്രവര്‍ത്തകനെ കാറിടിച്ചു കൊന്ന കേസ് ദുര്‍വ്യാഖ്യാനം ചെയ്ത് അട്ടിമറിക്കുമ്പോള്‍

ഒരു വനിതയെ സുഹൃത്തിനൊപ്പം രാത്രി യാത്ര ചെയ്തതിനു വേട്ടയാടുന്നു എന്ന നിലയിൽ ഇതിനെ പുരോഗമന പക്ഷത്തു നിൽക്കുന്നവരും നീതിബോധം ഉള്ളവരും കണ്ടു തുടങ്ങിയാൽ കാര്യങ്ങൾ കൈവിട്ടു പോകും

കെ.എ ഷാജി

കെ.എ ഷാജി

ഒരു ദുരന്തം നടന്നാൽ അതിനെ പലതരത്തിൽ വ്യാഖ്യാനിച്ച് മുതലെടുക്കുക എന്നത് തത്പരകക്ഷികളുടെ സ്ഥിരം പരിപാടിയാണ്. ശ്രീറാം വെങ്കിട്ടരാമൻ മൂന്നാറിൽ കുരിശു തകർത്തതിന് യേശുക്രിസ്തു നേരിട്ടിടപെട്ട് റോഡപകടം ആസൂത്രണം ചെയ്തതാണ് എന്ന് ഒരു കൂട്ടർ സോഷ്യൽ മീഡിയയിൽ വാദിക്കുന്നത് കണ്ടു. നിരപരാധിയായ ഒരു ചെറുപ്പക്കാരനെ കുരുതികൊടുത്തുകൊണ്ട് വേണോ നീതിമാനായ ദൈവത്തിന് പ്രതികാരം ചെയ്യാൻ എന്നവരോട് ചോദിച്ചിട്ടു കാര്യമില്ല. കല്പിത കഥകളിൽ ചോദ്യമില്ല. സ്ഥിരബുദ്ധിയുള്ളവർ അങ്ങനെ ചോദിക്കില്ല.

ശ്രീറാം സംഭവത്തിനു പിന്നിലെ വില്ലൻ മദ്യമാണ് എന്നും അത് നിരോധിച്ചാൽ നാട്ടിൽ ഒരപകടവും പിന്നെ ഉണ്ടാവില്ലെന്നും ചിലർ പറയുന്നത് കേട്ടു. വിവരക്കേടിന് ചികിത്സായില്ലാത്തതിനാൽ അവരങ്ങനെ പാടി നടക്കുന്നു.

കേരളത്തെ നന്നാക്കാനും വികസിപ്പിക്കാനും അവതാരം ചെയ്ത ഒരു സിവിൽ സർവീസ് ഓഫിസർ ഒരു പാവത്തിനെ കൊന്നതിനും തെളിച്ചു നശിപ്പിച്ചതിനും ജയിലിൽ പോയാൽ കേരളത്തിന്റെ ഭാവി ഇടിവെട്ടി പോകുമെന്നും മറ്റുചിലർ പറയുന്നുണ്ട്. പ്രത്യേകിച്ച് കാരണം ഒന്നും ഉണ്ടായിട്ടല്ല അങ്ങനെ പറയുന്നത്. ദൈവങ്ങളുടെ കാര്യത്തിലായാലും മനുഷ്യരുടെ കാര്യത്തിലായാലും അന്ധമായ ഭക്തിയും വിധേയത്വവും ഒരു ഗുണവും ചെയ്യില്ലെന്ന് അത്തരക്കാരെ പറഞ്ഞു വിശ്വസിപ്പിക്കാൻ ശ്രമിച്ചിട്ടും കാര്യമില്ല.

ഇവിടെയെല്ലാം പൊതുവായി സംഭവിക്കുന്ന ചിലതുണ്ട്. അനീതിക്കെതിരെ വളരുന്ന പൊതുവികാരത്തെയും ജനരോക്ഷത്തെയും തകർത്തു കളയുക. നിസ്സാരമായ ചർച്ചകളിലും തർക്കങ്ങളിലും ആളുകളെ ഏർപ്പെടുത്തി യഥാർത്ഥ വസ്തുതകൾ പൊതു ശ്രദ്ധയിൽ നിന്നും മാഞ്ഞു പോകുക. വ്യാപകമായി എന്താണ് സംഭവിച്ചത് എന്നതിൽ ഒരു വലിയ ആശയ കുഴപ്പം ഉണ്ടാക്കുക.

മദ്യപിച്ചു അമിതവേഗതയിൽ കാറോടിച്ച് ഒരാളെ കൊന്ന ഗൗരവതരമായ പ്രശ്നത്തെ ഒരു സദാചാര പ്രശ്നമാക്കി വ്യാഖ്യാനിച്ചു വഴിതെറ്റിക്കാനും തത്പരകക്ഷികൾ തുടക്കം മുതൽ ശ്രമിച്ചിട്ടുണ്ട്. അപകടം നടക്കുമ്പോൾ ശ്രീറാം വെങ്കിട്ടരാമന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഒരു വനിതയായിരുന്നു എന്നതുകൊണ്ട് അവരുടെ ജീവിതവും തൊഴിൽ മേഖലയും വരെ സൂക്ഷ്മ നിരീക്ഷണം ചെയ്യാനും അവർ വിവാഹ മോചിതയാണ് എന്ന് പോലും തെറ്റായി പ്രചരിപ്പിക്കാനും അവരുടെ ചിത്രങ്ങൾ എന്ന പേരിൽ ഏതോ മോഡലിന്റെ ചിത്രങ്ങൾ പ്രചരിപ്പിക്കാനും വരെ ആസൂത്രിതമായ ശ്രമം ഉണ്ടായി. വസ്തുതകൾ പരിശോധിക്കാതെയുള്ള അപവാദ പ്രചാരണങ്ങൾ ഒടുവിൽ എത്തി നിൽക്കുന്നത് മദ്യപിച്ചു അവശനായ ഒരു സുഹൃത്ത് സഹായത്തിനു വിളിച്ചാൽ ഒരു സ്ത്രീ കാറുമായി പോകാമോ എന്നിടത്താണ്. സ്ത്രീകൾ അസമയത്ത് പുറത്തിറങ്ങാൻ പാടില്ല, പുരുഷ സുഹൃത്തുക്കൾ ഉണ്ടായിക്കൂടാ, അഥവാ ഉണ്ടായാലും അവർക്കൊപ്പം കാറിൽ യാത്ര ചെയ്യാൻ പാടില്ല, മദ്യപിച്ച പുരുഷനോടൊപ്പം ഉള്ള യാത്രകൾ ഒട്ടും പാടില്ല എന്നെല്ലാം ഉള്ള നിലയിലേക്കാണ് ചർച്ചകൾ പോകുന്നത്. ഈ പറയുന്നതിലെല്ലാം ഒരു താലിബാൻ സ്റ്റൈൽ സദാചാര വാദമുണ്ട്. മറ്റൊരാളുടെ ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കുന്ന പ്രശ്നമുണ്ട്. സ്ത്രീ വിരുദ്ധതയും പ്രതിലോമതയുമുണ്ട്.

മദ്യപിച്ച് അവശനായ സുഹൃത്ത് സഹായമാവശ്യപ്പെട്ടു വിളിച്ചപ്പോൾ അയാളെ വീട്ടിലെത്തിക്കാൻ കാറുമായി പോയ ഒരു സ്ത്രീയുടെ നേരെയുള്ള സദാചാര വിചാരണ എന്ന നിലയിലേക്ക് കാര്യങ്ങൾ വഴിമാറുന്നു എന്ന് വരുന്നത് നിലവിൽ തന്നെ തെളിവുകൾ നശിപ്പിക്കപ്പെട്ടതിനാൽ പരുങ്ങലിലായ കേസിനെ കൂടുതൽ ബാധിക്കും. ഇതിങ്ങനെയൊക്കെ വരണം എന്ന് മനഃപൂർവം ആഗ്രഹിക്കുന്ന കുറെ ആളുകളും ഉണ്ടെന്നാണ് സോഷ്യൽ മീഡിയ വഴി നടക്കുന്ന പ്രചാരണങ്ങൾ സൂചിപ്പിക്കുന്നത്.
ആത്യന്തികമായി ശ്രീറാമും വഫയും ഉൾപ്പെടുന്ന പ്രശ്നം ഒരു സദാചാര പ്രശ്നമല്ല. ഒരു പുരുഷനും സ്ത്രീയും ഒരുമിച്ചു ഒരു രാത്രിയിൽ കാറിൽ യാത്ര ചെയ്തു എന്നതുമല്ല. വാഹനമിടിച്ചു ഒരാൾ മരണപ്പെട്ടതുമല്ല.

മദ്യപിച്ചു അമിത വേഗതയിൽ വാഹനം ഓടിച്ചതും അത് ഒരാളുടെ അപകട മരണത്തിൽ അവസാനിച്ചതും തെളിവുകൾ ആസൂത്രിതമായും കൃത്യമായും നശിപ്പിക്കപ്പെട്ടതും നാട്ടിലെ നിയമ വ്യവസ്ഥ വെല്ലുവിളിക്കപ്പെട്ടതുമാണ് പ്രശ്നം. വഫയുടെ കാര്യത്തിൽ അവർ അപകടം സംഭവിച്ച വാഹനത്തിന്റെ ഉടമയും മദ്യപിച്ച സുഹൃത്തിനെ അതറിഞ്ഞു കൊണ്ട് സ്വന്തം വാഹനം ഓടിക്കാൻ അനുവദിച്ച ആളുമെന്നതാണ് പ്രശ്നം. മുൻപും റാഷ് ഡ്രൈവിങ്ങിനു അവരുടെ വണ്ടിയുടെ പേരിൽ കേസുണ്ട്. അവയിൽ പിഴ പോലും അടച്ചിട്ടില്ല. തുടർച്ചയായ നിയമ ലംഘനം നടത്തുകയും നിയമം കയ്യിലെടുക്കുകയും പ്രതിയെ രക്ഷിക്കാൻ വസ്തുതകൾ വളച്ചൊടിക്കുകയും പലവട്ടം മാറ്റി പറയുകയും ചെയ്തു എന്നിടത്താണ് അവർ അന്വേഷണം നേരിടേണ്ടത്.

പോലീസ് അന്വേഷണത്തിനും കോടതി വിചാരണയ്ക്കും വിട്ടു കൊടുക്കാതെ തനിക്കെതിരെയുള്ള ആരോപണങ്ങളിൽ ടെലിവിഷൻ ചാനൽ വിചാരണയ്ക്ക് ഇരുന്നു കൊടുത്തതും അവർ തന്നെയാണ്. ഇന്ത്യയിൽ വാഹനാപകടങ്ങളിൽ കുറ്റാരോപിതർ ആകുന്നവർക്കു എല്ലാം കിട്ടുന്ന പ്രിവിലേജ് അല്ലിത്. കോടതി വിചാരണയ്ക്ക് ഒരു കാരണവശാലും ബദലല്ല ടെലിവിഷൻ വിചാരണ.

മദ്യപിച്ചു കാറോടിച്ചു ആളെ കൊല്ലുക എന്നതിന് ജെൻഡറുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നമേയല്ല. ഇന്ത്യയിൽ സംഭവിച്ച ഇത്തരത്തിലുള്ള മിക്ക കേസുകളിലും സമ്പന്നരും ഉന്നതാധികാരത്തിൽ ഉള്ളവരുമാണ് പ്രതികളായി വന്നിട്ടുള്ളത്. ഡൽഹിയിലെ പ്രമാദമായ ബി എം ഡബ്ലിയു കേസ് മുതൽ ചെന്നൈയിലെ മലയാളി വ്യവസായി എം പി ചന്ദ്രശേഖരന്റെ മകൻ ഉൾപ്പെട്ട കേസ് വരെ. അധികാരവും പ്രിവിലേജുകളുമാണ് ഇത്തരം നിയമ ലംഘനങ്ങൾക്ക് എപ്പോഴും പിൻബലം. പണവും അധികാരവും സ്വാധീനവും പിൻബലങ്ങളും ഉന്മത്തരാക്കുന്ന മനുഷ്യർ ചെയ്തുകൂട്ടുന്ന കുറ്റകൃത്യങ്ങളെ ജെന്‍ഡറുമായി കൂട്ടിച്ചേർത്ത് വ്യാഖ്യാനിക്കുന്നത് കുറ്റവാളികൾക്ക് രക്ഷപെടാൻ വഴി തുറക്കലാണ്.

ഒരു വനിതയെ സുഹൃത്തിനൊപ്പം രാത്രി യാത്ര ചെയ്തതിനു വേട്ടയാടുന്നു എന്ന നിലയിൽ ഇതിനെ പുരോഗമന പക്ഷത്തു നിൽക്കുന്നവരും നീതിബോധം ഉള്ളവരും കണ്ടു തുടങ്ങിയാൽ കാര്യങ്ങൾ കൈവിട്ടു പോകും. അത്തരത്തിൽ കാര്യങ്ങൾ ആക്കാൻ ശ്രമിക്കുന്ന പ്രതിലോമകാരികളോടുള്ള ഏറ്റവും വലിയ സമരം വസ്തുതകളെ ഉയർത്തി പിടിക്കുന്നതാണ്. യഥാർത്ഥ കുറ്റത്തിന് കുറ്റാരോപിതരായ വ്യക്തികൾ വിചാരണ നേരിടുകയും ശിക്ഷ അനുഭവിക്കുകയുമാണ് വേണ്ടത്.

തന്റേതല്ലാത്ത കാരണങ്ങളാൽ കൊല്ലപ്പെട്ട ആളുടെ വീട്ടിൽ കണ്ണീർ തോരാത്ത ഒരു സ്ത്രീയുണ്ട്. അവരുടെ രണ്ടു പിഞ്ചു കുഞ്ഞുങ്ങളുണ്ട്. അവരാണ് മുൻഗണയിൽ വരേണ്ടത്. നീതിബോധത്തിലാണ് ഇത്തരം പ്രശ്നങ്ങളെ അവലോകനം ചെയ്യേണ്ടത്. സ്മാർത്തവിചാരം പരിഹാരമല്ല.

കെ.എ ഷാജി

കെ.എ ഷാജി

മാധ്യമ പ്രവര്‍ത്തകനും കോളമിസ്റ്റും. ദി ഹിന്ദു, ദി ടൈംസ്‌ ഓഫ് ഇന്ത്യ, ദി ഇന്ത്യന്‍ എക്സ്സ്പ്രസ്സ്, തെഹല്‍ക്ക, ഓപ്പണ്‍ വാരിക തുടങ്ങിയവയില്‍ പ്രവര്‍ത്തിച്ചു. ദി ടെലഗ്രാഫ്, ഹഫിംഗ്ടന്‍ പോസ്റ്റ്‌, മോംഗാബെ ഇന്ത്യ, ന്യൂസ്‌മിനിറ്റ് എന്നിവയില്‍ കോളമിസ്റ്റ് ആണ്. അഴിമുഖത്തിന്‍റെ എഡിറ്റോറിയല്‍ കണ്‍സല്‍ട്ടന്റ് ആയി പ്രവര്‍ത്തിക്കുന്നു.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍