UPDATES

സോമി സോളമന്‍

കാഴ്ചപ്പാട്

My Africa

സോമി സോളമന്‍

പ്രവാസം

ആഫ്രിക്ക അടുത്ത ഗൾഫ് അല്ല

ആഫ്രിക്കയുടെ 55 രാജ്യങ്ങളിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ സാമൂഹിക സാമ്പത്തിക പരിണാമങ്ങൾ ആ ഭൂഖണ്ഡത്തിന്റെ ഭാവി വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്

2017 ജൂലൈയിൽ സബ് സഹാറൻ ആഫ്രിക്കയിലെ യുവജനങ്ങൾ 265 മില്യൺ ആണ്. 2045ൽ 25 വയസിൽ താഴെയുള്ളവരുടെ ജനസംഖ്യയില്‍ 45% വർധനവാണ് ഉണ്ടാകാൻ പോകുന്നത്. (വെസ്റ്റ്മിനിസ്റ്റെർ ഫൗണ്ടേഷൻ ഓഫ് ഡെമോക്രസി, 2017 ജൂലൈ)

ആഫ്രിക്കയുടെ 55 രാജ്യങ്ങളിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ സാമൂഹിക സാമ്പത്തിക പരിണാമങ്ങൾ ആ ഭൂഖണ്ഡത്തിന്റെ ഭാവി വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്. അവ ഒറ്റനോട്ടത്തില്‍;

1. 2016 ലെ ഗാംബിയൻ തിരഞ്ഞെടുപ്പില്‍ യുവജനതയുടെ ശക്തമായ ഇടപെടൽ. 2016 ഡിസംബർ ഒന്നിനു 22 വർഷത്തെ തന്റെ ഭരണത്തിന് ശേഷം അധികാര സ്ഥാനങ്ങൾ ഉപേക്ഷിക്കാൻ പ്രസിഡന്റ് യഹിയ ജമ്മേഹ് നിര്‍ബന്ധിതനാക്കപ്പെട്ടതു ഗാംബിയയിലെ യുവജനങ്ങളുടെ രാഷ്ട്രീയ ഇടപെടലുകൾ മൂലമാണ്. സമാധാനപൂര്‍ണ്ണമായ ഭരണ കൈമാറ്റത്തിന് നേതൃത്വം നൽകിയത് ഗാംബിയൻ യുവജനങ്ങളാണ്.

2. 2012ൽ സെനഗളിൽ യുവജനതയുടെ നേതൃത്വത്തിൽ നടന്ന മൂവ്മെന്റ് ആണ് പ്രസിഡന്റ് അബ്ദുലയെ വാടയെ അധികാരത്തിൽ നിന്നും ഇറക്കി സെനഗലിലെ തൊഴിലില്ലായ്മ പരിഹരിക്കാൻ സർക്കാർ സംവിധാനങ്ങളെ നിര്‍ബന്ധിതമാക്കിയത്.

3. 2017 ലെ ദക്ഷിണാഫ്രിക്കയിലെ സുമയുടെ ഭരണ മാറ്റം. പുതിയ പ്രസിഡന്റ് സിറിൽ രാംപോസയുടെ നേതൃത്വയിൽ ഉള്ള സർക്കാർ നടത്തുന്ന ജനകേന്ദ്രീകൃത്യമായ പരിഷ്‌കാരങ്ങൾ, ഭൂപരിഷ്കരണം എന്നിവ ദക്ഷിണാഫ്രിക്കയുടെ സാമൂഹിക – സാമ്പത്തിക രാഷ്ട്രീയ സമവാക്യങ്ങളെ തിരുത്താൻ ശേഷിയുള്ളവയാണ്.

4. സിംബാബ്വേയിലെ മുഗാബെയുടെ നേതൃത്വ മാറ്റം. പ്രൗഢ ഗംഭീരമായ ജനാധിപത്യ മൂല്യങ്ങളെ ഉയർത്തിപ്പിടിച്ചു, അതികായനെ അധികാരത്തിൽ നിന്നും മാറ്റി പുതിയ നേതൃത്വത്തെ കൊണ്ട് വന്ന വിധം.

3. പോൾ കിഗ്മയുടെ നേതൃത്വത്തിൽ ഉള്ള ആഫ്രിക്കൻ യൂണിയൻ

രക്തചൊരിച്ചിലുകൾ ഇല്ലാതെയുള്ള അധികാരമാറ്റങ്ങൾ (ചിലവ അങ്ങനെയല്ലെങ്കിൽ പോലും) ആഫ്രിക്ക മുന്നോട്ടു വെയ്ക്കുന്ന അവസരങ്ങളുടെ രാഷ്ട്രീയം, സാധ്യതകൾ എല്ലാം തന്നെ ഈ രാഷ്ട്രീയ മാറ്റങ്ങൾ സംവദിക്കുന്നുണ്ട് .

55 രാജ്യങ്ങളിലെ സാമൂഹ്യ-രാഷ്ട്രീയ-സാമ്പത്തിക പരിണാമങ്ങൾ അളക്കാൻ “വെസ്റ്റേൺ സ്കെയിൽ” ഉപയോഗിച്ചാൽ പരാജയമാകും ഫലം. “മുൻ കോളനികളുടെ” നികുതി സമ്പ്രദായം “പാലിക്കേണ്ടിവരുന്ന”, കൊളോണിയൽ രാജ്യങ്ങളുടെ ഭാഷ ഔദ്യോഗികമായി തുടരേണ്ടി വരുന്ന, “ഭൂപടങ്ങളിൽ” “തദ്ദേശിയർക്കു” “വിസിബിലിറ്റി” ഇല്ലാത്ത “ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകൾ” മാത്രമായ ചില “രാജ്യങ്ങൾ” 2018 മെയ് 10നും ആഫ്രിക്കയിൽ ഉണ്ട്.

എങ്കിലും നൈജീരിയ, മൊസാമ്പിക്, ടാൻസാനിയ, റുവാണ്ട, സെനഗൽ എന്നീ രാജ്യങ്ങളുടെ നേതൃത്വത്തിൽ ആഫ്രിക്ക മുന്നോട്ടു കുതിക്കുകയാണ്. വിയറ്റ്നാം, ക്യൂബ, ബൊളീവിയ, ചൈന, എന്നിവയുടെ ആരോഗ്യ-വിദ്യാഭ്യാസ-സാങ്കേതിക മേഖലയിൽ ഉള്ള ഇടപെടലുകൾ, ആഫ്രിക്കൻ രാജ്യങ്ങളുമായുള്ള ആരോഗ്യകരമായ നയന്തന്ത്ര ബന്ധങ്ങൾ, അടിസ്ഥാന സൗകര്യ വികസനങ്ങളിലെ വ്യക്‌തമായ സഹകരണം, ആഫ്രിക്കയുടെ മുന്നോട്ടു കുതിപ്പിനെ വേഗത്തിലാക്കുന്നു.

സ്ട്രൈവ് മസിയിവയുടെ നേതൃത്വത്തിലുള്ള ഇക്കോ നെറ്റ് ഗ്രൂപ്പ് ആഫ്രിക്കയുടെ മാധ്യമ സംസ്കാരത്തെ തന്നെ പൊളിച്ചെഴുതുകയാണ് . വേട്ടക്കാരന്റെ കണ്ണിലൂടെയല്ല ഇരയുടെ കണ്ണിലൂടെയാണ് ചരിത്രം എഴുതപ്പെടേണ്ടത്. മാധ്യമങ്ങൾ ആഫ്രിക്കയെ കുറിച്ച് സംസാരിച്ചിരുന്ന ഭാഷ, അനീതിയുടേതും പക്ഷപാതത്തിന്റേതുമാണ്. നീതിയുടെ ഭാഷ കൈവശമുള്ള ജനത പൊരുതി നേടിയ ഇടങ്ങളാണ് ഇക്കോ ഗ്രൂപ്പ് പോലെ ഉയർന്നു വരുന്ന പുതിയ മാധ്യമ സംസ്കാരങ്ങൾ.

കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയിൽവേ, അടിസ്ഥാന ഗതാഗത വികസനങ്ങൾ കൃഷിയിലും ജലസേചനത്തിലും തദ്ദേശീയരുടെ പങ്കാളിത്തത്തോടെ ഓരോ രാജ്യങ്ങളും വികസിപ്പിച്ചെടുക്കുന്ന സാങ്കേതിക വിദ്യകൾ എന്നിവ ആഫ്രിക്കയുടെ മുൻഗണന വ്യക്തമാക്കുന്നുണ്ട്.

വളരെ ദൃശ്യമായ പരിണാമഗതിയിലൂടെ സഞ്ചരിക്കുകയാണ് ആഫ്രിക്കൻ രാജ്യങ്ങൾ. തദ്ദേശീയരാണ് ആഫ്രിക്കൻ ഭരണ നേതൃത്വങ്ങളുടെ മുൻഗണന. തങ്ങളുടെ രാജ്യങ്ങളിലെ യുവജനങ്ങളോടാണ് ഭരണാധികാരികൾക്ക് ഉത്തരവാദിത്തം.
തൊഴിൽ-സേവന മേഖലകളിൽ നടക്കുന്ന പുതിയ പോളിസികൾ സർക്കാരുകളുടെ മുൻ‌തൂക്കം വ്യക്തമാക്കുന്നുണ്ട്.

യൂറോപ്പിലും അമേരിക്കയിലും ഉപരിപഠനം നടത്തിയവർ തിരികെ ആഫ്രിക്കയിലേക്ക് മടങ്ങുന്നു. അടിമകളാക്കപ്പെട്ട മനുഷ്യരെയും കൊണ്ട് കടൽ കടന്ന കപ്പലുകൾ തിരികെ ആഫ്രിക്കൻ തീരം അണയുന്നത് ഓർഫ വിൻഫ്രി, അക്കോൺ, ബിയോൺസ് അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത വ്യക്തികൾ തുടങ്ങിവെച്ച മൂവ്മെന്റുകളിലൂടെ സാങ്കേതിക പരിജ്ഞാനവും അറിവുമായിട്ടാണ്.

തോമസ് ഗർവിയും മാൽകം എക്സും സങ്കരയും ലുമുംബയും ആഫ്രിക്കയുടെ പുതിയ രാഷ്ട്രീയ സമവാക്യങ്ങളെ ഇന്നും വ്യക്തമായി സ്വാധീനിക്കുന്നുണ്ട്. യൂണിവേഴ്‌സിറ്റികൾ, അക്കാദമിക്ക്-നോൺ അക്കാദമിക് മേഖലകളിലെ ഡികോളോണിസിംഗ് ഹിസ്റ്ററി, റിപ്രഷന്‍ മൂവ്മെന്റ്സ് ഇവ വിളിച്ചു പറയുന്നുണ്ട്. ആഴത്തിൽ വേരോടിയിരിക്കുന്ന ഇത്തരം മൂവ്മെന്‍റ്സ് അടിസ്ഥാന ജനവിഭാഗങ്ങളിൽ ചെലുത്തിയിരിക്കുന്ന സ്വാധീനം അനുഭവിച്ചറിയേണ്ടതാണ്.

ഇത്തരം ഒരു സാഹചര്യത്തിലേക്കാണ് തൊഴിൽ തേടി, അവസരങ്ങൾ തേടി നമ്മൾ എത്താൻ ശ്രമിക്കുന്നത്.

ആഫ്രിക്കയുടെ ആവശ്യങ്ങൾ വ്യക്തമാണ്. ആഫ്രിക്കയ്‌ക്ക്‌ ആവശ്യം “എക്സ്പെര്‍ടൈസ്” ആണ്. ടാൻസാനിയ, റുവാണ്ട പോലെയുള്ള രാജ്യങ്ങൾ ഏതൊക്കെ മേഖലയിൽ “എക്സ്പെര്‍ടൈസ്” ആവശ്യമുണ്ടെന്ന് വ്യകത്മാക്കിയിട്ടുമുണ്ട്. ഗാബോൺ, ബെനിൻ, ബുർകിന ഫാസോ, ഇക്വിറ്റോറിയൽ ഗിനിയ, കോട് ദേ ഐവറി തുടങ്ങിയ പാർശ്വൽക്കരിക്കപ്പെട്ട, പ്രിവിലേജുകൾ ഇല്ലാത്ത രാജ്യങ്ങൾ ആണ് മലയാളികൾക്ക് അവസരങ്ങൾ തുറന്നു വെയ്ക്കുന്നത്. ശക്തമായ ഭരണകൂടങ്ങളുടെയും നിയമ സംവിധാനങ്ങളുടെയും അസാന്നിധ്യം അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, മനുഷ്യക്കടത്ത്, സാമ്പത്തിക അട്ടിമറികൾ, ചൂഷണങ്ങൾ, ആശയവിനിമയ സംവിധാനങ്ങളുടെ അഭാവം, രാഷ്ട്രീയ അസ്ഥിരത, സുരക്ഷിതത്വ പ്രശ്നങ്ങൾ ഇവയൊക്കെ കടുത്ത വെല്ലുവിളികളാണ്.

സർക്കാർ സംവിധാനങ്ങളിലേക്കോ, സംഘടന സംവിധാനങ്ങളിലേക്കോ പെട്ടെന്ന് കടന്നു ചെല്ലാൻ കഴിയാത്ത തൊഴിൽ മേഖലകൾ ആണ് പാർശ്വവൽക്കരിക്കപ്പെട്ട ആഫ്രിക്കൻ രാജ്യങ്ങൾ മുന്നോട്ടു വെയ്ക്കുന്നത്. അതുകൊണ്ട് തന്നെ അവസരങ്ങൾ വെല്ലുവിളികളാണ്. അപരിചിതമായ രാജ്യങ്ങളിലെ തൊഴിൽ മേഖലകളിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് തീര്‍ച്ചയായും ഇന്ത്യൻ എംബസികളുമായി ബന്ധപ്പെടണം. ഓഫർ കിട്ടിയ കമ്പനി, അല്ലെങ്കിൽ നിക്ഷേപ സാധ്യതകൾ ഒക്കെയുമായി ബന്ധപ്പെട്ട നിർദേശങ്ങൾ എംബസികൾ നല്കാറുണ്ട്. നമ്മൾ എത്രമാത്രം സാധ്യതകൾ ഉപയോഗപ്പെടുത്തുന്നു എന്നുള്ളതാണ് ചോദ്യം. ഇന്ത്യൻ എംബസികളും നോർക്കയുമൊക്കെ പൊതുജനങ്ങൾക്ക് വേണ്ടിയുള്ളതാണ്. അതിനെ കാര്യക്ഷമമാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്.

അവസരങ്ങൾ ചതിക്കുഴികൾ നിറഞ്ഞതാണ്. ശ്രദ്ധിക്കണം. മുൻകരുതലുകൾ എടുക്കണം. സുതാര്യമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണം.

(ചിത്രങ്ങള്‍-നോർത്ത് സുഡാൻ, സൗത്ത് സുഡാൻ, അംഗോള, സോമാലിയ, ടാൻസാനിയ, കെനിയ, സിംബാവെ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന റോബോട്ടിക് എഞ്ചിനീയര്‍മാര്‍, എന്‍വയോണ്‍മെന്‍റല്‍ എഞ്ചിനീയര്‍മാര്‍, സിവിൽ എഞ്ചിനീയര്‍മാര്‍, എയർ ക്രാഫ്റ്റ് എഞ്ചിനീയര്‍മാര്‍, മെഡിക്കൽ സ്റ്റുഡന്റസ്, ഇന്റർനാഷണൽ റിലേഷൻ സ്റ്റുഡന്റസ് ടാന്‍സാനിയയുടെ തലസ്ഥാനമായ ഡോഡൊമെയിൽ)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

സോമി സോളമന്‍

സോമി സോളമന്‍

എഴുത്തുകാരി, വിദ്യാഭ്യാസ പ്രവര്‍ത്തക, ഇപ്പോള്‍ ടാന്‍സാനിയയിലെ ദാര്‍-എസ്-സലാമില്‍ താമസം. അഴിമുഖത്തില്‍ My Africa എന്ന കോളം ചെയ്യുന്നു.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍