UPDATES

കെ എ ആന്റണി

കാഴ്ചപ്പാട്

Political Column

കെ എ ആന്റണി

ട്രെന്‍ഡിങ്ങ്

സഹതാപമുണ്ട്, വിജയരാഘവനോടല്ല, എല്‍ ഡി എഫ് കണ്‍വീനര്‍ സ്ഥാനത്ത് പിടിച്ചിരുത്തിയ സി പി എമ്മിനോട്

എൽ ഡി എഫ് കൺവീനർ എ വിജയരാഘവൻ വീണ്ടും വിവാദത്തിൽ

കെ എ ആന്റണി

എൽ ഡി എഫ് കൺവീനർ എ വിജയരാഘവൻ വീണ്ടും വിവാദത്തിൽ പെട്ടിരിക്കുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ഒരു വിദ്യാർത്ഥിക്ക് കത്തിക്കുത്തേറ്റ സംഭവവുമായി ബന്ധപ്പെട്ട് കെ എസ് യു നടത്തുന്ന സമരത്തിൽ പങ്കെടുക്കുന്നവരിൽ അധികവും മീൻ കച്ചവടക്കാരും വക്കീലന്മാരും ആണെന്ന പരാമർശമാണ് വിജയരാഘവനെ വീണ്ടും വിവാദത്തിലാക്കിയിരിക്കുന്നത്.

വിജയരാഘവന്റെ നാവിനു എല്ലില്ലെന്നു കോൺഗ്രസ് നേതാവ് കെ സുധാകരൻ. വിജയരാഘവൻ മത്സ്യത്തൊഴിലാളികളെ അപമാനിച്ചിരിക്കുന്നുവെന്നും അവരോടു മാപ്പുപറയണമെന്നും കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. മീൻ കച്ചവടക്കാരും മീൻപിടുത്തക്കാരും രണ്ടും രണ്ടാണെന്ന് വിജയരാഘവന് വേണമെങ്കിൽ വാദിക്കാം. പക്ഷെ അതുകൊണ്ടു പ്രത്യേകിച്ച് ഗുണമുണ്ടെന്നു തോന്നുന്നില്ല. സമരത്തിൽ പങ്കെടുത്തു അറസ്റ്റിലായ ഒരു വനിത വക്കീലായി പ്രാക്ടീസ് ചെയ്യുന്ന ആളാണെന്നതു ശരിതന്നെ. പക്ഷെ അവരിപ്പോഴും കെ എസ് യുവിന്റെ സംസ്ഥാന സെക്രട്ടറിയാണ്. ആ നിലക്ക് സമരത്തിൽ അവരുടെ പങ്കാളിത്തം ചോദ്യം ചെയ്യുന്നതിൽ വലിയ പ്രസക്തിയൊന്നുമില്ല. വേണമെങ്കിൽ കത്തിക്കുത്തുകേസിലെ മുഖ്യ പ്രതികൾ അറസ്റ്റിലായ സ്ഥിതിക്ക് പ്രതിഷേധ സമരം നീട്ടിക്കൊണ്ടുപോകുന്നതെന്തിനെന്ന ചോദ്യം എൽ ഡി എഫ് കൺവീനർ എന്ന നിലക്ക് വിജയരാഘവന് ഉന്നയിക്കാം. പക്ഷെ ആ ചോദ്യം ചോദിക്കുന്നതിനുവേണ്ടി വായിൽ തോന്നിയതെന്തും വിളിച്ചുപറയുന്നത് തന്റെ പദവിക്ക് യോജിച്ചതാണോയെന്നു ഇനിയെങ്കിലും വിജയരാഘവൻ സ്വയം ചോദിക്കുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു.

ഇതാദ്യമായല്ല വിജയരാഘവൻ വിവാദത്തിൽ പെടുന്നത്. ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പ് കാലത്തും വിജയരാഘവന്റെ നാവിൽ സരസ്വതി വിലസുന്നത് കേരളം കണ്ടതാണ്. ആലത്തൂരിലെ യു ഡി എഫ് സ്ഥാനാർഥി രമ്യാ ഹരിദാസ് സ്ഥാനാർത്ഥിത്വ പ്രഖ്യാപനത്തിനു തൊട്ടു പിന്നാലെ പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളെയും തുടർന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയെയും സന്ദർശിച്ചതിനെക്കുറിച്ചു അദ്ദഹം നടത്തിയ അശ്ലീലച്ചുവയുള്ള പരാമർശമായിരുന്നു വിജയരാഘവനെ അന്ന് പ്രതിക്കൂട്ടിലാക്കിയത്. 

‘ആലത്തൂരിലെ ആ സ്ഥാനാർഥി പെൺകുട്ടി, ആദ്യം പോയി പാണക്കാട് തങ്ങളെ കണ്ടു. പിന്നെ കുഞ്ഞാലിക്കുട്ടിയെ കണ്ടു. അതോടുകൂടി ആ പെൺകുട്ടിയുടെ കാര്യം എന്താകുമെന്ന് എനിക്ക് പറയാൻ പറ്റില്ല’ എന്നതായിരുന്നു അന്നത്തെ വിവാദ പരാമർശം. വിജയരാഘവന്റെ ആ പരാമർശം ചില്ലറ കോലാഹലമൊന്നുമല്ല ഉണ്ടാക്കിയത്. അത് സി പി എമ്മിനും എൽ ഡി എഫിനും ആ തിരെഞ്ഞെടുപ്പിൽ ഉണ്ടാക്കിയ ക്ഷീണവും ചെറുതൊന്നുമായിരുന്നില്ല. ചൂടുവെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും എന്നാണ് പറയാറ്. എന്നാൽ വിജയരാഘവൻ ഇനിയും പാഠം ഉൾക്കൊള്ളാൻ തയ്യാറല്ലെന്നാണ് പുതിയ വിവാദ പരാമർശവും വ്യക്തമാക്കുന്നത്.

എസ് എഫ് ഐയിലൂടെ വളർന്നു വന്ന കഴിവ് തെളിയിച്ച ഒരു നേതാവായിരുന്നു വിജയരാഘവൻ. വിദ്യാർത്ഥി നേതാവായിരിക്കെ തന്നെ ലോക് സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട ആൾ. പിന്നീട് രാജ്യസഭ അംഗമായപ്പോൾ സഭയിൽ സി പി എമ്മിന്റെ ചീഫ്‌വിപ് പദവി അലങ്കരിച്ചയാൾ. സി പി എം കേന്ദ്ര കമ്മിറ്റി അംഗം. എന്നിട്ടും
വിജയരാഘവന്റെ ബെല്ലും ബ്രേക്കുമില്ലാത്ത പ്രയോഗങ്ങൾ കേൾക്കുമ്പോൾ അയാളോട് മാത്രമല്ല സഹതാപം തോന്നുന്നത്. എൽ ഡി എഫിന്റെ കൺവീനർ സ്ഥാനത്തു അയാളെ പിടിച്ചിരുത്തിയ സി പി എം നേതൃത്വത്തോടുകൂടിയാണ്. അദ്ദേഹത്തിന്റെ നാവിനു കടിഞ്ഞാണിടാനുള്ള ബാധ്യത സി പി എം നേതൃത്വത്തിനുണ്ട്. അതിനു കഴിയുന്നില്ലെങ്കിൽ ചുരുങ്ങിയ പക്ഷം കൺവീനർ സ്ഥാനത്തു നിന്നെങ്കിലും മാറ്റി നിറുത്തണം. അല്ലെങ്കിൽ പാർട്ടിക്കും മുന്നണിക്കും കൂടുതൽ അവമതിപ്പു ഉണ്ടാവുമെന്ന കാര്യത്തിൽ സംശയം വേണ്ട.

Read More: മലബാറികളായി തന്നെ ജീവിക്കുന്നു, നാട് അവര്‍ക്ക് ദ്വീപാണ്; അന്തമാനിലെ മാപ്പിളമാര്‍ക്ക് കേരളം സന്തോഷമുള്ളൊരു ബന്ധുവീട്

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍